എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09

'മുതു നെല്ലിക്കയുടെ' മധുരം കാണാതെ പോവരുത്...

കുടുംബജീവിതത്തിന്റെ കവാടമാണ് വിവാഹം. വൈവാഹികജീവിതത്തിന്റെ ആദ്യ ചവിട്ടുപടിയാണ് അന്വേഷണങ്ങള്‍. മികച്ച അന്വേഷണ റിസള്‍ട്ട് കാര്യങ്ങള്‍ സ്പീഡാക്കുമെന്നതില്‍ തര്‍ക്കമില്ല.

മൊട്ടിട്ട് വിടരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന എത്ര അന്വേഷണങ്ങളാണ് വിടരാതെ, വാടിയ പൂവായി കൊഴിഞ്ഞു വീഴുന്നത്.

ഇത്തരം ദുരനുഭവങ്ങള്‍ കരിനിഴലായി പിന്തുടരാതിരിക്കണമെങ്കില്‍ ഭാസുര ഭാവി സ്വപ്‌നം കാണുന്ന ഇന്നിന്റെ യുവമിഥുനങ്ങള്‍ക്ക് അല്‍പം വകതിരിവ് ഉപദേശിക്കേണ്ടതുണ്ട്.

ഒരു ഉപകാരവുമില്ലാത്ത പല നിറമുള്ള നീളന്‍ മുടി, സമൂഹത്തിന്റെ ഭാഗ്യം കൊണ്ട് ചന്തിയില്‍ 'കുടുങ്ങിയ' പാന്റ്‌സ്, പക്വതയുടെ 'കൊത' പ്രകടിപ്പിക്കാന്‍ കയ്യിലെടുക്കുന്ന ബീഡിക്കുറ്റി, സൈലന്‍സര്‍ നഷ്ടപ്പെട്ട ബൈക്ക്...

പഠനകാലത്ത് കേവലം ഹോബി എന്ന രണ്ടക്ഷരത്തില്‍ കവിഞ്ഞ് മറ്റൊന്നുമല്ലാത്ത ശൈലികള്‍ കൊണ്ട് ആണ്‍കുട്ടികള്‍ക്ക് നഷ്ടമാകുന്നത് യഥാര്‍ഥ ജീവിതസുഖങ്ങളെയും ഭാസുരമായ ഭാവിയെയുമാണ്.

അന്വേഷണത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ പഴയ നായക വേഷം വില്ലനായി പ്രത്യക്ഷപ്പെടാതിരിക്കില്ല. അന്ന് സ്വയം ശപിച്ച് കാലം തീര്‍ക്കാതിരിക്കണമെങ്കില്‍ ചിന്തക്ക് ഇപ്പഴേ മുള പൊട്ടണം.

സൈഡ് ഓപ്പണ്‍ ചുരിദാറ് മുഴു ഓപ്പണിലേക്കും, ജീവിത സ്‌ക്രീന്‍ മൊബൈലിലേക്കും വഴിമാറുമ്പോള്‍ വാരിപ്പുണരുന്നവര്‍ ഓര്‍ക്കുക. വേഷവിധാനങ്ങളിലെ ഇച്ഛാസ്വാതന്ത്ര്യാനുമതിയാണ് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ബൂമറാംഗ് കണക്കെ തിരിച്ചടി നല്‍കുന്നത്.

പ്രായവും പക്വതയുമെത്തിയ വിവേകമതികള്‍ നന്മയുടെ പ്രസരണത്തിനായി ഉപദേശകന്റെ റോള്‍ നിര്‍വഹിക്കാനെത്തുമ്പോള്‍ യുവത മുതുനെല്ലിക്കയുടെ കയ്പ് മാത്രമെ കാണുകയുള്ളൂ. ഗുണമേന്മയേറിയ മധുരം തിരിച്ചറിയാന്‍ സമയമെടുക്കും. അപ്പഴേക്കും സ്വജീവിത മധുരത്തില്‍ ഉറുമ്പരിച്ചിരിക്കും. അറിയുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

-അബൂ ഫിദ പി.പി


വിശ്വാസികളെ കലാപകാരികളാക്കരുത്

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നടത്തിയ അപക്വമായ പ്രതികരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന്റെ ഉദ്ബുദ്ധതയെ പരിഹസിക്കുന്നതാണെന്ന് പറയാതെ വയ്യ. 

എന്ത് അന്ധവിശ്വാസത്തിന്റെ പേരിലായാലും ഇതര സമൂഹത്തിന്റെ അവകാശങ്ങളെ ഹനിക്കാത്തിടത്തോളം കാലം ഒരു വിഭാഗം പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുകയെന്നത് ഒരു നിഷ്പക്ഷ ഭരണകൂടത്തിനും ഭൂഷണമല്ല. 

അതേസമയം വിശ്വാസത്തിന്റെ പേര്പറഞ്ഞ് പാര്‍ട്ടി വളര്‍ത്താനും കലാപം സൃഷ്ടിച്ച് വോട്ട് തട്ടാനുമുള്ള 'സുവര്‍ണാവസരം' ഉപയോഗപ്പെടുത്താനുള്ള ചിലരുടെ ആഹ്വാനം ഞെട്ടലുളവാക്കി. വിശ്വാസത്തെ മുതലെടുത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നായാലും ശക്തമായി നേരിടാനാണ് ഭരണകൂടം തീരുമാനിക്കേണ്ടത്. 

-നബീല്‍. ഇ