എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

പള്ളികള്‍ക്കുള്ളില്‍ പരസ്യമോ?

ഏറെ പ്രധാനപ്പെട്ടത് എന്ന് തോന്നിയ ഒരു കാര്യം പള്ളി ഭാരവാഹികളുടേയും വിശ്വാസികളുടെയും ശ്രദ്ധയില്‍ പെടുത്താനാണ് ഈ ലഘു കുറിപ്പ് എഴുതുന്നത്.

അല്ലാഹുവിന്റെ ഭവനങ്ങളാണ് പള്ളികള്‍. അവന്റെ അടിമകള്‍ക്ക് അവനെ ഓര്‍ക്കാനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനുമാണ് പള്ളികള്‍ പ്രധാനമായും നിര്‍മിക്കപ്പെടുന്നത്. ക്വുര്‍ആനിലെ സൂറ: ജിന്ന് 18, ഹജ്ജ്: 40 എന്നീ ആയത്തുകളില്‍ ഈ കാര്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ കച്ചവടം, ബിസിനസ് തുടങ്ങിയ സംഗതികളൊക്കെ പള്ളികളില്‍ നിരോധിക്കപ്പെട്ടു. ഇന്ന് പൊതുവെ പള്ളികളില്‍ ഇത്തരം കാര്യങ്ങള്‍ നടക്കാറില്ല. ഒറ്റപ്പെട്ട് എവിടെയൊക്കെയെങ്കിലും ഉണ്ടാവാം.

എന്നാല്‍, കച്ചവട, വ്യവസായ സ്ഥാപനങ്ങളുടെ പരസ്യം ഇന്ന് പല പള്ളികള്‍ക്കുള്ളിലും ഉണ്ട്. ചിലയിടങ്ങളില്‍ പള്ളികളിലെ മിഹ്‌റാബുകളില്‍ തന്നെ കണ്ടിട്ടുണ്ട്. എങ്ങനെ എന്ന് ചിന്തിക്കുന്നുവെങ്കില്‍ പറയാം. നാം പള്ളികള്‍ നിര്‍മിക്കാറ് ആളുകളില്‍ നിന്ന് പണം പിരിച്ചും സംഭാവന വാങ്ങിയും തന്നെയാണ്. ലക്ഷക്കണക്കിന് രൂപയാണ് ഓരോ പള്ളിക്കും വേണ്ടി നാം ചെലവഴിക്കാറുള്ളത്.

പണി കഴിഞ്ഞ് ഉദ്ഘാടന ദിനത്തില്‍ ചില കച്ചവടക്കാര്‍ വരും. ഒരു ചെറിയ പെട്ടിയുമായാണ് അവര്‍ വരിക. അതില്‍ ഒരു ക്ലോക്ക് ഉണ്ടാവും. അതല്ലെങ്കില്‍ നമസ്‌കാര സമയമറിയിക്കുന്ന ഒരു ബോര്‍ഡ്. അതിനടിയില്‍ അവരുടെ കച്ചവട സ്ഥാപനത്തിന്റെ പരസ്യവും ഉണ്ടാവും.

ലക്ഷങ്ങള്‍ പിരിവെടുത്ത് പള്ളിയുണ്ടാക്കാന്‍ അധ്വാനിച്ച കമ്മിറ്റിക്കാര്‍ക്ക് ആശ്വാസം! 500 രൂപയുടെ ക്ലോക്ക് വെറുതെ കിട്ടിയല്ലോ! കച്ചവടക്കാര്‍ക്കും ആശ്വാസം, 500 രൂപ പോയാലും നൂറുകണക്കിന് ആളുകള്‍ ഖിബ്‌ലക്ക് അഭിമുഖമായി വുദു വെടുത്ത് ഇരിക്കുമ്പോള്‍ തങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം കാണുമല്ലോ!

എങ്ങനെയുണ്ട് ബുദ്ധി?!

ഇതിലേറെ സങ്കടം, പലപ്പോഴും ഇസ്‌ലാമികമല്ലാത്ത രീതിയില്‍ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെയും, സ്ത്രീകളടെ-പ്രത്യേകിച്ചും നടിമാരുടെ-ഫോട്ടോ (അധികവും അര്‍ധനഗ്‌ന ഫോട്ടോകള്‍) വെച്ച് പരസ്യം കൊടുത്ത് കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യം വരെ പള്ളികളുടെ മിഹ്‌റാബുകളില്‍ കണ്ടിട്ടുണ്ട്! ആരോട് പറയാന്‍! 

പള്ളികളിലേക്ക് ആര്‍ക്കും എന്തും സംഭാവന ചെയ്യാം. പക്ഷേ സംഭാവന നടത്തിയവന്റെ കച്ചവട സ്ഥാപനത്തിന്റെ പേരെന്തിനാ അതില്‍ എഴുതുന്നത്? പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇതിന്റെ ആവശ്യമുണ്ടോ?

ലക്ഷങ്ങള്‍ മുടക്കി പള്ളിയുണ്ടാക്കിയ നാട്ടുകാര്‍ക്ക് ഒരു 500-1000 രൂപ കൊടുത്ത് ഒരു പരസ്യവും അടിക്കാത്ത ക്ലോക്ക് വാങ്ങാന്‍ എന്താണ് തടസ്സം?

പള്ളികളില്‍ കച്ചവടം ചെയ്യുന്നത് മതം ശക്തമായി വിലക്കിയതാണെങ്കില്‍ ഇത്തരം 'ഔദാര്യ'പരസ്യങ്ങള്‍ എങ്ങനെയാണ് അനുവദിക്കപ്പെടുക എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

മിമ്പറുണ്ടാക്കിയവന്റെ വക മിമ്പറില്‍ പരസ്യം, കസേര നല്‍കിയവന്റെ വക കസേരയില്‍ പരസ്യം മൈക്ക് വാങ്ങിയവന്റെ വക മൈക്കില്‍ പരസ്യം, ക്ലോക്ക് വാങ്ങിയവന്റെ വക ക്ലോക്കില്‍ പരസ്യം എന്നാണ് അവസ്ഥയെങ്കില്‍ പള്ളി ഉണ്ടാക്കുന്നത് പിന്നെ എന്തിനാണ്? വിശ്വാസികള്‍ ഇക്കാര്യം ഗൗരവപൂര്‍വം ചിന്തിക്കണം എന്ന് ഉണര്‍ത്തുന്നു.

-എ.എം എസ് മൊറയൂര്‍