പടച്ചവനോട് ചോദിക്കുന്നതില്‍ പിശുക്ക് കാണിക്കരുത്

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

സുഉൗദി കവിയായ ഡോക്ടര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ അശ്മാവിയുടെ ഒരു കുറിപ്പ് കണ്ടു. അതിന്റെ തലക്കട്ട് ഇങ്ങനെ:

'അസംഭവ്യമായതും അല്ലാഹുവിനോട് തേടുക.'

ഒരു അടിമ ഇരുകൈകളും ഉയര്‍ത്തി അല്ലാഹുവിനോട് ഒരു കാര്യം ചോദിച്ചാല്‍ അവ (ഉത്തരം നല്‍കാതെ) ശൂന്യമായി തിരിച്ചയാക്കാന്‍ അല്ലാഹു ലജ്ജിക്കുന്നു.

പ്രവാചകന്മാരുടെ പ്രാര്‍ഥനകളെക്കുറിച്ച് ചിന്തിച്ച് നോക്കുക. അല്ലാഹുവിനോട് അവരില്‍ പലരുംസാധാരണ നിലയില്‍ സംഭവിക്കാന്‍ ഇടയില്ലാത്തതും അറച്ചു നില്‍ക്കാതെ ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ട്?

'അത്യുദാരന്‍' എന്ന നാമവിശേഷണത്തിന്റെ പോരുള്‍ അവര്‍ ആഴത്തില്‍ ഗ്രഹിച്ചിരുന്നു. സുലൈമാന്‍ നബി(അ)യുടെ പ്രാര്‍ഥന പരിശോധിക്കുക. 'അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തു തരികയും എനിക്കു ശേഷം ഒരാള്‍ക്കും കൈവരാത്ത ഒരു രാജവാഴ്ച നീ എനിക്കു പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണു എറ്റവും വലിയ ഉദാരമതി.'

സുലൈമാന്‍ നബി(അ) ഉദ്ദേശിച്ചത് ലോകത്ത് മറ്റാര്‍ക്കും കിട്ടാത്ത ഭരണാധികാരമാണ്. അതാണെങ്കില്‍ സമാനതകളില്ലാത്ത അസാധാരണത്വത്തിന്റെ കലവറയും. പ്രാര്‍ഥന കേട്ട അല്ലാഹു അദ്ദേഹത്തിന്നു പ്രവാചകത്വവും രാജാധികാരവും ജ്ഞാനവും യുക്തിദീക്ഷയും ഒന്നിച്ചു നല്‍കി. കാറ്റും ജിന്നും പറവകളും മനുഷ്യരും അശ്വക്കൂട്ടവും കാട്ടുമൃഗങ്ങളും അദ്ദേഹത്തിന്റെ അജ്ഞാനുവര്‍ത്തികളായി. നിശ്ശബ്ദ തരംഗങ്ങള്‍ക്കും അപ്പുറത്തുള്ള ഉറുമ്പിന്റെ ഭാഷാക്ഷരങ്ങള്‍ തന്റെ കര്‍ണപുടങ്ങള്‍ തിരിച്ചറിഞ്ഞതും സൃഷ്ടിപൂജയുടെ വിഡ്ഢിവേഷങ്ങള്‍ കെട്ടിയ ബില്‍ക്കീസിന്റെ പ്രജകളെ ഹുദ്ഹുദിനെ വിട്ടു താക്കീതു ചെയ്തതും പടച്ചവന്‍ നല്‍കുന്നതിന് കണക്കുവെക്കാനാവില്ലെന്നു ബോധ്യപ്പെടുത്തുന്നില്ലേ? 

അല്ലാഹുവിനോട് തേടുമ്പോള്‍ കൂടിപ്പോയോ എന്ന് കരുതി പിന്മാറേണ്ട.  ഐഹിക കാര്യങ്ങള്‍ക്കുള്ള പ്രാര്‍ഥനയില്‍ 'പരമാവധി'യുടെ 'പരിധി' എടുത്തു മാറ്റുക. പരലോക വിഷയമാണെങ്കിലോ ചോദിക്കുന്നെങ്കില്‍ ശങ്കിച്ചു നില്‍ക്കാതെ ഫിര്‍ദൗസു തന്നെ ചോദിക്കുക; ചോദിക്കുന്ന കാര്യത്തിന്നു നിങ്ങള്‍ക്കൊരര്‍ഹതയുമില്ലെന്ന് ഉത്തമ ബോധ്യമുണ്ടായാലും. കാരണം നിങ്ങളുടെ അപേക്ഷ ചെല്ലുന്നത് കൊടുത്താല്‍ തീരാത്ത ഖജനാവുകളുടെ ഉടമസ്ഥന്റെ സമക്ഷത്തിങ്കലാണ്. പ്രാര്‍ഥനതന്നെയല്ലേ വിശിഷ്ടമായ ആരാധന!

എന്നാല്‍ അധികപേരും ഈ യാഥാര്‍ഥ്യം ഓര്‍മിച്ചിരിക്കാത്തവരാണ്. പരിധിയില്ലാത്ത വിധം അവനോട് ചോദിക്കുന്നവരോടാണ് അവനിഷ്ടം. അല്ലാഹുവിനെക്കുറിച്ച സദ്‌വിചാരം തന്നെ ആരാധനയാണ്; വിശിഷ്യാ ഭാവിയെക്കുറിച്ച വ്യാകുലതകളും ആശങ്കകളും ഭൂലോകം നിറഞ്ഞു നില്‍ക്കുമ്പോള്‍. മനുഷ്യ ഹൃദയങ്ങളില്‍ നിന്നു ദുഃഖഭാരം ഇറക്കിവെക്കാന്‍ ഈ ആരാധന പര്യാപ്തമാണ്. വളരെ മനോഹരമായ ഒരാശയം നമ്മുടെ ജീവിത പതിവുകളില്‍ തുന്നിച്ചേര്‍ക്കാന്‍ മറക്കാതിരിക്കുക; അഥവാ പടച്ചവനെക്കുറിച്ച സദ്‌വിചാരത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് ഇഹലോകത്ത്  നമുക്കു നന്മകള്‍ വന്നണയുന്നതും തിന്മകള്‍ നമ്മില്‍നിന്ന് അകലേക്കു മാറിനില്‍ക്കുന്നതും. അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണ വെച്ചുപുലര്‍ത്തുക. അവന്‍ നിങ്ങളോടു കരുണ കാണിക്കും. നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം ചെയ്യും. നിരാശയെ ആട്ടിയകറ്റുക; കാരണം അത് സത്യവിശ്വാസിയുടെ സ്വഭാവമല്ല.

0
0
0
s2sdefault