എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ശവ്വാല്‍ 23 1439 ജൂലായ് 07

ടിക്കറ്റ് ഉറപ്പാക്കുന്ന ട്രോളുകള്‍!

ന്യൂസ്‌വാല്യൂവിന് വേണ്ടി എത്ര പ്രയാസപ്പെട്ടാലും, അത് കിട്ടുമ്പോഴുള്ള സുഖം താല്‍ക്കാലികമാണങ്കിലും ഒരു ഹരമാണ്. അതിന് വേണ്ടി ജീവന്‍ പോലും പണയപ്പെടുത്തുന്ന പല അനുഭവങ്ങളും നിത്യവും കേട്ടുകൊണ്ടിരിക്കുന്നു. തന്റെ നാക്കിനും വാക്കിനും മേല്‍ക്കോയ്മ ലഭിച്ചുകൊണ്ടിരിക്കണമെന്നത് ഏവരുടെയും അത്യാര്‍ഥിയായിരിക്കുന്നു. അവയിലൊന്നാണ് ലൈക്കുകളുടെ പെരുമഴയില്‍ അഭിമാനം നടിക്കാന്‍ ഇടവരുന്നതും നരകത്തിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്നതുമായ ട്രോളുകള്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരിനം അക്ഷര വിഷം കൂടിയാണത്.

ഉദ്ദിഷ്ട കാര്യത്തെ ഏറ്റവും തരംതാഴ്ത്താനും നിലംപരിശാക്കി നാമാവശേഷമാക്കാനും ആധുനികന്‍ ഉപയോഗിക്കുന്ന നികൃഷ്ട വഴിയാണ് മീഡിയകള്‍ വഴി അവ ട്രോളാക്കി മാറ്റുക എന്നത്. ചുറ്റുപാടും ആഭാസങ്ങളുടെ ആസ്വാദനങ്ങളില്‍ അഭിരമിക്കുന്ന വളക്കൂറുള്ള മണ്ണായതു കൊണ്ട് കൃഷി തഴച്ച് വളരും, കര്‍ഷകന്‍ ഊറി ഊറി ചിരിക്കും. നാവിനാലും വിരല്‍ തുമ്പിനാലും നിമിഷങ്ങള്‍ കൊണ്ട് പടര്‍ന്ന് പന്തലിക്കുന്ന ട്രോളുകള്‍ ലക്കും ലഗാനുമില്ലാതെ ഉപയോഗപ്പെടുത്തിക്കൊണ്ടേയിരിക്കും.

ഒരു വിശ്വാസിക്ക് ഒരിക്കലും ട്രോളിന്റെ നിര്‍മാതാവോ പ്രയോക്താവോ ആവാന്‍ കഴിയില്ല: കാരണങ്ങളാവട്ടെ അഗണ്യമാണ്. ഏറിയ ശതമാനവും പരിഹാസത്തിനും വ്യക്തിഹത്യക്കുമാണ് നിര്‍മിക്കപ്പെടുന്നത് എന്നതുതന്നെ.

ഹജ്ജത്തുല്‍ വദാഇലെ ചരിത്ര പ്രസിദ്ധ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ പോലും പവിത്രമാക്കി പറഞ്ഞുവെച്ച മനുഷ്യാഭിമാനത്തെ, ഇത്രമേല്‍ പിച്ചിച്ചീന്തുന്ന ട്രോള്‍ എങ്ങനെ അനുകരണീയമാവും. ഒരാള്‍ കുറ്റക്കാരനായി തീരാന്‍ അയാള്‍ കേള്‍ക്കുന്നത് മുഴുവന്‍ പറയുന്നവനായാല്‍ മതി എന്ന വിശുദ്ധ വചനത്തിന്റെ പശ്ചാത്തലത്തില്‍, ഉറവിടവും നിജസ്ഥിതിയുമറിയാത്ത ട്രോളിനെ എങ്ങനെ നാം പ്രോത്സാഹിപ്പിക്കും?

സംസാരിക്കുന്നുവെങ്കില്‍ നല്ലത് പറയട്ടെ അല്ലങ്കില്‍ മിണ്ടാതിരിക്കട്ടെ എന്നതും നാവ് നിയന്ത്രിതമായി ഉപയോഗിക്കേണ്ടതിന്റെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നത്. തെറ്റായ സന്ദേശങ്ങളിലൂടെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സംഭവിക്കുന്ന മാനഹാനിയെ നിസ്സാരമായി കാണാനാകില്ല.

സാമൂഹിക പ്രശ്‌നങ്ങളില്‍ അനാവശ്യമായി ഇടപെടുന്നവരും മാധ്യമങ്ങളോട് സംസാരിക്കുന്നവരും എന്തിനേറെ ജീവിതശൈലികളെപ്പോലും ട്രോളിലൂടെ കശക്കി എറിയുന്നവവരും അറിയാതെ പോവുന്നത് അവര്‍ക്കായി ഒരുക്കി വെച്ച ശിക്ഷയുടെ കാഠിന്യത്തെയാണ്.

പക്ഷെ, മാറിയ ലോകത്ത് ട്രോളിനെ പോലും മാര്‍ക്കറ്റ് ചെയ്ത ഉപജീവനമാര്‍ഗം കണ്ടത്തുന്ന 'അതിഭീകരര്‍' ജീവിച്ചു കൊണ്ടിരിക്കുമ്പോള്‍ ട്രോള്‍ നിര്‍മാതാക്കളുടെ ജൈത്രയാത്ര തുടരുകയാണ്. ഇവിടെ കാര്യങ്ങളുടെ കിടപ്പും അപകടവും മനസ്സിലാക്കി അവയോട് അകലം പാലിച്ചാല്‍ സ്വര്‍ഗവഴി എളുപ്പമാവും.

-മുസ്‌ലിം ബിന്‍ ഹൈദര്‍


അസമാധാനക്കാരുടെ കരാറുകള്‍

സമാധാനവഴിയിലെ ട്രംപിന്റെയും കിമ്മിന്റെയും നീക്കങ്ങളെ വിലയിരുത്തിയ നേര്‍പഥം കവര്‍‌സ്റ്റോറി വായിച്ചു. ലോകസമാധാനത്തിന് ഈ കൈകോര്‍ക്കല്‍ ഉപകരിക്കുമെന്ന പ്രത്യാശയൊക്കെ കൊള്ളാം. എന്നാല്‍ യാഥാര്‍ഥ്യം നേരെ തിരിച്ചാവാനാണ് സാധ്യത. അമേരിക്കന്‍ പ്രസിഡണ്ടിന് നല്ലൊരു ആയുധപങ്കാളിയെ കിട്ടി എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയാല്‍ അശാന്തിക്കായുള്ള ഗൂഢാലോചനയായി സിംഗപ്പൂര്‍ ചര്‍ച്ച വഴിമാറും. അത്തരമൊരു ദുരന്ത വാര്‍ത്തയാവാതിരിക്കട്ടെ ഈ കൂടിക്കാഴ്ച എന്നാണ് കൂടുതല്‍ പ്രത്യാശിക്കാന്‍ നല്ലത്.

-ഹുദ ചങ്ങനാശ്ശേരി