എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23

തൗഹീദിന്റെ വക്താക്കള്‍ക്ക് വിശ്രമിക്കാന്‍ സമയമില്ല

കഴിഞ്ഞ ലക്കം നേര്‍പഥത്തിലെ 'നിങ്ങള്‍ക്കൊരല്ലാഹു പോരേ' എന്ന ലേഖനമാണ് ഈ കുറിപ്പെഴുതാന്‍ പ്രചോദനം.

ഇസ്‌ലാം മനുഷ്യനെ ഉന്നത സംസ്‌ക്കാരമുള്ളവനും'സ്രഷ്ടാവിന്ന് മാത്രം തന്നെ സമര്‍പ്പിക്കുന്നവനുമാക്കുന്നു. സ്രഷ്ടാവ് മനുഷ്യന് ബുദ്ധിയും വിവേകവും നല്‍കി. നന്മതിന്മകളെക്കുറിച്ച് അറിയിച്ചുകൊടുത്തു.. അവന് സ്വയം വഴിപ്പെട്ട് ജീവിക്കുക, നന്മചെയ്യുക, അതിന് കല്‍പിക്കുക; തിന്മവെടിയുക, വെടിയാന്‍ കല്‍പിക്കുക എന്നതാണ് മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കടമ.  

സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നവനാണ് മുസ്‌ലിം. സൃഷ്ടിപൂജ നടത്തുന്നവന്‍ താന്‍ ഏകദൈവവിശ്വാസിയാണെന്ന് വാദിച്ചാലും മുസ്‌ലിമോ ഏകദൈവ വിശ്വാസിയോ അല്ല. സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന സന്ദേശമാണ് ദൈവനിയുക്തരായ മുഴുവന്‍  പ്രവാചകന്മാരും പ്രഥമമായി മനുഷ്യകുലത്തെ അറിയിച്ചത്.

അന്തിമദൂതനായ മുഹമ്മദ് നബി ﷺ യിലൂടെ ഇസ്‌ലാം പൂര്‍ത്തിയാക്കിയതായി കുര്‍ആനിലൂടെ അല്ലാഹു അറിയിച്ചിട്ടുണ്ട്. മാത്രമല്ല സ്വര്‍ഗത്തിലേക്ക് അടുക്കാനുള്ള ഒരുകാര്യവും നരകത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരുകാര്യവും അറിയിക്കാതെ പോയിട്ടില്ല എന്ന് പ്രവാചകന്‍ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍തന്നെ ഈ മതത്തില്‍ പുതുതായി ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടാക്കുവാന്‍ ആര്‍ക്കും അവകാശമില്ല. 

മതം പഠിപ്പിച്ചതെന്ന വ്യാജലേബലില്‍ പുത്തന്‍ ആചാരങ്ങള്‍ പലതും സമുദായത്തില്‍ നടമാടുന്നുണ്ട്. പൗരോഹിത്യം പലതും ഇപ്പോഴും പടച്ചുവിടുന്നുമുണ്ട്. 'പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട അധികപേരും ജനങ്ങളുടെ പണം അന്യായമായി ഭക്ഷിക്കുന്നവരും ജനങ്ങളെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുന്നവരുമാണ്' എന്ന ക്വുര്‍ആന്‍ വചനത്തിന്റെ പരിധിയില്‍ ഇക്കൂട്ടര്‍ പെടുമെന്നതില്‍ സംശയമില്ല. 

തന്റെ സമുദായം ചാണിന്ന് ചാണായും മുഴത്തിന്ന് മുഴമായും പൂര്‍വ സമുദായങ്ങളെ പിന്‍പറ്റും എന്ന നബി ﷺ യുടെ പ്രവചനത്തിന്റെ പുലര്‍ച്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.  

ഇസ്‌ലാം പഠിപ്പിക്കുന്നത് ഏറ്റവും വലിയ അക്രമം അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാണ് എന്നാണ്. പ്രവാചകന്‍ ﷺ മരണമാസന്നമായ വേളയില്‍ പോലും അതിനെതിരില്‍ താക്കീത് നല്‍കിയിട്ടുണ്ട്. 'എന്റെ ക്വബ്‌റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുത്' എന്ന പവാചകന്റെ താക്കീതില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് പഠിക്കാന്‍ കുറെ പാഠങ്ങളുണ്ട്. 

ക്വബ്‌റുകള്‍ ഒരുചാണില്‍ കൂടുതല്‍ ഉയര്‍ത്തരുത് എന്ന് നിര്‍ദേശിച്ച പ്രവാചകന്‍ ﷺ കെട്ടി ഉയര്‍ത്തിയ ക്വബ്‌റുകള്‍ തട്ടിനിരപ്പാക്കുവാനും കല്‍പിച്ചതായി കാണാം. മക്വ്ബറകള്‍ ആരാധനാകേന്ദ്രങ്ങളായി മാറാതിരിക്കുവാനുള്ള മുന്നറിയിപ്പായിരുന്നു ഇത്. 

എന്നാല്‍ ആ തിരുദൂതരുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ ഇന്ന് പലരുടെയും ക്വബ്‌റുകള്‍ കെട്ടിപ്പൊക്കി അവിടങ്ങളില്‍ ആരാധനകള്‍ നടത്തുന്നു, അവിടേക്ക് നേര്‍ച്ചകള്‍ നേരുന്നു. ഇതിനെല്ലാം കാര്‍മികത്വം വഹിക്കുന്നതാകട്ടെ പണ്ഡിതന്മാരും! ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണിവരും ഇവരുടെ സഹായികളും ചെയ്തുകൊണ്ടിരിക്കുന്നത്. 

എന്ത് ആഗ്രഹമുണ്ടെങ്കിലും അത് സഫലീകരിക്കപ്പെടാനുള്ള കേന്ദ്രമായി ഇവര്‍ ജാറങ്ങളെ കാണുന്നു. അവയില്‍ മറമാടപ്പെട്ടവരുടെ ഇല്ലാത്ത പോരിശകളും കറാമത്തുകളും പറഞ്ഞ് പ്രചരിപ്പിക്കുന്നു. കറാമത്തുകള്‍ ഔലിയാക്കള്‍ക്ക് ഇഷ്ടാനുസരണം പ്രകടിപ്പിക്കാന്‍ സാധിക്കുമെന്ന് പാമര ജനങ്ങളെ വിശ്വസിപ്പിക്കുന്നു. അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാല്‍ കിട്ടുന്നതിനെക്കാള്‍ എളുപ്പത്തില്‍ മണ്‍മറഞ്ഞുപോയ ചില മനുഷ്യരോട് ചോദിച്ചാല്‍ ഉത്തരം കിട്ടുമെന്ന് ജനങ്ങളെ പഠിപ്പിക്കുന്നു. തല്‍ഫലമായി അല്ലാഹുവിനോടുള്ളതിനെക്കാള്‍ ഭയവും ബഹുമാനവും പാമരജനങ്ങള്‍ക്ക് ജാറത്തിനുള്ളില്‍ മറമാടപ്പെട്ടവരോടുണ്ടാകുന്നു. ''അല്ലാഹു മതിയായവനല്ലേ തന്റെ അടിമക്ക്'' എന്ന അല്ലാഹുവിന്റെ ചോദ്യത്തിന് 'അല്ലാഹു പോരാ' എന്ന് ഉത്തരം നല്‍കുന്നത് പോലെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇസ്‌ലാമിന്റെ തനിമയിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് വിശ്രമിക്കാന്‍ സമയമില്ലെന്നര്‍ഥം. 

-മമ്മദ് പി.പി തിക്കോടി