എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

മാപ്പ് കൊടുക്കുക, മാപ്പിനര്‍ഹരാവുക

അക്ഷമയുടെയും മുന്‍കോപത്തിന്റെയും ചെറിയ തെറ്റുകള്‍ക്ക് പോലും മാപ്പ് നല്‍കാന്‍ കഴിയാത്തതിന്റെയും പേരില്‍ പല അനര്‍ഥങ്ങളും നാട്ടില്‍ നടക്കുന്നതായി നാം കണ്ടുകൊണ്ടിരിക്കുന്നു. ഒരു സത്യവിശ്വാസിയില്‍ ഈ ദുസ്സ്വഭാവങ്ങള്‍ കാണാവതല്ല. ഇസ്‌ലാം വിട്ടുവീഴ്ച ചെയ്യുവാനും മാപ്പ് നല്‍കുവാനും പ്രേരിപ്പിക്കുന്ന മതമാണ്. ഭാര്യമാരില്‍നിന്നും മക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നുമടക്കം പലരില്‍നിന്നും അനിഷ്ടകരമായ പലതും നേരിടേണ്ടിവന്നേക്കാം. അവിടെയൊക്കെ പക്വതയാര്‍ന്നതും വിട്ടുവീഴ്ചയിലൂന്നിയതുമായ നിലപാട് സ്വീകരിക്കുവാന്‍ കഴിയേണ്ടതുണ്ട്. 

''സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്. അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായവിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു. അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും യുക്തിമാനുമാകുന്നു അവന്‍'' (ക്വുര്‍ആന്‍ 64:14-18).

അല്ലാഹു നമുക്ക് മാപ്പുതരണമെങ്കില്‍ നാം മറ്റുള്ളവര്‍ക്ക് മാപ്പുകൊടുക്കാന്‍ തയ്യാറാകണം. സ്വത്തും സന്താനങ്ങളും അഹന്തകാണിക്കുവാന്‍ നിമിത്തമാകരുത്. രണ്ടും അല്ലാഹുവിന്റെ പരീക്ഷണവും അനുഗ്രഹവുമാണ്. 

''നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു. എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളെയാവട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മത്തില്‍) ഒട്ടും കമ്മിവരുത്തുകയില്ല'' (ക്വുര്‍ആന്‍ 7:199-202).

അവിവേകത്തിന് പ്രേരിപ്പിക്കുന്നവനാണ് പിശാച്. അതുകൊണ്ട് അവന്റെ ഉപദ്രവത്തില്‍നിന്ന് അല്ലാഹുവിനോട് എപ്പോഴും കാവല്‍ ചോദിക്കണം. തെറ്റുകളിലേക്കുള്ള ദുര്‍ബോധനമുണ്ടാകുമ്പോള്‍ അല്ലാഹുവിനെ സ്മരിക്കുവാന്‍ സാധിക്കണം. 

''ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 15:85-86).

പരസ്പരധാരണയും വിട്ടുവീഴ്ചയുമാണ് സമാധാനപരമായ, സന്തോഷപ്രദമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനം. കുടുംബ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദം ജോലിസ്ഥലത്തും മറ്റും ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല. 

-ആര്‍.എം ഇബ്‌റാഹീം, വെളുത്തൂര്‍ദ്ദ