'ഇബ്‌ലീസിന്റെ മുദ്രാവാക്യം!'

എസ്.എ ഐദീദ് തങ്ങള്‍

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

ചങ്ങരംകുളത്ത് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം നടത്തിയ  സ്‌കോഡ് വര്‍ക്കിനിടയിലാണ് ആ വീട്ടില്‍ ചെന്നത്. തന്റെ പറമ്പില്‍ കൈക്കോട്ട് കൊണ്ട് കിളക്കുകയായിരുന്നു ആ മനുഷ്യന്‍. ഞങ്ങളെ കണ്ടയുടനെ അയാള്‍ കൈക്കോട്ട് താഴെയിട്ട് ഓടിവന്നു. കൈകാല്‍ കഴുകി വൃത്തിയാക്കി വന്ന് ഞങ്ങള്‍ക്ക് കസേര നീക്കിയിട്ടുതന്നു.

''എന്ത്യേ വന്നത്?'' ഭവ്യതയോടെയുള്ള ചോദ്യം. 

''ചങ്ങരം കുളത്ത് വെച്ച് നടക്കാന്‍ പോകുന്ന മുജാഹിദ് സമ്മേളനത്തെക്കുറിച്ച് കേട്ടിരിക്കും. സമ്മേളനത്തിലേക്ക് നിങ്ങളെയും കുടുംബത്തെയും ക്ഷണിക്കാന്‍ വന്നതാ'' ഞങ്ങളുടെ മൂന്നംഗ സംഘത്തിലെ യുവാവായ മുജീബിന്റെ മറുപടി. 

''മുജാഹദുകളെപ്പറ്റി കേട്ടിട്ടുണ്ടോ?'' ഞാന്‍ ചോദിച്ചു.

''ക്വബ്ര്‍ സിയാറത്തിനെ എതിര്‍ക്കുന്നവരും ഔലിയാക്കളെ തരംതാഴ്ത്തുന്നവരും, സ്വലാത്തില്ലാത്തവരും ആണ്ടുനേര്‍ച്ചയെ എതിര്‍ക്കുന്നവരുമാണ് മുജാഹിദുകള്‍ എന്ന് ഉസ്താദുമാരുടെ പ്രസംഗങ്ങളിലൂടെ കേട്ടിട്ടുണ്ട്. വേറെ ഒന്നും അറിയില്ല.''

ഇത് പോലുള്ള പച്ചപ്പാവങ്ങളോട് കള്ളം പറഞ്ഞ് തൗഹീദിന്റെ വക്താക്കളെ പരാജയപ്പെടുത്താന്‍ പരിശ്രമിക്കുന്ന 'ഉസ്താദുമാരെ' കുറിച്ചോര്‍ത്തപ്പോള്‍ ലജ്ജ തോന്നി.

''ഉസ്താദുമാര്‍ ഇങ്ങനെ ധാരാളം കളവുകള്‍ ഞങ്ങളെ പറ്റി പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെയൊക്കെ  സത്യാവസ്ഥ എന്താണെന്നറിയാന്‍ വല്ലപ്പോഴും നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ?''

''ഹേയ്... അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. കാരണം മുസ്‌ല്യാക്കന്മാര്‍ ആരെപ്പറ്റിയും കളവ് പറയൂലാന്നാ ഞങ്ങളുടെ വിശ്വാസം. അവരെ കാണുമ്പോള്‍ തന്നെ എന്തൊരു 'ഹുറുമത്താണ്!' അവരുടെ വേഷം കണ്ടാല്‍ തന്നെ ബഹുമാനം തോന്നും. എന്നാല്‍ മുജാഹിദ് മൗലവിമാരെ കണ്ടാലോ? അവര്‍ പണ്ഡിതന്മാരാണെന്ന് അവരെ കണ്ടാല്‍ ആരെങ്കിലും പറയുമോ? പാന്റും ഷര്‍ട്ടും ഇട്ട് താടിയും വളര്‍ത്തി തലമറക്കാതെ നടക്കുന്നവര്‍... അല്ലാതെന്താ?''

''നിങ്ങള്‍ വേഷം മാത്രം നോക്കിയിട്ടാണോ വിശ്വാസികളെ വിലയിരുത്തുന്നത്?''

''അല്ല... അങ്ങനെയല്ല. എന്നാലും ഒര്...''

''മുജാഹിദുകളെപ്പറ്റി നിങ്ങളുടെ ഉസ്താദുമാര്‍ പറഞ്ഞതിന്റെ സത്യാവസ്ഥ നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ ആഗ്രഹമുണ്ട്. അല്‍പനേരം കേട്ടിരിക്കന്‍ പറ്റുമോ?'' ഞാന്‍ ചോദിച്ചു.

''ഓ, നിങ്ങള്‍ പറഞ്ഞോളിം.. ഞാനെത്രവേണമെങ്കിലും കേട്ടിരിക്കാം. പടച്ചോന്റെ ദീനല്ലേ. ഞാന്‍ അകത്തുള്ളവരെ കൂടി വിളിക്കട്ടെ'' എന്ന് പറഞ്ഞ് അയാള്‍ അകത്തേക്ക് പോയി. 

താമസിയാതെ ഒന്ന് രണ്ട് സ്ത്രീകള്‍ കേള്‍ക്കാനായി വാതിലിനടുത്ത് വന്ന് മറഞ്ഞുനിന്നു. വീട്ടില്‍ കയറി വന്നവര്‍ മുജാഹിദുകളാണെന്നറിഞ്ഞാല്‍ കയറി ഇരിക്കാന്‍ പോലും പറയാത്തവര്‍, ഒരു ലഘുലേഖകൊടുത്താല്‍ അതൊന്ന് വായിച്ച് നോക്കാന്‍ പോലും താല്‍പര്യമില്ലാത്തവര്‍, പറയുന്നതെന്താണെന്ന് കേള്‍ക്കാന്‍ മടികാണിക്കുന്നവര്‍... ഇവര്‍ക്കിടയില്‍ നാം പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യം കാണിക്കുന്ന ചിലരെങ്കിലും ഉണ്ടല്ലോ എന്നതില്‍ സന്തോഷം  തോന്നി. 

പറയുന്നത് താല്‍പര്യപൂര്‍വം കേള്‍ക്കുകയും സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നവരുണ്ടാകുന്നത്  ഏതൊരു പ്രബോധകന്റെ മനസ്സിനും ആശ്വാസം പകരുന്ന കാര്യമാണ്.

ചിലപ്പോള്‍ ആരില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടാവില്ല. പലരും മുഖം തിരിക്കും. ചിലരില്‍ നിന്നൊക്കെ ആട്ടും തൊഴിയും കിട്ടിയേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യസഹജമായ അലസതയോ തളര്‍ച്ചയോ ക്ഷീണമോ മടുപ്പോ മനസ്സിനെയും ശരീരത്തെയും പിടികൂടിയേക്കാം. 

''നിങ്ങള്‍ പറയുന്നത് ക്വബ്ര്‍ സിയാറത്ത് ചെയ്യാന്‍ പാടില്ല എന്നാണോ, പാടുണ്ട് എന്നാണോ?'' സംസാരത്തിന് അയാള്‍ തന്നെ തുടക്കം കുറിച്ചത് ഞങ്ങളില്‍ ആവേശം പകര്‍ന്നു. 

ഞാന്‍ പറഞ്ഞു:''ക്വബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ് എന്നാണ് ഞങ്ങള്‍ പറയുന്നതും പഠിപ്പിക്കുന്നതും. ഉസ്താദുമാര്‍ നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നത് യഥാര്‍ഥ ക്വബ്ര്‍ സിയാറത്തല്ല. ക്വബ്‌റാളികളോട് സഹായം തേടാന്‍ വേണ്ടിയാണ് അവര്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. ആഗ്രഹസഫലീകരണങ്ങള്‍ക്കായാണ് നിങ്ങള്‍ ക്വബ്ര്‍ സിയാറത്ത് ചെയ്യുന്നത്.  എന്നാല്‍, യഥാര്‍ഥ ക്വബ്ര്‍ സിയാറത്ത് ക്വബ്‌റിലുള്ളവരുടെ പാപമോചനത്തിന് വേണ്ടി നാം അവരുടെ ക്വബ്‌റിങ്കര്‍ ചെന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന സിയാറത്താണ്. മരണത്തെയും പരലോകത്തെയും കുറിച്ച് ഓര്‍ക്കാനും കരയാനും അത് നിമിത്തമാകും. അതാണ് നബിﷺ നമ്മെ ഉണര്‍ത്തിയിട്ടുള്ളത്. ഈ സിയാറത്താണ് മുജാഹിദുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ക്വബ്‌റിന്റെ അടുത്ത് പോയി അതില്‍ കിടക്കുന്നവരോട് പ്രാര്‍ഥിക്കാന്‍ പാടില്ല എന്നാണ് മുജാഹിദുകള്‍ പറയുന്നത്. ഇതിനെയാണ് മുജാഹിദുകള്‍ ക്വബ്ര്‍ സന്ദര്‍ശനത്തിനെതിരാണെന്ന് മുസ്‌ല്യാക്കന്മാര്‍ ദുര്‍വ്യാഖ്യാനിക്കുന്നത്.'' 

''അപ്പോള്‍, അവിടെ മറമാടപ്പെട്ട് കിടക്കുന്ന മഹാന്മാരോടൊന്നും പ്രാര്‍ഥിക്കാനും സഹായം തേടാനും പാടില്ല എന്നാണ് നിങ്ങളുടെ വിശ്വാസം. അത് അവരോടുള്ള അനാദരവല്ലേ?''

''അവരോട് പ്രാര്‍ഥിക്കുന്നതാണ് അവരോടുള്ള അനാദരവ്. കാരണം അവരാരും അങ്ങനെ ചെയ്യാന്‍ പറഞ്ഞവരല്ല. അവരോടുള്ള തേട്ടം അവര്‍ കേള്‍ക്കില്ല. കേള്‍ക്കുമെന്ന് സങ്കല്‍പിച്ചാല്‍ തന്നെ ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയില്ല. ഇത് ഞങ്ങള്‍ സ്വന്തമായി പറയുന്നതല്ല. അല്ലാഹു തന്നെ ക്വുര്‍ആനില്‍ പലസ്ഥലത്തും ഉണര്‍ത്തിയിട്ടുള്ളതാണ്.'' 

''അങ്ങനെയാണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ; പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം എന്നത് ഇബ്‌ലീസിന്റെ മുദ്രാവാക്യമാണെന്ന് ഒരു മുസ്‌ല്യാരുടെ വഅളില്‍ ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ ഇബ്‌ലീസിന്റെ  വാദമല്ലേ നിങ്ങളീ പറയുന്നത്?'' 

പൗരോഹിത്യം ചങ്ങലക്കുടുക്കില്‍ തളച്ചിട്ട ഹതഭാഗ്യരായ മനുഷ്യരുടെ ഒരു ഗതികേട് നോക്കണം! മൗലൂദിന്റെയും റാത്തീബിന്റെയും അടിയന്തിരത്തിന്റെയും സ്വലാത്ത്‌വാര്‍ഷികത്തിന്റെയും തിരുകേശത്തിന്റെയുമൊക്കെ ഇല്ലാത്ത പോരിശകള്‍ പെരുപ്പിച്ച് പറഞ്ഞ് പട്ടിണിപ്പാവങ്ങളില്‍നിന്ന് പോലും സദ്യയും കൈമടക്കും പറ്റുന്നവര്‍ക്ക് കള്ളം പറയാന്‍ എന്ത് മടി! അത് വിശ്വസിക്കാന്‍ ആളുമുണ്ടാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഈ പാവം മനുഷ്യനും അയാളുടെ നിഷ്‌കളങ്കമായ ചോദ്യവും.

ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു: ''ധിക്കാരിയായ ഇബ്‌ലീസിനെ അല്ലാഹു സ്വര്‍ഗത്തില്‍ നിന്ന് ശപിച്ച് ആട്ടിപ്പുറത്താക്കിയതാണെന്ന കാര്യം പോലും ഇവര്‍ക്ക് അറിയില്ലേ? തന്നെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയതിന്റെ പക തീര്‍ക്കാന്‍ ഇബ്‌ലീസ് പറഞ്ഞതെന്താണ്? നിന്റെ ദാസന്മാരെ നേര്‍മാര്‍ഗത്തില്‍ നിന്ന് ഞാന്‍ വഴിതെറ്റിച്ച് കൊണ്ടേയിരിക്കും എന്ന്! ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും 'പ്രാര്‍ഥന അല്ലാഹുവിന് മാത്രം' എന്ന് മുദ്രാവാക്യം മുഴക്കി കൊടിയും പിടിച്ച് ഇറങ്ങിപ്പോന്നവനാണ് ഇബ്‌ലീസ് എന്ന്! അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്നത്. അങ്ങനെയൊരു പ്രഖ്യാപനം നടത്തിയാണോ ഇബ്‌ലീസ് ഇറങ്ങിപ്പോന്നത്?

ആദം നബി(അ)ക്ക് സുജൂദ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അഹങ്കരിച്ച് അനുസരണക്കേട് കാണിച്ചവനാണ് ഇബ്‌ലീസ്. 'ഇന്ന് മുതല്‍ നിങ്ങള്‍ എനിക്ക് മാത്രം സുജൂദ് ചെയ്താല്‍ പോരാ, കൂടെ ഇനിമേല്‍ ആദമിനും സുജൂദ് ചെയ്യണം' എന്നാണോ അല്ലാഹു അന്ന് കല്‍പിച്ചത്? ഒരിക്കലുമല്ല. അല്ലാഹുവിന്റെ ആ കല്‍പന അന്നേരത്തെ ഒരു പരീക്ഷണം മാത്രമായിരുന്നു. അല്ലാഹുവിന്റെ ആ പരീക്ഷണത്തില്‍ ഇബ്‌ലീസ് പരാജയപ്പെട്ടു. മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ആദമിനു മുമ്പില്‍ തീയില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ഞാനെന്തിന് സുജൂദ് ചെയ്യണം എന്ന അഹങ്കാരമാണ് ഇബ്‌ലീസിനെ കീഴടക്കിയത്. 

സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയതിനാല്‍ അല്ലാഹുവിനോടുള്ള വെറുപ്പ് കൊണ്ടാവണമല്ലോ ഇബ്‌ലീസ്  'നിന്റെ ദാസന്മാരെയൊക്കെ ഞാന്‍ വഴിപിഴപ്പിക്കു'മെന്ന് പറഞ്ഞത്. 'നിന്നോട് മാത്രം പ്രാര്‍ഥിക്കാനേ ഞാന്‍ ജനങ്ങളോട് കല്‍പിക്കൂ' എന്നല്ലല്ലോ ഇബ്‌ലീസ് പറഞ്ഞത്. പിന്നെ, ഏത് നിലയ്ക്കാണ് പ്രാര്‍ഥന അല്ലാഹുവോട് മാത്രം എന്നത് ഇബ്‌ലീസിന്റെ വാദമാണ് എന്ന് മുസ്‌ല്യാക്കള്‍ ജല്‍പിക്കുന്നത് എന്ന്  മനസ്സിലാകുന്നില്ല.''

അയാള്‍ വീണ്ടും സംശയമുന്നയിച്ചു: ''അപ്പോള്‍ മണ്‍മറഞ്ഞുപോയ അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും ശുഹദാക്കള്‍ക്കും മമ്പുറംതങ്ങള്‍ക്കുമൊന്നും നമ്മുടെ തേട്ടം കേള്‍ക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്?''

''അതെ, അത് തന്നെയാണ് ഞങ്ങള്‍ പറയുന്നത്. ഇസ്‌ലാം അതാണ് പഠിപ്പിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ ഞാനൊരുകാര്യം പറയട്ടെ... നിങ്ങള്‍ ശരിക്ക്ചിന്തിക്കണം. അതായത്-ഒരുനാട്ടില്‍ ജനങ്ങള്‍ ഔലിയയായി എഴുന്നള്ളിച്ചിരുന്ന ഒരാള്‍ മരണപ്പെട്ടു എന്ന് കരുതുക. അവിടെ ക്വുര്‍ആനോതാന്‍ കുറെ മുസ്‌ല്യാക്കള്‍ വരും. അന്നേരം അവരോട് ചോദിക്കുക: നമ്മുടെ മുന്നില്‍ കിടക്കുന്ന ഈ ഔലിയ മരിച്ചു കഴിഞ്ഞു എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍ അയാളുടെ നാഡി പിടിച്ചുനോക്കി. മിടിപ്പില്ല. ഹൃദയമിടിപ്പും നിലച്ചിരിക്കുന്നു. സംസാരിക്കുന്നില്ല. ഇപ്പോളയാള്‍ ഒന്നും കേള്‍ക്കുന്നില്ല, കാണുന്നുമില്ല. എല്ലാ ചലനവും നിലച്ചിരിക്കുന്നു. അത്‌കൊണ്ടാണല്ലോ നിങ്ങളിവിടെ ഓതാന്‍ വന്നിരിക്കുന്നതും. അതിനാല്‍ ചോദിക്കട്ടെ; ഇപ്പോള്‍ യാതൊരു കഴിവുമില്ലാത്ത ഇയാള്‍ക്ക് എങ്ങനെയാണ് ക്വബ്‌റില്‍ മറമാടുകയും ശേഷം കല്ല്‌കൊണ്ട് പടുത്ത് സിമന്റ് തേക്കുകയും മീതെ കോണ്‍ക്രീറ്റ് കെട്ടിടം ഉണ്ടാക്കുകയും ചെയ്ത ശേഷം പഴയ കഴിവുകളൊക്കെ തിരിച്ചുവരുന്നത് എങ്ങനെയാണ്? 

ഈ കഴിവുകളൊക്കെ അവര്‍ക്ക് മരണശേഷവും ഉണ്ട് എന്ന വിശ്വാസത്താലാണല്ലോ അവരോടൊക്കെ പ്രാര്‍ഥിക്കുന്നത്. ഇത്തരം ഒരു കഴിവും അവര്‍ക്ക് ഇല്ല എന്ന് വിശ്വസിച്ച് അവരോട് പ്രാര്‍ഥിക്കാതിരുന്നാല്‍ നമുക്കെന്താണ് നഷ്ടപ്പെടാനുള്ളത്? എന്നെന്നും നിലനില്‍ക്കുന്ന എല്ലാ കഴിവുകളും ഉള്ള നമ്മുടെ സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിച്ചാല്‍ നമുക്കെന്താണ് നഷ്ടം? ഏതെങ്കിലും ഒരു വലിയ്യ്, മരണപ്പെടുന്നതിന് മുമ്പ് നമ്മോട് പറഞ്ഞിട്ടുണ്ടോ 'ക്വബ്‌റില്‍ എത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം ചെയ്യലാണ് എന്റെ ജോലി' എന്ന്? ഇല്ല, ഒരാളും അങ്ങനെ നമ്മോട് പറഞ്ഞിട്ടില്ല. സ്‌നേഹിതാ! അത്‌കൊണ്ട് സത്യം മനസ്സിലാക്കി നിങ്ങള്‍ ഒരുയഥാര്‍ഥ മുസ്‌ലിമാവാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക. സമ്മേളനത്തിന് ആന്മാര്‍ഥമായി പങ്കെടുക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ'' എന്ന് പറഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി...