ചങ്കില്‍ തറച്ച ചോദ്യം

എസ്.എ ഐദീദ് തങ്ങള്‍

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09

മെറ്റലിടാത്ത, പൊടി മണ്ണ് നിറഞ്ഞ, തുടരെത്തുടരെ കയറ്റിറക്കങ്ങളുള്ള റോഡുള്ള ഒരു ഗ്രാമപ്രദേശം. മലപ്പുറത്തെ തിരൂരിനടുത്ത ഒരു ഉള്‍നാട്. എന്നാല്‍ സാധാരണ ഗ്രാമം പോലെ അടുത്തടുത്ത് വീടുകളില്ല. വീടുകള്‍ തമ്മില്‍ വളരെ അകലമുണ്ട്. ഒറ്റനോട്ടത്തില്‍ അറിയാം അധികവും സമ്പന്നരുടെ വീടുകളാണെന്ന്. മറ്റു മൂന്നുപേരുടെ കൂടെയാണ് അന്ന് സ്‌കോഡ് വര്‍ക്കിന് ഇറങ്ങിയത്. ഉച്ചയാകാറായിട്ടും ഞങ്ങള്‍ പോയത് വെറും നാല് വീട്ടില്‍ മാത്രം. അഞ്ചാമത്തെ വീട് ലക്ഷ്യമാക്കി നീങ്ങുന്ന ഞങ്ങളുടെ പിന്നില്‍ നിന്ന് പെട്ടെന്നൊരു വിളി. 

''ഹേയ്... നില്‍ക്കവിടെ! എവിടേക്കാ രണ്ട് പേരും?''

ഞങ്ങള്‍ നിന്നു. പിന്നിലേക്ക് തിരിഞ്ഞു നോക്കി. അത് അല്‍പം താടിയും വലിയ തലക്കെട്ടുമുള്ള ഒരാളായിരുന്നു. 

''ഇവിടെ വഹാബിസം പ്രചരിപ്പിക്കാന്‍ വന്നതാണല്ലേ...? സുന്നികളെ മുഴുവന്‍ കാഫിറാക്കാന്‍ നടക്കുന്നവരല്ലേടാ നിങ്ങള്‍? നിങ്ങളുടെ വഹാബിസം ഇവിടെ നടക്കൂലാ...വേഗം സ്ഥലം വിട്ടോ...''

ഞങ്ങള്‍ അന്തിച്ചു നില്‍ക്കെ അടുത്തുവന്ന് അയാള്‍ ഒച്ചയിട്ടു: ''തറാവീഹ് റക്അത്തിന്റെ എണ്ണം നിങ്ങള്‍ വെട്ടിക്കുറച്ചു, കുട്ടുപ്രാര്‍ഥന വേണ്ടെന്ന് വെച്ചു, ക്വുനൂത്ത് ഒഴിവാക്കി... പോരാഞ്ഞിട്ട് ഇപ്പോള്‍ അല്ലാഹുവിന്റെ നേരെയാണ് നിങ്ങളുടെ പരിഹാസം. ഇരിക്കുന്ന അല്ലാഹു, കിടക്കുന്ന അല്ലാഹു, കയറുന്ന അല്ലാഹു, ഇറങ്ങുന്ന അല്ലാഹു... ഇനി എന്തൊക്കെ അല്ലാഹുവാടാ നിങ്ങള്‍ക്കുള്ളത്? വേഗം ഇവിടുന്ന് സ്ഥലം വിട്ടോ... ജീവന്‍ വേണമെങ്കില്‍... ഇനി ഈ വഴിക്ക് കണ്ടാല്‍ അടിച്ച് കാല് തല്ലിയൊടിക്കും.'' 

കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് എന്ത് കാര്യം! ഞങ്ങള്‍ മറുപടിയൊന്നും പറയാതെ അവിടെനിന്ന് വേഗം സ്ഥലം വിടാനൊരുങ്ങി. അയാളുടെ ആരോപണങ്ങളുടെ നിജസ്ഥിതി പ്രമാണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത കുറെ 'നാടന്മാര്‍' അയാളുടെ അലര്‍ച്ചകേട്ട് അവിടെ ഓടിയെത്തി. അവര്‍ അയാളുടെ നിലപാടില്‍ സംതൃപ്തരായിരുന്നു! അവിടെയെത്തിയ മറ്റുള്ളവരും ഏകസ്വരത്തില്‍ ഞങ്ങളോട് പറഞ്ഞത് അവിടെ നിന്ന് വേഗം സ്ഥലം വിട്ടോളാനായിരുന്നു.

കയറ്റിറക്കങ്ങള്‍ താണ്ടി ക്ഷീണിതരായ അവസ്ഥയിലായിരുന്നു ഞങ്ങളപ്പോള്‍. തിരിച്ചുപോകുന്ന കാര്യം ആലോചിക്കാന്‍ തന്നെ വയ്യ. തൊട്ടടുത്ത ഒരു പള്ളിയില്‍ നിന്ന് ദുഹ്ര്‍ ബാങ്കിന്റെ ശബ്ദം കേള്‍ക്കുന്നു. ഏതായാലും നമസ്‌കരിച്ചിട്ടാവാം ബാക്കി കാര്യം എന്ന് കരുതി അംഗശുദ്ധിവരുത്താന്‍ ചെന്നപ്പോഴാണ് ആ പള്ളിയില്‍ ജാറം ഉള്ളതായി അറിയുന്നത്. ജാറമുള്ള പള്ളിയില്‍ നമസ്‌കരിക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കി ഞങ്ങള്‍ പുറത്തിറങ്ങി. 

വുദൂഅ് ചെയ്ത ശേഷം നമസ്‌കരിക്കാതെ പോകുന്നത് കണ്ടപ്പോള്‍ അവിടെയുള്ള ഒരാള്‍ ഉത്കണ്ഠയോടെ ചോദിച്ചു: ''എന്തേ... നിസ്‌കരിക്കാതെ പോകുന്നത്?''

കുടെയുണ്ടായിരുന്ന മുനീര്‍ പറഞ്ഞു: ''ഇത് ജാറമുള്ള പള്ളിയായത് കൊണ്ടാണ്.''

അപ്പോള്‍ അയാളുടെ ചോദ്യം: ''ജാറമെന്താ നിങ്ങളെ തിന്നുകളയുമോ?'' 

''ജാറം ഞങ്ങളെ തിന്നുകയൊന്നുമില്ല. പക്ഷേ, ജാറവരുമാനം തിന്ന് ജീവിക്കുന്നവര്‍ ഇവിടെയുണ്ടല്ലോ'' എന്ന് അപ്രതീക്ഷിതമായാണ് കൂടെയുള്ള ഒരാള്‍ മറുപടി പറഞ്ഞത്. അയാള്‍ മറുത്തെന്തെങ്കിലും പറയുന്നതിന് മുമ്പ് ഞങ്ങള്‍ റോട്ടിലിറങ്ങി.

മറ്റൊരു അനുഭവം കൂടി പറയാം: ഓടിട്ട ആ വീടിന്റെ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ചാരുകസേരയിലിരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു 70നോടടുത്ത് പ്രായം തോന്നിക്കുന്ന അയാള്‍. ഞങ്ങളുടെ ശബ്ദം കേട്ട് പെട്ടെന്ന് ഞെട്ടിയുണര്‍ന്ന അയാളുടെ ക്ഷണം സ്വീകരിച്ച് ഞങ്ങള്‍ അകത്തേക്ക് കയറിയിരുന്നു. തൊട്ടടുത്ത് ഒരു മുജാഹിദ് പള്ളിയുടെ ഉദ്ഘാടനം കഴിഞ്ഞ വിവരവും അവിടെ വെള്ളിയാഴ്ച ജുമുഅ നടക്കുന്ന കാര്യവും ഞാനയാളെ ധരിപ്പിച്ചു.

കേള്‍ക്കേണ്ട താമസം അയാളുടെ പ്രതികരണം ഇതായിരുന്നു: ''അതിന് അവിടെ നടക്കുന്ന ഖുതുബ മലയാളത്തിലാകില്ലേ?''

''അതെ, അവിടെ പങ്കെടുക്കുന്നവരൊക്കെ മലയാളികളായതിനാല്‍ ഖുത്വുബ മലയാളത്തില്‍ തന്നെയായിരിക്കും'' ഞാന്‍ പറഞ്ഞു.

''നിങ്ങളുടേത് ഏത് ഇസ്‌ലാമാ? മലയാളത്തില്‍ ഖുതുബ ഓതിയാല്‍ ശരിയാകുമോ?'' അയാള്‍ തന്റെ ആശങ്കയറിയിച്ചു. 

ഞാന്‍ ചോദിച്ചു: ''നിങ്ങള്‍ ശാഫിഈ മദ്ഹബുകാരനാണോ?''

''അതെ, ഇമാമീങ്ങളെ എതിര്‍ക്കുന്ന നിങ്ങളെന്തിനാ അത് അന്വേഷിക്കുന്നത്?''

''ശാഫിഈ ഇമാം തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഖുതുബ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാവാമെന്ന്.''

''ആര് പറഞ്ഞു ശാഫി ഇമാം പറഞ്ഞെന്ന്? അദ്ദേഹം വഹാബിയൊന്നുമല്ല'' അയാളുടെ ശബ്ദം ഉയര്‍ന്നു. 

ഞാന്‍ പറഞ്ഞു: ''ഇമാം ശാഫിഈയുടെ കിതാബായ അല്‍ഉമ്മില്‍ തന്നെ പറയുന്നുണ്ട് ആ കാര്യം. ഒരാള്‍ (ഖതീബ്) ജുമുഅ ഖുത്വുബയിലും മറ്റുള്ള ഖുത്വുബകളിലും തനിക്ക് മുഖ്യആവശ്യമുള്ളതോ മറ്റുള്ളവര്‍ക്ക് മുഖ്യആവശ്യമുള്ളതോ ആയ വിഷയം (ശ്രോതാക്കളായ) ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്നതിന് യാതൊരു വിരോധവുമില്ല' എന്ന് അദ്ദേഹം അല്‍ഉമ്മില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതില്‍ വല്ല സംശയവുമുണ്ടെങ്കില്‍ നിങ്ങളുടെ ഉസ്താദുമാരോട് പോയി ചോദിക്കാവുന്നതാണ്. ഖത്വീബിന്റെ മുന്നിലിരിക്കുന്നവര്‍ ഭൂരിപക്ഷവും അറബി അറിയാവുന്നവരാണെങ്കില്‍ അറബിയില്‍ തന്നെ ഖുത്വുബ നടത്താം. ഇംഗ്ലീഷുകാരാണ് മുമ്പിലെങ്കില്‍ ഇംഗ്ലീഷില്‍ നടത്താം. അല്ലാതെ മലയാളത്തില്‍ തന്നെ നടത്തണമെന്നല്ല ഞങ്ങള്‍ പറയുന്നത്. ജനങ്ങള്‍ക്ക് തിരിയുന്ന ഭാഷയില്‍ ഉദ്‌ബോധനം നടത്തണം എന്നേ പറയുന്നുള്ളൂ.''

ഇപ്പറഞ്ഞത് വിശ്വസിക്കാനാവാതെ അന്തംവിട്ടിരിക്കുന്ന അയാളോട് ഞാന്‍ പറഞ്ഞു: ''താങ്കള്‍ക്ക് ഇപ്പോള്‍ 70 വയസ്സെങ്കിലും ആയിക്കാണുമല്ലോ. ഈ കാലയളവില്‍ താങ്കള്‍ എത്ര അറബിയിലുള്ള ഖുത്വുബ കേട്ടിരിക്കും? അതില്‍നിന്ന് എന്തെങ്കിലും ഒരു കാര്യം തിരിച്ചറിഞ്ഞ് ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ? ഖുത്വുബക്കായി ഖത്വീബ് മിമ്പറില്‍ കയറുന്നതിന് മുമ്പായി ഒരാള്‍ മരത്തിന്റെ വാളെടുത്ത് കൊണ്ട് അറബിയില്‍ ചിലത് പറയാറുണ്ടല്ലോ. ഇത്രയും വര്‍ഷത്തിനിടയില്‍ അതിന്റെ അര്‍ഥം എന്താണെന്നെങ്കിലും മനസ്സിലായിട്ടുണ്ടോ?''

അയാള്‍ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു; തനിക്കൊന്നുമറിയില്ല എന്ന ഭാവത്തില്‍. 

''ഖത്വീബ് മിമ്പറില്‍ കയറിയാല്‍ ഒരാളും സംസാരിച്ച് പോവരുത് എന്ന് അയാള്‍ പറയുന്നുണ്ട്. അത് താങ്കള്‍ ഇതുവരെ മനസ്സിലാക്കിയിട്ടുണ്ടോ?'' 

അതിനും അയാള്‍ മറുപടി പറഞ്ഞില്ല. അയാളുടെ മൗനം അയാളുടെ ഹൃദയത്തില്‍ തിരിച്ചറിവിന്റെ ഒരുതരി വെളിച്ചം കടന്നതിന്റെ അടയാളമാണോ? അറിയില്ല. പക്ഷേ, ആ ഒരു ചോദ്യം അയാളുടെ ചങ്കില്‍തന്നെ തറച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി; അയാളുടെ ഭാവവും പിന്നീടുള്ള അയാളുടെ പെരുമാറ്റവും കണ്ടപ്പോള്‍. നന്നായി ചിന്തിക്കുവാനും പഠിക്കുവാനും പറഞ്ഞ് ഞങ്ങള്‍ പടിയിറങ്ങി.