എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

ഈ കത്തികള്‍ എന്ന് താഴെ വെക്കും?

വേദനകള്‍ക്ക് നിറം പകരുകയും നിറങ്ങള്‍ക്കനുസരിച്ച് വേദനകളെ തൂക്കമൊപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയും അതുവഴി തന്റെ രാഷ്ടീയ പാര്‍ട്ടിയുടെ നൈമിഷിക ഗ്രാഫ് ഉയരുമെന്ന്  സമാധാനിക്കുകയും ചെയ്യുന്നത് ബുദ്ധിയും വിവേകവുമുള്ളവനാണന്നറിയുമ്പോള്‍ ലജ്ജിച്ച് തല കുനിക്കുകയല്ലാതെ വേറെന്ത് മാര്‍ഗം?

അഭിമന്യുവിന്റെ ഹൃദയത്തിലാഴ്ന്ന കഠാര ലോകത്തിന്നു മുന്നില്‍ കേരളത്തിന്റെ അഭിമാനം കൂടെ ഛേദിച്ചാണ് പുറംകടന്നത്. കാമ്പസ് നെറികേടുകള്‍ അന്യം നിന്ന് കൊണ്ടിരുന്ന കലാലയ മുറ്റത്ത് തന്നെ കത്തിക്കളി ആവര്‍ത്തിച്ചുവെന്നത് നിര്‍ഭാഗ്യകരമാണ്. എന്തിന്റെ പേരിലായാലും പച്ചക്കരളുള്ള മനസ്സാക്ഷികളെ മുഴുവന്‍ വേദനിപ്പിച്ച, ആ രാക്ഷസന്‍മാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ ബന്ധിതമാക്കിയേ പറ്റൂ. അര്‍ഹമായ ശിക്ഷ താമസംവിനാ അവര്‍ക്ക് ലഭിക്കണമെന്ന് കൊച്ചു കേരളം ഒരേ മനസ്സോടെ ആഗ്രഹിക്കുന്നു.

മഹാരാജാസിന്റെ മഹിത പാരമ്പര്യത്തിനേറ്റ കളങ്കമാണിതെന്ന മട്ടില്‍ വിഷയത്തെ കുരുക്കി കെട്ടേണ്ടതില്ല. ഇത് മനുഷ്യത്വത്തിന് തന്നെ എതിരാണ്. 

അറുകൊലക്ക് ആക്കം കൂട്ടുന്നവരും വര്‍ഗീയ വേരുകള്‍ക്ക് വെള്ളമൊഴിക്കുന്നവരും അന്യം നില്‍ക്കുന്ന സമയത്ത് മാത്രമെ, സമാധാനം അതിന്റെ അര്‍ഥത്തിലും ഭാവത്തിലും കളിയാടുകയുള്ളൂ. വ്യവസ്ഥിതി മാറുന്നതിനെക്കാളും മുന്നേ ഇത്തരക്കാരുടെ മനഃസ്ഥിതിയാണ് മാറേണ്ടത്.

ചാനല്‍ ചര്‍ച്ചകള്‍ക്ക് ചൂടേറിയ വിഷയവും, ആ വിഷയത്തില്‍ തന്റെ വാചാലത പുറപ്പെടുവിക്കാനുള്ള അവസരവും, സംസാരങ്ങളിലെ ധാര്‍മിക രോഷപ്രകടനങ്ങള്‍ക്കുമപ്പുറം സ്റ്റേജില്‍ നിന്നും പേജില്‍ നിന്നും താഴെ ഇറങ്ങി അറുകൊല സംസ്‌കാരം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനാണ് നാം മുന്നിട്ടിറങ്ങേണ്ടത്.

ഏതെങ്കിലും മുസ്‌ലിം വേഷധാരിയോ നാമധാരിയോ ഈ കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അത് വെച്ച് ഇസ്‌ലാമിനെ പഴിക്കുന്നവരും യഥാര്‍ഥത്തില്‍ ആളില്ലാ പോസ്റ്റിലേക്കാണ് ഗോളടിച്ചു കൊണ്ടിരിക്കുന്നത്.

-മുസ്‌ലിം ബിന്‍ ഹൈദര്‍


പൊലിഞ്ഞുപോയ വിജ്ഞാന താരകങ്ങള്‍

ജൂലൈ 21 ലക്കം 'നേര്‍പഥം' വിജ്ഞാനപ്രദമായിരുന്നു. അല്ലാഹുവിലേക്ക് യാത്രയായ രണ്ട് പ്രതിഭകളെ അനുസ്മരിച്ചത് സന്ദര്‍ഭോചിതമായി. അറബി അധ്യാപക സമ്മേളനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കരുവള്ളി ഇനി ഓര്‍മകള്‍ മാത്രം. ഒട്ടനവധി സവിശേഷതകളുടെ വിളനിലമായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും സമുദായം ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു. ഒരു ഇസ്‌ലാമിക പണ്ഡിതനായിരിക്കെ മറ്റു ഭാഷകളില്‍ വ്യുല്‍പത്തി നേടുക, മറ്റു വിജ്ഞാനീയങ്ങളില്‍ തല്‍പരനാവുക, അവിശ്രമം തന്റെ സമൂഹത്തിനു വേണ്ടി ഓടിനടക്കുക, വലിയ ചിന്തകളിലൂടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ സമുദായത്തിന് മാര്‍ഗദര്‍ശിയാവുക, അറബി ഭാഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിധം അധികാരികള്‍ക്ക് മുമ്പില്‍ അടരാടുക, സമുദായത്തിന്റെ ഐക്യത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാതിരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങി ഒട്ടേറെ നല്ല ഗുണങ്ങള്‍ അദ്ദേഹത്തില്‍ നിന്നും മാതൃകയാക്കേണ്ടതുണ്ട്. 

വെള്ളില പി. അബ്ദുല്ലയുടെ പാരത്രിക ചിന്തകള്‍ സാധാരണക്കാര്‍ക്ക് മതവിധികള്‍ ഗ്രഹിക്കാന്‍ പര്യാപ്തവും ആസ്വാദ്യകരവുമാണ്. വാരികക്കും ലേഖകര്‍ക്കും അഭിവാദനങ്ങള്‍.

-കലാം ബാലുശ്ശേരി