പ്രബോധനവീഥിയില്‍ നവോന്മേഷം പകര്‍ന്ന് മുജാഹിദ് ആദര്‍ശ സമ്മേളനം

എ.എം.എസ്

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09

20ാം നൂറ്റാണ്ട് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പും ശേഷവുമുള്ള കുറെ സംവല്‍സരങ്ങള്‍ കേരള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ശോചനീയമായ ഒരു കാലഘട്ടമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലമായിരുന്ന അത്. ഇസ്‌ലാമിക വിശ്വാസകാര്യങ്ങളും കര്‍മപരമായ നിയമങ്ങളും അറിയാന്‍ വേണ്ടി ക്വുര്‍ആനോ ഹദീഥോ പഠിക്കല്‍ അവരുടെ ദൃഷ്ടിയില്‍ പാടില്ലാത്തതായിരുന്നു. മതവിജ്ഞാന ശാഖകളില്‍ എത്രതന്നെ പ്രാവീണ്യം നേടിയവരായാലും ശരി 'മസ്അലകള്‍' അറിയാന്‍വേണ്ടി ക്വുര്‍ആനും ഹദീഥും അവലംബമാക്കല്‍ ഒരിക്കലും അനുവദനീയമല്ലെന്നായിരുന്നു അവരുടെ പക്ഷം. ഏതെങ്കിലുമൊരു പ്രശ്‌നത്തിന് തെളിവായി ക്വുര്‍ആന്‍ വചനം ഉദ്ധരിക്കപ്പെട്ടാല്‍ 'അത് ക്വുര്‍ആനായത്തല്ലേ, ദലീല്‍ (തെളിവ്) എവിടെ' എന്ന് ചോദിക്കുന്നവരായിരുന്നു അവര്‍. അറബി വ്യാകരണ നിയമങ്ങള്‍ക്ക് കിതാബില്‍ പറഞ്ഞ ഉദാഹരണം ക്വുര്‍ആന്‍ വചനമാണെങ്കില്‍ അതിന്റെ അര്‍ഥം പറയാനോ പഠിക്കാനോ കിതാബോതുന്ന വിദ്യാര്‍ഥികളെ അനുവദിച്ചിരുന്നില്ല. മദ്‌റസാ പ്രസ്ഥാനത്തെ നഖശിഖാന്തം എതിര്‍ത്തവരായിരുന്നു ഇക്കൂട്ടര്‍. പഠിപ്പിക്കുന്ന അധ്യാപകന്‍ നില്‍ക്കുമ്പോള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇരിക്കുന്നത് അദബ് കേടാണെന്ന് അവര്‍ വാദിച്ചിരുന്നു. 

 ഇംഗ്ലീഷ് വിദ്യാഭ്യാസം, ശുദ്ധമലയാളം സംസാരിക്കല്‍, മുസ്‌ലിം സ്ത്രീകള്‍ എഴുത്തുപഠിക്കല്‍ മുതലായ പലതും മതദൃഷ്ട്യാ നിഷിദ്ധമാണെന്ന് വാദിക്കുകയും ചെയ്തിരുന്നവര്‍ ഇപ്പോള്‍ എവിടെയെത്തിയെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച് പ്രാര്‍ഥിക്കുക, അവര്‍ക്ക് കോഴി, ആട് മുതലായവ നേര്‍ച്ചയാക്കുക, അവരുടെ 'ഹഖ്, ജാഹ്, ബര്‍കത്ത് മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നപക്ഷം അത് സ്വീകരിക്കാന്‍ അല്ലാഹു കൂടുതല്‍ ബാധ്യസ്ഥനായിത്തീരുമെന്ന വിശ്വാസത്തോടെ അങ്ങനെ പ്രാര്‍ഥിക്കുക, ക്വബ്‌റ് കെട്ടിപ്പൊന്തിക്കുക, മരിച്ചവര്‍ക്കുവേണ്ടി ക്വബ്‌റിന്‍മേല്‍ 'യാമപ്പുര'കെട്ടി ഊഴംവെച്ച് ക്വുര്‍ആന്‍ ഓത്ത് നടത്തുക, ചാവടിയന്തരം കഴിക്കുക, ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ മൂന്ന് യാസീനും സൂറത്തുദ്ദുഖാനും ഓതി 'ഉമ്മുല്‍ കിതാബി'ല്‍ എഴുതപ്പെട്ടത് മായ്ച്ച് തിരുത്തിയെഴുതാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക, മാല, മൗലീദ്, റാതീബ്, ഖുത്ബിയത്ത്, ഉറുക്കെഴുത്ത്, പിഞ്ഞാണമെഴുത്ത്, നൂല്‍ മന്ത്രിച്ചുകെട്ടല്‍ മുതലായ നാട്ടില്‍ നടപ്പുള്ള സകല അനാചാരങ്ങളും മതത്തില്‍ അനുവദനീയവും പുണ്യകര്‍മവുമാണെന്നും ഇവ മതവിരുദ്ധമാണെന്നൊ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിന്നോ ഖത്വീബ് സ്ഥാനത്തിനോ പറ്റാത്തവരും, കൊള്ളരുതാത്തവരുമാണെന്നുമൊക്കെ എഴുതുകയും പ്രസംഗിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തവരാണ് കേരളത്തിലെ സമസ്തയുടെ ആദ്യകാലപണ്ഡിതന്മാര്‍.

സകലവിധ രംഗങ്ങളിലും കേരള മുസ്‌ലിംകളെ മൂക്കുകയറിട്ട് പിന്നോട്ട് വലിച്ചവരിന്ന് നവോത്ഥാനത്തിന്റെ അവകാശവാദങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ശിര്‍ക്ക് ചെയ്യാന്‍ ക്വുര്‍ആനില്‍ തെളിവുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തൗഹീദ് അചഞ്ചലമാണെന്ന് വാചാടോപം നടത്തുകയാണ്. നവോത്ഥാനത്തിന്റെ മൊത്തക്കുത്തക തങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  

മുസ്‌ലിം കൈരളിയെ മത-ഭൗതിക രംഗങ്ങളില്‍ കൈപിടിച്ചുയര്‍ത്തി നവോത്ഥാനം സാധ്യമാക്കിയ മുജാഹിദുകളുടെ മേല്‍ വ്യാജമായ ആരോപണങ്ങള്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന സമസ്തക്കാര്‍ ഏറ്റവുമൊടുവില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു ഏകദിന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത് മുജാഹിദുകളെ തേജോവധം ചെയ്യുവാനും തങ്ങളുടെ വികലമായ ആദര്‍ശങ്ങളെ അരക്കിട്ടുറപ്പിക്കുവാനും മാത്രമായിരുന്നു. 

മുജാഹിദുകളുടെ തൗഹീദ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ സമസ്തക്കാര്‍ മുജാഹിദുകള്‍ അതിന് കൃത്യമായി മറുപടി നല്‍കിയപ്പോള്‍ ഉള്‍വലിഞ്ഞതാണ്. പിന്നീട് കോഴിക്കോട് ടൗണ്‍ ഹാളിലാണ് മുജാഹിദുകളുടെ തൗഹീദിന്റെ 'വര്‍ത്തമാനങ്ങള്‍' പരിശോധിക്കാന്‍ ഇവര്‍ പൊങ്ങുന്നത്. തങ്ങള്‍ക്കിടയില്‍ അഭ്യന്തര കലാപങ്ങള്‍ മൂര്‍ച്ഛിക്കുമ്പോള്‍ മുജാഹിദുകള്‍ക്കിട്ട് രണ്ട് ചീത്ത വിളിക്കുക എന്നത് കാലങ്ങളായി സമസ്ത പിന്തുടര്‍ന്നുവരുന്ന നയമാണ്. അതുകൊണ്ടുതന്നെ ഇതില്‍ പുതുമയൊന്നുമില്ല. മുജാഹിദുകളുടെ തൗഹീദിനെ പരിഹസിച്ചും ചോദ്യം ചെയ്തുകൊണ്ടുമാണ് സമസ്തക്കാര്‍ കോഴിക്കോട്ട് പരിപാടി സംഘടിപ്പിച്ചത്. 

നിരവധി അബദ്ധങ്ങളും തെറ്റുധരിപ്പിക്കലുമാണ് അതിലെ ഓരോ പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നിരുന്നത്. അതുകൊണ്ട് ഈ ദുഷ്പ്രചാരണത്തിനെതിരെ ഒരു ആദര്‍ശ തടയണ തീര്‍ക്കല്‍ അനിവാര്യമായിരുന്നു. അങ്ങനെയാണ് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഒക്‌ടോബര്‍ 31ന് ഒരു ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത്. 

സാമൂഹ്യ മാധ്യമങ്ങളിലൂടെ മാത്രമാണ് സമ്മേളനത്തിന്റെ പ്രചാരണം നടന്നത്. എന്നിട്ടും മുതലക്കുളത്ത് തടിച്ചുകൂടിയത് വന്‍ജനാവലിയാണ്. ഇസ്‌ലാമിന്റെ ആണിക്കല്ലായ തൗഹീദില്‍ മായം കലര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് വിളിച്ചോതും വിധം ജനങ്ങള്‍ മുതലക്കുളം മൈതാനിയില്‍ ഒത്തുചേരുകയും പ്രൗഢവും വിജ്ഞാനപ്രദവുമായ പ്രഭാഷണങ്ങള്‍ ആദ്യന്തം സാകൂതം ശ്രവിക്കുകയും ചെയ്തത് അനുഭൂതിദായകമായിരുന്നു.

മുജാഹിദുകളുടെ പ്രബോധനരംഗത്തെ വ്യതിരിക്തതയെയും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഈ രംഗത്ത് ചെയ്യുന്ന സേവനങ്ങളെയും ഓര്‍മപ്പെടുത്തിയാണ് ജനറല്‍ സെക്രട്ടറി ടി.കെ.അശ്‌റഫ് തന്റെ ഉദ്ഘാടനപ്രസംഗം നിര്‍വഹിച്ചത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാലത്തെ  സുചിന്തിതമായ നയനിലപാടുകളെക്കുറിച്ചും അതിന്റെ തുടര്‍ച്ചയായ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പ്രമാണബദ്ധമായ പ്രബോധനപ്രവര്‍ത്തനങ്ങളെയും കാലാനുസൃതവുമായ കര്‍മപരിപാടികളെയും കുറിച്ച് ചില ഓര്‍മപ്പെടുത്തലുകള്‍ അദ്ദേഹം നടത്തി. 

മൂന്ന് പ്രൗഢമായ വിഷയാവതരണങ്ങള്‍ സമ്മേളനത്തെ ധന്യമാക്കി. നവോത്ഥാന രംഗത്ത് സമസ്ത പുതിയ അവകാശവാദങ്ങളുമായി കടന്നുവരാന്‍ ശ്രമിക്കുന്നതിലെ പൊള്ളത്തരങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍നിന്ന് തെളിവ് നിരത്തി അബ്ദുല്‍ മാലിക് സലഫി തുറന്നുകാട്ടി. നവോത്ഥാന നായകരെ സമസ്തയുടെ അരികുചേര്‍ക്കാന്‍ സമസ്തക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ അര്‍ഥശൂന്യതയെ അദ്ദേഹം തുറന്നുകാട്ടി. വിദ്യാഭ്യാസം, ക്വുര്‍ആന്‍ പരിഭാഷ, ഖുത്വുബയുടെ ഭാഷ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സമസ്ത സ്വീകരിച്ചിരുന്ന ബുദ്ധിശൂന്യമായ നിലപാടുകളെ സലക്ഷ്യം തുറന്ന് കാട്ടിയപ്പോള്‍  അത് പുതുതലമുറയില്‍ പെട്ടവര്‍ക്ക് ഒരു പുത്തനറിവായി മാറി. 

ഫദ്‌ലുല്‍ ഹഖ് ഉമരി സമസ്തയുടെ വിശ്വാസങ്ങള്‍ ഏതാണ്ടെല്ലാം തന്നെ ശിയാക്കളുടെ അടുക്കല്‍നിന്ന് കടംകൊണ്ടതാണെന്ന് ശിയാ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് സമര്‍ഥിച്ചപ്പോള്‍ അത് പലര്‍ക്കും ഒരു പുത്തനറിവായിരുന്നു. ശിയാക്കളുടെ വിശ്വാസവും ആചാരവും പേറുകയും പ്രചരിപ്പിക്കുകയും എന്നിട്ട് സ്വയം അഹ്‌ലുസ്സുന്ന എന്ന് പരിചയപ്പെടുത്തുകയും ചെയ്യുന്നതിലെ വൈരുധ്യങ്ങള്‍ അദ്ദേഹം വീഡിയോ ക്ലിപ്പുകള്‍ സഹിതം സമൂഹത്തെ ബോധ്യപ്പെടുത്തി. സമൂഹത്തെ അന്ധകാരത്തിലേക്ക് പിന്‍വിളി നടത്തുന്നവര്‍ക്കുള്ള ശക്തമായ താക്കീതും മുജാഹിദുകള്‍ സ്വീകരിച്ച തൗഹീദിന്റെ പ്രോജ്വലതയും അദ്ദേഹം തന്റെ വാക്കുകളിലുടെ വ്യക്തമാക്കി. 

സകല രംഗത്തും സമസ്തയില്‍ സംഭവിച്ച പരിണാമങ്ങളുടെ വര്‍ത്തമാനങ്ങള്‍ ഏറെ ലളിതമായി വിവരിക്കുന്നതായിരുന്നു ഫൈസല്‍ മൗലവിയുടെ വിഷയാവതരണം. കലിമതുത്തൗഹീദില്‍ പോലും സമസ്ത നടത്തിയ തിരിമറികളും അവരുടെ പരിപാടിയില്‍ നടന്ന പ്രമാണങ്ങളുടെ പേരിലുള്ള കളവുകളും കയ്യോടെ പിടികൂടി അദ്ദേഹം സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി. ജാറം മൂടാന്‍ പോലും ക്വുര്‍ആനില്‍നിന്ന് ആയത്ത് ഓതിയ പുരോഹിതരുടെ പ്രമാണ ദുര്‍വ്യാഖ്യാനത്തിന്റെ ആഴം സമൂഹത്തെ ലളിതമായി ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായി. 

 സമാപന സംസാരത്തില്‍ സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി ആദര്‍ശ സമ്മേളനത്തിന്റെ ആവശ്യകതയെക്കുറിച്ചും ആദര്‍ശം ചോദ്യം ചെയ്യപ്പെടുമ്പോള്‍ തങ്ങളാല്‍ കഴിയുന്ന പ്രതികരണം വിശ്വാസികള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. 

ആദര്‍ശ പ്രബോധന രംഗത്ത് നവോന്മേഷവും ഉണര്‍വും ആത്മവിശ്വാസവും പകര്‍ന്നു നല്‍കുന്നതായിരുന്നു മുതലക്കുളം ആദര്‍ശ സമ്മേളനം. 

സമസ്തക്കാരോട് ഏതാനും ചോദ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കപ്പെടുകയുണ്ടായി. 

1. വിശുദ്ധ ക്വുര്‍ആനില്‍ ഫാതിഹയുടെ അര്‍ഥം പോലും പഠിക്കല്‍ നിര്‍ബന്ധമില്ല; പ്രത്യേക സുന്നത്ത്പോലുമില്ല എന്ന് ഇ.കെ.ഹസന്‍ മുസ്‌ലിയാര്‍ എഴുതിയത് തന്നെയാണോ സമസ്തയുടെ ഇപ്പോഴുമുള്ള നയം? അതല്ല നയത്തില്‍ മാറ്റമുണ്ടോ? 

2. ഒരു ഫിത്‌നയും ഉണ്ടാവില്ല എന്ന് ബോധ്യമുള്ള സന്ദര്‍ഭത്തില്‍ ജുമുഅ ജമാഅത്തിനായി മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിന്റെ വിധി എന്ത്?

3. ഹിജറ 400 കള്‍ക്ക് മുമ്പ് രചിക്കപ്പെട്ട അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ ഏതെങ്കിലുമൊന്ന് പൂര്‍ണമായും ഞങ്ങള്‍ അംഗീകരിക്കുന്നു എന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ?

4. നബിദിനാഘോഷവുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാമര്‍ശം ഹിജ്‌റ 500 കള്‍ക്കിടയില്‍ രചിക്കപ്പെട്ട അഹ്‌ലുസ്സുന്നയുടെ ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ കാണിക്കാമോ? 

5. നാല് ഖലീഫമാരും പ്രമുഖരായ പല താബിഉകളും നബിദിനം ആഘോഷിച്ചു എന്ന് നിങ്ങള്‍ എല്ലാ വര്‍ഷവും പ്രചരിപ്പിക്കുന്നു. അത് ശുദ്ധ കളവാണെന്ന് ഞങ്ങള്‍ പറയുന്നു. അല്ല എന്ന് നിങ്ങള്‍ക്ക് തെളിയിക്കാമോ? 

6. തറാവീഹ് 11 റക്അത്ത് ആണ് സുന്നത്ത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രവാചകന്റെ പ്രവൃത്തി അതാണ്. എന്നാല്‍ 11 റക്അത്ത് തറാവീഹ് ബിദ്അത്താണെന്ന് സമസ്തക്കാര്‍ വാദിക്കുന്നു. ഹിജ്‌റ 500ന് മുമ്പ് ഇങ്ങനെ പറഞ്ഞ ഒരു മുന്‍ഗാമിയെ ഉദ്ധരിക്കാമോ?

7. ജാറം മൂടാന്‍ തെളിവായി സൂറത്ത് യൂസുഫിലെ ഒരു വചനം കോഴിക്കോട്ടെ സമസ്തയുടെ പരിപാടിയില്‍ ഉദ്ധരിച്ചു കണ്ടു. ആ ആയത്തിെന ഇപ്രകാരം വ്യാഖ്യാനിച്ച അഹ്‌ലുസ്സുന്നയുടെ ഏത് പണ്ഡിതനാണുള്ളത്? ഈ ആയത്ത് ജാറം മൂടാന്‍ തെളിവാണെന്നത് സമസ്തയുടെ ഔദ്യോഗിക നയമാണോ? 

8. ഇലാഹാണെന്ന വിശ്വാസമില്ലാതെ ആരോട് തേടിയാലും അത് പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല എന്ന നിങ്ങളുടെ വാദം അഹ്‌ലുസ്സുന്നയുടെ മുന്‍ഗാമിയായ ഏത് പണ്ഡിതനാണ് ഉള്ളത്?

9. സ്ത്രീ അക്ഷരം പടിക്കല്‍ ശറഇല്‍ മക്‌റൂഹ് ആണെന്ന് മുന്‍ഗാമികളായ പല നേതാക്കളും മുമ്പേ പറഞ്ഞിട്ടുണ്ട് എന്ന് സമസ്തയുടെ മണ്ണാര്‍ക്കാട് പ്രമേയത്തില്‍ പറയുന്നു. ആരാണ് ആ മുന്‍ഗാമികളായ പണ്ഡിതര്‍? പേര് പറയാമോ? 

10. സൂറ മാഇദയിലെ 'വബ്തഗൂ ഇലയ്ഹില്‍ വസ്വീല' എന്ന ആയത്ത് ഇസ്തിഗാസക്ക് തെളിവായി നിങ്ങള്‍ ഉദ്ധരിച്ചു. മുന്‍ഗാമികളായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ആരാണ് ഈ ആയത്തിനെ ഇപ്രകാരം വ്യാഖ്യാനിച്ചത്?

11. ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയയെക്കുറിച്ച് പറഞ്ഞു: ശൈഖുല്‍ ഇസ്‌ലാമിനോട് വിദ്വേഷം വെച്ചുപുലര്‍ത്തുക രണ്ട് കൂട്ടരാണ്. ഒന്ന് ജാഹിലുകള്‍ അഥവാ അറിവില്ലാത്തവര്‍. മറ്റൊന്ന് പക്ഷപാതിത്തമുള്ളവര്‍. ഈ രണ്ട് കാര്യങ്ങളില്‍ സമസ്തക്കാര്‍ ഏത് വിഭാഗത്തിലാണുള്ളത്?