എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16

കളയരുത് മക്കളേ, ഈ പാഠപുസ്തകങ്ങള്‍ 

വൈവിധ്യങ്ങള്‍ പരീക്ഷിക്കുകയും വൈജാത്യങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നവനാണ് മനുഷ്യന്‍. ഇടപെടുന്ന മുച്ചൂടും മേഖലകളിലും മാറ്റങ്ങള്‍ അനുഭവേദ്യമാക്കാന്‍ മത്സരിക്കുകയുമാണവന്‍. വേനലവധിക്ക് വേണ്ടി ഇപ്രാവശ്യം സ്‌കൂളുകളടച്ചപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നോളം നടത്താത്ത ഒരു പരീക്ഷണത്തിനാണ് മുതിര്‍ന്നത്.

പരീക്ഷക്കു മുമ്പെ വിജയ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടിയ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍. അധ്യാപകരാവട്ടെ യുദ്ധമുഖത്തെ അവസാന ആയുധവും നഷ്ടപ്പെട്ട യോദ്ധാവിനെപ്പോലെ നിസ്സഹായത സ്വയം പേറേണ്ട മനോവിഷമത്തിലും.

വാര്‍ഷിക പരീക്ഷയുടെ ഗൗരവം പറഞ്ഞു പഠന മികവ് പുറത്തെടുക്കാന്‍ അധ്യയന വര്‍ഷത്തിന്റെ അവസാന നാളുകളില്‍ ക്ലാസിലെത്തിയ തന്റെ ടീച്ചറുടെ കൈകളില്‍ കുട്ടി കാണുന്നത് അടുത്ത ക്ലാസിലേക്കുള്ള പാഠപുസ്തകവും അത് വിതരണം ചെയ്യാനുള്ള ചാര്‍ട്ടുമാണ്

ഉടന്‍ ചോദ്യശരങ്ങള്‍ കുമിഞ്ഞ് കൂടി. ''സര്‍, എന്തിനാണ് വാര്‍ഷിക പരീക്ഷ? പരീക്ഷക്ക് മുമ്പെ പുതിയ പുസ്തകം കിട്ടിയില്ലേ; ഇനി എനിക്ക് പരീക്ഷ എഴുതണോ? പഠിക്കണോ? പഠിച്ചില്ലെങ്കില്‍ പരാജയപ്പെടുമെന്ന് പറഞ്ഞിരുന്നില്ലേ നിങ്ങള്‍; അത് ശരിയാണങ്കില്‍ ഈ പുതിയ പുസ്തകം ഞങ്ങള്‍ക്ക് തരുമോ?''

വിദ്യാര്‍ഥിയുടെ തരാതരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തുനിയുമ്പോള്‍ ഗുരുവിന് ഓര്‍മ വന്നത് അന്ന് വന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവാണ്; പുസ്തകവിതരണം പൂര്‍ത്തിയാക്കണം.

പിന്നെ, കയ്യിലുള്ള പുസ്തകങ്ങള്‍ മുഴുവന്‍ കൊടുത്ത് തീര്‍ത്ത് 'വാചാല മൗനിയായി' ക്ലാസ് വിട്ട് ഇറങ്ങുകയല്ലാതെ എന്ത് ചെയ്യും?

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്നതും ഹൈടെക് വിദ്യഭ്യാസമെന്നതും കെട്ടിടങ്ങളുടെ മികവിലേക്കും ആധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിലേക്കും  മാത്രം ചുരുങ്ങുന്നുവോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു.

എന്തായാലും ഗവണ്‍മെന്റും പുസ്തക ഡിപ്പോകളും അവരുടെ സൗകര്യങ്ങളും, സ്‌കൂളുകള്‍ അവരുടെ കര്‍ത്തവ്യ നിര്‍വഹണവും പൂര്‍ത്തിയാക്കി. ഇനി രക്ഷിതാവും വിദ്യാര്‍ഥികളും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം.

നഷ്ടപ്പെട്ടാല്‍ വര്‍ഷം മുഴുവന്‍ പുസ്തകമില്ലാത്ത  ബാഗ് വഹിക്കേണ്ടി വരും, വിപണിയില്‍ നിന്ന് ലഭിക്കാത്തത് കൊണ്ടും രണ്ടാമതൊന്ന് കിട്ടാന്‍ വകയില്ലാത്തത് കൊണ്ടും പൊന്നുമക്കളേ, കളയരുതേ ഒരിക്കലും ഈ പാഠപുസ്തകങ്ങള്‍.

-മുസ്‌ലിം ബിന്‍ ഹൈദര്‍, തൊടികപ്പുലം


നിപ്പ വൈറസ് ബാധ: ബോധവല്‍ക്കരണം അവസരോചിതം

കഴിഞ്ഞ ലക്കം നേര്‍പഥം വാരികയില്‍ നിപ്പ വൈറസ് ബാധയെ കുറിച്ച് ബോധവല്‍ക്കരിച്ച് ഡോ അസ്ഹര്‍ എഴുതിയ ലേഖനം ഔചിത്യപൂര്‍ണമായി. നാടൊട്ടുക്കും നിപ്പ പനിയെ പേടിച്ച്, അനാവശ്യമായ മുന്‍കരുതലുകളും അര്‍ഥരഹിതമായ 'ശാസ്ത്രീയ വ്യാഖ്യാന'ങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന സമയത്ത് ലളിതമായും പഠനാര്‍ഹമായും കാര്യങ്ങള്‍ വിശദീകരിച്ചെഴുതിയ ലേഖനം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മെറ്റീരിയലായും ഉപയോഗിക്കാന്‍ സഹായകമായി. 

സാന്ദര്‍ഭികമായ ലേഖനങ്ങളും കാലികമായ അപഗ്രഥനങ്ങളും കണ്ടെത്താന്‍ ഇനിയും ശ്രമിക്കുക. ലേഖകനും വാരികക്കും അഭിനന്ദനങ്ങള്‍.

-ഫിദ മഞ്ചേരി