എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 മാര്‍ച്ച് 31 1439 റജബ് 13

ഇന്ത്യന്‍ മുസ്‌ലിംകളും മതസ്വാതന്ത്ര്യവും

'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകള്‍' എന്ന ലേഖനം (ലക്കം 11) പഠനാര്‍ഹമായിരുന്നു. ഇന്ത്യന്‍ ഭരണഘടന അനുവദിച്ചുതരുന്ന മതസ്വാതന്ത്ര്യവും പ്രബോധന സ്വാതന്ത്ര്യവും ലോകത്തെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണ്.

ഇന്ത്യയിലെ മുസ്‌ലിംകള്‍ അല്ലാഹുവിന്റെ പരമാധികാരം നിഷേധിക്കുന്നവരോ ഭരണകൂടത്തെ ആരാധിക്കുന്നവരോ അല്ല. അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചുകൊണ്ട് ഭരണാധികാരികളെ അനുസരിക്കുന്നവരുമല്ല. അല്ലാഹു മനുഷ്യര്‍ക്ക് കൂടിയാലോചിച്ച് തീരുമാനിക്കാന്‍ പൂര്‍ണമായും അനുവാദം നല്‍കിയ, നമ്മളോടുള്ള കാരുണ്യത്താല്‍ അല്ലാഹു മൗനമവലംബിച്ച, തീര്‍ത്തും ഭൗതികമായ വിഷയങ്ങളിലേ അവര്‍ ഭരണാധികാരികളെ അനുസരിക്കുന്നുള്ളൂ. അതാകട്ടെ മതം അനുശാസിക്കുന്നതും കല്‍പിക്കുന്നതുമാകുന്നു. ഭരണാധികാരികള്‍ക്ക് അല്ലാഹു ഹലാലാക്കിയത് ഹറാമാക്കാനോ ഹറാമാക്കിയത് ഹലാലാക്കാനോ ഉള്ള, അഥവാ 'ഇസ്തിഹ്‌ലാലി'നുള്ള അവകാശം നല്‍കി അവര്‍ ശിര്‍ക്ക് ചെയ്യുന്നില്ല. അല്ലാഹുവിന്റെ നിയമങ്ങളെക്കാള്‍ മുന്തിയ നിയമങ്ങളാണ് മനുഷ്യ നിര്‍മിത നിയമങ്ങളെന്നു കരുതി അവര്‍ 'കുഫ്ര്‍' ചെയ്യുന്നുമില്ല. അത്തരം വാദമുള്ളവരൊക്കെ അതില്‍നിന്ന് പിന്‍മാറിക്കഴിഞ്ഞെന്നാണു മനസ്സിലാകുന്നത്.

സത്യവിശ്വാസികളുടെ അടയാളമായി അല്ലാഹു പറയുന്നു: ''അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനുള്ള ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും'' (വി.ക്വുര്‍ആന്‍ 25: 68,69). 

നന്മയില്‍ സഹകരിച്ചും തിന്മയില്‍ നിസ്സഹകരിച്ചും ജീവിക്കുവാന്‍ സര്‍വശക്തന്‍ സഹായിക്കട്ടെ. 

-അബ്ദുല്‍ ജലീല്‍. പി.കെ, തളിപ്പറമ്പ്


ഒരേ തൂവല്‍പക്ഷികള്‍

ചരിത്രപരമായ അവകാശവാദങ്ങള്‍ നിരത്തിയാണ് സിയോണിസ്റ്റുകള്‍ ഫലസ്തീനിലേക്ക് കുടിയേറിപ്പാര്‍ത്തത്; ഫലസ്തീന്‍കാരെ കൊന്നൊടുക്കിയും ആട്ടിയോടിച്ചും ഇസ്‌റായേല്‍ രാജ്യം സ്ഥാപിച്ചത്. അതേപോലെ ചരിത്രപരമായ അവകാശവാദങ്ങളുന്നയിച്ചാണ് ഗോള്‍വാല്‍ക്കറും െഹഡ്‌ഗേവാറും മറ്റും ഇന്ത്യയുടെ മൊത്തക്കുത്തക തങ്ങള്‍ക്കാണെന്ന് പറഞ്ഞതും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം വിദേശവംശജരാണെന്നും ഹൈന്ദവ സംസ്‌കാരത്തില്‍ ലയിച്ചുചേരുവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചതും. 

ആ പ്രഖ്യാപനങ്ങളുടെ സാക്ഷാല്‍കാരത്തിനായി ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നതിനുള്ള ഉദാഹരണങ്ങളാണ് ബാബരിമസ്ജിദ്, ഗുജറാത്ത്, ഗ്രഹാംസ്‌റ്റെയിന്‍, രക്തരൂഷിതമായ രഥയാത്രാ സംഭവങ്ങള്‍, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ പോലുള്ളവ. സിയോണിസത്തിന്റെയും ഇന്ത്യന്‍ ഫാസിസത്തിന്റെയും താല്‍പര്യം ഒന്നാകയാല്‍ ഇരുവിഭാഗങ്ങളും കൈകോര്‍ത്തു പിടിച്ച് മൂന്നോട്ടു പോകുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. സയണിസ്റ്റു മാതൃകയില്‍ എല്ലാവരും ചരിത്രപരമായ അവകാശവാദങ്ങളുമായി രംഗത്തുവന്നാല്‍ ഭൂഗോളമാകമാനം കലാപകലുഷിതമായിത്തീരുമെന്നതാണ് യാഥാര്‍ഥ്യം. 

-ഉമറുല്‍ ഫാറൂഖ്, പത്തനാപുരം