എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

വാര്‍ത്തകള്‍ക്ക് ഇടം കണ്ടെത്തണം

ബഹുമാനപ്പെട്ട പത്രാധിപര്‍ക്ക്,

നേര്‍പഥം കേരളക്കരയില്‍ അതിന്റെ വ്യത്യസ്തമായ ആഖ്യാന ശൈലി കൊണ്ടും ഉള്ളടക്കം കൊണ്ടും എല്ലാ തലത്തിലുമുള്ള മികവ് കൊണ്ടും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു എന്നുള്ളത് ഏറെ സന്തോഷിപ്പിക്കുന്നു. നവീനമായി കടന്നുവരുന്ന ഓരോ സമകാലിക പ്രശ്‌നങ്ങളിലുമുള്ള നേര്‍പഥത്തിന്റെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ ഏറെ പ്രശംസനീയമാണ്.

പക്ഷെ, ഒരു സങ്കടമുള്ളത് പ്രസ്ഥാനത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിദേശത്തും മറ്റു പ്രധാന സംസ്ഥാനങ്ങളിലുമായി വിവിധങ്ങളായ പദ്ധതികളും പ്രോഗ്രാമുകളും കൊണ്ട് പ്രബോധന രംഗം സജീവമാണ്. എന്നാല്‍ ഇത്തരം ചലനങ്ങളെ അടയാളപ്പെടുത്താന്‍ പ്രത്യേകിച്ച് നമ്മുടെ സഹോദര സംഘടനകളും മറ്റിതര സംഘടനകളും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ 3,4 പേജുകള്‍ വാര്‍ത്തകള്‍ക്ക് മാത്രമായി മാറ്റി വെക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ ഇരട്ടി ചലനങ്ങള്‍ നമ്മുടെ ശാഖകളിലും മേഖലകളിലും നിരന്തരം ഉണ്ടായിട്ടും അവ പ്രസിദ്ധപ്പെടുത്തുന്നതിന് ഒരിടം കണ്ടെത്താന്‍ സാധിക്കാത്തത് വേദനിപ്പിക്കുന്നതാണ്. തുടക്ക ലക്കങ്ങളില്‍ അവസാന ഭാഗത്തായി കണ്ടിരുന്ന വാര്‍ത്തകള്‍ക്കായി മാറ്റി വെച്ച ഒരു പേജ് പോലും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു.

മറ്റുള്ള സ്വതന്ത്ര മാധ്യമ പ്രസിദ്ധീകരണങ്ങളില്‍ പോലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു വരുന്ന നമ്മുടെ വാര്‍ത്തകള്‍ നേര്‍പഥം വായനക്കാര്‍ കൂടി വായിക്കേണ്ടതല്ലേ? കൂടാതെ നമ്മള്‍ മുന്നോട്ട് വെക്കുന്ന പല പ്രമേയങ്ങളും അതീവ പ്രാധാന്യമുള്ളതും സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തവുമാണ്. അത്തരത്തില്‍ നമ്മുടെ ശാഖാ തലങ്ങള്‍ തൊട്ട് നടക്കുന്ന ചലനങ്ങള്‍ കൂടി പകര്‍ത്താവുന്ന ഒരു സ്ഥിരമിടം കൂടി നേര്‍പഥത്തിലുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

-കാബില്‍ സി.വി


കൊലപാതകം: ന്യായീകരിക്കുന്നവരും നല്ലപിള്ള ചമയുന്നവരും

മഹാരാജാസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നേര്‍പഥം തയ്യാറാക്കിയ കവര്‍‌സ്റ്റോറി ഉചിതമായി.

കൊലയുമായി ബന്ധമുള്ള വര്‍ഗീയ സംഘടന രാജ്യമൊട്ടുക്കുമുള്ള വിമര്‍ശനങ്ങള്‍ വക വെക്കാതെ ഹര്‍ത്താലിനാഹ്വാനം ചെയ്തതും പിന്നീട് കരിദിനമാക്കി മാറ്റിയതുമെല്ലാം കണ്ടു! നെറികെട്ട അക്രമ രാഷ്ട്രീയത്തെ പൂവിട്ട് പൂജിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങളെ ശക്തമായി വിമര്‍ശിക്കുന്നതോടൊപ്പം അതിന്റെ മറവില്‍ നാടൊട്ടുക്കും തങ്ങള്‍ നടത്തിയ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നാം കാണാതിരുന്നു കൂടാ. 

ഒരേ ഐഡിയോളജിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ സായുധസമരം കടന്നുവരുന്നത് സ്വാഭാവികമാണ്. അത് പക്ഷെ, തെരുവില്‍ പരിഹരിക്കാന്‍ വിട്ടു കൊടുക്കുന്നത് ശരിയായ പ്രവണതയല്ല. മറിച്ച് നിയമപരമായും ഭരണ സംവിധാനങ്ങളുപയോഗിച്ചും നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ് ആര്‍ജവമുള്ള ഭരണകൂടം ചെയ്യേണ്ടത്. അതോടൊപ്പം ബോധവല്‍ക്കരണ ശ്രമങ്ങള്‍ നിരന്തരം നടക്കേണ്ടതുണ്ട്. അത്തരം ശ്രമങ്ങളില്‍ ഭാഗവാക്കാവാന്‍ നേര്‍പഥത്തിന് കഴിയട്ടെ.

-നസ്‌വിന്‍ തുവ്വക്കാട്