എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23

എന്ന് അവസാനിപ്പിക്കും ഈ പേക്കൂത്ത്?

ഒരു നബിദിനാഘോഷം കൂടി അവസാനിക്കുകയാണ്. പതിവുപോലെ 'റോഡുപരോധവും' 'ശബ്ദ മലിനീകരണവും' കൊലവിളിയും കഴിഞ്ഞ തവണത്തേതില്‍ നിന്ന് അല്‍പം കൂടി 'മെച്ചപ്പെട്ടു' എന്നതൊഴിച്ചാല്‍ പറയത്തക്ക മാറ്റങ്ങളൊന്നും ഇപ്രാവശ്യവുമുണ്ടായില്ല. ആകെ എടുത്തു പറയാവുന്നത് നബിദിനത്തോടനുബന്ധിച്ച് റോഡ് ബ്ലോക്കാക്കി കാന്തപുരത്തിന്റെ മുടിവെള്ള വിതരണം ഇക്കുറിയും പൂര്‍വാധികം ഭംഗിയോടെ കൊടുത്തു തീര്‍ത്തു എന്നുള്ളതാണ്. 

എന്താണ് നമ്മുടെ സമുദായം ഇങ്ങനെ! മുസ്‌ലിമായി ജനിക്കാന്‍ അനുഗ്രഹം ലഭിച്ചിട്ട് അതിനെക്കുറിച്ച് കൂടുതലായി പഠിക്കാന്‍ ശ്രമിക്കാതെ, അതുള്‍ക്കൊണ്ട് ജീവിതം നന്നാക്കാതെ, ഈ ബഹുമത സമൂഹത്തില്‍ അതിന്റെ പ്രചാരകനാവാതെ, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും കളങ്കം വരുത്താനായി മാത്രം സമയം ചെലവഴിക്കുന്നവരുടെ ബുദ്ധിക്കെന്തുപറ്റി, അവരുടെ വിവേകത്തെ ആര് കവര്‍ന്നെടുത്തു?

പൗരോഹിത്യം ഇസ്‌ലാമിനെ വിഴുങ്ങാനാരംഭിച്ച ആദ്യ നാളുകളില്‍ തന്നെ അതിന്റെ പ്രോജ്വല ശോഭക്ക് മങ്ങലേറ്റു തുടങ്ങിയിരുന്നു. ഇപ്പോള്‍ അത് പരകോടിയിലെത്തി എന്ന് മാത്രം. ബോധവല്‍ക്കരണം മാത്രമാണ് പരിഹാരം. ഗുണകാംക്ഷയിലൂന്നിയ അത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ദുര്‍ബല വിശ്വാസികളെ തിരുത്താന്‍ കഴിയൂ. ശുഭപ്രതീക്ഷ കൈവിടാതെ മനസ്സിനെ അല്ലാഹു പിടിച്ചു നിര്‍ത്തട്ടെ.

-ഷെമിന്‍


40 കോടി ചാരമാക്കിയ തീപ്പെട്ടിക്കൊള്ളി?

പോയ വാരത്തിലെ ഏറ്റവും വലിയ വില്ലന്‍ 40 കോടിയുടെ നഷ്ടമുണ്ടാക്കിയ ഒരു തീപ്പെട്ടി കൊള്ളിയായിരുന്നുവെന്നത് അനന്തപുരിയില്‍ നിന്നുള്ള ഏറ്റവും വലിയ വാര്‍ത്തയാണ്.

ഒരു മാസത്തെ ശമ്പളത്തില്‍ അനിവാര്യ കാരണത്താലുണ്ടായ കുറവ് നികത്താന്‍ രണ്ട് മനുഷ്യര്‍ കണ്ട കുറുക്കുവഴിയെത്ര ആ കൊടുംപാതകം.

ഒരു നിമിഷത്തെ പിഴച്ച ചിന്ത തകര്‍ത്തെറിഞ്ഞത് എന്തെല്ലാമാണ്.

  • സ്വപ്‌നം കാണാനാവാത്ത ഒരു സംഖ്യ.
     
  • പതിനായിരങ്ങള്‍ക്ക് ഉപകാരമാവുന്ന വസ്തുക്കള്‍.
     
  • രണ്ട് പുരുഷായുസിന്റെ സ്വസ്ഥ ജീവിതം; രണ്ട് കുടുംബങ്ങളുടെയും ആയിരക്കണക്കിന് വ്യാപാരികളുടെ ബിസിനസ്.
     
  • എണ്ണമറ്റ തൊഴിലാളികളുടെ പശിശമന മാര്‍ഗം.
     
  • പരിസരവാസികളുടെ ആരോഗ്യ അന്തരീക്ഷം.
     
  • ഫയര്‍ഫോയ്‌സ് സംവിധാനങ്ങളുടെ മണിക്കൂറുകള്‍...
     
  • ആ പ്രദേശങ്ങളിലെ വിദ്യാലയങ്ങളുടെ അധ്യയന ദിവസം.
     
  • രോഗാതുരമായ വരുംനാളുകള്‍.
  • അങ്ങനെയങ്ങനെ നഷ്ടങ്ങളുടെ പട്ടിക നീളുകയാണ്, ദുഃഖങ്ങളുടെയും.

വിവേകത്തെ വികാരം മറികടന്നപ്പോള്‍ സംഭവിച്ച വിപത്തിനെ കുറിച്ചോര്‍ത്തു വിലപിച്ചിട്ടു കാര്യമില്ല. ക്ഷമയും സഹനവും നഷ്ടപ്പെട്ട മനുഷ്യന്‍ കാട്ടാള സ്വഭാവത്തിനുടമയായതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു പിടി ചാരമായ പ്ലാസ്റ്റിക് കമ്പനി നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നത്.  
 

-അബൂ ഫിദ