എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 മെയ് 19 1439 റമദാന്‍ 03

കേരളം എങ്ങോട്ട്?

'കേരളം എങ്ങോട്ട്?' എന്ന പേരില്‍ 'നേര്‍പഥം' ലക്കം 18ല്‍ വന്ന ലേഖനം ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ്. എന്തിന്റെയും കൂടെക്കൂടികളായി നാം മാറിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം എന്ന സല്‍പേരൊക്കെയുണ്ടെങ്കിലും മലയാളി സ്ത്രീപുരുഷന്മാര്‍ ക്ഷിപ്രകോപികളും ക്ഷമയില്ലാത്തവരുമാണ്. അതിനാല്‍തന്നെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമപ്പെടുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 

'വീടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് പുറംലോകത്തെ എത്തിപ്പിടിക്കാനുള്ള വഴിയായി മൊബൈല്‍ ഫോണ്‍ മാറി. പുറംലോകവുമായി സമ്പര്‍ക്കം സാധ്യമായെങ്കിലും കേരളീയ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് അനേകം പ്രശ്‌നങ്ങള്‍ക്കും കാരണമായി. പുറംലോകം മാറിയിരുന്നില്ല. തുറിച്ചുനോട്ടവും ബലാല്‍ക്കാരവും ലൈംഗികാതിക്രമങ്ങളും കൊണ്ട് അത് സ്ത്രീകളെ നേരിട്ടു. മലയാളി ആണ്‍ലോകം മൊബൈല്‍ ഫോണുകളെ അതിനുളള ആയുധമാക്കി മാറ്റി.' ഏറെ ചിന്തിപ്പിക്കുന്ന വരികളാണിത്. എത്രയോ സ്ത്രീകള്‍ പ്രത്യേകിച്ചും വീട്ടമ്മമാര്‍ മൊബൈല്‍ ഫോണിന്റെ ദുസ്സ്വാധീനത്തില്‍ പെട്ട് വഴിതെറ്റുകയും അന്യപുരുഷന്മാരുടെ കൂടെ ഇറങ്ങിപ്പോകുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ വാര്‍ത്തകള്‍ ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നു.  

നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികള്‍ പോലും അശ്ലീലതകളുടെ ലഹരിയില്‍ ജീവിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സ്‌കൂളുകളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന അധ്യാപകരുടെ റെയ്ഡുകളില്‍ പിടിക്കപ്പെടുന്ന അശ്ലീലത കുത്തിനിറച്ച സി.ഡികളും പെന്‍ഡ്രൈവുകളും. ഒഴിവു ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ കളിക്കുകയോ പഠിക്കുകയോ അല്ല ചെയ്തുകൊണ്ടിരിക്കുന്നത്. മറിച്ച് ആളൊഴിഞ്ഞ ഏതെങ്കിലും കെട്ടിടത്തില്‍ ഒരുമിച്ചു കൂടി നെറ്റില്‍നിന്നും അശ്ലീലതകള്‍ ആസ്വദിക്കുകയാണ്. ഒരു മാറ്റം അനിവാര്യമാണ്. 

-കെ. അബ്ദുല്‍ ജലാല്‍, പെരുമ്പിലാവ്


ആദര്‍ശത്തില്‍ മുന്നേറുക

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കുമെതിരെ സന്ധിയില്ലാസമരം നടത്തിയിരുന്ന നവോത്ഥാന നായകന്മാരുടെ പാത പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരായ പ്രേബാധക കുട്ടായ്മ പുറത്തിറക്കുന്ന 'നേര്‍പഥം' വാരികക്ക് എല്ലാവിധ ആശംസകളും നേരുന്നു. 

സലഫി മന്‍ഹജിനെ തള്ളിപ്പറയുന്നവരും ഹദീഥ് നിഷേധികളും മതയുക്തിവാദികളും മതരാഷ്്രടവാദക്കാരും ക്വബ്‌റാരാധകരും നിറഞ്ഞാടുന്ന മുസ്‌ലിം കേരളത്തില്‍ വളച്ചുകെട്ടലും ഏച്ചുകൂട്ടലും കോട്ടിമാട്ടലുകളുമില്ലാതെ ഇസ്‌ലാമിനെ തനതായ രൂപത്തില്‍ പരിചയപ്പെടുത്തുവാന്‍ ഈ കുട്ടായ്മ മാത്രമേയുള്ളൂ. സലഫി പാരമ്പര്യം അവകാശപ്പെടാനുള്ള ധാര്‍മികമായ അവകാശവും ഈ കൂട്ടായ്മക്കേയുള്ളൂ. ആദര്‍ശം മുറുകെ പിടിച്ചുകൊണ്ട് മുന്നേറുവാന്‍ സര്‍വശക്തന്‍ സഹായിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

-മുഹമ്മദ് സ്വാദിഖ്, പെരുമാതുറ

0
0
0
s2sdefault