എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14

പെരുവഴിയിലാക്കുന്ന പ്രണയങ്ങള്‍

ഇരയില്‍ നിന്ന് ഇരയിലേക്ക് ചാടിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങളും എവിടെയെങ്കിലും മെഴുകുതിരി കത്തിക്കാനുണ്ടോ എന്ന് നോക്കി നടക്കുന്ന പ്രതിഷേധകര്‍ക്കുമിടയില്‍ നമുക്ക് ഒരു പുതിയ ഇരയെ കിട്ടിയിരിക്കുന്നു! ദുരഭിമാനത്തിന്റെ ഇര! 

പേ പിടിച്ച തെരുവ് പട്ടിയെ കൊല്ലാനോങ്ങിയാല്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ചില ജന്തുസ്‌നേഹികളുണ്ട്; മനുഷ്യരെ കൊത്തിനുറുക്കിയാല്‍ അവരത് കണ്ടില്ലെന്ന് നടിക്കും. എന്നാല്‍ തെരുവുപട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ അവര്‍ക്കത് സഹിക്കാന്‍ കഴിയില്ല. ജാതിയുടെയും മതത്തിന്റെയും പാര്‍ട്ടിയുടെയുമൊക്കെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കുന്ന ചില സാംസ്‌കാരിക നായകന്മാരും നമുക്ക് സ്വന്തമായുണ്ട്!

പ്രണയവും കമിതാക്കളുടെ ഒളിച്ചോട്ടവും ഇന്ന് ഒരു വാര്‍ത്തയാല്ലാതായിട്ടുണ്ട്. ജാതി-മത വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ടുള്ള പ്രണയവും പ്രണയ വിവാഹങ്ങളും നമ്മുടെ നാട്ടില്‍ പുത്തരിയല്ല. മുന്‍കാലത്തും ധാരാളം നടന്നിട്ടുണ്ട്. ചിലത് മാത്രം വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയും വമ്പിച്ച കുറ്റകൃതമായി വിലയിരുത്തപ്പെടുകയും ചെയ്യുമ്പോള്‍ ചിലത് സ്വാഭാവികമായ ഒന്നായി വിലയിരുത്തപ്പെടുകയും ശ്ലാഘിക്കപ്പെടുകയും ചെയ്യുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഓരോരുത്തരും വെച്ച കണ്ണടയുടെ നിറമനുസരിച്ചാണല്ലോ അവര്‍ കാണുന്ന കാഴ്ചകളുടെയും നിറമുണ്ടാവുക. 

പാശ്ചാത്യ 'ലൈംഗിക വിപ്ലവ'ത്തിന്റെ അലയൊലികളുടെ നിശ്ശബ്ദമായുള്ള സാഹിത്യരംഗപ്രവേശം വിവാഹവും പ്രണയവും രണ്ടാണെന്ന് യുവതയെ തെറ്റിധരിപ്പിച്ചു. അധികാരം ചെലുത്തലും ബലാല്‍ക്കാരവുമാണ് വിവാഹം എന്നും സമത്വവും സ്വാതന്ത്ര്യവുമാണ് പ്രണയം എന്നും അവര്‍ പറഞ്ഞ് പറ്റിച്ചു. 

എന്നാല്‍ വിവാഹത്തിലൂടെയല്ലാത്ത ഒരുമിച്ചുള്ള ജീവിതമെന്ന തലതിരിഞ്ഞ ആശയം കേരള മണ്ണില്‍ പച്ചപിടിച്ചില്ല. വിവാഹശേഷമാണ് ഭാര്യയും ഭര്‍ത്താവും പ്രണയിച്ച് ജീവിക്കേണ്ടത് എന്നു തന്നെയാണ് മലയാളികളുടെ പൊതുവായ കാഴ്ചപ്പാട്. 

പണ്ട് 'മ' പ്രസിദ്ധീകരണങ്ങളിലെ 'പൈങ്കിളി' നോവലുകള്‍ വായിക്കുവാന്‍ ഓരോ ആഴ്ചയും കാത്തുകാത്തിരിക്കുന്നവരുണ്ടായിരുന്നു; മലയാളം 'തട്ടിമുട്ടി' വായിക്കാനറിയുന്നവരടക്കം. ഇന്ന് വായിക്കാനറിയണമെന്നില്ല; സദാചാരത്തിന്റെ സകലസീമകളും ഭേദിക്കുന്ന, കണ്ണിനും മനസ്സിനും ശരീരത്തിനുമൊക്കെ ആഘോഷം സമ്മാനിക്കുന്ന കാഴ്ചകള്‍ സിനിമകളായും സീരിയലുകളായും സുലഭമാണ്. ഇന്റര്‍നെറ്റിന്റെ ലോകം തുറന്നിടുന്ന കാഴ്ചകളെപ്പറ്റി പ്രത്യേകം പറയേണ്ടതുമില്ല.

ഇസ്‌ലാമിന്റെ നിയമസംഹിതകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. എന്ത് കാണാമെന്നും എന്ത് കണ്ടുകൂടാ എന്നും എന്ത് കേള്‍ക്കാമെന്നും എന്ത് കേട്ടുകൂടാ എന്നുമൊക്കെ കൃത്യമായ കല്‍പനകളും നിര്‍ദേശങ്ങളും ഇസ്‌ലാം നല്‍കുന്നുണ്ട്! വിവാഹം എന്നത് പാരതന്ത്ര്യം സൃഷ്ടിക്കലല്ലെന്നും ഒരുപാട് തിന്മകളെ തടുക്കുന്ന, ഒരുപാട് നന്മകളിലേക്ക് നയിക്കുന്ന മഹത്തായ കര്‍മമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. 

സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇടപഴകേണ്ടിവരുമ്പോള്‍ ഇസ്‌ലാമികമായ അതിര്‍വരമ്പുകള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്ന് ശക്തമായ താക്കീതുകളുണ്ട്. പരസ്പര സ്പര്‍ശനവും സുതാര്യമല്ലാത്ത സംഭാഷണങ്ങളും രഹസ്യ സംഗമങ്ങളുമൊക്കെ പാപമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അന്യരായ സ്ത്രീയും പുരുഷനും മാത്രം സംഗമിക്കുമ്പോള്‍ മൂന്നാമതായി അവരെ തിന്മയിലേക്ക് ആനയിക്കാന്‍ പിശാചുമുണ്ടായിരിക്കുമെന്ന് പ്രവാചകന്‍ ﷺ താക്കീത് ചെയ്തിട്ടുണ്ട്. സ്വന്തം ഭര്‍ത്താവിന്റെയോ, തനിക്ക് വിവാഹം നിഷിദ്ധമായ അടുത്ത ബന്ധുക്കളുടെയോ(മഹ്‌റം) കൂടെയല്ലാതെ സ്ത്രീ യാത്രചെയ്യുന്നത് നബി ﷺ വിലക്കിയിട്ടുണ്ട്. 

തിന്മയിലേക്കുള്ള വഴികള്‍ അടക്കുകയും നന്മയുടെ കവാടങ്ങള്‍ തുറന്നിടുകയും ചെയ്തശേഷം നന്മയിലേക്ക് പ്രേരിപ്പിക്കുകയും തിന്മക്കെതിരെ താക്കീത് ചെയ്യുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. തിന്മയിലൂടെയുണ്ടായേക്കാവുന്ന ആപത്തുകളെക്കുറിച്ചും ഉണര്‍ത്തുന്നു. തിന്മ ചെയ്യുന്നവര്‍ക്ക് ഭൗതിക ലോകത്തുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ചും പാര്രതിക ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന കഷ്ടപ്പാടുകെളക്കുറിച്ചും ഇസ്‌ലാം താക്കീത് നല്‍കുന്നു. 

-അനസ് ആമയൂര്‍