അറബികളുടെ അജ്ഞാനകാല ജീവിതം

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

(മുഹമ്മദ് നബിﷺ: 02)

ഇസ്‌ലാമിനു മുമ്പുള്ള അറബികളുടെ ജീവിതം വളരെ മോശമായിരുന്നു. കൂരാകൂരിരുട്ടിലും ഏറ്റവും വലിയ കുഴപ്പങ്ങളിലും മ്ലേഛ സ്വഭാവങ്ങളിലും ആറാടിയിരുന്നവരായിരുന്നു അവര്‍.

എല്ലാ മേഖലകളിലും പിശാച് അവരുടെ ജീവിതത്തെ നശിപ്പിച്ചു. തൗഹീദിനുപകരം ശിര്‍ക്കും അറിവിന് പകരം അജ്ഞതയും ഐക്യത്തിനുപകരം ഛിദ്രതയും നിര്‍ഭയത്ത്വത്തിനു പകരം ഭയവും നീതിക്കും നന്മക്കും പകരം ശത്രുതയും അക്രമവും നിറഞ്ഞതായിരുന്നു ജാഹിലിയ്യഃ (അജ്ഞാന) കാലഘട്ടം. അജ്ഞതയുടെ അങ്ങേയറ്റമായിരുന്നു അവരുടെ ജീവിതം. നീതിരഹിതമായ വിധികല്‍പിക്കലും അവസാനമില്ലാത്ത പ്രതികാരചിന്തയും കുത്തഴിഞ്ഞ ലൈംഗികതയും അവരുടെ മുഖമുദ്രയായിരുന്നു. 

സത്യനിഷേധവും ബഹുദൈവാരാധനയും അക്രമവും അവരില്‍ വ്യാപകമായിരുന്നു. കുടുംബങ്ങളും ഗോത്രങ്ങളും സമൂഹങ്ങളും ഇതില്‍നിന്ന് ഒഴിവായിരുന്നില്ല. എല്ലാ വീടുകളിലും വിഗ്രഹം. ഓരോ ഗോത്രത്തിനും വിഗ്രഹം. അല്ലാഹുവിന്ന് പുറമെ അവ ആരാധിക്കപ്പെട്ടു. 

''തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്). അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും'' (ക്വുര്‍ആന്‍ 6:159).

തിന്മകളുടെ വിവിധ മുഖങ്ങള്‍ അവരില്‍ പ്രകടമായിരുന്നു. നിഷിദ്ധങ്ങള്‍ അവര്‍ക്കിടയില്‍ സര്‍വത്രവ്യാപകം. അല്ലാഹുവിനെക്കുറിച്ച് പറയാന്‍ പാടില്ലാത്തത് അവര്‍ പറഞ്ഞു. 

''അവര്‍ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല എന്ന്'' (ക്വുര്‍ആന്‍ 6:29).

ശിര്‍ക്കില്‍ അവര്‍ അഭയം തേടി. തൗഹീദില്‍ നിന്നും ശിര്‍ക്കിലേക്കവര്‍ ഓടിയകന്നു. തൗഹീദ് നിരര്‍ഥകമാണെന്ന് അവര്‍ കരുതി. ആ ചിന്തതന്നെ അവര്‍ക്ക് വിസ്മയകരമായി തോന്നി. 

''ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ'' (ക്വുര്‍ആന്‍ 38:5).

ഇഛകളെ പിന്‍പറ്റി എല്ലാ തെറ്റുകളിലും അവര്‍ വിഹരിച്ചു. ഹറാം-ഹലാല്‍ വേര്‍തിരിവുകള്‍ അവര്‍ക്കിടയില്‍ ഇല്ലാതായി. ആരാധനകളിലും സ്വഭാവങ്ങളിലും അല്ലാഹുവിന്റെ നിയന്ത്രണ രേഖകള്‍ വിട്ടുകടന്നു. വാക്കിലും പ്രവൃത്തിയിലും ഭക്ഷണത്തിലും പാനീയത്തിലും നികാഹിലും സമ്പത്തിലും അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു. മദ്യത്തെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി അവര്‍ കണ്ടു. പുരുഷന്മാര്‍ക്ക് ഇഷ്ടംപോലെ സ്ത്രീസുഹൃത്തുക്കള്‍. സ്ത്രീകള്‍ക്ക് പുരുഷ സുഹൃത്തുക്കള്‍. വ്യഭിചാരത്തിന് സ്ത്രീകളെ നിര്‍ബന്ധിപ്പിച്ചു. പലിശ അനുവദനീയമാക്കി. ഇരട്ടിയിരട്ടിയായി പലിശ വാങ്ങി. ചത്ത ജീവികളെ അവര്‍ ഭക്ഷിച്ചു. ശവമെന്ന് പറഞ്ഞാല്‍ അല്ലാഹു അറുത്തതാണെന്ന് പിശാച് അവര്‍ക്ക് ഓതിക്കൊടുത്തു. 

അവരുടെ ഹൃദയം കടുത്തുപോയി. പെണ്‍കുട്ടികള്‍ പിറക്കുന്നത് അവര്‍ക്ക് അപമാനമായി തോന്നി. പലരും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി. 

''അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 6:137)  

ദാരിദ്ര്യഭയത്താല്‍ ജീവനോടെത്തന്നെയായിരുന്നു അവര്‍ മക്കളെ കുഴിച്ച് മൂടിയിരുന്നത്. 

''ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു''(ക്വുര്‍ആന്‍ 17:31).

സ്ത്രീകള്‍ക്ക് തീരെ സ്ഥാനം നല്‍കിയില്ല. ഉപഭോഗവസ്തുവായി  മാത്രം സ്ത്രീകളെ അവര്‍ ഉപയോഗിച്ചു. അക്രമം, കൊള്ള, കൊല, വഴിതടയല്‍... ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. പൂര്‍വപിതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊണ്ടു; അത് എത്ര മോശമാണെങ്കിലും ശരി. 

''അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)'' (ക്വുര്‍ആന്‍ 31:21).

യുദ്ധം അവര്‍ക്ക് വിനോദവും ആവേശവുമായിരുന്നു. ചതിയിലും അക്രമത്തിലും അവര്‍ അഭിമാനം കൊണ്ടു. സദസ്സുകളിലും വഴികളിലും ക്ലാസുകളിലും യുദ്ധമാഹാത്മ്യങ്ങള്‍ എടുത്തു പറഞ്ഞ് ആത്മനിര്‍വൃതിയടഞ്ഞു. ശക്തവാന്‍ ദുര്‍ബലനെ അടക്കിവാണു. രക്തച്ചൊരിച്ചില്‍ പ്രശ്‌നമല്ലായിരുന്നു അവര്‍ക്ക്. കാരണത്താലും അല്ലാതെയും യുദ്ധങ്ങള്‍ക്ക് അവര്‍ തിരികൊളുത്തി. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളും അവര്‍ക്കിടയിലുണ്ടായിരുന്നു. അവയില്‍ കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടു. പവിത്രതകള്‍ കളങ്കമാക്കപ്പെട്ടു.

എല്ലാതിന്മകളും നിഷിദ്ധങ്ങളും പിശാച് അവര്‍ക്ക് അലങ്കാരമാക്കി തോന്നിപ്പിച്ചു. മൃഗങ്ങളെക്കാള്‍ തരം താഴ്ന്നവരായി അവര്‍. 

''തീര്‍ച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്‌ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ'' (ക്വുര്‍ആന്‍ 34:20).

മതമില്ലാതെ മൃഗങ്ങളെപ്പോലെ അവര്‍ ജീവിച്ചു. നിയന്ത്രണമില്ല. കല്‍പനയില്ല. നിരോധനമില്ല 

''സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം'' (ക്വുര്‍ആന്‍ 47:12).

ദേഹേച്ഛകള്‍ അവര്‍ക്ക് സന്മാര്‍ഗമായി. സന്മാര്‍ഗത്തെ അവര്‍ ഭയപ്പെട്ടു. അതില്‍ നിന്നും ഓടിയകലാന്‍ ശ്രമിച്ചു. അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 

''നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും എന്ന് അവര്‍ പറഞ്ഞു...'' (ക്വുര്‍ആന്‍ 28:57).

സത്യത്തെ അവര്‍ വെറുത്തു. പരിഹസിച്ചു. 

''അല്ലാഹുവേ, ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക)'' (ക്വുര്‍ആന്‍ 8:32).

സുറഃ അല്‍ അന്‍ആം ഒരാവര്‍ത്തി വായിച്ചാല്‍ ജാഹിലിയ്യത്തിലെ അവസ്ഥ ഒന്നുകൂടി വ്യക്തമാകും.