എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

പലിശയെന്ന മഹാ വിപത്ത്

പലിശയെന്ന തിന്മയെ നിസ്സാരവല്‍കരിക്കുകയും'ആധുനികലോകത്ത് പലിശയിടപാടുകളില്ലാതെ ജീവിതം അസാധ്യമാെണന്ന് പറയുകയും ചെയ്യുന്ന പലരെയും നാം കാണാറുണ്ട്, നമ്മില്‍ ചിലരെങ്കിലും അവരുമായി സംവദിക്കുകയോ തര്‍ക്കത്തിലാവുകയോ ചെയ്തിട്ടുണ്ടാവും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ ഒരാള്‍ ചോദിച്ച ചോദ്യം ഇങ്ങനെയാണ്: ''സര്‍, ഞാന്‍ വീടെടുക്കാന്‍ ഉമ്മയുടെ കുറച്ച് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍ നിന്നും ലോണെടുത്തിരുന്നു. ഏകദേശം 6 വര്‍ഷത്തിലധികമായി ചില പ്രയാസങ്ങള്‍ നേരിട്ടതിനാല്‍ മാസംതോറും കൃത്യമായി പണം തിരികെയടക്കാത്തതിനാല്‍ ഭീമമായ പലിശയടക്കം വലിയൊരു സംഖ്യ ബാധ്യതയായി. ഇപ്പോള്‍ എന്റെ ജീവിതം ആകെ താളംതെറ്റിയിരിക്കുന്നു. ഞാന്‍ മാനസികമായി തകര്‍ന്നുപോയിട്ടുണ്ട്. എങ്ങനെയാണ് ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയുക?''

ഇത്തരം വാര്‍ത്തകള്‍ ഒറ്റപ്പെട്ട സംഭവങ്ങളേയല്ലെന്ന് നമുക്കറിയാം. ലോണെടുത്ത് പലിശയെന്ന പേമാരിയില്‍ സര്‍വവും ഒലിച്ച് പോയവരും, ഭാഗികമായി തകര്‍ന്നവരും ഏറെയുണ്ട്. പലിശക്കെണിയില്‍ നിന്ന് മോചിതരാവാന്‍ കഴിയാതെ ആത്മഹത്യകളില്‍ അഭയം തേടുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

വാഹനങ്ങളും വീട്ടുസാധനങ്ങളുമൊക്കെ തവണ വ്യവസ്ഥയില്‍ വാങ്ങിക്കൂട്ടുന്നത് സമൂഹത്തില്‍ സര്‍വ വ്യാപകമായിട്ടുണ്ട്. അയ്യായിരമോ പതിനായിരമോ ഉണ്ടെങ്കില്‍ ഏത് വിലകൂടിയ വാഹനവും സ്വന്തമാക്കാം. യഥാര്‍ഥത്തില്‍ തുക തിരിച്ചടക്കുമ്പോള്‍ നല്ലൊരു ശതമാനം പലിശയിനത്തില്‍ നാമറിയാതെ അടച്ചുപോകുന്നുവെന്നതാണ് പരമാര്‍ഥം. ആവശ്യത്തിനും അനാവശ്യത്തിനും പൊങ്ങച്ചത്തിനും വേണ്ടി മത്സരിക്കുന്നതിന്റെ പരിണിതഫലം ഇപ്പോള്‍ ശരിക്കും പലരും അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗള്‍ഫ് പ്രതിസന്ധി വലിയ തോതില്‍ നമ്മെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. പ്രവാസികളില്‍ പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ തവണ വ്യവസ്ഥയില്‍ വാഹനങ്ങളും മറ്റും വാങ്ങിയവര്‍ പണം തിരികെയടക്കാന്‍ ഇനിയെന്ത് മാര്‍ഗം എന്ന് ആലോചിച്ച് പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നു. 

എല്ലാം പെെട്ടന്ന് വേണമെന്ന ചിന്താഗതി നാം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. ഒരു നല്ല വാഹനം, വീട് ഇതൊക്കെ നമുക്കോരോരുത്തര്‍ക്കും വേണ്ടതാണ്. ആവശ്യവും അനാവശ്യവുമുണ്ട്. ആവശ്യത്തില്‍ അത്യാവശ്യവുമുണ്ട്. ഏതാണ് അത്യാവശ്യമെന്നത് തീരുമാനിക്കേണ്ടത് നമ്മളാണ്, മറ്റുള്ളവരല്ല. തന്റെ വരുമാനത്തിനനുസരിച്ചായിരിക്കണം കണക്ക് കൂട്ടലുകള്‍. ഒരു ഇടത്തരം വീട് വെക്കുന്നതിന് പകരം ലോണെടുത്തും പണയം വെച്ചും വലിയ വീടെടുക്കാന്‍ മത്സരിക്കുന്നവരും വാഹനമെടുക്കാന്‍ ചാടിപ്പുറപ്പെടുന്നവരും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ് ചെയ്യുന്നത്.  

ആധുനിക കാലഘട്ടത്തില്‍ ബാങ്കിംഗ് ഇടപാടുകളില്‍ നിന്നും വിശ്വാസികള്‍ക്ക് മാറിനില്‍ക്കുക സാധ്യമേയല്ല. ബാങ്കില്‍ എക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ പലിശ ഒഴിവാക്കിക്കൊണ്ട് തുടങ്ങുവാന്‍ സംവിധാനങ്ങളുണ്ട്. പലിശ എക്കൗണ്ടില്‍ വരവുവരുന്ന രൂപത്തിലുള്ളതാണെങ്കില്‍ അത്തരം പണം പൊതുസംവിധാനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്നാണ് പണ്ഡിത വീക്ഷണം; ആ പണം സ്വന്തം ഉപയോഗങ്ങള്‍ക്ക് ഒരിക്കലും എടുക്കാന്‍ പാടില്ലന്നര്‍ഥം.

ഇസ്‌ലാം തെളിമയാര്‍ന്ന ഒരു ജീവിത സംവിധാനമാണ് വിശ്വാസികള്‍ക്ക് പകര്‍ന്നുനല്‍കുന്നത്. അതിലെ നിയമ വ്യവസ്ഥകള്‍ സുതാര്യവും എല്ലാ കാലഘട്ടത്തേക്കും യോജിച്ചതുമാണ്. മിതത്വമാണ് അതിന്റെ മുഖമുദ്ര. പരസ്പരം പെരുമ നടിക്കലും അഹങ്കാരവും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. ഐശ്വര്യമെന്നത് മനസ്സിന്റെ സന്തോഷവും സമാധാനവുമത്രെ. അന്തിമ വിജയത്തിന് ക്ഷമയോടെ നന്നായി പണിയെടുക്കേണ്ടവരും ദുര്‍ഘടമായ പാതകള്‍ താണ്ടിക്കടക്കേണ്ടവരുമാണ് വിശ്വാസികള്‍. 

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''പലിശ 70 ഇനമുണ്ട്. അവയില്‍ ഏറ്റവും ലഘുവായത് ഒരാള്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിനു തുല്യമാണ്'' (ഇബ്‌നുമാജ).

-അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, ജിദ്ദ