എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

കമ്യൂണിസ്റ്റുകാരന്റെ 'കിതാബുകള്‍'

ജാതിവിരുദ്ധ സമരങ്ങളും ആഗോളതലത്തില്‍ തന്നെ കമ്യൂണിസത്തിനുണ്ടായ വളര്‍ച്ചയുമാണ് കേരളത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അതിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയത്. ആശയവിനിമയ രംഗം ഇന്നത്തെപ്പോലെ ശക്തമല്ലാതിരുന്ന സമയത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാന പ്രചാരണത്തിന്റെ മുഖ്യ ആയുധം നാടകങ്ങളായിരുന്നു. നാടകപ്രസ്ഥാനങ്ങള്‍ക്ക് അതുകൊണ്ട് തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. കമ്യൂണിസ്റ്റ് ആശയപ്രചാരണം ശക്തമായി നിലനിന്നിരുന്ന സമയത്തും കേരള മുസ്‌ലിം മനസ്സുകളിലേക്ക് അതിനെ വേണ്ട വിധം എത്തിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സാധിച്ചിരുന്നില്ല. ഏതാണ്ട് അന്‍പതുകളുടെ തുടക്കത്തിലാണ് മുസ്‌ലിം സമുദായത്തെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ അവര്‍ ശ്രമിച്ചത്. വിപ്ലവം നയിച്ചും ഭൂമിയിലെ 'സ്വര്‍ഗം' മുന്നില്‍ കണ്ടും അതുവഴി മതത്തിന്റെ മരണം സ്വപ്‌നം കണ്ടും കമ്യൂണിസ്റ്റുകള്‍ നടത്തിയ പോരാട്ടത്തിന് മുന്നില്‍ നിന്നതില്‍ പ്രധാനി ഏറനാട്ടിലെ 'ആദ്യ ഡോക്ടര്‍' എന്നറിയപ്പെട്ടിരുന്ന ഡോക്ടര്‍ എം. ഉസ്മാന്‍ ആയിരുന്നു. വൈരുധ്യാത്മക ഭൗതികവാദം പ്രചരിപ്പിച്ചും സാമ്പത്തിക അസമത്വത്തിനെതിരെ വിപ്ലവം നയിക്കണം എന്നോര്‍മപ്പെടുത്തിയും മുസ്‌ലിംകളുടെ വിശ്വാസത്തെ നേര്‍മപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷേ, ഉത്തരമലബാറിലെ പോലെ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതിനു കാരണം മലബാറില്‍ ശക്തമായിരുന്ന മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനവും അതിന്റെ നേതാക്കളുമായിരുന്നു. അതില്‍ പ്രധാനിയാവട്ടെ അരീക്കോട്ടെ നാട്ടിന്‍പുറത്തുകാരനായ കെ.സി. അബൂബക്കര്‍ മൗലവി എന്ന കുറിയ മനുഷ്യനായിരുന്നു.

ഡോക്ടര്‍ ഉസ്മാന്റെ വിപ്ലവ ഭാഷണങ്ങളെ യുക്തിഭദ്രവും സരസവുമായ മറുപടി നല്‍കിക്കൊണ്ട് ഔപചാരിക വിദ്യാഭ്യാസം ആവശ്യമായ നിലയില്‍ പോലും നേടിയിട്ടില്ലാത്ത അബൂബക്കര്‍ മൗലവി പ്രതിരോധിച്ചു. സാമ്പത്തിക നീതി പുലരാന്‍ ആവശ്യമായ നിയമങ്ങള്‍ ഇസ്‌ലാമില്‍ തന്നെയുണ്ട് എന്നും കമ്യൂണിസ്റ്റ് സ്ഥിതിസമത്വം അശാസ്ത്രീയമാണ് എന്നും അതിന്റെ അടിത്തറയായ വൈരുധ്യാത്മക ഭൗതികവാദം തികഞ്ഞ നിരീശ്വരവാദം ആണ് എന്നും ദൈവവും മതവും ശാസ്ത്രത്തിനും യുക്തിക്കും എതിരാണ് എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം ആണ് എന്നും യഥാര്‍ഥത്തില്‍ യുക്തിയും ശാസ്ത്രവും ക്വുര്‍ആനിന്റെ അപ്രമാദിത്വമാണ് തെളിയിക്കുന്നത് എന്നും ഉയര്‍ത്തിക്കാട്ടി അദ്ദേഹം കമ്യൂണിസ്റ്റുകാരോട് ഇഞ്ചോടിഞ്ച് പോരാടി. മറുവശത്ത് ഡോക്ടര്‍ ഉസ്മാന്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയും ബുദ്ധികൂര്‍മതയിലൂടെയും അതിനു മറുപടി പറയാനും ശ്രമിച്ചു. 

യുക്തിചിന്തകള്‍ മതത്തെ മറികടന്നു വിജയം വരിക്കും എന്ന് സ്വപ്‌നം കണ്ട കമ്യൂണിസ്റ്റുകള്‍ക്ക് പക്ഷേ, കെ.സി.യെ പ്രതിരോധിക്കാനായില്ല. അങ്ങനെയാണ്1952ല്‍ ഇ.കെ അയമു എഴുതി, ഡോക്ടര്‍ ഉസ്മാന്‍ സംവിധാനം ചെയ്ത 'ജ്ജ് നല്ലൊരു മന്‍സനാവാന്‍ നോക്ക്' എന്ന നാടകത്തിലൂടെ കെ.സി.യെ വ്യക്തിഹത്യ നടത്തിക്കൊണ്ട് മറുപടി കൊടുക്കാന്‍ അവര്‍ തുനിഞ്ഞത്. എന്നാല്‍ കമ്യൂണിസ്റ്റുകാരുടെ എല്ലാ പരിശ്രമങ്ങളും സ്വപ്നങ്ങളും തച്ചുടച്ചു കൊണ്ട് ഡോക്ടര്‍ എം ഉസ്മാന്‍ സാഹിബ് യുക്തിചിന്തയുടെയും വൈരുധ്യാത്മക ഭൗതികവാദത്തിന്റെയും അടിസ്ഥാനരാഹിത്യവും അര്‍ഥശൂന്യതയും തിരിച്ചറിഞ്ഞ് ഇസ്‌ലാം സ്വീകരിച്ചു. ദൈവത്തെയും മരണാനന്തര ജീവിതത്തെയും നിഷേധിച്ച്, മനുഷ്യരെ കേവലം ഭൗതിക വസ്തുവായി കണ്ട ആദര്‍ശത്തിനെതിരെ അദ്ദേഹം പിന്നീടുള്ള ജീവിത കാലം മുഴുവന്‍ പടപൊരുതി. താനും സഹപ്രവര്‍ത്തകരും പരിഹസിച്ച കെ.സി.യുടെ പ്രിയ ശിഷ്യനായി മാറിയ അദ്ദേഹം സമുദായത്തിന്റെ മൊത്തം 'ഉസ്മാന്‍ സാഹിബാ'യി. കേരള മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനായി. മാര്‍ക്‌സിസത്തിനും യുക്തിവാദത്തിനുമെതിരായി അദ്ദേഹത്തിന്റെ തൂലിക വിശ്രമമില്ലാതെ ചലിച്ചു. അതിന്റെ പ്രതിഫലനങ്ങള്‍ കേരളമാകെ അലയടിച്ചു. വിശുദ്ധ ക്വുര്‍ആന്‍ എന്ന മഹത്തായ 'കിതാബി'ന്റെ ആശയങ്ങള്‍ അദ്ദേഹത്തെ യഥാര്‍ഥ 'മനുഷ്യനാക്കി' മാറ്റുകയായിരുന്നു. ഇസ്‌ലാമിനു നേരെ വന്ന ഓരോ വിമര്‍ശനവും അതിനെ ജനമനസ്സുകളിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചിട്ടേയുള്ളൂ എന്ന ചരിത്രം ഇവര്‍ ഓര്‍ക്കേണ്ടതുണ്ട്. മാന്യമായി വിമര്‍ശിക്കുക; ആശയപരമായി അതിനെ നേരിടാന്‍ പഴയ നവോത്ഥാന പോരാളികളുടെ പിന്മുറക്കാര്‍ കേരള മണ്ണില്‍ ആത്മധൈര്യത്തോടെ നിലകൊള്ളുന്നുണ്ട്.

-അഫ്താബ് കണ്ണഞ്ചേരി