എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

തണല്‍മരങ്ങളുടെ നഷ്ടം

എന്റെ ഉപ്പ ഹൈദര്‍ മൗലവിയുടെ ഹൃസ്വകാല ഗുരുവും മരണംവരെയുള്ള ആത്മസുഹൃത്തുമായിരുന്നു പ്രിയപ്പെട്ട കരുവള്ളി മൗലവി. മൗലവിയെ കുറിച്ചും അറിവിന്റെ പ്രസരണത്തിന് മൗലവി നല്‍കിയ സംഭാവനകളെ കുറിച്ചും എപ്പോഴും ഞങ്ങള്‍ക്ക് പറഞ്ഞ് തരുമായിരുന്നു ഉപ്പ. അവസാനമായി ഉപ്പയും കരുവള്ളിയും കാണുന്നത് കോഴിക്കോട് വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ക്വുര്‍ആന്‍ സമ്മേളനത്തില്‍ വെച്ചാണ്. പിന്നീട് അധികകാലം ഉപ്പ ജീവിച്ചിരുന്നിട്ടില്ല. 

പഠനബോധനങ്ങളിലെ പ്രയാസങ്ങളെ കുറിച്ച് പറയുമ്പോള്‍ 'കരുവള്ളിയെ കണ്ട് പഠിക്കണം' എന്ന് അദ്ദേഹത്തിന്റെ ത്യാഗചരിത്രമുദ്ധരിച്ച് ഉപ്പ പറയുമായിരുന്നു. കേരളത്തിലെ ഇസ്വ്‌ലാഹീചലന ചരിത്രങ്ങളില്‍ ഇത്രമേല്‍ കയ്യൊപ്പ് ചാര്‍ത്തിയ വ്യക്തി വേറെ ഉണ്ടാവണമെന്നില്ല. ചരിത്ര സൃഷ്ടിപ്പിന് സര്‍വസ്വവും സമര്‍പ്പിച്ച ത്യാഗിവര്യരായ മുഴുവന്‍ പണ്ഡിതന്‍മാരോടൊപ്പവും തോളുരുമ്മി പ്രവര്‍ത്തിക്കാന്‍ ഈ മഹാനുഭാവന് കഴിഞ്ഞിട്ടുണ്ട്.

എടവണ്ണ ജാമിഅ നദ്‌വിയ്യയിലെ പ്രഥമ വിദ്യാര്‍ഥികളിലൊരാളും വിശദമായ പള്ളിദര്‍സ് പഠനം കഴിഞ്ഞ് വന്ന അപൂര്‍വ വിദ്യാര്‍ഥി എന്ന നിലക്കും ഉപ്പയോട് മൗലവിക്ക് ചെറുപ്പം മുതലേ നിറഞ്ഞ സ്‌നേഹവും ആദര്‍ശബന്ധത്തിന്റെ ഊഷ്മളതയുമുണ്ടായിരുന്നു.

 'കേവലം ഒരു അറബി മുന്‍ഷിയായി മാത്രം കാലം കഴിക്കരുതെന്നും സാമൂഹിക സമുദ്ധാരണ രംഗത്ത് കഴിയുന്നതെല്ലാം ചെയ്യണ'മെന്നുമായിരുന്നു, 1973ല്‍ ഉപ്പ സ്‌കൂള്‍ അധ്യാപകനായി ജോയിന്‍ ചെയ്യുമ്പോള്‍ കരുവള്ളി മുഹമ്മദ് മൗലവിയുടെ ഉപദേശം. രണ്ട് കണ്ണുകളുടെയും കാഴ്ച പൂര്‍ണമായി നശിക്കുന്നത് വരെ ആദര്‍ശ പ്രബോധന രംഗത്തും അറബി അധ്യാപന രംഗത്തും നിറസാന്നിധ്യമായിരുന്നു ഉപ്പ. മാത്രവുമല്ല ഉപ്പയുടെ ആണ്‍മക്കളായ ഞങ്ങള്‍ മൂന്ന് പേരും ഒരു മകളും അറബി അധ്യാപകരായി ജോയിന്‍ ചെയ്തപ്പോള്‍ കരുവള്ളി മുഹമ്മദ് മൗലവി 1973ല്‍ ഉപ്പക്ക് നല്‍കിയ ഉപദേശം ഞങ്ങളുടെ മുന്നിലും ഓര്‍ത്തെടുത്തുവെന്നത് ചരിത്രത്തിന്റെ തനിയാവര്‍ത്തനമായിരുന്നു.

എല്ലാ രംഗത്തും അനുകരണനീയ മാതൃകകള്‍ വിട്ടേച്ചു കൊണ്ടാണ് മൗലവി വിട വാങ്ങുന്നത്. അദ്ദേഹവുമായി ബന്ധം പുലത്തിയവര്‍ക്കെല്ലാം നന്‍മയുടെ നൂറുകൂട്ടം കാര്യങ്ങള്‍ മൗലവിയെ കുറിച്ച് പറയാനുണ്ടാവും. അദ്ദേഹത്തിന്റെ ശുദ്ധഭാഷ പോലെത്തന്നെ ജീവിതവും സംശുദ്ധമായിരുന്നു. അത്‌കൊണ്ടുതന്നെ ഒരാള്‍ക്കും ഒരു വേദനയും നല്‍കാതെയാണ് അദ്ദേഹം കടന്നുപോയത്. നാനാതുറകളിലുള്ള, മതത്തിന്റെയും പാര്‍ട്ടിയുടെയും അതിരുകളില്ലാതെ ജനങ്ങള്‍ അദ്ദേഹത്തെ അവസാനമായി കാണുവാന്‍ ഒഴൂകിയെത്തിയത് ഇക്കാര്യം വ്യക്തമാക്കുന്നു.

ഉപ്പയുടെ മരണവാര്‍ത്തയറിഞ്ഞ് ജനാസ നമസ്‌കാരത്തിന് വരാനാകാത്തതിലുള്ള പ്രയാസം പിന്നീടുള്ള ഒരു കൂടിക്കാഴ്ച്ചയില്‍ മൗലവി പങ്ക് വെച്ചതോര്‍ക്കുന്നു. പകരം വെക്കാന്‍ പകരക്കാരനില്ലെന്നതും നെയ്‌തെടുത്ത ചരിത്രങ്ങളുടെ ഗുണഫലങ്ങള്‍ പലതും കണ്‍കുളിര്‍ക്കെ കാണാനായി എന്നതും ഒരുപക്ഷേ ഇസ്‌ലാഹി പ്രസ്ഥാനത്തിലെ മറ്റു പണ്ഡിതന്മാരില്‍ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു.

-മുസ്‌ലിം ബിന്‍ ഹൈദര്‍