ഇതര മതസ്ഥരെ ആദരിക്കലും അവരെ സന്ദര്‍ശിക്കലും

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25
(ഡോ. അബ്ദുല്ല ജിബ്‌രീന്റെ 'അത്തആമുലു മഅ ഗൈരില്‍ മുസ്‌ലിമീന്‍' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പഠനം, ഭാഗം: 3)

മുഹമ്മദ് നബിﷺ എത്ര നല്ല മാതൃകയാണ് നമുക്ക് ജീവിച്ചു കാണിച്ചു തന്നത്! നബിജീവിതത്തിന്റെ നിഖില മേഖലകളിലും മനുഷ്യബന്ധം സുദൃഢമായി കാത്തു സൂക്ഷിച്ചതിന്റെ വലിയ മാതൃക കാണാനാകും. ആദരിക്കേണ്ടവരെ ആദരിച്ചും അര്‍ഹമായ പരിഗണനകള്‍ നല്‍കിയുമാണ് നബിﷺ മുന്നോട്ട് പോയത്. മനുഷ്യബന്ധങ്ങളിലെ ആദരവ് പ്രകടിപ്പിക്കുന്നിടത്ത് അവന്റെ പേരോ ജാതിയോ നോക്കി വേര്‍തിരിവ് കാണിക്കാന്‍ മതം ഒരിക്കലും പഠിപ്പിക്കുന്നില്ല.

ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാവുന്നതാണ്: ജുബൈര്‍ ബിന്‍ മുത് ഇം(റ) പറഞ്ഞു: റസൂല്‍ﷺ ബദ്റിലെ ബന്ദികളെ കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി: ''മുത്ഇം ബിന്‍ അദിയ്യ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, അദ്ദേഹമെങ്ങാനുംഎന്നോട് ഈ ബന്ദികളെ കുറിച്ച് സംസാരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനുവേണ്ടി ഞാന്‍ ഇവരെ വെറുതെ വിടുമായിരുന്നു'' (ബുഖാരി). 

മുത്ഇം വിശ്വാസിയാകാതെ മരണപ്പെട്ടുപോയ വ്യക്തിയായിരുന്നു. എന്നിട്ടും നബിﷺ എത്രമാത്രം അദ്ദേഹത്തെ ആദരിച്ചു! അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ബദ്റിലെ യുദ്ധത്തടവുകാരെ വരെ ഞാന്‍ വെറുതെ വിടുമായിരുന്നു എന്ന് പ്രഖ്യാപിച്ചതിലും മുസ്ലിംകള്‍ക്ക് എത്രവലിയ മാതൃകയുണ്ട്!

അനസ് ബിന്‍ മാലിക്(റ) നിവേദനം: ''നബിﷺക്ക് സേവനം ചെയ്തിരുന്ന ജൂതനായ ഒരു കുട്ടിയുണ്ടായിരുന്നു. അവന്‍ രോഗിയായപ്പോള്‍ നബിﷺ അവനെ സന്ദര്‍ശിക്കാന്‍ ചെന്നു. എന്നിട്ട് അവന്റെ തലക്കു സമീപം ഇരുന്ന് അവനോടായി പറഞ്ഞു: 'മോനേ, നീ മുസ്ലിമാവുക.' ആ കുട്ടി തന്റെ അടുത്തുണ്ടായിരുന്ന പിതാവിനെ നോക്കിയപ്പോള്‍ പിതാവ് മകനോട് പ്രതിവചിച്ചു: 'മോനേ, അബുല്‍ ക്വാസിമി (റസൂല്‍)നെ അനുസരിക്കുക.' അവന്‍ മുസ്ലിമായി. അവിടെ നിന്നും പുറത്തേക്ക് വന്ന പ്രവാചകന്‍ﷺ ഇപ്രകാരം പറഞ്ഞു: 'നരകശിക്ഷയില്‍ നിന്ന് അവനെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി'' (ബുഖാരി).

ഈ ജീവിത വീക്ഷണത്തിലൂടെ നബിﷺ മുസ്ലിം സമൂഹത്തെ പഠിപ്പിക്കുന്ന കാര്യമെന്തെല്ലാമാണ്? മുസ്ലിമല്ലാത്ത ഒരു വ്യക്തിയുടെ സഹായം ജീവിതാവശ്യങ്ങള്‍ക്കായി തേടുന്നതില്‍ അപാകതയില്ല. അവരുടെ ജീവിതക്ലേശങ്ങളില്‍ സാന്ത്വനം പകരല്‍ വിശ്വാസിയുടെ ബാധ്യതയാണ്.

ഏതൊരു സന്ദിഗ്ധ സന്ദര്‍ഭത്തിലും ആത്യന്തിക വിജയത്തിന്റെ വഴി തന്റെ സഹജീവിക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ ശ്രദ്ധ കാണിക്കണം. സത്യസന്ധമായി പ്രബോധനം നടത്തിയാല്‍ അല്ലാഹുവിന്റെ സഹായത്താല്‍ ആരും ഹിദായത്തിലേക്ക് വരാം. എത്ര നല്ല സന്ദര്‍ഭങ്ങള്‍... എത്ര നല്ല മാതൃകകള്‍...

ഇതര മതവിശ്വാസികളോട് അടുപ്പം കാണിക്കല്‍

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം: അബൂ സുഫ്യാന്‍ അദ്ദേഹത്തോട് ഒരു സംഭവം പറയുകയുണ്ടായി. അബൂ സുഫ്യാനും കുറച്ച് ക്വുറൈശികളുംഒരിക്കല്‍ ശാമില്‍ കച്ചവടാവശ്യാര്‍ഥം എത്തിയപ്പോള്‍ റോമാ ചക്രവര്‍ത്തി ഹിര്‍ഖല്‍ അവരുടെ അടുത്തേക്ക് തന്റെ ദൂതന്മാരെ വിട്ട് അവരെ തന്റെ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയുണ്ടായി. ഒട്ടേറെ മഹത്തുക്കളിരിക്കുന്ന തന്റെ രാജസദസ്സിലേക്ക് അവരെ കൊണ്ടുവന്നു. പിന്നീട് അവരുടെ സംസാരം പരിഭാഷപ്പെടുത്താനായി ദ്വിഭാഷിയെയും എത്തിച്ചു. എന്നിട്ട് രാജാവ് ചോദിച്ചു: ''നിങ്ങളില്‍ ആരാണ് പ്രവാചകനാണെന്ന് വാദിക്കുന്ന മനുഷ്യനു(മുഹമ്മദ്)മായി അടുത്ത കുടുംബബന്ധമുള്ളത്?''

അപ്പോള്‍ അബൂസുഫ്യാന്‍ മറുപടി പറഞ്ഞു: ''ഞാനാണ് അയാളുമായി ഏറ്റവും അടുത്ത ബന്ധമുള്ളവന്‍.'' രാജാവ് അദ്ദേഹത്തെ അടുത്തേക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ദൂതന്മാര്‍ അബൂസുഫ്‌യാനെ രാജാവിന്റെ തൊട്ടടുത്തേക്ക് നിര്‍ത്തി. എന്നിട്ട് ദ്വിഭാഷി മുഖേനെ അബുസുഫ്യാനോടായി നബിﷺയെ പറ്റി ചോദിക്കുന്നു. അബൂസുഫ്യാന്‍ മറുപടി പറയുന്നതില്‍ വല്ല കളവുമുണ്ടെങ്കില്‍ പിറകില്‍ നില്‍ക്കുന്ന ക്വുറൈശികള്‍ക്ക് അവ ചൂണ്ടിക്കാട്ടാമെന്നു പറഞ്ഞു.

അബൂസുഫ്യാന്‍(റ) പറയുന്നു: ''മറ്റുള്ളവര്‍ ഞാന്‍ പറഞ്ഞതില്‍ കളവുണ്ടെന്ന് മുഹമ്മദ് നബിയോട് പറയുമായിരുന്നില്ലെങ്കില്‍ ഞാന്‍ അയാളെ കുറിച്ച് കളവ് തന്നെ പറയുമായിരുന്നു.'' പിന്നീട് ഹിര്‍ഖല്‍ എന്നോട് മുഹമ്മദിനെ കുറിച്ച് ചോദിച്ചു. ''അദ്ദേഹത്തിന്റെ കുടുംബപാരമ്പര്യം എങ്ങനെയാണ്?'' ഞാന്‍ പറഞ്ഞു: ''അദ്ദേഹം ഉന്നത കുലജാതനാണ്.'' ഹിര്‍ഖല്‍ ചോദിച്ചു ''അദ്ദേഹത്തിന് മുമ്പ് നിങ്ങളില്‍ ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ വാദിച്ചിരുന്നോ?'' ഞാന്‍ പറഞ്ഞു: ''ഇല്ല.'' ''അദ്ദേഹത്തിന്റെപിതാക്കന്മാരില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ?''

''ഇല്ല.''

''അദ്ദേഹത്തെ പിന്‍പറ്റുന്നത് അധമരോ ഉന്നതരോ?''

''അധമരാണ് കൂടുതലും.''

''അവര്‍ വര്‍ധിക്കുന്നുവോ, അതോ കുറയുന്നുവോ?''

''വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.''

''അദ്ദേഹത്തിന്റെ മതത്തില്‍ നിന്ന് ആരെങ്കിലും ക്ഷുഭിതരായി പുറത്ത് വരുന്നുണ്ടോ?''

''ഇല്ല.''

''അദ്ദേഹം കരാര്‍ ലംഘിക്കാറുണ്ടോ?''

''ഇല്ല, ഒരുപാട് കാലമായി ഞങ്ങള്‍ക്കിടയില്‍ അത്തരംഅനുഭവങ്ങളില്ല.'' (ഇതല്ലാതെ മറ്റൊന്നും പറയാന്‍ എനിക്കായില്ല).

''അദ്ദേഹം നിങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ?''

''അതെ!''

''എത്ര കാലമായിരുന്നു നിങ്ങള്‍ക്കിടയിലുള്ള പോരാട്ടം?''

''ഞങ്ങള്‍ക്കിടയിലുള്ള യുദ്ധം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ ജയിച്ചിട്ടുണ്ട്, ചിലപ്പോള്‍ അവര്‍ വിജയിച്ചിട്ടുണ്ട്.''

''എന്താണ് അദ്ദേഹം നിങ്ങളോട് കല്‍പിക്കുന്നത്?''

''അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ ഒരു വസ്തുവിനെയും പങ്കുചേര്‍ക്കരുതെന്നും പുര്‍വ പിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ മാറ്റിനിര്‍ത്തണമെന്നും നമസ്‌കാരം, സത്യസന്ധത, കുടുംബബന്ധം, മാന്യത ഇവയൊക്കെ നിലനിര്‍ത്തണമെന്നുമാണ് കല്‍പിക്കുന്നത്.''

അദ്ദേഹം കളവ് പറയാറുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നാണല്ലോ മറുപടി. മനുഷ്യരുടെ വിഷയത്തില്‍ കളവ് പറയാത്ത ഒരാള്‍ അല്ലാഹുവിന്റെ കാര്യത്തില്‍ കളവ് പറയുമോ? അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ ഉന്നതരോ, അധമരോ എന്നതിന്റെ മറുപടി അധമരെന്നല്ലേ? ശരിയാണ്! പ്രവാചകന്മാരുടെ അനുയായികള്‍ ദുര്‍ബലരും താഴേക്കിടയിലുള്ളവരുമായിരിക്കും. അവര്‍ വര്‍ധിക്കുന്നുവോ കുറയുന്നുവോ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി വര്‍ധിക്കുന്നുവെന്നല്ലേ? ശരിയാണ്! വിശ്വാസം വര്‍ധിച്ചുകൊണ്ടേയിരിക്കും; അത് പൂര്‍ണമാകുന്നത് വരെ. ആരെങ്കിലും മതപരിത്യാഗം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നുത്തരം കിട്ടിയില്ലേ? ശരിയാണ്! അപ്രകാരമാണ് ഈമാനിന്റെ മാധുര്യം അനുഭവിച്ചാല്‍ സംഭവിക്കുക.

അദ്ദേഹം ചതിക്കാറില്ല എന്നും പറഞ്ഞില്ലേ? ദൈവദൂതന്മാരുടെ മാതൃകയാണത്. അവര്‍ ചതിക്കില്ല. അദ്ദേഹം കല്‍പിക്കുന്നത് ഏകദൈവാരാധനയും വിരോധിക്കുന്നത് ബഹുദൈവത്വവും ശിര്‍ക്കുമാണല്ലോ. നമസ്‌കാരവും സത്യസന്ധതയും മാന്യതയും അദ്ദേഹം കല്‍പിക്കുകയും ചെയ്യുന്നു.

എന്നിട്ട് ഹിര്‍ഖല്‍ അബൂസുഫ്യാനോടായി പറഞ്ഞു: ''താങ്കള്‍ പറയുന്നത് സത്യമാണെങ്കില്‍, അദ്ദേഹം ഞാന്‍ നില്‍ക്കുന്ന ഈ പ്രദേശം അടക്കം ഉടമപ്പെടുത്തും. എനിക്കറിയാമായിരുന്നു, ഒരു ദൈവദൂതന്റെ ഉയിര്‍പിനെ കുറിച്ച്. പക്ഷേ, അദ്ദേഹം നിങ്ങളില്‍ (അറബികള്‍) നിന്നാകുമെന്ന് ഞാന്‍ നിനച്ചതേയില്ല.''

ഹിര്‍ഖല്‍ ദ്വിഭാഷിയോടായി പറഞ്ഞു: ''നാം അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉന്നതകുലജാതനെന്ന മറുപടി കിട്ടി. അതെ, ശരിയാണ്! പ്രവാചകന്മാര്‍ ആ സമൂഹത്തിലെ മാന്യമായ കുടുംബങ്ങളിലാണ് ഭൂജാതരാകാറുള്ളത്.''

''അദ്ദേഹത്തിന്റെ കുടുംബത്തിലെ പൂര്‍വികരാരെങ്കിലും ഇത്തരം കാര്യങ്ങള്‍ നേരത്തെ വാദിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടിയാണ് കിട്ടിയത്. അല്ലാത്തപക്ഷം തന്റെ പൂര്‍വികര്‍ വാദിച്ചത് അതേപടി പിന്‍പറ്റുകയാണയാള്‍ എന്ന് പറയാമായിരുന്നു.''

''അദ്ദേഹത്തിന്റെ പ്രപിതാക്കളില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ എന്ന് ചോദിച്ചപ്പോഴും നമുക്ക് മറുപടി കിട്ടിയത് 'ഇല്ല' എന്നത്രെ. അല്ലാത്തപക്ഷം പൂര്‍വികരുടെ അധികാരക്കസേര തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ ഇളം തലമുറക്കാരന്‍ എന്ന് നമുക്ക് പറയാമായിരുന്നു.''

''എനിക്ക് അദ്ദേഹത്തിനടുത്തേക്ക് എത്താന്‍ സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കാണുക തന്നെ ചെയ്യുമായിരുന്നു. ഞാന്‍ അദ്ദേഹത്തിനടുെത്തത്തിയിരുന്നെങ്കില്‍ ഞാന്‍ ആ പാദങ്ങള്‍ കഴുകുമായിരുന്നു.''

അബൂ സുഫ്യാന്‍ തുടരുന്നു: ''പിന്നീട് ഹിര്‍ഖല്‍, നബിﷺ കൊടുത്തയച്ച സന്ദേശം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. ദിഹ്‌യത്തുല്‍ കല്‍ബി(റ)യുടെ അടുക്കലായിരുന്നു നബിﷺ ആ സന്ദേശം കൊടുത്തയച്ചിരുന്നത്. എന്നിട്ട് അദ്ദേഹം അത് വായിച്ചു: ''പരമ കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

ഇത് ദൈവദൂതനായ മുഹമ്മദ് ബിന്‍ അബ്ദുല്ലയില്‍ നിന്ന് റോമാ ചക്രവര്‍ത്തിയായ ഹിര്‍ഖലിനുള്ള സന്ദേശം. നേര്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ, ഇസ്ലാമിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു. താങ്കള്‍ മുസ്ലിമാവുക. എങ്കില്‍ താങ്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും. അല്ലാഹു താങ്കള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കും. താങ്കള്‍ ഈ സത്യസന്ദേശം സ്വീകരിക്കാതെ പിന്‍മാറുകയാണെങ്കില്‍ അതിന്റെ ശിക്ഷ താങ്കള്‍ അനുഭവിക്കേണ്ടിവരും. (എന്നിട്ട് ക്വുര്‍ആനിലെ ഈ വചനം ചേര്‍ത്തിരിക്കുന്നു:)

''(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (ക്വുര്‍ആന്‍ 3:64).

അബൂസുഫ്യാന്‍ തുടരുന്നു: ''ഹിര്‍ഖലിനു മുന്നില്‍ പ്രവാചകസന്ദേശം വായിച്ചു തീര്‍ന്നപ്പോഴേക്കും വലിയ ബഹളവും ഒച്ചപ്പാടും തുടങ്ങി. ആളുകളുടെ ശബ്ദം ഉയര്‍ന്നു. ഞങ്ങള്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു. അപ്പോള്‍ ഞാന്‍ എന്റെ കൂട്ടത്തിലൊരാളോടായി പറഞ്ഞു. ആ ഇബ്നു അലി കബ്ശയുടെ വാക്കുകള്‍ രാജാവിന് വലിയ മതിപ്പുണ്ടാക്കിയിരിക്കുന്നു, അവനെ റോമാചക്രവര്‍ത്തി ഭയപ്പെടുന്നതു പോലെ തോന്നും. അല്ലാഹു എന്നെ മുസ്ലിമാക്കി മാറ്റുന്നതുവരെ എനിക്കുറപ്പായിരുന്നു അദ്ദേഹം (റസൂല്‍) ശത്രുക്കളെയെല്ലാം അതിജയിക്കും എന്ന്.''

ബൈത്തുല്‍ മുക്വദ്ദസിലെ ഹിര്‍ഖലിന്റെ പ്രതിനിധിയായ ഇബ്നുനാത്വൂര്‍ പറയുന്നു: ''ഹിര്‍ഖല്‍ ബൈത്തുല്‍ മുക്വദ്ദസിലെത്തിയ ഒരു ദിവസം രാവിലെ ഉന്മേഷമില്ലാതെ കാണപ്പെട്ടു. അദ്ദേഹത്തിന്റെ കൂടിയാലോചനാ സമിതി അംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തോട് ഇത് നേരിട്ട് പറയുകയും ചെയ്തു.''

അപ്പോള്‍ ഹിര്‍ഖല്‍ അവനോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ''ഇന്നലെ ഞാന്‍ പ്രശ്നം വെച്ച് നോക്കിയപ്പോള്‍ ഖിതാന്‍ (ചേലാകര്‍മം) ചെയ്ത ഒരു പുതിയ രാജാവിന്റെ രംഗപ്രവേശം ശ്രദ്ധയില്‍പെട്ടു. ആരാണ് ഇവിടെ ഖിതാന്‍ (ചേലാകര്‍മം) ചെയ്യുന്ന കൂട്ടര്‍?'' അവര്‍ പറഞ്ഞു: ''യഹൂദികള്‍ മാത്രമാണത് ചെയ്യാറുള്ളത്. അവര്‍ നമ്മള്‍ക്കൊരു ശത്രുവാകാന്‍ മാത്രം ശേഷിയുള്ളവരുമല്ല, താങ്കളൊന്ന് കല്‍പിച്ചാല്‍ അവരെ നമുക്ക് നിഷ്‌കാസനം ചെയ്യാവുന്നതേയുള്ളൂ.'' ഇതിനിടയിലാണ് ഹിര്‍ഖലിനടുത്തേക്ക് ഒരാളെ ഗസ്സാന്‍ രാജാവിന്റെ ദൂതുമായി എത്തിക്കുന്നത്. (അത് അദിയ്യ്ബ്നു ഹാത്വിം ആണെന്നാണ് ചരിത്രപക്ഷം. ബസ്വറയിലെ ഹാരിഥുല്‍ ഗസ്സാനി നബിയുടെ ദൂതുമായി അദ്ദേഹത്തെ ഹിര്‍ഖലിനടുത്തേക്കയച്ചതായിരുന്നു. അദിയ്യ് ആ സമയത്ത് മുസ്ലിമായിരുന്നില്ല).

ദൂതന്‍ നബിയെ കുറിച്ചുള്ള വിവരങ്ങള്‍ ഹിര്‍ഖലിനെ ധരിപ്പിച്ചു. ഹിര്‍ഖല്‍ അയാളെ പിടിച്ചുകെട്ടി ചേലാകര്‍മം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഉത്തരവിട്ടു. അതെ, എന്നുത്തരം കിട്ടിയപ്പോള്‍ അദിയ്യ് പറഞ്ഞു: ''അറബികള്‍ ഇപ്രകാരം ചെയ്യാറുണ്ട്.'' ഉടനെ ഹിര്‍ഖല്‍ പ്രതികരിച്ചു: ''ഞാന്‍ മനസ്സിലാക്കുന്ന രാജാവ് അദ്ദേഹം തന്നെ.'' പിന്നെ റൂമിയയിലെ തന്റെ സതീര്‍ഥ്യന് അദ്ദേഹം കത്തെഴുതി; കൂടുതല്‍ പഠിക്കാന്‍. ശാമിലെ ഹിംസ് പട്ടണത്തിലേക്ക് ഹിര്‍ഖല്‍ പുറപ്പെടുകയും ചെയ്തു. ഹിംസിലെത്തുന്നതിന് മുമ്പ് തന്നെ റോമാ രാജാവിന്റെ ദൂത് കിട്ടി. അദ്ദേഹം (മുഹമ്മദ്) നബി തന്നെ! ഹിംസിലെ കൊട്ടാരത്തിലെത്തി ഹിര്‍ഖല്‍ മുറിയില്‍ പ്രവേശിച്ചു. പ്രധാനികളെയെല്ലാം വിളിച്ചു വരുത്തി അദ്ദേഹം റോമാ ജനതയോടു പറഞ്ഞു: ''നിങ്ങള്‍ക്ക് വിജയവും വിവേകവും സ്ഥിരമായ രാജഭരണവും വേണമെങ്കില്‍ നിങ്ങള്‍ ഈ പ്രവാചകന് (മുഹമ്മദിന്) ബൈഅത്ത് (കരാര്‍) ചെയ്യുക.'' ഉടനെ ജനങ്ങള്‍ വിറളി പിടിച്ച കാട്ടുകഴുതകളെ പോലെ ഇളകിയാര്‍ത്തു. ഇത് കണ്ടു ഹിര്‍ഖല്‍ തന്റെ കവാടം കൊട്ടിയടച്ചു. അയാള്‍ക്ക് മനസ്സിലായി തന്റെ ജനത ഈ സത്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന്. കുറച്ച് കഴിഞ്ഞ് വാതില്‍ തുറന്ന അദ്ദേഹം അവരോട് പറഞ്ഞത് ''നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തോട് എത്രമാത്രം കൂറുണ്ടെന്ന് ഞാന്‍ പരിക്ഷിച്ചതല്ലേ'' എന്നാണ്! അപ്പോള്‍ അവര്‍ ഒന്നടങ്കം അദ്ദേഹത്തിനു മുമ്പില്‍ സാഷ്ടാഗം ചെയ്തു. ഇതായിരുന്നു ഹിര്‍ഖലിന്റെ, ചരിത്രത്തിലെ അവസാന രംഗം'' (ബുഖാരി, മുസ്ലിം)

ഈ സംഭവത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് എത്രയെത്ര കാര്യങ്ങളാണ്! നബിﷺയോട് ഈര്‍ഷ്യതയും അങ്ങേയറ്റത്തെ ശത്രുതയുമുണ്ടായിട്ടും അബൂസുഫ്‌യാന് നബിയെ പറ്റി നല്ലത് പറയേണ്ടി വന്നു. ആ പറഞ്ഞ കാര്യങ്ങളാകട്ടെ മാനവികതയെ ഊട്ടിയുറപ്പിക്കുന്ന മുത്തുകളും പവിഴങ്ങളുമാകുന്ന വാചകങ്ങള്‍. നബിജീവിതം ഇന്നത്തെ മുസ്ലിമിനെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നതും ഇതു തന്നെ. (അവസാനിച്ചില്ല)

0
0
0
s2sdefault