എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02

മനസ്സിനെ ബാധിക്കുന്ന രോഗം

ശരീരത്തിലുള്ള രോഗത്തെക്കാള്‍ മാരകമാണ് പലപ്പോഴും മനസ്സിനുണ്ടാകുന്ന രോഗം. അസൂയ. പക, വിദ്വേഷം എന്നിങ്ങനെ പലവിധ രോഗങ്ങളും മനസ്സിനെ ബാധിക്കുന്നവയാണ്. സ്ത്രീകളുമായി സംസാരിക്കുവാന്‍ ഇടകിട്ടിയാല്‍ തങ്ങളുടെ ഹൃദയത്തിലെ രോഗം പ്രകടമാക്കുന്ന ചില പുരുഷന്മാരുണ്ട്. അവരെ സൂക്ഷിക്കണം. അത്തരക്കാരുടെ ശല്യത്തില്‍നിന്ന് രക്ഷപ്പെടുവാനും വിശുദ്ധി പാലിച്ചുകൊണ്ട് ജീവിക്കുവാനും അല്ലാഹു പ്രവാചക പത്‌നിമാരോട് കല്‍പിക്കുന്നത് കാണുക:

''പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്'' (ക്വുര്‍ആന്‍ 33:32,33).

സ്ത്രീയും പുരുഷനും പരസ്പരം തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു: ''(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക...'' (ക്വുര്‍ആന്‍ 24:30,31).

സ്ത്രീയും പുരുഷനും മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കുവാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. പരസ്പരം ആകര്‍ഷിക്കുന്ന രൂപത്തിലുള്ള വസ്ത്രധാരണവും ചേഷ്ടകളും ഇസ്‌ലാം വിലക്കുകയും ചെയ്തു. ശരീരത്തിന്റെ വടിവും നിമ്‌നോന്നതികളും പ്രകടമാകുന്ന വിധത്തിലുള്ള വസ്ത്രധാരണം ഇസ്‌ലാമിക ദൃഷ്ട്യാ പാപമാണ്. മുഖവും മുന്‍കൈയുമൊഴികെയുള്ള ശരീരഭാഗങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മറച്ചിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുമ്പോള്‍ ഇസ്‌ലാം വിരോധംകൊണ്ട് അന്ധത ബാധിച്ചവര്‍ക്ക് സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അപരിഷ്‌കൃത നിയമമായിട്ടേ അതിനെ കാണാന്‍ കഴിയുകയുള്ളൂവെങ്കി ലും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അപഗ്രന്ഥിക്കുന്നവര്‍ക്കെല്ലാം ഇസ്‌ലാമിലെ വേഷവിധാനത്തിന്റെ മഹത്ത്വം ബോധ്യപ്പെടുന്നതാണ്.

പെണ്ണിനെ ദുഷ്ട ചിന്തയോടെ മാത്രം കാണുന്നത് ദുഷിച്ച മനസ്സിന്റെ അടയാളമാണ്. അത്തരക്കാരില്‍നിന്ന് കഴിയുന്നത്ര അകലം പാലിച്ചില്ലെങ്കില്‍ അപകടമാണ്. ഒരു നോട്ടത്തെ, അല്ലെങ്കില്‍ അനുനയരൂപത്തിലുള്ള സംസാരത്തെ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്നതിന്റെ അടയാളമായി അവര്‍ കാണും.

സ്ത്രീകളുടെ വ്യക്തിത്വം അംഗീകരിക്കുന്ന മതമാണ് ഇസ്‌ലാം, ചില വിമര്‍ശകര്‍ പറയുന്നത് പോലെ പുരുഷന്‍മാര്‍ക്ക് മാത്രം പരിഗണന നല്‍കുന്ന മതമല്ല. പരലോകത്ത് തങ്ങള്‍ക്ക് രക്ഷ ലഭിക്കണമെങ്കില്‍ ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതുണ്ട്. പെണ്ണല്ലേ എന്നു പറഞ്ഞ് അവളുടെ കര്‍മങ്ങളെ ഇസ്‌ലാം അവഗണിക്കുന്നില്ല. അല്ലാഹു പറയുന്നു:

''(അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍-ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 33:35).

-ആര്‍.എം. ഇബ്‌റാഹീം വെളുത്തൂര്‍