എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഏപ്രില്‍ 28 1439 ശഅബാന്‍ 10

സൗദി അറേബ്യ: വായനയുടെ മറുപുറം

മാധ്യമങ്ങളിലെ വില്ലന്‍ വാര്‍പ്പ് മാതൃകകളിലൊന്നാണ് സൗദി അറേബ്യ. പരമാവധി ഇസ്‌ലാമിക സംസ്‌കാരങ്ങളുള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന ഭരണഘടന കൈമുതലായുള്ള സൗദിയുടെ പ്രവര്‍ത്തനങ്ങളും നയ നിലപാടുകളും സാമ്രാജ്യത്വ അധിനിവേശ ശക്തികളുടെയും അവരുടെ മീഡിയകളുടെയും ആക്ഷേപത്തിന് ശരവ്യമാവുക എന്നതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ തീയില്ലാതെ പുകയുണ്ടാകില്ല എന്ന സാമാന്യ തത്ത്വം വെച്ച് ഓരോ വിവാദങ്ങള്‍ക്കും, സൗദി ഗവണ്മെന്റിന്റെ അനാവശ്യമായ ഇടപെടലുകളും പ്രസ്താവനകളും കാരണമാവുന്നു എന്ന് തന്നെയാണ് എന്നെപ്പോലെയുള്ളവര്‍ വിശ്വസിച്ചിരുന്നത്. സൗദി അനുകൂല മാധ്യമങ്ങള്‍ പോലും ഈ തെറ്റുധാരണ തിരുത്താന്‍ തക്ക പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും ചെയ്തതായി അറിയുകയുമില്ല. 

'മാധ്യമങ്ങളിലെ സൗദി അറേബ്യയും യാഥാര്‍ഥ്യങ്ങളും' എന്ന പേരില്‍ നേര്‍പഥം കൈകാര്യം ചെയ്ത കവര്‍‌സ്റ്റോറി ഈ വിടവ് നികത്തുന്നതായി. ആശയപരമായി ഇതിനോട് യോജിക്കുന്ന നിരവധി ലേഖനങ്ങള്‍ മലയാളത്തിലടക്കം പുറത്ത് വന്നിട്ടുണ്ടെങ്കിലും കേവല ന്യായീകരണങ്ങളായോ വസ്തുനിഷ്ഠമല്ലാത്ത ഐക്യദാര്‍ഢ്യങ്ങളായോ ഒക്കെയാണ് അവ വായനക്കാര്‍ക്ക് അനുഭവപ്പെട്ടത്.മാത്രമല്ല, പല വിഷയങ്ങളിലും തങ്ങളുടെ ആശയങ്ങള്‍ക്ക് സമാനമാണ് അവിടുത്തെ ഭരണാധികാരികളുടെ നിലപാടുകള്‍ എന്ന് തോന്നിപ്പിക്കാനുള്ള വൃഥാ ശ്രമങ്ങളും അവലോകനങ്ങളിലും കാണാന്‍ കഴിഞ്ഞിരുന്നു. 

പുതിയ ലക്കവും ലേഖനങ്ങളും ഏറെ നിലവാരം പുലര്‍ത്തി. എഴുത്തുകാര്‍ക്കും അണിയറശില്‍പികള്‍ക്കും അഭിനന്ദനങ്ങള്‍.

-ഷെന്‍ഹ തുവക്കാട്


ആസിഫ വധം ഒരു തിരിച്ചറിവാണ്

ആസിഫ കേസ് വെറും എട്ടു വയസ്സുകാരിയുടെ പീഡിപ്പിക്കപ്പെട്ട പ്രശ്‌നം മാത്രമായി മാറ്റുന്നത് അശ്ലീലതയാണ്. സവര്‍ണ ഫാഷിസത്തിന്റെ ഇരയാണ് ആസിഫ എന്നതാണ് സത്യം. അവളുടെ സ്വത്വമായിരുന്നു അവരുടെ പ്രശ്‌നം! ദളിതന്‍ അക്രമിക്കപ്പെടുന്നതും ദളിത് സ്ത്രീയോട് മാറു മറക്കരുത് എന്നു പറഞ്ഞതിന്റെ പിന്നിലുമെല്ലാം ആ സ്വത്വം തന്നെയായിരുന്നു കാരണം. ആ സ്വത്വത്തെ തങ്ങളുടെ വൈകൃതങ്ങള്‍ക്ക് വേണ്ടി ഫാഷിസ്റ്റുകള്‍ ഉപയോഗിച്ചിരിക്കാം. എങ്കിലും ദളിതനായി എന്നതായിരുന്നു അവര്‍ക്ക് നേരെ തോന്നിവാസം കാണിക്കാന്‍ അവരെ പ്രേരിപ്പിച്ച ഘടകം. 

ആസിഫ കേസില്‍ അവളുടെ വയസ്സ് മാത്രം പ്രശ്‌നമായി ഉയര്‍ത്തപ്പെട്ടാല്‍ നാളെ യുവതികളായ ആസിഫമാര്‍ പീഡിക്കപ്പെടുമ്പോള്‍ നമ്മുടെ പ്രതിഷേധത്തിന്റെ ആഴം കുറയും. അത് കേവലം കൊലപാതകം മാത്രമായി മാറിയാലോ, ഉയര്‍ന്നു വരുന്ന ശബ്ദങ്ങളുടെ എണ്ണവും മൂര്‍ച്ചയും കുറയും. അങ്ങനെ നോക്കുമ്പോള്‍ ആസിഫ കേസ് കേവലം പീഡനമായി ചിത്രീകരിക്കേണ്ടത് ഫാഷിസത്തിന്റെ ആവശ്യമാണ്. ആ ആവശ്യത്തെ നാം ത്വരിതപ്പെടുത്തിയാല്‍, ദളിത് മുസ്‌ലിം സ്വത്വങ്ങള്‍ അപരവല്‍ക്കരിക്കപ്പെടേണ്ടതാണ് എന്ന സവര്‍ണ ഫാഷിസ്റ്റ് അജണ്ടയുടെ വക്താക്കളായി അറിഞ്ഞോ അറിയാതെയോ നമ്മളും മാറും. അതുണ്ടായിക്കൂടാ. അതിന്, ആസിഫ കേസ് പീഡോഫീലിയ ബാധിച്ച ഏതാനും പേരുടെ ക്രൂരതയായി ചിത്രീകരിക്കുന്നതിനെക്കാള്‍ പിഞ്ചു കുഞ്ഞുങ്ങളെ പോലും മൃഗീയമായി കൊല്ലാന്‍ മടിക്കാത്ത സവര്‍ണ ഫാഷിസത്തിന്റെ ഇര കൂടിയാണ് ആസിഫ എന്നു ഉറക്കെപ്പറയാന്‍ നമുക്കാവണം!

-അബു മര്‍യം