എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 നവംബര്‍ 03 1440 സഫര്‍ 23

ഒരു കുപ്പി മിനറല്‍ വാട്ടര്‍!

എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നതാണ് 'വറൈറ്റി' എന്ന പദത്തിന്റെ അനുഭവതലങ്ങള്‍... മനുഷ്യനെ ഒരു കസ്റ്റമായി കാണുന്ന എല്ലാ ഇടപാടിലും ഈ വറൈറ്റി അനുഭവഭേദ്യമാക്കാന്‍ മത്സരബുദ്ധിയോടെയാണ് ഏവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ രംഗങ്ങളിലും ഈ പരീക്ഷണം അഭംഗുരം അരങ്ങേറിക്കൊണ്ടിരിക്കു കയാണ്.

കഞ്ചാവും കള്ളുമെല്ലാം പഴഞ്ചന്‍ മോഡല്‍ വേഷങ്ങള്‍ മാറ്റിത്തുടങ്ങിയെന്നത് ആശങ്കാജനക വാര്‍ത്തകളിലൊന്നാണ്.

വീടിന്റെ വിളിപ്പാടകലെയുള്ള അങ്ങാടിയിലെ പാനീയ കച്ചവടക്കാര്‍ പങ്ക് വെക്കുന്ന വിവരങ്ങള്‍ തികച്ചും 'വറൈറ്റി'യാണ്!~വൈകുന്നേരങ്ങളില്‍ ഒരു കുപ്പി മിനറല്‍ വാട്ടര്‍ വാങ്ങി ആളനക്കമില്ലാത്ത സ്ഥലത്തേക്ക് നടന്നകലുന്ന കൗമാരക്കാര്‍ കള്ള് കുടിക്കാനാണ് പോകുന്നതെന്ന് ധരിച്ചവര്‍ക്ക് തെറ്റി. കപ്പിവെള്ളം കാല്‍ഭാഗം കുടിച്ചോ, കളഞ്ഞോ ഒഴിവാക്കിയതിന് ശേഷം ആശുപത്രികളില്‍ ഉപയോഗിക്കുന്ന അതിശക്തമായ മയക്ക് ഗുളിക ഒന്നോ രണ്ടോ കുപ്പിയിലിടുന്നു... ആര്‍ക്കും സംശയത്തിനിടവെക്കാതെ നന്നായി കുലുക്കി തന്റെ ഇഷ്ട പാനീയം തയ്യാറാക്കുന്നു...

വാങ്ങാനും ഉപയോഗിക്കാനും ഏറെ സുഖം. ഏത് അന്വേഷണത്തെയും ഭയക്കാതെ മിനറല്‍ വാട്ടര്‍ വാങ്ങി മുന്നോട്ട് നീങ്ങാം...

പ്രിയരേ, ചുറ്റുപാടിനെ കുറിച്ച് തികഞ്ഞ ബോധമുള്ളവരാവണം നമ്മള്‍. വളര്‍ന്ന് വരുന്ന തലമുറയെ നമുക്ക് രക്ഷിക്കേണ്ടതുണ്ട്.

നാടിനെ നശിപ്പിക്കാന്‍ അനുദിനം ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അരുതായ്മകളോട് അരുതെന്ന് പറയാന്‍ ഇവിടെ ആളുകള്‍ കുറവാണ്.

ആയതിനാല്‍ നാട് നന്നാക്കുന്നതിന് മുമ്പ് വീടും പരിസരവും നന്നാക്കുക. അതു വഴി ഇത്തരം അധര്‍മങ്ങളുടെ പ്രസരണം തടയാനാവും.

നമ്മുടെ മക്കളുടെ യാത്രകള്‍ നിരീക്ഷിക്കുക. അവരെ അനാവശ്യമായി സംശയിക്കുന്നതിന് പകരം തെറ്റുകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കുക. അതിലൂടെയല്ലാതെ ഇത്തരം തിന്മകളുടെ വ്യാപനം തടയാന്‍ സാധിക്കില്ല എന്ന വസ്തുത തിരിച്ചറിയുക.

-അബൂ അല്‍ഫ തൊടികപ്പുലം


വര്‍ഗീയതയുടെ രാഷ്ട്രീയം

ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്. ആ വലുപ്പം രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ടകള്‍ക്കും ആജ്ഞകള്‍ക്കും അനുസരിച്ച് ഓച്ഛാനിച്ചു നിന്നാല്‍ കിട്ടുന്നതല്ല; ന്യായത്തെ അനുകൂലിച്ചും അന്യായത്തെ ചോദ്യം ചെയ്തും നേടേണ്ടതാണ്. അന്യായത്തെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ഉണ്ടെന്ന് വന്നാല്‍ ഒരു നേതാവും ധാര്‍ഷ്ട്യം കാണിക്കില്ല. ഒരു നേതാവിന്റെയും പിടിവാശികള്‍ക്ക് മുന്നിലും മുട്ടുകുത്തി നില്‍ക്കേണ്ടതില്ല എന്നുറപ്പിച്ചാല്‍ ആരും ആരുടെയും മെക്കിട്ടു കേറില്ല. അവിടെ നന്നാകുന്നത് പാര്‍ട്ടിയോ നേതാക്കളോ മാത്രമല്ല, നാടു കൂടിയാണ്. അന്യായത്തിലും പാര്‍ട്ടിയെ പിന്തുണക്കേണ്ടി വന്നാല്‍ ഓര്‍ക്കുക, അത് നിങ്ങളുടെ ഗതികേട് മാത്രമല്ല. അതാണ് പച്ചക്ക് പറഞ്ഞാല്‍ വര്‍ഗീയത...!

-അഫ്താബ്