എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

അന്ധവിശ്വാസങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാകുമ്പോള്‍...

തീവ്ര ഹൈന്ദവതയെ പുനരുജ്ജീവിപ്പിക്കാന്‍ പാടുപെടുന്നവരുടെ കൈകളിലേക്ക് രാജ്യത്തിന്റെ ഭരണാധികാരം കൈവന്നതോടെ പഴയ അന്ധവിശ്വാസങ്ങളെല്ലാം പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരികയാണ്. ഓക്‌സിജന്‍ പുറത്ത് വിട്ട് ഓക്‌സിജന്‍ ശ്വസിക്കുന്ന പശുവിനെ കുറിച്ചും കണ്ണീര്‍ കുടിച്ച് ഗര്‍ഭം ധരിക്കുന്ന മയിലിനെ കുറിച്ചും ഗോമൂത്രത്തിലെ പ്ലൂട്ടോണിയം സാന്നിധ്യത്തെകുറിച്ചുമെല്ലാം ഭാരതം കേട്ടത് ഈയടുത്താണ്. പാഠപുസ്തകങ്ങളടക്കം 'ശാസ്ത്ര വിഡ്ഢിത്തങ്ങള്‍ക്ക് ഉപകരണങ്ങളായ സംഭവങ്ങള്‍ക്ക് രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങള്‍ സാക്ഷ്യം വഹിച്ചു. ഇതിന്റെ ഉപോല്‍പന്നമായി തന്നെ വേണം നേര്‍പഥം കവര്‍‌സ്റ്റോറിക്ക് വിഷയമായ ജ്യോതിഷത്തെ കുറിച്ചുള്ള ചര്‍ച്ചയെയും നോക്കിക്കാണാന്‍. 

ഇന്ന് ഇന്ത്യയില്‍ ജ്യോതിഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രചാരണവും പ്രസിദ്ധിയും പ്രാചീന ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്ന് സമര്‍ഥിക്കുന്ന ലേഖനം, പ്രാചീന ഇന്ത്യയില്‍ ജ്യോതിഷം ഒരു ശാസ്ത്രമായി അംഗീകരിക്കപ്പെട്ടിരുന്നു എന്ന് പറയുന്നതുപോലും തെറ്റാണ് എന്ന കാര്യം അര്‍ഥശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കുന്നു. ആര്‍ഷസംസ്‌കാരത്തിന്റെ മൂല്യസ്രോതസ്സുകളില്‍ എവിടെയും ജ്യോതിഷം പ്രതിപാദ്യമല്ല എന്നത് ശ്രദ്ധേയമാണ്. വേദാംഗ-വേദശാസ്ത്ര വിഭാഗത്തില്‍ ഒരു പട്ടിക തയ്യാറാക്കപ്പെട്ടതും ആ പട്ടികയില്‍ ജ്യോതിഷം വേദനിഷ്പന്നമായ ഒരു ശാസ്ത്രമായി പ്രതിഷ്ഠിക്കപ്പെട്ടതും രണ്ട് നൂറ്റാണ്ടിനുള്ളില്‍ മാത്രമാണ് എന്നതാണ് വാസ്തവം. രേഖകള്‍ സഹിതം ജ്യോതിഷത്തിന്റെ നിരര്‍ഥകത ബോധ്യ പ്പെടുത്തിയ ലേഖകന് അഭിനന്ദനങ്ങള്‍.

-ഉമ്മു മര്‍യം കോഴിക്കോട്