എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

അവസാനമില്ലാത്ത ആള്‍കൂട്ട ഭീകരത

കഴിഞ്ഞ ലക്കം 'നേര്‍പഥം' (2/31) പ്രസിദ്ധീകരിച്ച സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ 'ആള്‍കൂട്ട ഭീകരത, കലാലയ രാഷ്ട്രീയം, ആവിഷ്‌കാര സ്വാതന്ത്ര്യം' എന്ന ലേഖനം തികച്ചും കാലികവും ഏറെ ശ്രദ്ധേയവുമായിരുന്നു. വര്‍ത്തമാന കാല ഇന്ത്യയിലെ കൈപ്പേറിയ ചില പച്ചയായ യാഥാര്‍ഥ്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുവാനുള്ള ലേഖകന്റെ ശ്രമം അഭിനന്ദനീയമാണ്. 

സത്യത്തെ മൂടിവെക്കുവാനും അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും നേരിന്റെ ഉടുപ്പണിയിച്ച് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുവാനുമുള്ള മല്‍സരമാണല്ലോ നമ്മളിന്ന് വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സത്യം തുറന്നു പറയുക എന്നത് അത്ര സുഖമുള്ള കാര്യമല്ല.  

ദളിതരും ന്യൂനപക്ഷവും അടക്കമുള്ളവര്‍ക്കു നേരെ അടുത്തിടെയുണ്ടായ ആള്‍കൂട്ട കൊലപാതകങ്ങളെ ശക്തമായി അപലപിച്ച് കൊണ്ട് സുപ്രീംകോടതിയുടെ പരാമര്‍ശം ഉണ്ടായതോടെയാണ് ആള്‍കൂട്ട ഭീകരത ഔദ്യോഗിക തലങ്ങളില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയത്. നേര്‍പഥത്തില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചതിനും സുപ്രീംകോടതിയുടെ പരാമര്‍ശത്തിനും ശേഷം പശുവിന്റെ പേരില്‍ ഒന്നിലധികം കൊലപാതങ്ങള്‍ നടന്നതായി വാര്‍ത്താമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു.

മഹാത്മജിയുടെ പേരമകന്‍ തുഷാര്‍ ഗാന്ധിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് തെഹ്സീന്‍ പൂനാവാലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി 'ആള്‍കൂട്ട ഭീകരത'യെ പ്രത്യേക കുറ്റകൃത്യമായി കണക്കാക്കി നിയമമുണ്ടാക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കഴിഞ്ഞ സെപ്റ്റംബര്‍ 6ന് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ മേല്‍നോട്ടത്തിനായി എല്ലാ ജില്ലകളിലും പോലീസ് സംവിധാനമുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കാതെ വന്നപ്പോള്‍ അതിനെതിരിലാണ് തുഷാര്‍ ഗാന്ധി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. 

കോടതികള്‍ എന്തു വിധി പുറപ്പെടുവിച്ചിട്ടും എന്ത് കാര്യം? വിനാശകരമായ വര്‍ഗീയ ചിന്തയെ പിഴുതെറിയാന്‍ കഴിയാത്ത കാലത്തോളം, രാജ്യം ഭരിക്കുന്നവരുടെ മൗനാനുവാദവും ഒത്താശയും നിലനില്‍ക്കുന്ന കാലത്തോളം ഇതിനൊന്നും അറുതിയുണ്ടാകുമെന്ന് തോന്നുന്നില്ല. 

-മുഹമ്മദ് ഫവാസ്, കൊല്ലം


ഉദുഹിയ്യത്തിന്റെ നിയമങ്ങള്‍

ബലികര്‍മത്തെ സംബന്ധിച്ച് ഫൈസല്‍ പുതുപ്പറമ്പ് എഴുതിയ ലേഖനം പഠനാര്‍ഹമായിരുന്നു. ഒരുപാട് സംശയങ്ങള്‍ക്ക് നിവാരണം വരുത്തുവാനും പല തെറ്റായ ധാരണകളും തിരുത്തുവാനും പ്രസ്തുത ലേഖനം സഹായകമായി. പല സ്ഥലങ്ങളിലും ബലികര്‍മ രംഗത്ത് ആശാസ്യമല്ലാത്ത മല്‍സരവും പ്രകടനപരതയും നിലനില്‍ക്കുന്നതായി കാണുന്നുണ്ട്. അതിന് മഹല്ല് കമ്മിറ്റികളാണ് തടയിടേണ്ടത്. നേര്‍പഥത്തിനും ലേഖകനും അഭിനന്ദനങ്ങള്‍.

-അബൂഫാരിസ, തേഞ്ഞിപ്പലം


കരുവള്ളിയും കേരളത്തിെല അറബിപഠനവും

അറബി ഭാഷക്കായി ജീവിതം സമര്‍പിച്ച കരുവള്ളിയെ കുറിച്ച് നേര്‍പഥത്തില്‍ വന്ന ലേഖനം വായിച്ചപ്പോള്‍ വിസ്മയമാണ് തോന്നിയത്. ഈ മഹാപണ്ഡിതന്‍ അഹോരാത്രം പ്രയത്‌നിച്ചതിന്റെ അനന്തരഫലമാണിന്ന് അനേകായിരങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാഹു അദ്ദേഹത്തിന് അര്‍ഹമായ പ്രതിഫലം കൊടുക്കുമാറാകട്ടെ.

-അജ്‌സല്‍ പി.കെ, കോട്ടക്കല്‍