എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

വൈദികരുടെ വിശ്വാസ്യത വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ട്?

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക ചൂഷണവിവാദത്തില്‍ വൈദികര്‍ക്കെതിരെ െ്രെകം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ സമൂഹവും െ്രെകസ്തവ വിശ്വാസികളും ഉറക്കെ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില വൈദികരെ സംബന്ധിച്ച് ഉയര്‍ന്നുകേട്ട ആരോപണം മുന്‍നിര്‍ത്തി വൈദികരെല്ലാം സദാചാര സീമകള്‍ ലംഘിക്കുന്നവരാണെന്ന സാമാന്യവത്കരണം ഏതായാലും ശരിയല്ല. 

മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും പീഡനങ്ങള്‍ക്ക് ഇരകളായ കന്യാസ്ത്രീകളുടെ തുറന്ന് പറച്ചിലുകള്‍ ആത്മകഥയായും അഭിമുഖമായും വാര്‍ത്താ അവലോകനങ്ങളായും വിവിധ സന്ദര്‍ഭങ്ങളില്‍ പുറത്ത് വന്നിട്ടുണ്ട്. സ്വത്തും സമ്പാദ്യവും ആദ്യമേ മഠത്തിന് തീരെഴുതിക്കൊടുത്ത കാരണത്താല്‍ പീഡനങ്ങള്‍ പുറത്ത് പറയാനോ രക്ഷപ്പെടാനോ അവര്‍ക്ക് സാധിക്കുന്നില്ല. അധ്യാപനത്തിലും മറ്റു ജോലികളിലും ഏര്‍പെടുന്ന കന്യാസ്ത്രീകള്‍ക്ക് അവരുടെ ശമ്പളം പോലും സ്വന്തം കയ്യാല്‍ വാങ്ങാനുള്ള ഭാഗ്യം ലഭിക്കാറില്ലെന്ന് പറയുന്നു. 

ആരോപണങ്ങളുടെ പ്രതിസ്ഥാനത്ത് വരുന്നത് വൈദികരാണെന്ന യാഥാര്‍ഥ്യത്തെയും  ഗൗരവപൂര്‍വം വീക്ഷിക്കേണ്ടതുണ്ട്. വൈദികരുടെ പീഡനം കന്യാസ്ത്രീകളില്‍ നിന്ന് ഇടവകയിലെ സാധാരണ സ്ത്രീകളിലേക്ക് കൂടി വ്യാപിച്ചതാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് വൈദികര്‍ മാറി മാറി പീഡിപ്പിച്ചതെന്നാണ് ആരോപണത്തിലുള്ളത്. ഇത് സത്യമാണങ്കില്‍ വിഷയം അതീവ ഗുരുതരമാണ്. ഒരു സമുദായത്തെ സംബന്ധിച്ച് മറ്റൊരു സമുദായത്തില്‍പെട്ടവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ദുഃസ്വാധീനങ്ങള്‍ ഉണ്ടാകാമെന്ന് നമുക്ക് ധരിക്കാമെങ്കിലും, വൈദികര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ നിന്നും സ്വന്തം സമുദായത്തില്‍ നിന്നും തന്നെയാണ് ഉയര്‍ന്ന് വരുന്നതെന്ന തിരിച്ചറിവ് ബന്ധപ്പെട്ടവരെ ചിന്തിപ്പിക്കേണ്ടതുണ്ട്. 

എന്തുകൊണ്ടാണ് വൈദികരില്‍ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്ന ആലോചനക്ക് ക്രൈസ്തവ നേതാക്കളും വിശ്വാസി സമൂഹവും ഈ സന്ദര്‍ഭത്തില്‍ മുന്നോട്ട് വരേണ്ടതുണ്ട്. മനുഷ്യന്റെ പ്രകൃതി സഹജമായ ലൈംഗിക വികാരത്തെ അടിച്ചമര്‍ത്തിക്കൊണ്ട് രൂപപ്പെടുത്തിയ വൈദിക, കന്യാസ്ത്രീ ജീവിതരീതി പുനപ്പരിശോധനക്ക് വിധേയമാക്കണം എന്ന നിരീക്ഷണത്തെപ്പറ്റി ചിന്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

പാപങ്ങള്‍ പൊറുക്കാന്‍ ദൈവത്തിന് മാത്രമെ അവകാശമുള്ളൂവെന്നാണ് ക്രിസ്തു പോലും പഠിപ്പിച്ചിട്ടുള്ളത്. അതിനിടയില്‍ പൗരോഹിത്യത്തെ സ്ഥാപിച്ചതാണ് അടിസ്ഥാനപരമായ മറ്റൊരു പ്രശ്‌നം. പ്രാര്‍ഥനകള്‍ കേള്‍ക്കാനും ഉത്തരം ചെയ്യാനും മനുഷ്യരുടെ സ്രഷ്ടാവിന് മാത്രമെ സാധിക്കുകയുള്ളൂവെന്നാണ് പ്രവാചകന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്.

പരപുരുഷ ബന്ധങ്ങളില്‍ അകപ്പെട്ടുപോയ യുവതികളുടെ, വിശിഷ്യാ അമിത ലൈംഗികദാഹത്താല്‍ വഴിവിട്ട് ജീവിക്കുന്നവരുടെ 'പാപമുക്തി'ക്ക് വേണ്ടിയുള്ള തുറന്ന് പറച്ചിലുകള്‍ ലൈംഗിക വികാരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട വികാരിയുടെ മുമ്പിലാകുമ്പോള്‍ പാപം കഴുകിക്കളയാനല്ല; കൂടുതല്‍ പാപങ്ങളിലേക്ക് രണ്ടുപേരെയും എടുത്തെറിയാനാണ് കാരണമാകുക.

ആദിപിതാവായ ആദം(അ) വിലക്കപ്പെട്ട കനി ഭക്ഷിക്കയാല്‍, അദ്ദേഹം മാത്രമല്ല മനുഷ്യ സന്തതികളാകെയും പാപികളായിത്തീര്‍ന്നുവെന്നും പാപികളുടെ പാപം പൊറുക്കാനായി യേശു ദൈവപുത്രനായി ഭൂമിയില്‍ വന്ന് കുരിശിലേറിയെന്നുമാണ് െ്രെകസ്തവ വിശ്വാസം. മനുഷ്യന്‍ ജന്മനാ പാപിയല്ല. ശുദ്ധ പ്രകൃതിയോടെയാണ് അവന്‍ ജനിക്കുന്നത്. സാഹചര്യങ്ങള്‍ അവനെ വഴിതെറ്റിക്കുന്നു. അങ്ങനെ വഴിതെറ്റിയവരെ നേര്‍വഴിക്ക് നയിക്കാനാണ് പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത സന്മാര്‍ഗം. ഈ സന്മാര്‍ഗം ഏത് പാപിക്കും സ്വീകരിക്കാവുന്നതേയുള്ളൂ. കുറ്റം ഏറ്റുപറഞ്ഞ് സ്രഷ്ടാവിനോട് ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്ന ആരുടെയും പ്രാര്‍ഥന അവന്‍ സ്വീകരിക്കും. മനുഷ്യനും ദൈവത്തിനുമിടയില്‍ ഇടയാളനോ മധ്യവര്‍ത്തിയോ ശുപാര്‍ശകനോ ആവശ്യമില്ല എന്നതാണ് ക്രിസ്തുവിന്റെയും അധ്യാപനം. 

-അബൂ ഹനീന