അഹ്മദ് സൈനീദഹ്‌ലാന്റെ ക്ഷുദ്രകൃതിയും കുപ്രചരണങ്ങളും

യൂസുഫ് സാഹിബ് നദ്‌വി

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

(മുഹമ്മദ് ഇബ്‌നു അബ്ദുല്‍വഹാബും വിമര്‍ശകരും: 3)

സൂഫി ബറേലവി ശിയാചിന്തകളുടെ ആഗോള കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ വാടക മുഫ്തിമാരുടെ വികലരചനകളും അവയുടെ പരിഭാഷകളും ലോകവ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടാണ് ശൈഖ് മുഹമ്മദിന്റെ ഇസ്്വലാഹീ ചിന്തകളെയും നവോത്ഥാന സംരംഭത്തെയും തടയിടാന്‍ തല്‍പരകക്ഷികള്‍ ശ്രമിച്ചത്. കേട്ടാലറക്കുന്ന പച്ചക്കളവുകള്‍ ശൈഖിനെതിരില്‍ പടച്ചുവിടാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടായില്ല. സഭ്യതയുടെ സര്‍വസീമകളും ലംഘിക്കുന്ന ഇത്തരം ക്ഷുദ്രകൃതികള്‍ ഇന്നും ലഭ്യമാണല്ലോ. ബാലനായിരിക്കേ വിശുദ്ധ ക്വുര്‍ആന്‍ മനഃപ്പാഠമാക്കിയ, പണ്ഡിത കുടുംബത്തില്‍ ജനിച്ച് പഠിച്ചു വളര്‍ന്ന് യുവത്വത്തിന്റെ പ്രാരംഭത്തില്‍ തന്നെ വിവാഹവും കഴിച്ച് മക്കളും ജനിച്ച ശൈഖ് മുഹമ്മദിനെ സ്വാധീനിക്കാന്‍ ബ്രിട്ടീഷുകാര്‍ ചാരസുന്ദരിമാരെ ഇറക്കുമതി ചെയ്തുവെന്നാണ് ഈ ഖുറാഫീ മസ്തിഷ്‌കങ്ങളുടെ കണ്ടുപിടുത്തം. മുസ്‌ലിം ഉമ്മത്തിനെ മുഴുവനും കാഫിറും മുര്‍ത്തദ്ദുമാക്കിയ ഖവാരിജ് ആയിരുന്നുവെന്നാണ് മറ്റൊരാരോപണം. തുറന്നു പറഞ്ഞില്ലങ്കിലും ''താന്‍ ഒരു പ്രവാചകന്‍ ആണെന്ന ധാരണയിലായിരുന്നുവത്രെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, എന്ന പ്രവാചകത്വവാദവും ശൈഖിനെതിരില്‍ എഴുതാനും പറയാനും ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടായില്ല. 

തുര്‍ക്കികളുടെ പിന്തുണയോടെ മക്കയില്‍ ഷാഫിഈ മദ്ഹബിന്റെ ഇമാമായി വാണിരുന്ന അഹ്മദ് സൈനീ ദഹ്‌ലാന്‍ (ഹി: 1232-1304) നിര്‍മ്മിച്ച 'അദ്ദുററുസ്സനിയ്യ ഫീ റദ്ദിഅലല്‍ വഹാബിയ്യ' എന്ന ക്ഷുദ്രകൃതി ഇത്തരം നൂറുകണക്കിന് ആരോപണങ്ങളുടെ സമാഹാരമാണ്. 

നവോത്ഥാന ചിന്തകളെ വികലമാക്കി ചിത്രീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നും എല്ലായിടത്തും എക്കാലവും സര്‍വസ്വാഭാവികം ആയിരുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹ്)ക്കും ഇതുപോലെയുള്ള ദുരന്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഭരണകൂടങ്ങളുടെ മറവില്‍ ഇത്തിള്‍ചെടിയെപ്പോലെ ചൂഷണം ചെയ്തു ജീവിച്ചിരുന്ന കൊട്ടാര ഉപാസകന്മാരായ ഒരുപറ്റം പരാന്നഭോജികളായിരുന്നു അവിടെയും ഇസ്്വലാഹിന്റെയും തജ്ദീദിന്റെയും പ്രതിയോഗികള്‍. ജയിലും ചാട്ടവാറുമുപയോഗിച്ച് നിഷ്‌ക്കളങ്ക മനസ്സിന്റെ ഉടമകളായ പണ്ഡിത ശിരോമണികളെ പ്രതിരോധിക്കാമെന്ന ഇരുട്ടിന്റെ ശക്തികളുടെ കുത്സിത ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ശൈഖ് മുഹമ്മദും അനുയായികളും തീവ്ര ഖവാരിജുകളാണെന്നായിരുന്നു മറ്റു ചിലരുടെ കണ്ടെത്തല്‍. ഈ ചിന്ത പ്രചരിപ്പിക്കാന്‍ മുഖ്യമായും സഹായിച്ചത് അഹ്മദ് സൈനീദഹ്‌ലാന്റെ 'റദ്ദുല്‍വഹാബിയ്യ' എന്ന ക്ഷുദ്രകൃതി ആയിരുന്നു. ലോകത്ത് ഒട്ടുമിക്ക ഭാഷകളിലും ശൈഖ് മുഹമ്മദിന്റെ ഇസ്്വലാഹീ ചിന്തകളെ വികലമാക്കുന്നതിനുള്ള രചനകള്‍ പ്രസിദ്ധമായിട്ടുണ്ട്. അറബിഭാഷയില്‍ മാത്രം ഈ വിഷയത്തില്‍ 72 ഗ്രന്ഥങ്ങള്‍ സമാഹരിച്ചതായി ശൈഖ് മന്‍സൂര്‍ ഹസ്സന്‍ സല്‍മാന്‍ അഭിപ്രായപ്പെടുന്നു. ശൈഖിന്റെ രചനകളെയും ചിന്തയെയും താറടിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി രചനയിലാണ് ശൈഖ് മന്‍സൂര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ശൈഖിന്റെ ചിന്തകളെയും രചനകളെയും വികലമാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കുള്ള കൃത്യമായ മറുപടി ഗ്രന്ഥങ്ങള്‍ രചിക്കുന്ന വിഷയത്തില്‍ ശൈഖ് മുഹമ്മദിന്റെ കുടുംബാംഗങ്ങളായ പണ്ഡിത പ്രമുഖര്‍ തന്നെ രംഗത്തുണ്ട്.

ശൈഖ് മുഹമ്മദിന്റെ ചിന്തകള്‍ എന്തുകൊണ്ടാണ് ഹിജാസില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടത്. ശൈഖ് മുഹമ്മദ് കടന്നുവരുമ്പോഴുള്ള ഹിജാസിന്റെ ഭൂമിശാസ്ത്രവും അവസ്ഥകളും വ്യക്തമായി മനസ്സിലാക്കുന്നവര്‍ക്ക് മാത്രമേ ശൈഖിന്റെ ചിന്തകളിലെ ശരിയും തെറ്റും പ്രായോഗിക അപ്രായോഗികതകളും വിലയിരുത്താന്‍ സാധിക്കുകയുള്ളു. കൃത്യമായ ഇസ്‌ലാമിക പരിജ്ഞാനവും ചരിത്രബോധവും സാമൂഹിക സാംസ്‌ക്കാരിക പശ്ചാത്തലങ്ങളെപ്പറ്റിയുള്ള അറിവും ബോധവും ഇല്ലാത്തവര്‍ ശൈഖിനെ ഖണ്ഡിക്കാന്‍ ഏഴുതിവിട്ട ഉദരംഭരികള്‍ യഥാര്‍ഥത്തില്‍ രചയിതാക്കളെ നോക്കി പരിഹസിക്കുന്ന അവസ്ഥയിലാണെന്നും, ശൈഖിനെ വിമര്‍ശിച്ചുകൊണ്ട് ഗ്രന്ഥരചന നടത്തിയവരില്‍ ഈ പറഞ്ഞ പശ്ചാത്തല യോഗ്യതകള്‍ ഉള്ളവരാരും തന്നെയില്ലന്നും പ്രമുഖ തുര്‍ക്കി ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായ അഹ്മദ് ജൗദത്ത് ബാഷ (ജ: 1822) വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.

ശൈഖിന്റെ ഇസ്്വലാഹീ ചിന്തകളെ കരിതേക്കാനും താറടിക്കാനും ഭരണകൂടങ്ങളുടെ സഹായത്തോടെ ഒരു വിഭാഗം കുടില ശ്രമങ്ങള്‍ തുടരുമ്പോഴും അല്ലാഹുവിന്റെ തീരുമാനം നേരെമറിച്ചായിരുന്നു. ശൈഖിന്റെ പരമ്പരയില്‍ നിന്നും നൂറുകണക്കിന് പണ്ഡിത പ്രമുഖരുടെ നിരകള്‍ തന്നെ ഉണ്ടായി. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വിസ്മരിക്കാനാവാത്ത സേവന പരമ്പരകള്‍ അവര്‍ നിര്‍വഹിച്ചു. ഈ രംഗത്ത് നിതാന്ത വ്യാപൃതരുമാണവര്‍. സ്വതന്ത്ര രചനകള്‍, വ്യാഖ്യാന ഗ്രന്ഥങ്ങള്‍ തുടങ്ങി ശൈഖിന്റെ സന്താനപരമ്പരകള്‍ ഇസ്‌ലാമിക സേവനത്തിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ച വിലമതിക്കാനാവാത്ത രചനകള്‍ ശതക്കണക്കിനാണ്. അല്ലാഹുവിന്റെ അനുഗ്രഹവും ആശീര്‍വാദവും സിദ്ധിച്ച സന്താനപരമ്പരകളായി ഇസ്‌ലാമിക സേവനത്തില്‍ അവര്‍ ലോകത്തിന് തന്നെ മാതൃകയാണ്. ഇബിന്‍സുഊദ് രാജവംശത്തിന് ഹിജാസില്‍ ഇസ്‌ലാമിക രീതിശാസ്ത്രത്തിന്റെ അടിത്തറയില്‍ ഒരു ഭരണകൂടം സ്ഥാപിക്കാന്‍ ശൈഖിന്റെ സഹായം ചരിത്രത്തിലെ അവിഭാജ്യ ഭാഗമാണ്. അന്നു മുതല്‍ ഇന്നു വരേയും സൗദി അറേബ്യയുടേത് മാത്രമല്ല ഇസ്‌ലാമിക ലോകത്തിന്റെ ഒന്നടങ്കം മതപ്രചാരണത്തിന്റെ ചുക്കാന്‍ ശൈഖിന്റെ കുടുംബത്തിന്റെ കരങ്ങളിലാണ്. സൗദിഅറേബ്യയുടെ ഗ്രാന്റ് മുഫ്തിമാരില്‍ പ്രധാനികള്‍ ശൈഖിന്റെ പരമ്പരക്കാര്‍ ആയിരുന്നു. ഇന്നും ആ നിലതന്നെ തുടരുന്നു. 'ആലുശൈഖ്' എന്ന പേരിലാണ് ശൈഖിന്റെ കുടുംബം അറിയപ്പെടുന്നത്. 

നബി ﷺ യുടെ മദീനത്തെ പള്ളിയില്‍ മൂത്രമൊഴിച്ചു മലിനപ്പെടുത്തുകയും യുദ്ധമുതല്‍ ഓഹരിവെക്കുന്നതിനിടയില്‍ തിരുനബി ﷺ യുടെ നീതിബോധത്തെ ചോദ്യം ചെയ്ത് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ബനൂതമീം ഗോത്രക്കാരന്റെ പരമ്പരയിലാണ് ഇബ്‌നു അബ്ദില്‍ വഹാബ് ജനിച്ചതെന്നുള്ള സാങ്കല്‍പിക കഥകള്‍, വരണ്ട ചിന്തയുടെ വക്താക്കളായ പുരോഹിതന്മാര്‍ സ്വന്തം നിലനില്‍പിന്റെ ഭാഗമായി ഇന്നും പ്രചരിപ്പിച്ചുവരുന്നു. പള്ളിയില്‍ മൂത്രമൊഴിച്ചു മലിനപ്പെടുത്തി വിശ്വാസികളുടെ ക്ഷമയെ പരീക്ഷിച്ച ദുല്‍ഖുവൈസിറ അല്‍ യമാനിയും, നബി ﷺ യുദ്ധമുതല്‍ ഓഹരിവെക്കുന്നതിനിടയില്‍ ചാടിവീണ് തിരുമേനിയുടെ നീതിബോധത്തെ ചോദ്യംചെയ്ത അഭിശപ്തനായ ദുല്‍ഖുവൈസിറ അത്തമീമിയും രണ്ടും രണ്ടാണെന്ന ചരിത്ര യാഥാര്‍ഥ്യം പോലും പുരോഹിതന്മാര്‍ ഈ കോലാഹലങ്ങള്‍ക്കിടയില്‍ വിസ്മരിച്ച് കളയുന്നതാണ് ഏറെ പരിതാപകരം.

ആധുനിക സൗദിഅറേബ്യയുടെ തലസ്ഥാനനഗരി റിയാദില്‍നിന്നും അല്‍ഖസ്സ്വീം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കാണാനാവുന്നത് പ്രധാന വീഥിക്ക് ഇരുവശത്തുമായി താമസിക്കുന്ന പതിനായിരക്കണക്കിന് ബനൂതമീം ഗോത്രക്കാരെയാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ അവിസ്മരണീയ സേവനങ്ങള്‍ അര്‍പ്പിച്ച പ്രമുഖന്മാരായ സ്വഹാബികള്‍ ബനീതമീം ഗോത്രക്കാരായിരുനു. ഈ രംഗത്ത് ഇന്നും വിലമതിക്കാനാവാത്ത സേവനങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നവരും ബനൂ ഭ8തമീം ഗോത്രക്കാരായ പണ്ഡിതന്മാരാണെന്നതാണ് വസ്തുത. നബി ﷺ യുടെ അനുഗ്രഹ പ്രാര്‍ഥനക്ക് പാത്രീഭൂതരായ ബനൂതമീം സമൂഹത്തെ വിസ്മരിച്ചുകൊണ്ട് ഇസ്‌ലാമിക ചരിത്രം രചിക്കാനാവില്ലന്ന സാമാന്യ തിരിച്ചറിവ്‌പോലും ഈ മതവാണിഭക്കാര്‍ക്ക് നഷ്ടപ്പെടുന്നു.

ശൈഖ് മുഹമ്മദ് നേതൃത്വം നല്‍കിയ ഇസ്്വലാഹി ദഅ്‌വത്തിന്റെ അടിത്തറ സത്യസന്ധതയും മുഖമുദ്ര ലാളിത്യവും ആയിരുന്നു. കേള്‍വിക്കാര്‍ക്ക് ഗ്രഹിക്കാന്‍ പാകമായ നിലയില്‍ ഗുണകാംക്ഷാ മനോഭാവത്തിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും. മനസ്സിലാകാത്ത വാക്കുകളോ നിര്‍േദശങ്ങളോ അദ്ദേഹത്തിന്റെ രചനകളില്‍ കാണാന്‍ സാധിക്കില്ല. അനായാസം വായിച്ചുതീര്‍ക്കാന്‍ കഴിയുന്ന വരികള്‍ ശൈഖിന്റെ രചനകളുടെ പ്രത്യേകതയാണ്. ആര്‍ജവമുള്ള ഈ രചനകള്‍ എക്കാലവും എല്ലാവര്‍ക്കും വഴികാട്ടിയാണ്. രാജാവിനോടും പ്രജകളോടും ഒരേ സമയം അദ്ദേഹം ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചു.

 

ആരോപണങ്ങള്‍ക്ക് ശൈഖ് മുഹമ്മദിന്റെ വിശദീകരണവും മറുപടിയിലെ മിതത്വവും:

ഇസ്‌ലാമിക ചരിത്രത്തില്‍ പ്രവാചകന്മാരാണ് ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുള്ളത്. ശാരീരികവും മാനസികവുമായ പീഡനങ്ങളായിരുന്നു അവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. പിന്നീട് പ്രവാചന്മാരുടെ ദൗത്യം ഏറ്റെടുത്തു നടത്തിയ പ്രബോധകന്മാര്‍ക്കും ഇതേ പീഡപരീക്ഷണങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ശൈഖ് മുഹമ്മദ് അനുഭവിച്ച വിമര്‍ശനങ്ങളും നേരിട്ട ആരോപണങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധിയാണ്.

ചില ഭരണകൂടങ്ങളും നേതാക്കളും അവരുടെ അണികളും ശൈഖിനെതിരില്‍ അഴിച്ചുവിട്ട ഹത്യകള്‍ക്ക് ശൈഖ് തന്നെ പലപ്പോഴും വിശദീകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാവരുടെയും എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുകയെന്ന, സാധാരണയായി കണ്ടുവരുന്ന ശൈലി ശൈഖ് സ്വീകരിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇസ്‌ലാമിക ദഅ്‌വത്തിന്റെ മേഖലയില്‍ സജീവനാകുന്ന ഒരു പ്രബോധകനെതിരില്‍ വിവിധ കോണുകളില്‍ നിന്നുമുള്ള ശത്രുതാപരമായ ആരോപണങ്ങളും വ്യക്തിഹത്യകളും ഏക്കാലത്തെയും സ്വാഭാവികതകളാണ്. കാലഘട്ടത്തിന്റെയും സാഹചര്യത്തിന്റെയും വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഇതിന്റെ രൂപത്തിലും ശൈലിയിലും ഏറ്റക്കുറവുകള്‍ ഉണ്ടാകാം. എന്നാല്‍ താന്‍ കണ്ടതും കേട്ടതുമായ എല്ലാ ആരോപണങ്ങള്‍ക്കും പിന്നാലെ മറുപടിയുടെ കോളാമ്പിയും അച്ചടി മഷിയുമായി പാഞ്ഞു നടക്കലല്ല ഒരു നിഷ്‌ക്കളങ്കനായ പ്രബോധകന്റെ തൊഴിലെന്ന് ഈ നടപടികളിലൂടെ ശൈഖ് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. 

വ്യക്തിപരമായ ആരോപണങ്ങളെക്കാളും ഉപരിയായി ദീനിന്റെ അന്തസ്സത്തയെ ബാധിച്ചേക്കാന്‍ സാധ്യതയുള്ള വിഷയങ്ങളില്‍ വിശദീകരണത്തിന് മുന്‍തൂക്കം നല്‍കാനാണ് ശൈഖ് പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളത്. കണ്ടതും കേട്ടതുമായ ആരോപണങ്ങളുടെ പിന്നാലെ മറുപടിയുമായി പായുന്ന സ്വഭാവം ഒരു സത്യ പ്രബോധകനെ തന്റെ ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഗൂഢാലോചനകളും കുതന്ത്രങ്ങളുമാണെന്ന തിരിച്ചറിവ് എല്ലാ പ്രബോധകര്‍ക്കും കാലോചിതമായി ഉണ്ടാകേണ്ടുന്ന വകതിരിവാണ്. 

എന്നാല്‍ ദീനിന്റെ കാതലായ വശങ്ങളെ ബാധിക്കുന്ന മര്‍മപ്രധാനമായ വിഷയങ്ങളില്‍ മൗനം ഭജിക്കുന്നതും അഭിലഷണീയമല്ല. സ്വന്തം വ്യക്തിത്വം എന്നതിനേക്കാള്‍ ഉപരിയായി ദീനിനെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളില്‍ കൃത്യമായ മറുപടി നല്‍കാനാണ് ശൈഖ് പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളത്. ശൈഖിന്റെ കാലശേഷം അദ്ദേഹത്തിന്റെ മക്കളും അനുയായികളും ശിഷ്യന്മാരും ഇതേ നിലപാടുതന്നെ തുടരുന്നു. എല്ലാവരുടെയും എല്ലാ ആരോപണങ്ങളെയും അവര്‍ കേട്ടഭാവം നടിക്കാറില്ലന്നത് പ്രത്യേകം ഏടുത്തു പറയേണ്ടുന്ന മഹത്തായ പാരമ്പര്യമാണ്. പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയില്‍കൂടി വിനയത്തോടെ നടക്കുന്നവരും അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.(25 അല്‍ഫുര്‍ഖാന്‍: 63) എന്ന വിശുദ്ധ ക്വുര്‍ആന്‍ വചനത്തിന്റെ ജീവിച്ചിരിക്കുന്ന വക്താക്കളാണ് നജ്ദിലെ പണ്ഡിതന്മാര്‍. 

നട്ടാല്‍ മുളക്കാത്ത നുണകളുമായി ദഅ്‌വത്തിന്റെ പ്രതിയോഗികള്‍ അദ്ദേഹത്തിനെതിരില്‍ കടന്നുവരുമ്പോഴെല്ലാം ശൈഖിന്റെ മക്കളും ശിഷ്യന്മാരും നല്‍കുന്ന മറുപടി: ''ഇത് ഭയങ്കരമായ ഒരപവാദം തന്നെയാകുന്നു''(24 അന്നൂര്‍: 16)എന്ന വിശുദ്ധ ക്വുര്‍ആന്‍ വചനം ഓര്‍മപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. 

ശൈഖ് മുഹമ്മദ് വഫാത്താകുന്നതിന് രണ്ടു വര്‍ഷം മുമ്പ് മക്കയുടെ ഷരീഫ് ഗാലിബിബിന്‍ മുസാഇദ് ഹി: 1204ല്‍, ദര്‍ഇയ്യയുടെ ഭരണാധികാരി അബ്ദില്‍ അസീസ്ബിന്‍ സുഊദിന് ഒരു സന്ദേശം അയച്ചു. ശൈഖിന്റെ ചിന്തകളെപറ്റി കൃത്യമായി അറിവുള്ള ശൈഖിന്റെ ശിഷ്യന്മാരില്‍ നിന്നും പ്രമുഖന്മാരായ ആരെയെങ്കിലും മക്കയിലേക്ക് അയക്കണമെന്നായിരുന്നു ആവശ്യം. 

കത്തിന്റെ ആവശ്യകത പരിഗണിച്ച ശൈഖ് മക്കയിലെ പണ്ഡിതന്മാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് തന്റെ ശിഷ്യരില്‍ പ്രമുഖനായ അബ്ദില്‍ അസീസ് അല്‍ഹുസൈനെ നിയോഗിച്ചു. ആ കത്തില്‍ ശൈഖ് മുഹമ്മദ് എഴുതുന്നു: ''നിങ്ങള്‍ പറഞ്ഞതുപോലെ തന്നെ പല ഫിത്‌നകളൂം വ്യാപകമാകുന്നുണ്ട്. ഭൂമിയില്‍ ഉണ്ടായിരുന്ന പുണ്യവാളന്മാരുടെ ജാറങ്ങളും ഖുബ്ബകളൂം തകര്‍ത്തതാണ് അതിന്റെ കാരണം. സ്വാലിഹീങ്ങളോട് ദുആ ചെയ്യുന്നതിനെ നാം വിരോധിക്കുകയും ചെയ്തിരുന്നു. പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളുവെന്നും നാം പറഞ്ഞിരുന്നു. ഈ വിഷയങ്ങള്‍ നാം തുറന്ന് പറയുന്നതിനൊപ്പം ഖുബ്ബകള്‍ തകര്‍ക്കുകയും ചെയ്ത നടപടി സാധാരണക്കാര്‍ക്ക് അസഹനീയമായി. പണ്ഡിതന്മാരെന്ന് സ്വയം അവകാശപ്പെടുന്ന ചിലരും അവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. വിഷയങ്ങള്‍ നിങ്ങള്‍ക്കും ബോധ്യമുള്ളതാണല്ലോ. ഞാന്‍ സ്വാലിഹീങ്ങളെ തെറിപറയുന്നുവെന്നും എനിക്ക് പണ്ഡിതന്മാരുടെ യോഗ്യതയില്ലന്നും അവര്‍ പ്രചരണം നടത്തുന്നു. 

കിഴക്കും പടിഞ്ഞാറുമെല്ലാം ഈ പ്രചരണം വ്യാപിപ്പിച്ചു. സാമാന്യ ബുദ്ധിയുള്ളവര്‍പോലും ലജ്ജിക്കുന്ന കാര്യങ്ങളാണ് നമ്മെപ്പറ്റി അവര്‍ പ്രചരിപ്പിക്കുന്നത്. ഇനി എന്റെ വിഷയം ഞാന്‍ പറയട്ടെ: ഇമാം അഹ്മദ് ബിന്‍ ഹംബലിന്റെ വീക്ഷണം സ്വീകരിച്ചവരാണ് ഞങ്ങള്‍. ഒരിക്കലും ബിദ്അത്തുകാരല്ല. അല്ലാഹുവിലും അവന്റെ മാലാഖമാരിലും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ദീനിലാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അതുപോലെ ഞാന്‍ പണ്ഡിതന്മാരുടെ മാര്‍ഗത്തിലുമാണ്.''

ശൈഖിന്റെ സമകാലികനായിരുന്ന ഇറാക്കിലെ അബ്ദുറഹ്മാന്‍ അസ്സുവൈദിക്കയച്ച കത്തിലും ശൈഖ് തന്റെ അഖീദ(വിശ്വാസ പ്രമാണം)യെ വ്യക്തമാക്കുന്നു. ശൈഖ് എഴുതി: ഞാന്‍ പുതിയതിന്റെ വക്താവല്ല. പഴയതിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു. എന്റെ വിശ്വാസവും എന്റെ ദീനും അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ അതേ മാര്‍ഗമാണ്. അതേ മാര്‍ഗത്തില്‍ തന്നെയാണല്ലോ നാല് മദ്ഹബുകളുടെ ഇമാമുമാരും മുസ്‌ലിം നേതാക്കളും അവരുടെ പിന്‍ഗാമികളും സഞ്ചരിച്ചത്.

ഞാന്‍ എന്റെ അനുയായികള്‍ അല്ലാത്തവരെയെല്ലാം കാഫിറാക്കുന്നുവെന്ന് താങ്കള്‍ പറയുന്നു. ഞാന്‍ നബി ﷺ യുടെ ഖബര്‍ ഉള്‍പ്പെടുന്ന കെട്ടിടം തകര്‍ക്കാന്‍ ഉദ്ദേശിച്ചതായും പ്രചരിപ്പിക്കുന്നു. ഞാന്‍ ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കുകയും ശിര്‍ക്കിനെ തടയുകയും ചെയ്തത് വാസ്തവമാണ്. അതൊഴികെയുള്ളതെല്ലാം കേവലം ആരോപണങ്ങള്‍ മാത്രമാണ്.''

അല്‍ഖസ്വീമില്‍ ശൈഖിന്റെ വിശ്വാസ പ്രമാണങ്ങളെ വ്യാപകമായി തെറ്റുധരിപ്പിച്ചുകൊണ്ട് കുപ്രചരണങ്ങള്‍ വ്യാപകമായപ്പോള്‍, തന്റെ വിശ്വാസത്തിന്റെ അടിത്തറ വ്യക്തമാക്കിക്കൊണ്ട് ശൈഖ് അവര്‍ക്കും കത്തുകള്‍ അയച്ചു. അല്ലാഹുവിലും അവന്റെ പ്രവാചകന്മാരിലും സകല വേദഗ്രന്ഥങ്ങളിലും മലക്കുകളിലും നന്മതിന്മകളിലും വിശുദ്ധ ക്വുര്‍ആനിന്റെ ആധികാരികതയിലും ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കി ശൈഖ് അവര്‍ക്കും വിശദീകരണം നല്‍കി. അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെ (അസ്മാഉ്) വിഷയത്തില്‍പോലും തനിക്ക് അഭിപ്രായ ഭിന്നതയില്ലന്ന് ശൈഖ് വ്യക്തമാക്കിയിട്ടുണ്ട്. 

മരണം മരണാനന്തര ജീവിതം, നന്മതിന്മകള്‍, വിചാരണ, സ്വര്‍ഗ നരകങ്ങള്‍, ഹൗളുല്‍ കൗഥര്‍, നബി ﷺ യുടെ ശഫാഅത്ത്, നബി ﷺ യുടെ പ്രിയപ്പെട്ട ഭാര്യമാരെപ്പറ്റി തനിക്കുള്ള നിലപാട്... തുടങ്ങിയ എല്ലാ അടിസ്ഥാന വിഷയങ്ങളും ഓരോ കത്തുകളിലും ശൈഖ് സംശയങ്ങള്‍ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. 

ഹി: 1218ല്‍ ഹറം ഉള്‍പ്പെടുന്ന മക്കാപ്രദേശം സുഊദ് രാജവംശത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായി. ശൈഖ് മുഹമ്മദിനും അനുയായികള്‍ക്കുമെതിരില്‍ കുപ്രചരണങ്ങള്‍ വ്യാപകമായി. പഴകിപ്പുളിച്ച അപവാദങ്ങളുടെ ഭണ്ഡാരവുമായി ശിയാക്കളും ബറെലവികളും ഉലകം ചുറ്റി. ശൈഖിന്റെ വിശ്വാസ പ്രമാണങ്ങളെ വ്യാപകമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഈ സമയം ശൈഖിന്റെ മകനും പണ്ഡിതനുമായ അബ്ദില്ലാഹിബിന്‍ മുഹമ്മദ് ഈ അപവാദങ്ങള്‍ക്ക് വിശദീകരണം നല്‍കി. 

''ഞങ്ങള്‍ അല്ലാഹുവിന്റെ ദീനില്‍ വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ്. അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ ആദര്‍ശവും അതുതന്നെയാണ്. ശാഖാപരമായ വിഷയങ്ങളില്‍ ഞങ്ങള്‍ ഇമാം അഹ്മദിബിന്‍ ഹംബലിന്റെ കര്‍മശാസ്ത്ര സരണിയെ അനുധാവനം ചെയ്യുന്നു. ഞങ്ങള്‍ ഒരിക്കലും ഇജ്തിഹാദിന്റെ സ്ഥാനത്തെത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് വാദമില്ല. അല്ലാഹുവിന്റെ വിശുദ്ധ വേദഗ്രന്ഥവും നബി ﷺ യുടെ മഹനീയ ചര്യകളുമാണ് ഞങ്ങളുടെ പ്രാമാണിക മാര്‍ഗം. അതിനെ വെല്ലാന്‍ മറ്റൊന്നിനും ആവില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മദ്ഹബിന്റെ ഇമാമുമാര്‍ പറയുന്ന വീക്ഷണങ്ങളെ ഞങ്ങള്‍ സ്വീകരിക്കുന്നു. ഇതിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ ഉണ്ടായാല്‍ ഞങ്ങള്‍ അതിനെ തള്ളുകയും അടിസ്ഥാന പ്രമാണത്തിലേക്ക് മടങ്ങുകയും ചെയ്യും.

നബി ﷺ യുടെ തിരുശരീരം ഖബറില്‍ കാലഹരണപ്പെട്ടുവെന്ന് ഞങ്ങളുടെ പേരില്‍ പ്രചരിക്കുന്ന അഭിപ്രായം സത്യത്തിനെ മറച്ചുവെച്ചുകൊണ്ടുള്ള ദുഷ്പ്രചരണമാണ്. നബി ﷺ യുടെ ഖബര്‍ സന്ദര്‍ശം, ശഫാഅത്ത് ഇവയെ ഞങ്ങള്‍ നിഷേധിച്ചിട്ടില്ല. നബി ﷺ യുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നതിനെ ഞങ്ങള്‍ വിരോധിച്ചിട്ടുമില്ല, തടഞ്ഞിട്ടുമില്ല സുബഹാനല്ലാഹ്!…എന്തൊരപരാധമാണിത്.

നബി ﷺ ക്ക് അവിടുത്തെ പാരത്രിക ജീവിതത്തില്‍ ഉന്നതമായ സ്ഥാനമാനങ്ങള്‍ ഉള്ളതായി ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവിടുന്ന് അവിടുത്തെ ഖബറില്‍ ജീവിച്ചിരിക്കുന്നു. അത് ബര്‍സകിയായ ജീവിതമാണ്. ഭൗതിക ജീവിതത്തെക്കാളും ഉപരിയാണ് ആ ജീവിതം...'' ഇങ്ങനെ തുടരുന്നു ശൈഖിന്റെ വിശദീകരണങ്ങള്‍.

ശൈഖിന്റെ രചനകള്‍, അദ്ദേഹം വിവിധ ഭരണാധികാരികള്‍ക്കയച്ച കത്തുകള്‍ തുടങ്ങിയവ സൗദി അറേബ്യയിലെ റിയാദ് ഇമാം മുഹമ്മദിബിന്‍ സുഊദ് സര്‍വകലാശാലാ സമ്പൂര്‍ണ രചനകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശൈഖിന്റെ വിശ്വാസം, പ്രവര്‍ത്തനം തുടങ്ങിയ മേഖലകളെ വിശദമായി അന്വേഷിക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥങ്ങള്‍ ഒരു മുതല്‍ക്കൂട്ടാണ്.