വിശ്വാസികള്‍ക്കുള്ള വാഗ്ദാനങ്ങള്‍

മൂസ സ്വലാഹി, കാര

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

കര്‍മനിരതമാകണം സത്യവിശ്വാസിയുടെ ജീവിതം. സല്‍കര്‍മങ്ങള്‍ സ്രഷ്ടാവിങ്കല്‍ സ്വീകാര്യമാകുന്നതാകട്ടെ സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ വിശ്വാസത്തെ വിമലീകരിക്കല്‍ അനിവാര്യമാണ്. എന്നാല്‍ അധികപേരും വിശ്വാസ സംസ്‌കരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറില്ല. വിശ്വാസവിശുദ്ധി കാത്തുസൂക്ഷിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ ഇഷ്ടവും അല്ലാത്തവര്‍ക്ക് കോപവുമാണ് കിട്ടാനുള്ളത്. അല്ലാഹു പറയുന്നു: ''എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് ആരോ അവരുടെതായ പ്രതിഫലം അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കുകയും അവന്റെ അനുഗ്രഹത്തില്‍ നിന്ന് കൂടുതലായി അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. എന്നാല്‍ വൈമനസ്യം കാണിക്കുകയും അഹങ്കരിക്കുകയും ചെയ്തവരാരോ അവര്‍ക്കവന്‍ വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്‍ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയേയോ അവര്‍ കണ്ടെത്തുകയില്ല'' (ക്വുര്‍ആന്‍ 4:173).

സത്യവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്നവര്‍ക്ക് അല്ലാഹു ധാരാളം വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. അവയില്‍ പെട്ട ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.  

1. ഏറ്റവും വലിയ വിജയം

അല്ലാഹുവിലും പ്രവാചകന്മാരിലുമുള്ള വിശ്വാസം ഉറപ്പിച്ചവര്‍ സര്‍വസൗഭാഗ്യങ്ങള്‍ക്കും അര്‍ഹത നേടി കൈവരിക്കുന്ന ശാശ്വത വിജയമാണിത്; താല്‍ക്കാലികമായുള്ളതല്ല. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 23:1).

2. നേര്‍മാര്‍ഗം നല്‍കല്‍

അല്ലാഹു തന്റെ ഇഷ്ടദാസന്മാര്‍ക്ക് കണക്കാക്കുന്ന വിശ്വാസദൃഢതയാണിത്. സത്യത്തിലേക്ക് വഴിനടത്തലും അസത്യത്തില്‍ നിന്ന് വിട്ടുനിര്‍ത്തലും സ്വര്‍ഗപദവികള്‍ നല്‍കലും നരകത്തില്‍നിന്ന് രക്ഷപ്പെടുത്തലുമാണ് നേര്‍മാര്‍ഗം ലഭ്യമായാലുളള നേട്ടം. അല്ലാഹു പറയുന്നു: ''വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന് കീഴ്‌പെടുവാനുമാണ് (അത് ഇടയാക്കുക). തീര്‍ച്ചയായും അല്ലാഹുസത്യവിശ്വാസികളെ നേരായപാതയിലേക്ക് നയിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 22:54).

''അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 5:16).

3. യഥാര്‍ഥ സഹായം

മതത്തെ യഥാവിധി ജീവിതത്തില്‍ നിലനിര്‍ത്തി അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നവര്‍ക്ക് സഹായം നല്‍കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. മക്കാവിജയവേളയിലും മറ്റു പല നിര്‍ണായക ഘട്ടങ്ങളിലും ഈ സഹായം വിശ്വാസികള്‍ക്ക് ലഭിച്ചതായി ക്വുര്‍ആനും പ്രവാചക വചനങ്ങളും ചരിത്രവും വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ''നിനക്ക് മുമ്പ് പല ദൂതന്മാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. എന്നിട്ട് വ്യക്തമായ തെളിവുകളും കൊണ്ട് അവര്‍ (ദൂതന്മാര്‍) അവരുടെയടുത്ത് ചെന്നു. അപ്പോള്‍ കുറ്റകരമായ നിലപാട് സ്വീകരിച്ചവരുടെ കാര്യത്തില്‍ നാം ശിക്ഷാനടപടി സ്വീകരിച്ചു. വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരുന്നു'' (30:47)

''നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്...'' (ക്വുര്‍ആന്‍ 3:123).

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 47:7).

4. പ്രതാപം

അല്ലാഹുവാണ് പ്രതാപത്തിന്റെ നാഥന്‍: ''പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍നിന്നെല്ലാം എത്ര പരിശുദ്ധന്‍!'' (ക്വുര്‍ആന്‍ 37:180).

സര്‍വ പ്രതാപത്തിന്റെയും ഉടമയായ അല്ലാഹുവാണ് പ്രതാപം നല്‍കുന്നവന്‍. അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്ക് പ്രതാപവും അവനെ ധിക്കരിക്കുന്നവര്‍ക്ക് നിന്ദ്യതയുമാണ് കരഗതമാവുക. അല്ലാഹു പറയുന്നു: ''...അല്ലാഹുവിനും അവന്റെ ദൂതനും വിശ്വാസികള്‍ക്കുമാകുന്നു പ്രതാപം...'' (ക്വുര്‍ആന്‍ 63:8).

5. പ്രാതിനിധ്യവും സ്വാധീനവും

നല്ലതിനെ പ്രതിനിധീകരിക്കാനും നന്മയില്‍ സഹകരിക്കാനും കഴിയുക എന്നത് വലിയ അനുഗ്രഹമാണ്. ജീവിതത്തിന്റെ രഹസ്യ-പരസ്യ രംഗങ്ങളില്‍ ഒരുപോലെ സ്രഷ്ടാവിനെ ഭയപ്പെടുകയും വിശ്വാസവും സല്‍കര്‍മങ്ങളും കൈവിടാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന ചില വാഗ്ദാനങ്ങള്‍ കാണുക: ''നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവര്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും  അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍'' (ക്വുര്‍ആന്‍ 24:55).

6. പ്രതിരോധം

അധര്‍മം, ദുഷ്‌പ്രേരണ, അസത്യവാദം, പൈശാചിക ദുര്‍ബോധനം തുടങ്ങി തെറ്റുകുറ്റങ്ങളില്‍ നിന്നെല്ലാമുള്ള സംരക്ഷണം നല്‍കുക വഴി അല്ലാഹു തന്റെ നന്ദിയുള്ള അടിമകള്‍ക്ക് പ്രതിരോധ മേര്‍പ്പെടുത്തുന്നതാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല തീര്‍ച്ച'' (ക്വുര്‍ആന്‍ 22:38).

7. നിര്‍ഭയത്വം

സത്യമാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുക എന്നതാണ് യഥാര്‍ഥ നിര്‍ഭയത്വം. ശിര്‍ക്കിനെയാണ് ഏറെ ഭയപ്പെടേണ്ടത്. സ്വജീവിതത്തില്‍ ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന കടുത്ത അക്രമം സംഭവിക്കാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിശ്വാസത്തില്‍ ശിര്‍ക്കാകുന്ന അതിക്രമം കലര്‍ത്താത്തവര്‍ക്ക് ശിക്ഷ, ഭയം, ദൗര്‍ഭാഗ്യം എന്നിവയില്‍ നിന്നെല്ലാം അല്ലാഹു നിര്‍ഭയത്വം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു: ''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 6:82).

8. നല്ല ജീവിതം

മനുഷ്യമനസ്സുകള്‍ക്ക് സമാധാനവും സൗഖ്യവും കിട്ടുക നല്ല ജീവിതം കൊണ്ടാണ്. വിശ്വാസവും സല്‍കര്‍മവും ഒത്തുചേരുന്നവര്‍ക്ക് അല്ലാഹു ഇഹലോകത്തും പരലോകത്തും നല്‍കുന്നതാണിത്. ഉപജീവനമാര്‍ഗവിശാലതയും പരലോകത്തെ പ്രതിഫലം കാക്ഷിക്കലും ഇതിന്റെ ഫലമാണ്. അല്ലാഹു പറയുന്നു: ''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും'' (ക്വുര്‍ആന്‍ 16:97).

9. അനുഗ്രഹങ്ങള്‍ ലഭിക്കല്‍

വിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിയ ആദരവാണിത്. നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കി സൂക്ഷ്മത പാലിക്കുന്നവര്‍ക്കേ ഇതിനര്‍ഹരാകാന്‍ കഴിയൂ. അല്ലാഹു പറയുന്നു: ''ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി'' (ക്വുര്‍ആന്‍ 7:96).

10. അല്ലാഹുവിന്റെ സാമീപ്യം

വിശ്വാസത്തിലധിഷ്ഠിതമായി ജീവിതം നയിക്കുന്ന തന്റെ അടിമകള്‍ക്ക് അല്ലാഹു പ്രത്യേകം നല്‍കുന്ന സൗഭാഗ്യമാണിത്. വാക്കും പ്രവൃത്തിയും ചിന്തയും നേര്‍ദിശയില്‍ ചലിപ്പിക്കാന്‍ അല്ലാഹുവിന്റെ സഹായവും കാവലും ഇത്തരക്കാര്‍ക്കുണ്ടാകും. എണ്ണക്കുറവും ദുര്‍ബലതയും നേരിടുന്ന നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഈ അനുഗ്രഹം ഒന്നുകൂടി നിഴലിച്ച് കാണും. അല്ലാഹു പറയുന്നു: ''...അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്'' (ക്വുര്‍ആന്‍ 8:19).

ഇതെല്ലാം അല്ലാഹുവിന്റെ വാഗ്ദാനങ്ങളാണ്; വ്യാജമായ വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിപ്പിക്കുന്ന മനുഷ്യരുടെ പരസ്യവാചകങ്ങളല്ല.