എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഏപ്രില്‍ 07 1439 റജബ് 20

ജലസംരക്ഷണം: വിശ്വാസികളുടെ ബാധ്യത

'നേര്‍പഥം' കഴിഞ്ഞ ലക്കത്തില്‍ വന്ന 'വേണം നമുക്കൊരു ജലസംസ്‌കാരം' എന്ന ലേഖനം കാലികപ്രസക്തവും ചിന്തോദ്ദീപകവുമായിരുന്നു. വെള്ളം അമിതമായി ഉപയോഗിക്കുന്നത് മലയാളികളുടെ ശീലമാണ്. വൃത്തിപാലിക്കുന്ന വിഷയത്തില്‍ നിഷ്‌കര്‍ഷത പുലര്‍ത്തേണ്ടവരാണ് വിശ്വാസികള്‍. എന്നാല്‍ അതിന്റെ പേരില്‍ അമൂല്യമായ വെള്ളം ഒരു തുള്ളിയും പാഴാക്കുവാന്‍ അനുവാദമില്ല.  

തന്റെ അതിരറ്റ അനുഗ്രഹങ്ങളെ പരാമര്‍ശിക്കുമ്പോള്‍ സുപ്രധാന പരിഗണനയാണ് ജലത്തിന് അല്ലാഹു നല്‍കുന്നതെന്ന് വിശുദ്ധ ക്വുര്‍ആനിലെ ചില വചനങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. 

''ഇനി നിങ്ങള്‍ കുടിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത് അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തെതെന്താണ്''(ക്വുര്‍ആന്‍ 56:68-70). 

''തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവന്‍ (അല്ലാഹു) തന്നെ. ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിന് അതുമുഖേന നാം ജീവന്‍ നല്‍കുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി. അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സുവവന്നില്ല'' (ക്വുര്‍ആന്‍ 25: 48-50).

''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു...''(39:21).

ഒരു കണക്കനുസരിച്ചാണ് അല്ലാഹു മഴ നല്‍കുന്നത്. കിണറുകളും കുളങ്ങളുമൊക്കെ കുഴിച്ചാല്‍ വെള്ളം ലഭിക്കത്തക്ക വിധത്തില്‍ വെള്ളത്തെ ഭൂമിയുടെ അഗാധതയിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ തടുത്തുനിര്‍ത്തുന്നതും അല്ലാഹു തന്നെ: ''ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് അതിനെ നാം ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയുവാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു'' (23:18).

വേനല്‍കാലമായാല്‍ ഈര്‍പ്പം നഷ്ടപ്പെട്ട് ഭൂമി വിണ്ടുകീറുന്നു. സസ്യലതാതികള്‍ ഉണങ്ങിക്കരിയുന്നു. എന്നാല്‍ നല്ലൊരു മഴയേല്‍ക്കുമ്പോള്‍ തന്നെ ഭൂമിക്ക് ജീവന്‍ വെക്കുകയായി. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: 

''നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് നാം അതില്‍ ജലം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ...'' (41:39).

''അത്(വെള്ളം) മുഖേന ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും അവന്‍ നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു. എല്ലാതരം പഴവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ചുതരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്'' (16:11).–

ഭൂലോകത്ത് വെള്ളമെന്ന അനുഗ്രഹത്തെ നന്നായി ആസ്വദിക്കുകയും പരമാവധി ചൂഷണം ചെയ്യുകയും ചെയ്യുന്ന ഏക ബുദ്ധിജിവിയായ മനുഷ്യന് വളരെയേറെ ചിന്തിക്കുവാന്‍ അതില്‍ വകയുണ്ട്.

-അബ്ദുല്‍ ഹാദി, കോഴിക്കോട്