എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

കണ്ടാലും കൊണ്ടാലുമറിയാത്ത സാമൂഹ്യമാധ്യമ ജീവികള്‍

'കണ്ടാലും കൊണ്ടാലുമറിയില്ല കമ്മാള കയ്യന്‍' എന്നൊരു പഴമൊഴിയുണ്ട്. വര്‍ത്തമാനകാല കേരളത്തിലെ ന്യൂജനറേഷനെ നോക്കി പറയാനുതകുന്ന ഏറ്റവും അനുയോജ്യമായ പഴമൊഴിയാണിതെന്ന് തോന്നുന്നു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള കളി കയ്യില്‍ നിന്ന് വിട്ട ആയുധമാെണന്നും സൂക്ഷ്മതയോടെ ഇടപെട്ടില്ലെങ്കില്‍ വരുന്ന അപകടത്തിന്റെ ആഴം അളക്കാനാവില്ലെന്നും ഏത് മാളത്തിലൊളിച്ചാലും തന്നിലേക്കുള്ള കൃത്യമായ റൂട്ട് അതേ മീഡിയ തന്നെ വേണ്ടവര്‍ക്ക് വരച്ചുനല്‍കുമെന്നും ചില ആനുകാലിക സംഭവങ്ങള്‍ വ്യക്തമാക്കിയതാണ്.

എന്നിട്ടും, തന്റെ ജീവിതം മുന്നോട്ട് പോകുന്നത് മറ്റുള്ളവര്‍ നല്‍കുന്ന ലൈക്കി(?)ന്റെ എണ്ണത്തിന്‍മേലാെണന്ന് ധരിച്ചവര്‍ ദിനംപ്രതി ലൈക്ക് വാരിക്കൂട്ടാനുള്ള വ്യഗ്രതയില്‍ മുന്നും പിന്നും നോക്കാതെ മീഡിയകൡ ഇടപെടുകയാണ്. ഫലമോ? കേള്‍വിക്കാരനായി നിന്ന്, വാദിയായി വന്ന്, ജാമ്യമില്ലാ വകുപ്പോടെ കാരാഗൃഹത്തില്‍ അടക്കപ്പെടുന്നവരുടെ അവസ്ഥയില്‍ എത്തിച്ചേരുന്നു.

ലോകചരിത്രത്തില്‍ ഒരു പക്ഷേ, കേരളത്തില്‍ മാത്രമാവും ഒരു വാട്‌സാപ് ഹര്‍ത്താല്‍ നടന്നിട്ടുണ്ടാവുക; സംഘടിപ്പിക്കപ്പെട്ട ഹര്‍ത്താലിന്റെ ആവശ്യവും സാഹചര്യവും എന്തായാലും. നിയമ വ്യവസ്ഥകളെപ്പോലും നോക്കുകുത്തിയാക്കി ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാന്‍ ആരാണവരോട് പറഞ്ഞത്? എന്താണ് അത്‌കൊണ്ടവര്‍ നേടിയത്? ആര്‍ക്കാണതില്‍ ലാഭമുണ്ടായത്? തോരാത്ത കണ്ണീര്‍ ആര്‍ക്കാണ് മിച്ചമായത്?

മാസങ്ങള്‍ പിന്നിട്ടു... മലയാളികള്‍ കഴിഞ്ഞതെല്ലാം മറന്നു. മൊബൈല്‍ കമ്പനികള്‍ ഓഫറായി നല്‍കുന്ന 'ജി.ബി' ഇല്ലാത്ത സമയമുണ്ടാക്കി തോണ്ടിത്തീര്‍ക്കാന്‍ പാടുപെടുന്നവര്‍ക്ക് പുതിയ 'വിഷയം' ആവശ്യമാണ്. ഒരു പുതിയ വിഷയമുണ്ടാവണം; ഇല്ലെങ്കില്‍ ഉണ്ടാക്കും. ഒരു വിഷയത്തില്‍ ആദ്യം അഭിപ്രായം പറയുക, അത് ആദ്യമായി ജനങ്ങളിലെത്തിക്കുക എന്നിവ ഏറ്റവും വലിയ ട്രന്റും ക്രഡിറ്റുമായി സ്വീകരിച്ചവരുടെ നടുവിലേക്കാണ് ഒരു 'വെറൈറ്റി' വിഷയം വീണുകിട്ടുന്നത്.

അതാ വരുന്നു ഒരു കിടിലന്‍ വിഷയം...! 'മീന്‍ വില്‍പനക്കാരിയായ കോളേജ് കുമാരി!' ഉടനടി വാട്‌സാപ്പായി...ഫെയ്‌സ് ബുക്കായി... ലൈവായി... ലൈക്കായി...! കൈരളിയുടെ അഭിമാന സംരക്ഷണത്തിനുള്ള രോഷപ്രകടനമായി...! അന്വേഷണമായി...പോപ്പുലാരിറ്റിക്കു വേണ്ടിയുള്ള അഭിനയമെന്ന കണ്ടെത്തലായി... വ്യക്തിഹത്യയായി. ഇങ്ങനെ അഭിപ്രായ പ്രകടനങ്ങളുടെയും പ്രതികരണങ്ങളുടെയും പെരുമഴ തന്നെ വരവായി.

ഈ അനാവശ്യ ഇടപെടലിന്റെ ഫലമോ? പലര്‍ക്കും ജയിലിലെ അഴികളെണ്ണി ഇരിക്കേണ്ടിവന്നു. അന്വേഷണം ഇപ്പോഴും പലരിലേക്കും നീണ്ടുകൊണ്ടേയിരിക്കുന്നു. കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാതെയുള്ള ഈ പോക്ക് വലിയ അപകടമാണ്.

സോഷ്യല്‍ മീഡിയ വഴി വല്ലതും ഷെയര്‍ ചെയ്യും മുമ്പ് ഓരോരുത്തരും താഴെ കൊടുക്കുന്ന ക്വുര്‍ആന്‍ വചനം ശ്രദ്ധിക്കുന്നത് നന്നായിരിക്കും: ''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി'' (46:6).

ലോകരക്ഷിതാവിന്റെ വചനങ്ങള്‍ എത്രമാത്രം ചിന്തനീയമാണ്! തനിക്ക് കിട്ടിയ ഒരു മെസേജിന്റെ സത്യാവസ്ഥ അറിയാതെ അത് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഖേദത്തോടെ കഴിയുന്നവര്‍ എത്രയോ ഉണ്ട്. തനിക്കും മറ്റുള്ളവര്‍ക്കും അപമാനം വരുത്തിവെക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ ബോധപൂര്‍വമായ ശ്രമം തന്നെ നടത്തേണ്ടതുണ്ട് ഓരോ വിശ്വാസിയും.

ശാസ്ത്ര-സാങ്കേതിക വികസന രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന ജപ്പാന്‍കാര്‍ വളെരക്കുറച്ച് സമയം മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നത്. ഇതില്‍ ഏറെ പഠിക്കാനുണ്ട് നമുക്ക്.

-മുസ്‌ലിം ബിന്‍ ഹൈദര്‍