സംതൃപ്തിയടഞ്ഞ ആത്മാവുമായി

എസ്.എ ഐദീദ് തങ്ങള്‍

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

(പുണ്യമണിഞ്ഞ കാല്‍പാടുകള്‍: 1)

വിവിധ കാലങ്ങളിലും ദേശങ്ങളിലും ഭാഷകളിലുമായി ഏകനായ അല്ലാഹുവെ മാത്രമെ ആരാധിക്കുവാന്‍ പാടുള്ളു, അവന് മാത്രമെ നേര്‍ച്ച വഴിപാടുകള്‍ അര്‍പിക്കുവാന്‍ പാടുള്ളൂ തുടങ്ങിയ ഇസ്‌ലാമിക സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനായി അനേകം പ്രവാചകന്മാര്‍ ലോകത്ത് നിയോഗിക്കപ്പെട്ടിട്ടുണ്ട്.  പ്രവാചക ശൃംഖല അന്തിമദൂതനായ മുഹമ്മദ് നബി ﷺ യില്‍ അവസാനിച്ചു. ഇനി ലോകാവസാനം വരെ പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുകയില്ല. 

സ്വര്‍ഗ പ്രവേശനത്തിനും നരകമുക്തിക്കും വേണ്ടി ജനങ്ങളെ ബോധവത്കരിക്കുവാന്‍ ഇനിയുള്ള ബാധ്യത മുഹമ്മദ് നബി ﷺ യുടെ അനുയായികളിലാണ് അല്‍പിതമായിരിക്കുന്നത്. വിശുദ്ധ ക്വുര്‍ആന്‍ ഇക്കാര്യം അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു: ''മനുഷ്യവംശത്തിന് വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു...'' (ക്വുര്‍ആന്‍ 3:110).

അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ വിധി വിലക്കുകള്‍ക്ക് കീഴൊതുങ്ങുകയും ചെയ്യുന്ന എല്ലാവരുടെയും ബാധ്യതയാണ് മാനവസമൂഹത്തോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത്. അല്ലാഹു പറയുന്നു:

''നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍'' (ക്വുര്‍ആന്‍ 3:104).

പ്രബോധന രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ഈ സമുദായത്തില്‍ അനുസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കേണ്ടതുണ്ട് എന്നാണ് ഈ വചനത്തിലുടെ അല്ലാഹു ഉണര്‍ത്തുന്നത്.

നബി ﷺ പറഞ്ഞു: ''നിങ്ങളിലാരെങ്കിലും ഒരു വെറുക്കപ്പെട്ട കാര്യം (ദുരാചാരം) കാണുന്ന പക്ഷം അവന്‍ തന്റെ കൈകൊണ്ടത് മാറ്റിക്കൊള്ളട്ടെ. ഇനിയതവന് അസാധ്യമാണെങ്കില്‍ അവന്റെ നാവ് കൊണ്ട് (പറഞ്ഞ് മാറ്റിക്കൊള്ളട്ടെ). ഇനി അതിനും സാധ്യമല്ലെങ്കില്‍ അവന്റെ ഹൃദയം കൊണ്ട് (അവന്‍ ആ തിന്മയെ വെറുത്ത്‌കൊള്ളട്ടെ). അതാവട്ടെ സത്യവിശ്വാസത്തില്‍ ഏറ്റവും ദുര്‍ബലമായതാകുന്നു'' (മുസ്‌ലിം)

പ്രബോധനമെന്ന ദൗത്യനിര്‍വഹണത്തിന്റെ ആവശ്യകതയെയും ഗൗരവത്തെയുമാണിത് വ്യക്തമാക്കുന്നത്. 

ഭൗതികമായ പ്രതിഫലം കാംക്ഷിക്കാതെയും ആവശ്യപ്പെടാതെയുമാണ് സര്‍വ പ്രവാചകന്‍മാരും സ്വജനതയിലേക്ക് പ്രബോധനത്തിനിറങ്ങിയതെന്ന് അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട്. ഹൂദ് നബി(അ) തന്റെ ജനതയോട് പറഞ്ഞത് കാണുക:

''ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു'' (ക്വുര്‍ആന്‍ 26:127).

മുഹമ്മദ് നബി ﷺ യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല'' 

''നബിയേ, പറയുക-ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ കൃത്രിമം കെട്ടിച്ചമക്കുന്നവരുടെ കൂട്ടത്തിലുമല്ല (ക്വുര്‍ആന്‍ 38:86).

നൂഹ് നബി(അ) പറഞ്ഞു: ''ഇനി നിങ്ങള്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. എനിക്ക് പ്രതിഫലം തരേണ്ടത് അല്ലാഹു മാത്രമാകുന്നു. (അല്ലാഹുവിന്) കീഴ്‌പെടുന്നവരുടെ കൂട്ടത്തില്‍ ആയിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്'' (ക്വുര്‍ആന്‍ 10:72).

സ്വാലിഹ് നബി(അ) പറഞ്ഞു: ''നിങ്ങളോട് ഞാന്‍ ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു'' (ക്വുര്‍ആന്‍ 26:145).

ജനങ്ങള്‍ക്ക് വെളിച്ചമെത്തിക്കുന്ന പ്രബോധകന്‍ ഭൗതികമായ ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടിയിട്ടല്ല അതിനൊരുങ്ങേണ്ടത് എന്ന് വ്യക്തം. വെയിലും മഴയും മഞ്ഞും തണുപ്പുമെല്ലാം സഹിച്ച് ഒരു വിശ്വാസി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുറപ്പെടുമ്പോള്‍ തന്റെ മുന്നില്‍ വരുന്ന യാതൊരു പ്രതിബന്ധങ്ങളും അവനൊരു പ്രശ്‌നമായി വരുന്നില്ല. തന്റെ ജീവിതവും മരണവും അല്ലാഹുവിനുവേണ്ടിയാണ് എന്നും സര്‍വശക്തനായ അവനിലാണ് താന്‍ തന്നെ ഭരമേല്‍പിച്ചിരിക്കുന്നത് എന്നുമുള്ള ബോധം അവനില്‍ ശക്തിപകരുന്നു. പോകുന്ന വഴിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമോ, ഉത്കണ്ഠയോ അവനെ ബാധിക്കുകയില്ല. സമാധാന മടഞ്ഞ ഒരു മനസ്സിനുടമയായിരിക്കും എപ്പോഴുമവന്‍. 

''ഹേ; സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക'' (ക്വുര്‍ആന്‍ 89:27-30) എന്ന അല്ലാഹുവിന്റെ മഹത്തായ വാഗ്ദാനമോര്‍ത്ത് സംതൃപ്തിയടഞ്ഞ മനസ്സായിരിക്കും എപ്പോഴും അവനുണ്ടായിരിക്കുക.

''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല''എന്ന ക്വുര്‍ആനികാധ്യാപനം ഒരുപ്രബോധകന്‍  പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങള്‍ ഉജ്വലവും മനുഷ്യമനസ്സുകളെ പരിവര്‍ത്തിപ്പിക്കാന്‍ പോന്നതുമാണ് എന്നതില്‍ സംശയമില്ല. അത് യഥാവിധി മാനവരിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് പ്രബോധകരുടെ കടമ. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അടിച്ചേല്‍പിേക്കണ്ടതല്ല മതത്തിന്റെ ആദര്‍ശം. സ്വീകരിക്കുനവാനും തള്ളിക്കളയുവാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. 

''അതിനാല്‍, (നബിയേ) നീ ഉത്‌ബോധിപ്പിക്കുക. നീ ഒരു ഉത്‌ബോധകന്‍ മാത്രമാണ്. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല'' എന്ന ക്വുര്‍ആന്‍ വചനം (88:21,22) അതാണ് നമ്മെ പഠിപ്പിക്കുന്നത്.

വ്യക്തമായി അറിവുള്ള കാര്യങ്ങള്‍ മാത്രമെ നാം പറയാന്‍ പാടുള്ളൂ. അല്ലാഹു പറയുന്നത് കാണുക: ''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 17:36).

കള്ളക്കഥകള്‍ പറഞ്ഞും വ്യാജമായി അത്ഭുത പ്രവര്‍ത്തനങ്ങള്‍ കാണിച്ചും മറ്റും മതത്തെ പരിചയപ്പെടുത്തുവാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. 

പ്രബോധകന്‍ തന്റെ നടത്തത്തില്‍ പോലും വിനയവും മാന്യതയും കാണിക്കേണ്ടതുണ്ട്. അനുവാദമില്ലാതെ അന്യവീടുകളില്‍ പ്രവേശിക്കുവാന്‍ പാടില്ല. അത് അപമര്യാദയാണെന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്) . ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 24:27-28).

കാര്യം വളരെ വ്യക്തമാണ്. സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രം അന്യവീട്ടില്‍ പ്രവേശിക്കുക; ഇല്ലെങ്കില്‍ തിരിച്ചുപോരുക. ഇതാണ് ക്വുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്.

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണാത്തതിനാല്‍ വിശ്വാസി നിരാശനാകാനും പാടില്ല. ദൗത്യനിര്‍വഹണം മാത്രമാണ് ബാധ്യത എന്ന് മനസ്സിലാക്കുക. അല്ലാഹുവാണ് വെളിച്ചം നല്‍കുന്നവന്‍. അല്ലാഹു നബി ﷺ യോട് പറയുന്നു: ''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 28:56).

''ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു'' (ക്വുര്‍ആന്‍ 6:125).

സത്യത്തിനും നീതിക്കും ഏതിര് നില്‍ക്കുന്നവരെയോ വിമര്‍ശിക്കുന്നവരെയോ തങ്ങളുടെ ശത്രുക്കളായി കണക്കാക്കുകയല്ല വേണ്ടത്. പ്രമാണങ്ങളുടെ ബലംകൊണ്ടും അത് അവതരിപ്പിക്കുന്നതിലെ ഗുണകാംക്ഷകൊണ്ടും സത്യസന്ദേശത്തിലേക്ക് അടുപ്പിക്കുന്ന രീതിയാണ് ഇസ്‌ലാമിക പ്രബോധനകന്മാര്‍ സ്വീകരിക്കേണ്ടത്.

സഹിഷ്ണുതയോടെ ഭിന്ന ആദര്‍ശക്കാരെ അഭിമുഖീകരിക്കുവാന്‍ നമുക്ക് സാധിക്കണം. വിശ്വാസത്തിന്റെ കേന്ദ്രം മനസ്സാണ്. അവിടേക്ക് എന്തിനെയും അടിച്ചുകയറ്റാന്‍ സാധ്യമല്ല. അതിനാല്‍ ഗുണകാംക്ഷയോടെയുള്ള സദുപദേശമേ നടത്താവൂ. ചിലര്‍ കേള്‍ക്കും. മറ്റു ചിലര്‍ കേട്ടെന്ന് നടിക്കും. ചിലര്‍ കടുത്ത താര്‍ക്കികരാവും. മറ്റൊരു വിഭാഗം കടുത്ത ശാഠ്യത്തിലുമായിരിക്കും. ചിലര്‍ക്ക് പരിഹാസവും പുഛവുമായിരിക്കും. തൃപ്തികരമായ പ്രതികരണവും പെരുമാറ്റങ്ങളും മാത്രമെ എല്ലാവരില്‍ നിന്നും ലഭിക്കാവൂ എന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ല.