ഉസ്മാനിയാ ഖിലാഫത്തിന്റെ പതനം: ഇബ്‌നു അബ്ദുല്‍വഹാബും നജ്ദികളും ഉത്തരവാദികളോ?

യൂസുഫ് സാഹിബ് നദ്‌വി

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

സത്യത്തിന്റെ പ്രബോധകരും പ്രചാരകരുമായി ഭൂമിയില്‍ കടന്നുപോയ ഉത്തമരില്‍ അത്യുത്തമരായ സച്ചരിതരായ എല്ലാ മുന്‍ഗാമികള്‍ക്കും അപവാദ പ്രചാരണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. എറ്റവും ശക്തമായ നിലയില്‍ പരീക്ഷണങ്ങളെ അഭിമുഖീകരിച്ചവര്‍ പ്രവാചകന്മാരായിരുന്നു. പിന്നീട് വിശ്വാസപരമായി അവരോടടുത്തവര്‍. പരീക്ഷണങ്ങളെ സഹനതയോടെ അഭിമുഖീകരിക്കുകയും അതിനെ അതിജയിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം എറെ മികച്ചതാെണന്ന് നബി ﷺ  ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

ഇസ്വ്‌ലാഹിന്റെയും തജ്ദീദിന്റെയും (മാര്‍ഗത്തില്‍ എറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ്യ(റഹി) ശൈഖ് ഇബ്‌നു അബ്ദുല്‍ വഹ്ഹാബ്(റഹി) എന്നിവര്‍ അനുഭവിച്ച പരീക്ഷണങ്ങളും ത്യാഗങ്ങളും എകദേശം സമാനതകള്‍ ഉള്ളതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ്യയുടെ ശത്രുക്കള്‍ നാട്ടിലെ പ്രമാണിമാരും രാജാക്കന്മാരും അതിലെല്ലാമുപരിയായി ചില രാഷ്ട്രങ്ങളുമായിരുന്നു. ശൈഖ് ഇബ്‌നുഅബ്ദുല്‍ വഹ്ഹാബിന്റെ ജീവിതവും പരീക്ഷണങ്ങളും ഇതില്‍നിന്നും വ്യത്യസ്തമല്ല. ശൈഖിന്റെ പ്രബോധനവഴിയിലെ മുഖ്യശത്രുക്കള്‍ നാട്ടിലെ പ്രമാണിമാരും പൗരോഹിത്യത്തിന്റെ മേലങ്കിയണിഞ്ഞവരുമായിരുന്നു.

മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളും ആത്മീയതയുടെ പേരിലുള്ള വാണിഭങ്ങളും എല്ലാകാലത്തും നടപ്പുള്ളതാണല്ലോ. ശൈഖ് ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ ദഅ്‌വത്തിനെതിരില്‍ പുരോഹിതന്മാരും ആത്മീയവാണിഭക്കാരും തിരിയാനുള്ള മുഖ്യകാരണം വിശദീകരണം ആവശ്യമില്ലാത്ത നിലയില്‍ വ്യക്തമാണ്. ശൈഖിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെ വ്യാപകമായപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശത്രുക്കളുടെ മുഖ്യഅജണ്ടയായിരുന്നു അപവാദ പ്രചരണങ്ങള്‍. വ്യക്തികളും സമൂഹവും ചില രാഷ്ട്രങ്ങളും വരെ ഈ അപവാദ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചു. 

ഭൂമിയില്‍ നാമമാത്രമായെങ്കിലും നിലനിന്നിരുന്ന തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിനെ അട്ടിമറിക്കാന്‍ ശൈഖ് ഇബ്‌നു അബ്ദുല്‍വഹ്ഹാബ് കൂട്ടുനിന്നുവെന്ന നട്ടാല്‍ മുളക്കാത്ത കളവ് ഈ കൂട്ടത്തില്‍ എറ്റവും സുപ്രധാനമാണ്. വ്യക്തിപരവും മതപരവുമായ വിഷയങ്ങള്‍ക്ക് വിശദീകരണം നല്‍കി ശൈഖിന്റെ പ്രബോധനത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ പോലും ഉസ്മാനിയാ ഖിലാഫത്തിനെ അട്ടിമറിക്കാന്‍ അദ്ദേഹം കൂട്ടുനിന്നുവെന്ന തരത്തിലുള്ള അപവാദ കഥകള്‍ക്ക് മുന്നില്‍ പലപ്പോഴും പതറിപ്പോകുന്നതായി കാണാന്‍ കഴിയുന്നുണ്ട്. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള പ്രതികരണങ്ങള്‍ പലപ്പോഴും കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതായി മനസ്സിക്കാന്‍ കഴിയുന്നു.

ഉസ്മാനിയാ ഖിലാഫത്തിനെ അട്ടിമറിക്കാന്‍ ശൈഖ് ഇബ്‌നു അബ്ദുല്‍വഹ്ഹാബ് ബ്രിട്ടന്റെ സഹായം തേടിയെന്നും ബ്രിട്ടന്‍, ശൈഖിനെ സാമ്പത്തികമായും സൈനികമായും സഹായിച്ചുവെന്നുമാണ് ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചുവരുന്നത്. ഇസ്‌ലാമിക ഭരണാധികാരിയോട് വിശ്വാസികള്‍ വ്യക്തിപരമായി പുലര്‍ത്തേണ്ടുന്ന വിധേയത്വവും അനുസരണവും ലംഘിച്ചതിലൂടെ ഇബ്‌നു അബ്ദുല്‍ വഹ്ഹാബ് ഇസ്‌ലാമിക സമൂഹത്തോട് വലിയ അതിക്രമമാണ് പ്രവര്‍ത്തിച്ചതെന്നും ഈ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുവരുന്നു. അബ്ദുല്‍ ഖയ്യൂം സല്ലൂം എന്ന അറബി ചരിത്രകാരനാണ് ഈ അപവാദ കഥയ്ക്ക് ചുക്കാന്‍പിടിച്ച മുഖ്യനായകന്‍. മുഹമ്മദ്ബിന്‍ സുഊദിന്റെയും പിന്നീട് മകന്‍ അബ്ദുല്‍ അസീസ് സുഊദിന്റെയും നേതൃത്വത്തില്‍ വഹ്ഹാബികള്‍ ഇസ്‌ലാമിക ഭരണകൂടത്തിനകത്ത് ഒരു സമാന്തര ശക്തിയായി നിലകൊണ്ടുവെന്നാണ് അബ്ദുല്‍ ഖയ്യൂം സല്ലൂം തന്റെ വികലചരിത്രത്തില്‍ എഴുതിവിട്ടത്. 

ശൈഖിന്റെ ഇസ്വ്‌ലാഹീ ദഅ്‌വത്തിനെ കയ്യില്‍ കിട്ടിയ ആയുധങ്ങള്‍കൊണ്ട് പ്രഹരിുവാന്‍ കാത്തുനിന്ന ഇസ്വ്‌ലാഹിന്റെയും തജ്ദീദിന്റെയും ശത്രുക്കള്‍ക്ക് ലഭിച്ചതില്‍ വെച്ച് എറ്റവും വലിയ ആയുധമായിരുന്നു ഈ കല്ലുവെച്ച നുണ. കേവലം നാമമാത്രമായിരുന്നുവെങ്കിലും നിരവധി ന്യൂനതകളും പ്രതിസന്ധികളും ഉണ്ടായിരുന്നുവെങ്കിലും ഭൂമുഖത്തെ മുസ്‌ലിം സമൂഹം തികഞ്ഞ ആദരവിലും ബഹുമാനത്തിലുമായിരുന്നു ഉസ്മാനിയാ ഖിലാഫത്തിനെ വീക്ഷിച്ചിരുന്നത്. ലോകമുസ്‌ലിം സമൂഹത്തിന്റെ മനസ്സുകള്‍ക്കുള്ളില്‍ പ്രത്യേക സ്ഥാനമാനങ്ങള്‍ നേടിയെടുത്തിരുന്ന തുര്‍ക്കിയിലെ ഇസ്‌ലാമിക ഖിലാഫത്തിനെ അട്ടിമറിക്കുവാന്‍ ഇബ്‌നു അബ്ദുല്‍ വഹ്ഹാബ് സഹകരിച്ചുവെന്ന കെട്ടുകഥക്ക് ഭൂമുഖമാസകലം ലഭിക്കുന്ന പ്രചാരണം പലപ്പൊഴും പ്രതിരോധനിരകള്‍ക്കും അപ്പുറത്തായിരിക്കുമെന്നതില്‍ സംശയമില്ല. 

തുര്‍ക്കി ആസ്ഥാനമായി നിലനിന്നിരുന്ന ഉസ്മാനിയാ ഖിലാഫത്തിനെ അട്ടിമറിക്കാന്‍ വഹ്ഹാബികള്‍ കൂട്ടുനിന്നുവെന്ന വികലചരിത്രം ഭൂമുഖത്താകമാനം പ്രചരിപ്പിക്കുവാന്‍ മുന്‍നിരയിലുണ്ടായിരുന്നത് ഇന്ത്യയിലെ ബറേല്‍വി ഗ്രൂപ്പുകളും ശിയാക്കളുമായിരുന്നു. ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ ഇസ്‌ലാഹീ ദഅ്‌വത്തിനെ എങ്ങനെയും കരിവാരിത്തേച്ച് വികലമാക്കി ചിത്രീകരിക്കല്‍ ഇവരുടെ അനിവാര്യ ദൗത്യത്തില്‍ പെട്ടതായിരുന്നു. കാരണം വ്യക്തിപൂജ, വീരാരാധന, ബഹുദൈവവിശ്വാസം, സ്വൂഫി ത്വരീക്വത്തുകള്‍, ക്വബ്ര്‍പൂജ, ജാഹിലിയ്യാ ആചാരങ്ങള്‍ തുടങ്ങി നിരവധി അന്ധവിശ്വാസ അനാചാരങ്ങള്‍ ഇബ്‌നുഅബ്ദുല്‍ വഹ്ഹാബിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി പ്രതിരോധിക്കപ്പെട്ടപ്പോള്‍ യഥാര്‍ഥ നഷ്ടം അനുഭവിക്കേണ്ടിവന്നത് ശിയാ-ബറേല്‍വി സഖ്യത്തിനായിരുന്നു. കാരണം മുകളില്‍ വിശദമാക്കിയ സകല അനാചാര അന്ധവിശ്വാസങ്ങളുടെയും ഉറവിടവും മുഖ്യഗുണഭോക്താക്കളും ഈ ഗ്രൂപ്പുകളായിരുന്നു.

ശൈഖ് ഇബ്‌നുഅബ്ദുല്‍ വഹ്ഹാബ് ഉസ്മാനിയാ ഖിലാഫത്തിന്റെ പതനത്തിനുവേണ്ടി ബ്രിട്ടന്റെ സഹായവും പിന്തുണയും സ്വീകരിച്ചുവെന്ന കഥയുടെ യാഥാര്‍ഥ്യം അന്വേഷിക്കുന്നവര്‍ ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത,് ഇസ്‌ലാമിക ഭരണാധികാരിയോട് അനുസരണയുള്ള മുസ്‌ലിം/വിശ്വാസികള്‍ പുലര്‍ത്തേണ്ടുന്ന ബാധ്യതകളെപ്പറ്റി ശൈഖിന്റെ നിലപാട് എന്തായിരുന്നുവെന്നാണ്. ഇസ്‌ലാമിക ഭരണകൂടങ്ങളോടും ഭരണാധികാരികളോടും വിശ്വാസികള്‍ സ്വീകരിക്കേണ്ട അനുസരണം, വിധേയത്വം തുടങ്ങിയ വിഷയങ്ങളില്‍ ഏറെ ആധികാരികമായും പ്രാമാണികമായും ശൈഖ് അവര്‍കള്‍ തന്റെ രചനകളിലും വിവിധ നാടുകളിലേക്ക് അയച്ച കത്തുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖിന്റെ സമ്പൂര്‍ണ രചനകളില്‍ ഈ പരാമര്‍ശം വളരെയധികം വ്യക്തമായി പലസ്ഥലങ്ങളിലും വായിക്കാനാവും. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി ഈ വിഷയത്തില്‍ ഒരക്ഷരംപോലും അദ്ദേഹം ഉരിയാടിയിട്ടില്ലെന്നതാണ് വസ്തുത.

ഹിജാസിലെ അല്‍ക്വസീം പ്രവിശ്യയിലെ ജനങ്ങള്‍ക്ക് അദ്ദേഹം അയച്ച കത്തില്‍ ഇങ്ങനെ എഴുതി: ''മുസ്‌ലിം ഭരണാധികാരി നല്ലവനാകട്ടെ മോശക്കാരനാകട്ടെ അദ്ദേഹത്തിനെ പൂര്‍ണമായും അനുസരിക്കുകയും സമ്പൂര്‍ണ വിധേയത്വം പുലര്‍ത്തുകയും ചെയ്യണമെന്നതാണ് എന്റെ അഭിപ്രായം. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് അവര്‍ വിരുദ്ധമായി പ്രവര്‍ത്തിക്കാത്ത കാലംവരെയും ഈ അവസ്ഥ തുടരണം. ഒരുവ്യക്തിയെ ഒരു സമൂഹത്തിന്റെ നേതാവായി എല്ലാവരും അംഗീകരിക്കുകയും നേതാവായി തെരെഞ്ഞെടുക്കുകയും ചെയ്താല്‍ അയാളോട് വിധേയത്വം പുലര്‍ത്തല്‍ എല്ലാവരുടെയും ബാധ്യതകളില്‍ പെട്ടതാണ്. അയാള്‍ക്കെതിരില്‍ കലാപം നയിക്കല്‍ ഇസ്‌ലാമികമായി വിലക്കപ്പെട്ടതാകുന്നു...'' (ആശയ പരിഭാഷ: ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ സമ്പൂര്‍ണ കൃതികള്‍: 5/11).

തുടര്‍ന്നും അദ്ദേഹം എഴുതുന്നു: 'സമ്പൂര്‍ണമായ ഐക്യത്തിന്റെ ഭാഗമാണ് മുസ്‌ലിം ഭരണാധികാരിയോടുള്ള പരിപൂര്‍ണ വിധേയത്വവും അനുസരണവും. എത്യോപ്യക്കാരനായ ഒരടിമയാണ് ഭരണാധികാരിയായി നിയോഗിക്കപ്പെടുന്നതെങ്കില്‍ പോലും ഇതാണ് നിലപാട്.' മുസ്‌ലിം ഭരണാധികാരി നല്ലവനായാലും ദുഷിച്ചവനായാലും അയാള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായ നിര്‍ദേശങ്ങള്‍ പ്രജകളില്‍ അടിച്ചേല്‍പിക്കാന്‍ തയ്യാറാകാത്ത സമയംവരെയും മുസ്‌ലിംകള്‍ ഭരണാധികാരികളെ അനുസരിക്കണമെന്നും വിധേയത്വം പുലര്‍ത്തണമെന്നുമാണ് ശൈഖ് ഇബ്‌നുഅബ്ദുല്‍ വഹ്ഹാബിന്റെ നിലപാട്. ഭരണകൂടങ്ങളെ അട്ടിമറിക്കാനോ അവര്‍ക്കെതിരില്‍ ഗൂഢാലോചന നടത്താനോ അവര്‍ക്കെതിരില്‍ ജനങ്ങളെ ഇളക്കിവിടാനുള്ള പ്രേരണകളോ ശൈഖിന്റെ രചനകളിലോ നിര്‍ദേശങ്ങളിലോ ഇല്ലായെന്നത് പകല്‍വെളിച്ചംപോലെ വ്യക്തമാണ്. പിന്നെ എങ്ങനെയാണ് ലോകമുസ്‌ലിം സമൂഹം ഏറെ ആദരവിലും ബഹുമാനത്തിലും വീക്ഷിച്ചിരുന്ന തുര്‍ക്കിയിലെ മുസ്‌ലിം ഖലീഫയെ അട്ടിമറിക്കാന്‍ ഇബ്‌നുഅബ്ദുല്‍ വഹ്ഹാബ് ബ്രിട്ടണുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പ്രചരിപ്പിക്കാന്‍ കഴിയുന്നത്?!

ശൈഖ് ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ പിന്‍തലമുറയിലെ പ്രഗത്ഭന്മാരായ പണ്ഡിതന്മാരാണ് ആധുനിക സുഊദി അറേബ്യയുടെ മതകാര്യരംഗത്തും ഇസ്‌ലാമിക പ്രബോധന പ്രചാരണ മേഖലയിലും മികച്ചുനില്‍ക്കുന്നവര്‍. ഭൂമിയുടെ വിവിധ കോണുകളില്‍ ജീവിക്കുന്ന മുസ്‌ലിം സമൂഹത്തിന് ഇവര്‍ നല്‍കിവരുന്ന മതപരമായ വിലയേറിയ നിര്‍േദശങ്ങള്‍ ലോകഭാഷകളില്‍ ലഭ്യമാണ്. ഭരണകൂടങ്ങളെ അട്ടിമറിക്കാനോ അവര്‍ക്കെതിരില്‍ ഗൂഢാലോചന നടത്താന്‍ പ്രേരിപ്പിക്കുന്നതോ ആയിട്ടുള്ള ഒരുവരി പോയിട്ട് മൗനാനുവാദം നല്‍കിയതായി പോലും ഇവരില്‍ എത്ര തിരഞ്ഞാലും കണ്ടെത്താനാകില്ല. 

ഭരണകൂടങ്ങള്‍ക്കെതിരില്‍ വസന്തങ്ങളെന്ന ഓമനപ്പേരില്‍ ഇസ്‌ലാമിന്റെ ശത്രുക്കളായ ബാഹ്യശക്തികളുടെ പ്രേരണയിലും സഹായത്തിലും പലരാജ്യങ്ങളിലും ഇന്നോളം അണയാത്ത കലാപങ്ങളും രക്തരൂക്ഷിത വിപ്ലവങ്ങളുമുണ്ടായിട്ടും ആ നാട്ടിലെ ഭരണാധികാരികള്‍ക്ക് വിരുദ്ധമായി ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന ഒരുനിര്‍ദേശവും സുഉൗദിയിലെ ഭരണാധികാരികളോ ഇബ്‌നു അബ്ദുല്‍ വഹ്ഹാബിന്റെ പിന്‍തലമുറക്കാരായ ആലുശൈഖുമാരോ നല്‍കിയിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിന്റെപേരില്‍ കൊട്ടാര പണ്ഡിതന്മാര്‍, ഭരണകൂടത്തിന് ഓശാന പാടുന്നവര്‍, രാജസിംഹാസനങ്ങളുടെ ചുവടുതാങ്ങുന്നവര്‍ തുടങ്ങിയ ആക്ഷേപ-പരിഹാസ പ്രയോഗങ്ങള്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളും ശിയാക്കളും കാലങ്ങളായി ഇവര്‍ക്കെതിരില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു.

ശൈഖ് ഇബ്‌നുഅബ്ദുല്‍ വഹ്ഹാബ് ബ്രിട്ടീഷ് പക്ഷക്കാരനും ഉസ്മാനിയാ ഖിലാഫത്തിന്റെ പതനത്തിന് കാരണക്കാരനുമായിരുന്നുവെന്ന് പ്രചാരണം നടത്തുന്നവര്‍ വ്യക്തമായ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് നിരവധി വസ്തുതകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുവാന്‍ സാധിക്കും. യഥാര്‍ഥത്തില്‍ ഈ ആരോപണം ഉന്നയിക്കപ്പെടുന്ന, ശൈഖ് ഇബ്‌നുഅബ്ദുല്‍ വഹ്ഹാബിന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന ഹിജാസിലെ നജ്ദും ഉസ്മാനിയാ ഖിലാഫത്തിന്റെ ആധിപത്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. ഹിജാസിലെ പല പ്രദേശങ്ങളും ഉസ്മാനിയാ ഖിലാഫത്തിന്റെ നിയന്ത്രണത്തില്‍ ആയിരുന്നുവെങ്കിലും ശൈഖ് ഇബ്‌നുഅബ്ദുല്‍വഹ്ഹാബ് ജീവിച്ചിരുന്ന നജ്ദ് ഉസ്മാനിയാ ഖിലാഫത്തിന്റെ ആധിപത്യത്തില്‍ വന്നതായി ചരിത്രപരമായ രെഖകളും ഇല്ല. കേവലം അന്ധമായ വ്യക്തി വിരോധത്തിന്റെ അടിസ്ഥാനത്തില്‍ കാടടച്ച് വെടിവെക്കുന്നവര്‍ക്ക് ആധികാരിക ചരിത്ര രേഖകളോ പ്രമാണങ്ങളോ ആശ്രയിക്കേണ്ടിവരുന്നില്ലയെന്നതാണ് പ്രത്യേകത. 

ഹിജാസിലെ ചില പ്രദേശങ്ങള്‍ ഉസ്മാനിയാ ഖിലാഫത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ആധുനിക സുഉൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്‌സായില്‍ തുര്‍ക്കി ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഉസ്മാനിയാ ഖിലാഫത്തിന് നിയന്ത്രണമുണ്ടായിരുന്നു. തുര്‍ക്കി ഖിലാഫത്തിന്റെ ചില അവശിഷ്ടങ്ങള്‍ ഇന്നും അല്‍അഹ്‌സാ പ്രദേശത്ത് സംരക്ഷിക്കപ്പെടുന്നതും ഇതിന്റെ തെളിവാണ്. സുഉൗദി അറേബ്യയുടെ ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയ പ്രമുഖ ചരിത്രകാരന്മാര്‍ പലരും ഈ വസ്തുതകള്‍ അവരുടെ രചനകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡോ. അബ്ദുല്ല അല്‍ഉസൈമീന്‍ രചിച്ച ശൈഖ് മുഹമ്മദിബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ ജീവചരിത്രത്തിലും ഈ പരാമര്‍ശങ്ങള്‍ നമുക്ക് കാണാനാകും. അദ്ദേഹം രേഖപ്പെടുത്തുന്നു: ''ശൈഖ് ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ പ്രബോധന പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് മുതല്‍തന്നെ തുര്‍ക്കികളായ ഉസ്മാനിയാ ഖിലാഫത്തിന്റെ വക്താക്കള്‍ക്ക് നജ്ദില്‍ എന്തെങ്കിലും സ്വാധീനമോ പ്രവര്‍ത്തങ്ങളോ ഉണ്ടായിരുന്നില്ല. വിവിധ നാട്ടുരാജാക്കന്മാര്‍ക്കായിരുന്നു നജ്ദിലെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം. നാട്ടുരാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും രാഷ്ട്രീയപരമായ ശാന്തിയും സമാധാനവും നിലനിന്നിരുന്നുവെന്ന് പറയാനാവും. എന്നാല്‍ ഇതിനിടയില്‍ തന്നെ നജ്ദിലെ വിവിധ ഗ്രാമങ്ങള്‍ തമ്മില്‍ പരസ്പരം പിണക്കവും പോരാട്ടവും സാധാരണമായിരുന്നു.

സുഉൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ആയിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നുബാസ്(റഹി)യോട് അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ സംഗ്രഹിക്കാം: ''ശൈഖ് ഇബ്‌നു അബ്ദുല്‍ വഹ്ഹാബ് ഉസ്മാനിയാ ഖിലാഫത്തിനെതിരില്‍ കലാപമുണ്ടാക്കിയിട്ടില്ല. ജനങ്ങളെ അതിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്തിട്ടില്ല. തുര്‍ക്കികള്‍ക്ക് നജ്ദില്‍ എന്തെങ്കിലും തരത്തിലുള്ള ആധിപത്യമോ അധികാരമോ ഉണ്ടായിരുന്നതായി എന്റെ അറിവിലോ വിശ്വാസത്തിലോ ഇല്ല. നിരവധി ചെറിയ ചെറിയ ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശമായിരുന്നു നജ്ദ്. ഗ്രാമങ്ങള്‍ എത്രതന്നെ ചെറുതായിരുന്നുവെങ്കിലും അതിനെല്ലാം സുസ്ഥിരമായ ഭരണവും ഒരു ഭരണാധികാരിയും ഉണ്ടായിരുന്നു. നജ്ദിലെ വിവിധ ഗ്രാമങ്ങള്‍ തമ്മില്‍ വഴക്കും കലഹങ്ങളും പോരാട്ടങ്ങളും സാധാരണമായിരുന്നു. യഥാര്‍ഥത്തില്‍ ശൈഖ് മുഹമ്മദ്ബിന്‍ അബ്ദുല്‍ വഹ്ഹാബ് ഉസ്മാനിയാ ഖിലാഫത്തിനെതിരില്‍ സമരംചെയ്യുകയോ അതിന് ജങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. യഥാര്‍ഥത്തില്‍ നജ്ദില്‍ നിലനിന്നിരുന്ന സാമൂഹ്യ ദുരവസ്ഥകള്‍ക്കെതിരില്‍ അദ്ദേഹം രംഗത്തുവരികയായിരുന്നു. ഇതിനുവേണ്ടി അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആത്മാര്‍ഥമായ പരിശ്രമം നിര്‍വഹിച്ചു. ആ വഴിയില്‍ അനുഭവിച്ച പരീക്ഷണങ്ങളെ അദ്ദേഹം ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശ്രമങ്ങളും ക്ഷമയും സഹനവും കാരണം ഈ പ്രബോധനപ്രവര്‍ത്തങ്ങളെ അല്ലാഹു മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു...'' 

ശൈഖ് ഇബ്‌നുഅബ്ദുല്‍ വഹ്ഹാബിന്റെ ഇസ്വ്‌ലാഹീ പ്രവര്‍ത്തങ്ങളെ തികച്ചും വികലമായ നിലയിലാണ് തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ വക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. ഇക്കാരണത്താല്‍ ശൈഖിന്റെ ഓരോ ചലനവും സംശയ ദൃഷ്ടിയോടെയാണ് ഖിലാഫത്ത് അധികാരികള്‍ വീക്ഷിച്ചത്. വികലവും തെറ്റുധാരണാജനകവുമായ റിപ്പോര്‍ട്ടുകള്‍ തുര്‍ക്കിയിലേക്ക് അയച്ചിരുന്നത് ഹിജാസിലെയും ബാഗ്ദാദിലെയും ഉസ്മാനിയാ ഖിലാഫത്തിന്റെ പ്രതിനിധികളായിരുന്നു. ഉസ്മാനിയാ ഖലീഫയുടെ ആസ്ഥാനങ്ങളില്‍ സ്ഥിരസന്ദര്‍ശകരായിരുന്ന ചില സ്വൂഫി ത്വരീക്വത്ത് നേതാക്കളിലൂടെയായിരുന്നു ഈ വാര്‍ത്തകള്‍ കൈമാറിയിരുന്നത്. പൗരാണിക നജ്ദിന്റെയും ശൈഖ് ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെയും ജീവചരിത്രം രേഖപ്പെടുത്തിയ ഡോ. ഉജൈല്‍ അന്നശ്മിയും ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. കുവൈത്തില്‍നിന്നും പ്രസിദ്ധപ്പെടുത്തുന്ന അല്‍മുജ്തമഅ് മാസികയുടെ ലക്കം 504-510ല്‍ ഇതിന്റെ വിശദീകരണം വായിക്കാനാകും.

ശൈഖ് ഇബ്‌നു അബ്ദുല്‍വഹ്ഹാബിനെ ബ്രിട്ടീഷ് സഹായത്തോടേ പ്രവര്‍ത്തിച്ചിരുന്ന വിദേശ ഏജന്റും ചാരനുമായി ചിത്രീകരിക്കാനാണ് ചിലര്‍ക്ക് ആവേശവും കൂടുതല്‍ താല്‍പര്യവും. ആരോപണങ്ങള്‍ക്ക് തെളിവുകളും രേഖകളും ആവശ്യമില്ലാത്തതിനാല്‍ ശൈഖിന്റെ മരണശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ വികല ചരിത്രങ്ങള്‍ ഇന്നും ശിയാ/ബറേല്‍വി കേന്ദ്രങ്ങള്‍ നിര്‍ലജ്ജം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക ലോകത്താകമാനം ഒരു നവോന്മേഷം കടന്നുവരാന്‍ കാരണമായ ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ പ്രബോധന പ്രവര്‍ത്തങ്ങളെ തികച്ചും സംശയത്തോടെയും പ്രതികാര മനസ്സോടെയുമായിരുന്നു ബ്രിട്ടീഷുകാര്‍ വീക്ഷിച്ചിരുന്നത്. സൂര്യനസ്തമിക്കാത്ത സാമ്ര്യാജ്യത്തിന്റെ അധിപന്മാരെന്ന പരിവേഷം ബ്രിട്ടണില്‍നിന്നും നഷ്ടപ്പെടുമോയെന്ന ഭയത്തിലായിരുന്നു ബ്രിട്ടീഷ് അധികാരികള്‍. മുസ്‌ലിംകളാല്‍ നയിക്കപ്പെട്ട എല്ലാ സംരംഭങ്ങളെയും ഇബ്‌നു അബ്ദുല്‍ വഹ്ഹാബിന്റെ ചിന്തകളിലേക്കും ചലനങ്ങളിലേക്കും ചേര്‍ത്തുകൊണ്ട് അവരെ വഹ്ഹാബികള്‍ എന്ന നാമത്തില്‍ ലോകമെമ്പാടും ബ്രിട്ടണ്‍ പരിചയപ്പെടുത്തി. 

ഇന്ത്യയിലെ മുസ്‌ലിംകളാല്‍ നയിക്കപ്പെട്ട മഹത്തായ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെ വഹ്ഹാബി തീവ്രവാദികളെന്ന് മുദ്രചാര്‍ത്തി ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതുമൊന്നും ശൈഖ് ഇബ്‌നുഅബ്ദുല്‍ വഹ്ഹാബിനോടുള്ള സ്‌നേഹവും താല്‍പര്യവും കാരണമായിട്ടായിരുന്നുവെന്ന് ഈ അഭിനവ വിചാരണക്കാര്‍ നാളെ നിര്‍വചിക്കാതിരുന്നാല്‍ ഭാഗ്യമായി. ആരോപണങ്ങളുടെ മാറാപ്പും ചുമന്നു നടക്കുന്നവര്‍ തികഞ്ഞ അന്ധതയും വിദ്വേഷവും കാരണം ശൈഖിന്റെ ജീവിതകാലവും ഉസ്മാനിയാ ഖിലാഫത്തിന്റെ പതനകാലവും തമ്മിലുള്ള കാലാന്തരമെങ്കിലും പരിശോധിക്കുവാനുള്ള സന്മനസ്സ് കാട്ടിയിട്ടില്ല. ക്രിസ്തുവര്‍ഷം 1811 കാലത്താണ് ഹിജാസിലെ നജ്ദില്‍ ശൈഖ് ഇബ്‌നു അബ്ദുല്‍ വഹ്ഹാബിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്. എന്നാല്‍ 1922 കാലത്താണ് ഉസ്മാനിയാ ഖിലാഫത്ത് ദുര്‍ബലമാകുന്നത്. രണ്ടും തമ്മില്‍ 111 വര്‍ഷത്തെ അന്തരമുണ്ടെന്ന വസ്തുത പോലും വിമര്‍ശകര്‍ വിസ്മരിക്കുന്നു!

തികച്ചും അന്ധമായ പക്ഷപാതിത്വവും വ്യക്തിവിദ്വേഷവും മാത്രമായിരുന്നു ഇബ്‌നു അബ്ദുല്‍ വഹ്ഹാബിന്റെ ഇസ്‌ലാമിക ചിന്തകളെയും പ്രവര്‍ത്തങ്ങളെയും വിമര്‍ശിക്കുവാന്‍ ചിലയാളുകളെ പ്രേരിപ്പിച്ചത്. വക്രതയില്ലാത്ത, ദുരൂഹതയില്ലാത്ത സുവ്യക്തമായ ഇസ്‌ലാമിക ചിന്തകള്‍ ഹിജാസില്‍ വ്യാപകമായാല്‍ അക്കാരണത്താല്‍ അധികാരം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടിരുന്ന നാട്ടുപ്രമാണിമാരും സ്വൂഫി ത്വരീക്വത്തുകളുടെ വക്താക്കളുമായിരുന്നു ഈ അപവാദ പ്രചാരണങ്ങളുടെ മുഖ്യപ്രചാരകര്‍. ഇന്നും ഈ അവസ്ഥ കാര്യമായ മാറ്റം സംഭവിക്കാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ ബ്രിട്ടീഷുകാര്‍ ശൈഖിന്റെ ശത്രുക്കളും ഇസ്വ്‌ലാഹീ പ്രബോധനത്തിന്റെ വ്യക്തമായ വിരോധികളും ആയിരുന്നു. ദര്‍ഇയ്യയില്‍ നടന്ന പോരാട്ടത്തില്‍ വഹ്ഹാബികളെ പരാജയപ്പെടുത്തി അവര്‍ക്കെതിരില്‍ വിജയംവരിച്ച ഇബ്‌റാഹീം ബാഷയെ അനുമോദിക്കാന്‍ ക്യാപ്റ്റന്‍ ഫോര്‍സ്റ്റര്‍ സ്റ്റാലിനെ ബ്രിട്ടീഷ് അധികാരികള്‍ ഹിജാസിലേക്ക് അയച്ചിരുന്നു. അറേബ്യന്‍ ഭൂപ്രദേശത്ത് വ്യാപകമാകാന്‍ സാധ്യതയുള്ള വഹ്ഹാബി വൈറസിനെ നിര്‍ജീവമാക്കുവാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ബ്രിട്ടണ്‍ സന്നദ്ധമാണെന്ന വിവരവും ക്യാപ്റ്റന്‍ ഫോര്‍സ്റ്റര്‍ സ്റ്റാലിന്‍ ഇബ്രാഹീം ബാഷക്ക് കൈമാറി. തുടര്‍ന്നും എല്ലാ മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന ബ്രിട്ടന്റെ നിര്‍ദേശംകൂടി ബ്രിട്ടീഷ് അധികാരികള്‍ ബാഷക്ക് കൈമാറിയ കത്തില്‍ ഉള്‍പെട്ടിരുന്നു.

കലര്‍പ്പില്ലാത്ത ഇസ്‌ലാമിന്റെ പ്രചാരകരും പ്രബോധകരുമായിരുന്ന നജ്ദിലെ പണ്ഡിതന്മാരെ കൊന്നൊടുക്കിയ ദര്‍ഇയ്യയിലെ ഇബ്‌റാഹീം ബാഷയെ എല്ലാനിലയിലും സഹായിക്കുകയും സൈനികമായി പിന്തുണക്കുകയും തുടര്‍സഹായങ്ങള്‍ വാഗ്ദാനംചെയ്യുകയും ചെയ്ത ബ്രിട്ടീഷ് ഭരണാധികാരികള്‍ പിന്നെ എങ്ങനെയാണ് ശൈഖ് മുഹമ്മദിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും പിന്തുണച്ചതെന്ന് എത്രചിന്തിച്ചിട്ടും മനസ്സിലാകാതെ പോകുന്നു. കേവലം വ്യക്തിവിരോധവും വര്‍ണാന്ധതയും ബാധിച്ചവര്‍ക്ക് മാത്രമെ മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ ഷൈഖിന്റെ ഇസ്വ്‌ലാഹീ ദഅ്‌വത്തിനെ വിമര്‍ശിക്കാനും അവമതിക്കാനും സാധിക്കുകയുള്ളുവെന്നതിന്റെ തെളിവുകളാണ് ഈ ചരിത്രരേഖകള്‍.

സ്വൂഫി/ത്വരീക്വത്തുകളെ വിമര്‍ശിക്കുകയും മുഹമ്മദ് നബി ﷺ യുടെ യഥാര്‍ഥ ത്വരീക്വത്തിലേക്ക് വഴിമാറുകയും ചെയ്യുന്നതിലാണ് വിജയമെന്ന് വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ് നജ്ദീ പണ്ഡിതന്മാര്‍. ഇസ്‌ലാമിന്റെ പേരില്‍ ക്വാദിരി, നഖ്ഷബന്തി, സുഹ്രവര്‍ദി, രിഫാഈ, ചിഷ്ത്തി, നൂറാനീ തുടങ്ങിയ നൂറുകണക്കിന് ത്വരീക്വത്ത് ഗ്രൂപ്പുകളെ പടച്ചുവിട്ടവരെ നഖശിഖാന്തം എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത നജ്ദികളെ വിമര്‍ശിക്കുവാനും അവര്‍ക്കെതിരില്‍ പ്രക്ഷോഭം സംഘടിപ്പിക്കുവാനും ശിയാ/ബറേല്‍വികള്‍ എന്നും മുന്‍നിരയിലുണ്ടാകും. എന്നാല്‍ പല വിഷയങ്ങളിലും നജ്ദികളെ വിമര്‍ശിക്കുകയും ഗ്രന്ഥരചന നടത്തുകയും ചെയ്ത ദയൂബന്ധി ചിന്താധാരയിലെ പ്രമുഖ പണ്ഡിതന്മാര്‍ക്ക് പോലും ഇബ്‌നു അബ്ദുല്‍ വഹ്ഹാബിനെതിരിലുള്ള വിമര്‍ശങ്ങളുടെ യാഥാര്‍ഥ്യം തുറന്ന് പറയേണ്ടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇതില്‍ ഏറെ പ്രാധാ്യമര്‍ഹിക്കുന്ന രചനയാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദയൂബന്ധി പണ്ഡിതന്മാരിലെ പ്രമുഖനും പ്രഗത്ഭനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ശിയാ/ബറേല്‍വികളുടെ പേടിസ്വപ്‌നവുമായിരുന്ന മൗലാനാ മന്‍സൂര്‍ അന്നുഉമാനി(റഹി)യുടെ രചന. 

ശൈഖ് ഇബ്‌നു അബ്ദുല്‍ വഹ്ഹാബിനെപ്പറ്റി ദയൂബന്ധി പണ്ഡിതന്മാര്‍ പുലര്‍ത്തിവരുന്ന അനുകൂലവും പ്രതികൂലവുമായ നിലപാടുകളെച്ചുള്ള ആധികാരികമായ രചനയാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അദ്ദേഹം എഴുതുന്നു: ''ശൈഖ് ഇബ്‌നു അബ്ദുല്‍ വഹ്ഹാബിനോടുള്ള എല്ലാ വിദ്വേഷങ്ങളും ബ്രിട്ടീഷധികാരികള്‍ ഇന്ത്യയിലും മുതലെടുപ്പിനായി വിനിയോഗിച്ചു. ബ്രിട്ടീഷ് രാജിനുമുന്നില്‍ തടസ്സമായിനിന്നവരെയെല്ലാം അവര്‍ വഹ്ഹാബികളെന്ന് മുദ്രയടിച്ചു. ദയൂബന്ധിലെ പണ്ഡിതന്മാരെപ്പറ്റിയും ബ്രിട്ടീഷ് നിലപാട് അവര്‍ വഹ്ഹാബികള്‍ ആണെന്നായിരുന്നു...'' (ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്ക് മറുപടി എന്ന മൗലാനാ മന്‍സൂര്‍ ഉമാനിയുടെ രചനയില്‍നിന്നും സംഗ്രഹിച്ചത്). 

ചുരുക്കത്തില്‍ 'വഹ്ഹാബികള്‍' എന്നത് ബ്രിട്ടീഷ് രാജിനെ അനുകൂലിക്കാത്ത എല്ലാ പ്രതികൂലികള്‍ക്കും അവര്‍ നല്‍കിയ വിളിപ്പേരായിരുന്നു. ലോകം മുഴുവനുമുള്ള ഇസ്‌ലാമിക മൂല്യങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന എല്ലാ പ്രഗത്ഭരായ മുസ്‌ലിം നേതാക്കള്‍ക്കും ഈ നാമധേയം ലഭിച്ചിട്ടുണ്ട്. ഉസ്മാനിയാ ഖിലാഫത്തിന്റെ പതനത്തിനും ഒരുനൂറ്റാണ്ട് മുമ്പായിരുന്നു ശൈഖ് ഇബ്‌നു അബ്ദുല്‍ വഹ്ഹാബ് നജ്ദില്‍ പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിനും പതിറ്റാണ്ടുകള്‍ക്ക് ശേഷം സംഭവിച്ച ഖിലാഫത്തിന്റെ പതനവുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തിപ്പറയുന്നതില്‍ കഴമ്പില്ല. ശൈഖ് ഇബ്‌നുഅബ്ദുല്‍ വഹ്ഹാബിനെയോ നജ്ദിലെ പണ്ഡിതന്മാരെയോ ബ്രിട്ടന്‍ മിത്രങ്ങളായി പരിഗണിച്ചിട്ടില്ല. നജ്ദികളെ തികച്ചും ശത്രുക്കളായിട്ടായിരുന്നു ഇംഗ്ലീഷുകാര്‍ മനസ്സിലാക്കിയത്. 

നജ്ദിലെ പ്രമുഖ പണ്ഡിതന്മാരെ കൊലപ്പെടുത്തിയ ഉസ്മാന്‍ ബിന്‍ മുഅമ്മര്‍ എന്ന നാട്ടുരാജാവിനെ പിന്തുണക്കുകയും സായുധ സഹായം നല്‍കുകയും ചെയ്ത ബ്രിട്ടന്റെ നടപടി ഇതിനുള്ള വ്യക്തമായ തെളിവായി മനസ്സിലാക്കാം. അപ്പോള്‍ പിന്നെ എന്തായിരിക്കാം ഉസ്മാനിയാ ഖിലാഫത്തിന്റെ പതനത്തിനുകാരണമായി ഭവിച്ചത്? വസ്തുതാപരമായി അന്വേഷണം നടത്തി ഉത്തരം കണ്ടെത്തേണ്ടുന്ന വിഷയമാണത്.