എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ജൂണ്‍ 09 1439 റമദാന്‍ 24

പ്രവേശനോത്സവ ചിന്തകള്‍ 

പുതുപുത്തന്‍ ഉടയാടകളണിഞ്ഞ് പതിനായിരക്കണക്കിന് മക്കള്‍ മലയാളക്കരയില്‍ പ്രവേശനോത്സവത്തോടെ അക്ഷരമുറ്റത്തേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ എല്ലാവരോടുമായി ചില ഓര്‍മപ്പെടുത്തലുകള്‍...

സമൂഹത്തോട്

പുതുമകള്‍ ഏറെ പങ്കുവെച്ച 2018 ജൂണിലെ പ്രവേശനോത്സവം കഴിഞ്ഞുപോയ പ്രവേശനോത്സവങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഒഴുകിയെത്തിയ നവാഗതര്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളല്ലാതെ മറ്റൊന്നും ഇനി വേണ്ടെന്ന ഉറച്ച തീരുമാനത്തില്‍ തുടങ്ങുന്നു പുതിയ വിദ്യാലയ വിശേഷങ്ങള്‍...!

പൊതുവിദ്യാലയങ്ങളുടെ ചുവട്ടില്‍ സംരക്ഷണ യജ്ഞത്തിന്റെ വെള്ളവും വളവും നല്‍കിയപ്പോള്‍ എത്ര പെട്ടെന്നാണത് വളര്‍ന്ന് വലുതായതും വടവൃക്ഷമായതും. വിവേകമുള്ള മനുഷ്യരായി വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാന്‍ ഭഗീരഥ യജ്ഞമാണ് ഡിപ്പാര്‍ട്ട്‌മെന്റ്‌നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി 8 ദിവസങ്ങളിലായി 40 മണിക്കൂറുകളില്‍ തീര്‍ത്ത 36 സെഷനുകളില്‍ കൂടി കണിശവും വിദ്യാര്‍ഥി കേന്ദ്രീകൃതമായ അവധിക്കാല പരിശീലനത്തിലൂടെ  അധ്യാപകരെ അടിമുടി മാറ്റിയെടുത്തു എന്നത് എടുത്തു പറയേണ്ടതു തന്നെ!

ധൈഷണിക ചര്‍ച്ചകളിലൂടെ ജീവസ്സുറ്റതാക്കിയ പരിശീലനക്കളരികളില്‍ നിന്ന് നവ ഊര്‍ജം സംഭരിച്ചാണ് അധ്യാപകര്‍ സ്‌കൂളുകളിലെത്തുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ മികവും വിഭവ സമ്പന്നതയും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ കുട്ടിക്ക് പ്രതീക്ഷിക്കാം.

അരുതായ്മകളോട് അരുതെന്ന് പറയുന്നത് പ്രശ്‌ന സങ്കീര്‍ണതകളിലേക്ക് കൊണ്ടെത്തിക്കുമെന്ന ഉറച്ച ധാരണ ഗുരുവില്‍ അങ്കുരിക്കുമ്പോള്‍, തിരിച്ചറിവും വിവേകവും വീണ്ടെടുത്ത് പുതുതലമുറയെ നല്ല നടപ്പിലേക്ക് നയിക്കേണ്ട ചുമതല അധ്യാപകനെ തന്നെ വിശ്വാസപൂര്‍വം ഏല്‍പിച്ച് അതിന് വേണ്ട സാമൂഹിക ചുറ്റുപാട് ഒരുക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ബാലാവകാശത്തിന്റെ കത്തി കാട്ടി അധ്യാപകന്റെ മനോവീര്യം തകര്‍ക്കുന്നതില്‍ നിന്ന് ഇനിയെങ്കിലും എല്ലാവരും മാറി നിന്നില്ലെങ്കില്‍ ഭാവി തലമുറ രക്ഷപ്പെടാതെ പോകും. 

അധ്യാപകരോട്

അതിവിശിഷ്ട ജോലികളിലൊന്നിന്റെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നത് സൗഭാഗ്യമാണെന്ന് പറയേണ്ടതില്ല. ഏവരുടെയും ബഹുമാനാദരവുകള്‍ ഏറ്റുവാങ്ങി അധ്യാപന രംഗത്ത് സജീവമാണ് നമ്മള്‍. ഉന്നതങ്ങളില്‍ വിരാജിക്കുന്ന വൈമാനികന്‍ മുതല്‍ ശാസ്ത്രലോകത്തെ പ്രമുഖരും എഞ്ചിനീയറും ഡോക്ടറുമെല്ലാം രൂപപ്പെടുന്നത് അധ്യാപകരുടെ കൈകളിലൂടെയാണെന്ന തിരിച്ചറിവ് നമുക്കുണ്ടായാല്‍ നമ്മള്‍ക്ക് ഒന്നുകൂടി കര്‍ത്തവ്യബോധമുള്ളവരാകാന്‍ കഴിയും. 

കുട്ടികളുടെ മനസ്സില്‍ ജീവിക്കുന്ന സ്‌നേഹനിധിയായ സഹരക്ഷിതാവായി നാം മാറേണ്ടതുണ്ട്. തന്നെ താനാക്കിയ അധ്യാപകരെ അനുസ്മരിക്കുമ്പോള്‍ ആത്മസംതൃപ്തിയുടെ കണ്ണീര്‍ കണങ്ങള്‍ പൊഴിക്കാന്‍ അവര്‍ക്കു കഴിയണം. .

10.30 മുതല്‍ 4:30 വരെ എന്ന യാന്ത്രികതയ്ക്കപ്പുറം, കുട്ടികള്‍ക്ക് എപ്പോഴും സമീപിക്കാവുന്ന അത്താണിയായി നാം മാറിയാല്‍ അനിര്‍വചനീയ ഗുണങ്ങളുള്ള സമൂഹസൃഷ്ടിപ്പിലേക്കത് വഴി തെളിയിക്കും. അത് സാധ്യമാകണമെങ്കില്‍ ധാര്‍മിക അധഃപതനത്തിന്റെ കേന്ദ്രങ്ങളില്‍ നമ്മളുണ്ടാവരുത്. ചൈല്‍ഡ് ലൈനിന്റെ മുന്നില്‍ തലകുനിക്കേണ്ട ഗതികേട് നമ്മിലൊരാള്‍ക്കും വരരുത്. തന്റെ രക്തത്തില്‍ പിറന്ന കണ്‍മണിയെപ്പോലെ മറ്റു മക്കളെ മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ കാണാന്‍ കഴിഞ്ഞാല്‍ അധ്യാപനത്തോളം വരുന്ന മറ്റൊരു തൊഴില്‍  ചെയ്യുന്നവനാരാണ്? സ്വന്തം നിലയും വിലയുമറിഞ്ഞ് ഉത്തരവാദിത്ത നിര്‍വഹണത്തിനായി ഓരോ ദിവസവും കടന്നുചെല്ലുക സ്‌കൂളിലേക്ക്.

-മുസ്‌ലിം ബിന്‍ ഹൈദര്‍