എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

പ്രണയക്കുരുക്കില്‍ തകരുന്ന ജീവിതങ്ങള്‍

ലൈംഗിക രംഗത്ത് വിശുദ്ധി പാലിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്ന ചിന്തയിലേക്ക് സമൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈയിടെയുണ്ടായ ചില കോടതിവിധികള്‍ അതിന് ബലം നല്‍കുകയും ചെയ്യുന്നു. വിവാഹവും സദാചാരങ്ങളും ജനിതക തുടര്‍ച്ചയുടെ ശുദ്ധി തുടരാനുള്ള ശിലായുഗ കാലഘട്ടത്തിലെ ആചാരങ്ങള്‍ മാത്രമാണ് എന്ന് പറയുന്ന, യുക്തിചിന്തയുടെ ആഗോള ആചാര്യനായ ബര്‍ട്രാന്റ് റസ്സലിനെ പോലുള്ളവരുടെയും മലയാളി യുക്തിവാദി നേതാവായ മൈത്രേയനെ പോലുള്ളവരുടെയും ആശയങ്ങളെ ഏറ്റുപിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. 

പാശ്ചാത്യ ലൈംഗിക 'വിപ്ലവ'ത്തിന്റെ അലയൊലികളുടെ നിശബ്ദമായുള്ള സാഹിത്യ രംഗപ്രവേശനം വിവാഹവും പ്രണയവും രണ്ടാണെന്ന് യുവതയെ തെറ്റുധരിപ്പിച്ചു, അധികാരങ്ങളും ബലാല്‍ക്കാരങ്ങളുമാണ് വിവാഹം എന്നും സമത്വവും സ്വാതന്ത്ര്യവുമാണ് പ്രണയം എന്നും പറഞ്ഞ് പറ്റിച്ചു. സഖിമാരും കാമുകിമാരുമായി അത് കലാലയങ്ങളില്‍ തിമിര്‍ത്താടി. പൊതുജീവിതങ്ങളെയും അത് സാരമായി ബാധിച്ചു. പക്ഷേ, വിവാഹത്തിലൂടെയല്ലാത്ത ഒരുമിച്ചുള്ള ജീവിതം എന്ന ആശയം കേരള മണ്ണില്‍ പച്ച പിടിച്ചില്ല. പകരം വിവാഹത്തിലേക്ക് അത് കയറിപ്പിടിച്ചു. 

അങ്ങനെ പ്രണയ വിവാഹങ്ങള്‍ സാര്‍വത്രികമായി. പ്രണയ സാഹിത്യം പെരുകി. കുടുംബവും സമ്പത്തും സ്വഭാവവും സൗന്ദര്യവും മറ്റും നോക്കി കുടുംബങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു നടക്കുന്ന വിവാഹങ്ങളില്‍ നിന്ന് അന്വേഷണമൊന്നും നടത്താതെയുള്ള, പ്രണയവിവാഹത്തിലേക്ക് നീങ്ങി. അത് പ്രണയ നോവലുകളുടെ കാലമായിരുന്നു. അക്ഷരജ്ഞാനമില്ലാതെ ആസ്വദിക്കാന്‍ കഴിയാത്തത്. പ്രണയ ചലച്ചിത്രങ്ങള്‍ ആ അതിര്‍വരമ്പ് എളുപ്പം മറികടന്നു. പ്രണയത്തിന്റെ മായാലോകത്ത് വിഹരിക്കുവാന്‍ കുമാരീകുമാരന്മാര്‍ വെമ്പല്‍ കൊണ്ടു.

 ബസ്‌സ്റ്റാന്റിലും കലാലയ വരാന്തകളിലുമൊക്കെ വെച്ച് ആരും അറിയാതെ കൈമാറുന്ന പ്രണയ ലേഖനങ്ങളിലെ ചക്കരവാക്കുകളിലെ ചതിക്കുഴികള്‍ പെണ്‍കുട്ടികള്‍ അറിയാതെ പോകുന്നു. അറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും; മാതാപിതാക്കളെയടക്കം. 

അതിനാല്‍ ജാഗ്രത പാലിക്കുക; മാതാപിതാക്കളും മക്കളും ഒരുപോലെ. പ്രണയം നടിച്ച് പിന്നാലെ കൂടിയവന്റെ താല്‍ക്കാലികമായ ആവശ്യം കഴിഞ്ഞ് റെയില്‍വെ ട്രാക്കിലോ, പുഴയിലോ ചേതനയറ്റ് വലിച്ചെറിയപ്പെടുന്ന അവസ്ഥ നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കുമുണ്ടാകരുത്. 

ഇന്ന് പ്രണയം യുവതികളെ മാത്രമല്ല രണ്ടും മൂന്നും മക്കളുള്ള വീട്ടമ്മമാരെയും ഗ്രസിച്ചിരിക്കുന്നു എന്ന വസ്തുത നാം കാണേണ്ടതുണ്ട്. വാട്‌സാപ്പും ഫെയ്‌സ്ബുക്കും വഴി പരിചയപ്പെടുന്ന പുരുഷന്റെ കൂടെ ഭര്‍ത്താവിനെയും മക്കളെയും ഒഴിവാക്കി നാടുവിടുന്ന വീട്ടമ്മമാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മിക്കവരും താമസിയാതെ വഴിയാധാരമായിത്തീരുകയും ചെയ്യുന്നു. 

-അനസ് ആമയൂര്‍, പട്ടാമ്പി


കവര്‍ സ്‌റ്റോറി

'നേര്‍പഥ'ത്തിന്റെ തുടക്കം മുതലുള്ള ഒരു വായനക്കാരനാണ് ഞാന്‍. 'വേറിട്ട വായനാനുഭവം' എന്ന പരസ്യവാചകം നേരുതന്നെയെന്ന് ഓരോ ലക്കവും വിളിച്ച് പറയുന്നു. കുട്ടികളില്‍ ധാര്‍മിക ബോധം വളര്‍ത്തുന്ന 'ബാലപഥ'വും നിയമത്തിന്റെ ലോകത്തേക്ക് വഴികാണിക്കുന്ന 'നിയമപഥ'വും 'നേര്‍പഥ'ത്തെ വ്യത്യസ്തമാക്കുന്നു. ആനുകാലിക വിഷയങ്ങളിലുള്ള കവര്‍ സ്‌റ്റോറിയാണ് നേര്‍പഥത്തിന്റെ മറ്റൊരു സവിശേഷത. പ്രത്യേകിച്ചും സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ ലേഖനങ്ങള്‍. അഭിനന്ദനങ്ങള്‍, എഴുത്തുകാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും. 

-മുഹമ്മദ് ഹനീഫ് പുതിയറ, കോഴിക്കോട്