എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

നന്മയുടെ പൂമരങ്ങള്‍ വാടാതെ സൂക്ഷിക്കുക

തിരൂരങ്ങാടി യതീംഖാനയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നേര്‍പഥം ചെയ്ത കവറും കവര്‍‌സ്റ്റോറിയും പഠനാര്‍ഹവും ചിന്തോദ്ദീപകവുമായി. എന്നാല്‍ അതിനേക്കാളേറെ എടുത്തുപറയേണ്ടത് കാലം കെടാതെ കാത്തുസൂക്ഷിച്ച ആ കൈവിളക്കിനെ കുറിച്ച് സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കതീതമായി പ്രശംസിക്കാനും അതിന്റെ പിന്നണിയാളുകളെ പരിചയപ്പെടുത്താനും നേര്‍പഥം കാണിച്ച വലിയ മനസ്സാണ്. 

കക്ഷിമാത്സര്യങ്ങളും സംഘടനാ വഴക്കുകളുമായി മുസ്‌ലിം സമുദായം തെരുവില്‍ തല്ലുമ്പോള്‍ സത്യസന്ധമായി കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല.

തിരൂരങ്ങാടി യതീംഖാനയുടെ ചരിത്രം അക്കാലത്തെ മലബാറിന്റെഅധിനിവേശ വിരുദ്ധ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. മാത്രമല്ല, മുസ്‌ലിം നവോത്ഥാനത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ച പല മഹാരഥന്മാരും കര്‍മഭൂമിയായി തിരഞ്ഞെടുത്ത മണ്ണ് കൂടിയാണ് യതീംഖാന നിലകൊള്ളുന്ന തിരൂരങ്ങാടി എന്ന മഹത്തായ പ്രദേശം. 

ഭൂതകാലത്തിന്റെ നന്മകളെല്ലാം വിസ്മരിക്കുന്ന പുതു തലമുറക്ക് മുന്നില്‍ ആരുടെ ദൃഷ്ടിയെയും മറക്കാത്തത്ര ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് തിരൂരങ്ങാടി യതീംഖാന. ആ പ്രൗഢിയും തലയെടുപ്പും ലോകവസാനം വരെ നിലനില്‍ക്കാന്‍ അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ. 

-അബ്ദുല്‍ അഹദ് പരപ്പനങ്ങാടി


മനുഷ്യ ജീവന് വില കല്‍പിക്കണം

കണ്ണൂര്‍ എടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയതിനെ പരാമര്‍ശിക്കുന്ന നേര്‍പഥം എഡിറ്റോറിയല്‍ വെളിച്ചം കണ്ടിട്ട് വിരലിലെണ്ണാവുന്ന ദിവസങ്ങളേ ആയുള്ളൂ. അതിനിടക്ക് വീണ്ടും പുതിയ രണ്ട് കൊലപാതകങ്ങള്‍ കൂടി അരങ്ങേറിയിരിക്കുകയാണ് കേരളത്തില്‍. 

പൗരന്റെ ജീവന് തെല്ലും വില കല്‍പിക്കാത്ത കൊലയാളി സംഘങ്ങളും അവരെ തീറ്റിപ്പോറ്റുന്ന മത-രാഷ്ട്രീയ സംഘടനകളും നിയമം മൂലം നിരോധിക്കുക മാത്രമേ പരിഹാരമുള്ളൂ. അതോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൃത്യമായ ബോധവല്‍ക്കരണം നടപ്പാക്കുകയും വേണം.

ആദര്‍ശത്തെ ആള്‍ബലം കൊണ്ടും വാക്കിനെ തോക്കുകൊണ്ടും വിമര്‍ശനത്തെ വടിവാളുകൊണ്ടും നേരിടുന്ന നിഷ്ഠൂരത ഒരു സംസ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ? രാജ്യത്ത് ഒരു പാര്‍ട്ടിയേ പാടുള്ളൂ, ഒരു മതത്തിനേ നിലനില്‍ക്കാവൂ എന്ന ചിന്ത ശക്തമായ ബോധവല്‍ക്കരണത്തിലൂടെ നിര്‍മാര്‍ജനം ചെയ്യേണ്ടതാണ്. എന്റേതല്ലാത്ത  മതത്തില്‍ പെട്ടവന്‍, എന്റേതല്ലാത്ത പാര്‍ട്ടിയില്‍ പെട്ട ആളുകള്‍ ജീവിച്ചിരിക്കാന്‍ അര്‍ഹനല്ല എന്ന കുടില ചിന്തയാല്‍ ഒരു വ്യക്തിയെ ഒരുകൂട്ടമാളുകള്‍ അരുംകൊല ചെയ്യുക എന്നത് എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക!

ടി.പി ചന്ദ്രശേഖരന്‍, നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരിലങ്കേഷ്, കൊടിഞ്ഞി ഫൈസല്‍, അരിയില്‍ ഷുക്കൂര്‍, മുഹമ്മദ് അഖ്‌ലാഖ്, ജുനൈദ്, എസ്.വി ശുഐബ്, ആദിവാസിയായ മധു ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ സഫീര്‍... പട്ടിക നീളുകയാണ്. 

സംരക്ഷകര്‍ തന്നെ കൊലപാതകികളാവുമ്പോള്‍ ഇനിയും ഈ ലിസ്റ്റ് നീളാനാണ് സാധ്യത. അതിന് മുമ്പ് ക്രാന്തദര്‍ശിത്വത്തോടെ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനാ നേതാക്കളും ഒന്നിച്ചിരുന്ന് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. അത്തരമൊരു ശ്രമത്തിലൂടെ മാത്രമേ സമൂഹത്തില്‍ നിന്ന് ഇതുപോലുള്ള അരുതായ്മകള്‍ പൂര്‍ണമായും നിഷ്‌കാസനം ചെയ്യാന്‍ കഴിയൂ. അതിന് മുന്‍കയ്യെടുക്കാന്‍ ആരാണ് തയ്യാറാവുക എന്നതാണ് പ്രസക്തമായ ചോദ്യം.

-അദീബ പാലഞ്ചോട്

0
0
0
s2sdefault