റമദാനും ബിദ്അത്തുകളും

ലുക്ക്മാനുല്‍ ഹക്കീം.ഇ

2018 മെയ് 26 1439 റമദാന്‍ 10

ഭൂമിലോകങ്ങളുടെ സൃഷ്ടിപ്പ്കാലം തൊട്ടേ അല്ലാഹു വര്‍ഷങ്ങളും മാസങ്ങളും നിര്‍ണയിച്ചിട്ടുണ്ടെന്നതാണ്  ക്വുര്‍ആനികാധ്യാപനം. കാരുണ്യവാനായ രക്ഷിതാവിന്റെ അലംഘനീയമായ ആ തീരുമാനം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചില സമയങ്ങള്‍ക്കും ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പവിത്രത നല്‍കി എന്നതും അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ പെട്ടതാണ്. വിശ്വാസികള്‍ക്ക് പുണ്യം കരഗതമാക്കുവാനും അറിഞ്ഞും അറിയാതെയും സംഭവിച്ചുപോയ തിന്മകള്‍ പൊറുക്കപ്പെടുവാനും സുകൃതം പ്രവര്‍ത്തിച്ച് സ്വര്‍ഗപ്പൂന്തോപ്പിന്റെ ഉടമകളായിമാറുവാനും അത്തരം പുണ്യമാസങ്ങളും അനുഗൃഹീത ദിനരാത്രങ്ങളും സമയങ്ങളും മുഖേന സാധ്യമാകുന്നു. ആ ദിവസങ്ങളുടെയും മാസങ്ങളുടെയും സമയങ്ങളുടെയും നിര്‍ണയാവകാശം അല്ലാഹുവിന് മാത്രമാണ്. അല്ലാഹുവും അവന്റെ റസൂലും അറിയിച്ച് തന്നതില്‍ നിലകൊള്ളുന്നവരാകണം സത്യവിശ്വാസികള്‍. അതാണ് അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിച്ച് ജീവിക്കുന്ന ഒരു വിശ്വാസിക്ക് കരണീയമായിട്ടുള്ളത്.

ഇവ്വിധം, അല്ലാഹു തന്റെ അടിമകള്‍ക്ക് പുണ്യം കരസ്ഥമാക്കാന്‍ ഒരുക്കിവെച്ച മാസമാണ് പരിശുദ്ധ റമദാന്‍. വ്രതാനുഷ്ഠാനവും രാത്രി നമസ്‌കാരവും ദിക്‌റുകളും മറ്റുമായി ആരാധനയില്‍ മുഴുകുന്ന വിശ്വാസികള്‍ തന്നെ പ്രമാണങ്ങള്‍ പഠിപ്പിക്കാത്ത പല പ്രവര്‍ത്തനങ്ങളിലും ഏര്‍പെട്ട് വഴിതെറ്റിപ്പോകുന്നതായി നാം കാണുന്നു. ഖേദകരമെന്ന് പറയട്ടെ, ഇത്തിക്കണ്ണി പോലെ പിഴുതെറിയാനാവാത്ത വിധം അത്തരം അനാചാരങ്ങള്‍ സമൂഹത്തില്‍ വേരൂന്നുകയും ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ പ്രചുര പ്രചാരം നേടിയ ഏതാനും ചില പുത്തനാചാരങ്ങളെയാണ് ഇതില്‍ വിശകലനവിധേയമാക്കുന്നത്. 

 

1. റമദാന്‍ പുല്‍കുവാന്‍ പ്രത്യേക പ്രാര്‍ഥന

ഇന്ന് വ്യാപകമായി കാണുന്ന ഒരു കാര്യമാണ് റമദാനിലേക്കെത്തിച്ചേരുവാന്‍ ഒരു പ്രത്യേക പ്രാര്‍ഥന. റജബ് മാസത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍, ചില പള്ളികളില്‍ നടത്തപ്പെടുന്ന നമസ്‌കാരാനന്തര കൂട്ടുപ്രാര്‍ഥനയിലും മറ്റു പ്രാര്‍ഥനാ സദസ്സുകളിലുമെല്ലാം വ്യാപകമായി ഇത് നമുക്ക് കേള്‍ക്കാന്‍ സാധിക്കും. ഇതിന് മതത്തില്‍ പ്രമാണമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടു വന്ന ഏക റിപ്പോര്‍ട്ട് നമുക്ക് ഇങ്ങനെ വായിക്കാം:

അനസ്(റ)വില്‍ നിന്ന് നിവേദനം: ''നബി ﷺ  റജബ് മാസത്തിലേക്ക് പ്രവേശിച്ചാന്‍ ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു: 'അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും റമദാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ.'' ഇമാം അഹ്മദും ബൈഹക്വിയും ത്വബ്‌റാനിയുമെല്ലാം ഉദ്ധരിക്കുന്ന പ്രസ്തുത റിപ്പോര്‍ട്ട് നബി ﷺ യിലേക്ക് കുറ്റമറ്റ രീതിയില്‍ കണ്ണിചേര്‍ന്ന് എത്തിയിട്ടില്ല എന്ന കാരണത്താല്‍ ദുര്‍ബലമാണെന്നാണ് ഹദീഥ് നിദാന ശാസ്ത്രത്തിലെ അഗ്രഗണ്യരായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. മേല്‍ സൂചിപ്പിച്ച റിപ്പോര്‍ട്ടില്‍ സാഇദത്ബിന്‍ അബിര്‍റുക്ക്വാദ് എന്ന വ്യക്തിയുണ്ടെന്നതാണ് ന്യൂനതയായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പ്രസ്തുത വ്യക്തി അസ്വീകാര്യമായ ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നയാളാണ്  എന്നാണ് ഇമാം ബുഖാരിയും ഇമാം നസാഈയും ഇബ്‌നു ഹജറുമെല്ലാം അഭിപ്രായപ്പെട്ടിട്ടുള്ളത്. (താരീഖുല്‍ കബീര്‍:(1445) 3/433, തക്വ്ബുത്തഹ്ദീഥ് (981) പേജ്: 213).

ആയതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ട് ദുര്‍ബലവും നബി ﷺ യില്‍ നിന്ന് സ്ഥിരപ്പെടാത്തതുമാണ്. അതിനാല്‍ തന്നെ, പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ടതാണെന്ന നിലയില്‍ ഈ പ്രാര്‍ഥന ഉരുവിടുന്നത് ബിദ്അത്തും പ്രവാചകന്റെ പേരില്‍ കളവ് കെട്ടിച്ചമക്കലുമായിരിക്കും. ഒരു സ്വഹാബി പ്രാര്‍ഥനയിലെ പദം മാറ്റി ഉച്ചരിച്ചത് ശ്രദ്ധയില്‍പ്പെട്ട വേളയില്‍ അത് തിരുത്താന്‍ പ്രവാചകന്‍ ﷺ  ആവശ്യപ്പെട്ടതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം. എങ്കില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്ത ഇത്തരം പ്രാര്‍ഥനകള്‍ ഉരുവിടുകയും ശീലമാക്കുകയും ചെയ്യുന്നത് എത്ര ഗുരുതരമായിരിക്കും!

 

2. സംഘം ചേര്‍ന്ന് നിയ്യത്ത് ഉരുവിടല്‍

ഐഛികമായതും നിര്‍ബന്ധമായതുമായ വ്രതാനുഷ്ഠാനത്തിനും മറ്റേത് കര്‍മങ്ങളെയും പോലെ നിയ്യത്ത് നിര്‍ബന്ധമാണ്. എപ്പോഴാണ് നിയ്യത്ത് കരുതേണ്ടത് എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിര്‍ബന്ധ നോമ്പുകള്‍ക്ക് സുബ്ഹിന് മുമ്പും ഐഛിക നോമ്പുകള്‍ക്ക് ഉച്ചക്ക് മുമ്പുമായി നിയ്യത്ത് എടുത്താല്‍ മതി എന്നതാണ് പ്രബലാഭിപ്രായം.

നിയ്യത്തുമായി ബന്ധപ്പെട്ട് ചില പുത്തന്‍ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കണ്ടുവരുന്നു. ചില പ്രത്യേക വചനങ്ങള്‍ സ്വീകരിക്കുക, ഇശാഅ് നമസ്‌കാര ശേഷം സംഘം ചേര്‍ന്നിരുന്ന് ഒരു വ്യക്തി ചൊല്ലിക്കൊടുത്ത് മറ്റുള്ളവര്‍ ഏറ്റ് ചൊല്ലുക തുടങ്ങിയവ ഉദാഹരണം.  

ഇന്ന് സമൂഹത്തില്‍ വ്യാപകമായി പ്രചാരത്തിലുള്ള നോമ്പിന്റെ നിയ്യത്തിന്റെ വചനങ്ങള്‍ ആധികാരികമായി പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ടതിന് തെളിവുകളൊന്നുമില്ല. ഇശാഅ് നമസ്‌കാര ശേഷമോ മറ്റോ സംഘം ചേര്‍ന്നിരുന്ന് നിയ്യത്ത് ഉരുവിടുന്നതിനും ഇസ്‌ലാമില്‍ തെളിവില്ല. നാവിനാല്‍ മൊഴിയുന്ന രീതിക്കല്ല നിയ്യത്ത് എന്ന് പറയുന്നത്, മറിച്ച് മനസ്സിന്റെ ഉദ്ദേശത്തിനാണ്. ഇമാം നവവി പറയുന്നത് കാണുക: ''നിയ്യത്ത് എന്നാല്‍ അത് ഉദ്ദേശിക്കലാണ്, അത് മനസ്സിന്റെ ഉറപ്പാണ്.''

 

3. വ്രതം നേരത്തെ തുടങ്ങല്‍

സമൂഹത്തില്‍ (അത്ര വ്യാപകമല്ലെങ്കിലും) കാണപ്പെടുന്ന മറ്റൊരു സംഗതിയാണ് നോമ്പ് നേരത്തെ തുടങ്ങുക എന്നത്. ചില അല്‍പജ്ഞാനികളായ സംശയ രോഗികള്‍ക്കിടയിലാണ് ഇത്തരം പ്രവണതകള്‍ കണ്ട് വരാറുള്ളത്.

റമദാന്‍ മാസം ആയേക്കുമോ എന്ന അനാവശ്യ ഭയത്തില്‍നിന്നും പരിധിവിട്ട 'സൂക്ഷ്മതാബോധ'ത്തില്‍നിന്നുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാറുള്ളത്. യഥാര്‍ഥത്തില്‍ പ്രവാചകചര്യ പിന്‍പറ്റുന്നതില്‍ വന്ന സൂക്ഷ്മതക്കുറവാണ് അത്തരക്കാര്‍ക്ക് സംഭവിച്ചത് എന്ന് പ്രവാചക വചനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീഥില്‍ ഇങ്ങനെ കാണാം: റസൂല്‍ ﷺ  പറഞ്ഞു: ''നിങ്ങള്‍ റമദാനിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നോമ്പനുഷ്ഠിക്കരുത്; ആ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് പതിവാക്കിയവനല്ലാതെ'' (ബുഖാരി/ മുസ്‌ലിം).

അഥവാ, റമദാനിന് മുന്നോടിയായി എന്ന പേരിലോ, റമദാന്‍ മാസത്തിലേക്ക് പ്രവേശിച്ചോ ഇല്ലയോ എന്ന സംശയത്തിന്റെ പേരിലോ ശഅ്ബാന്‍ മാസത്തിന്റെ അവസാന ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കാന്‍ പാടില്ല. എന്നാല്‍, പതിവായി സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് ആ നോമ്പിന്റെ ദിവസവും റശഅ്ബാനിന്റെ അവസാനദിവസവും ഒത്തുവന്നാല്‍ അന്ന് നോമ്പനുഷ്ഠിക്കാവുന്നതാണ്. 

 

4. അത്താഴം മുന്തിക്കലും നോമ്പ്തുറ പിന്തിക്കലും 

അത്താഴം ഒരനുഗ്രഹമാണ്. അത്താഴം കഴിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും മലക്കുകളുടെ പ്രാര്‍ഥനയുമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകന്‍ ﷺ  തന്നെ അത്താഴത്തിന്റെ ഉത്തമ സമയവും നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. സൈദ് ബിന്‍ ഥാബിത്(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''ഞങ്ങള്‍ റസൂല്‍ ﷺ യോടൊപ്പം അത്താഴം കഴിച്ചു. പിന്നീട് നമസ്‌കരിക്കാന്‍ എഴുന്നേറ്റു. ഞാന്‍ ചോദിച്ചു: 'അവ രണ്ടിനുമിടയ്ക്ക് എത്ര സമയമുണ്ടായിരുന്നു?' അദ്ദേഹം പറഞ്ഞു: 'അമ്പത് ആയത്ത് (ഓതുവാനുള്ള സമയം)'' (ബുഖാരി, മുസ്‌ലിം).

എന്നാല്‍ ഇന്ന് സമൂഹത്തില്‍ നല്ലൊരു വിഭാഗവുമാളുകള്‍ ഇതിന് വിരുദ്ധമായി രാത്രി അത്താഴം വളരെ നേരത്തെ കഴിക്കുന്നവരാണ്. സമയമാകുന്നതിന് മുമ്പേ ബാങ്ക് വിളിക്കുന്നതും കാണാം.

അത്‌പോലെ സമയായാലും നോമ്പുതുറക്കാത്തവരും സമൂഹത്തിലുണ്ട്. സമയമായിക്കഴിഞ്ഞാലും റമദാനില്‍ പ്രത്യേകമായി പള്ളികളില്‍ മഗ്‌രിബ് ബാങ്കുവിളി വൈകിപ്പിക്കുകയും ചെയ്യുന്നു. സൂക്ഷ്മത എന്ന പേരില്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സത്യത്തില്‍ പ്രവാചകാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. നബി ﷺ  പറഞ്ഞു: ''നോമ്പ് തുറക്കാന്‍ ധൃതി കാണിക്കുന്ന കാലത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും.''

 

5. കുളിയും ദന്തശുദ്ധീകരണവും 

കുളിക്കുക, മുങ്ങിക്കുളിക്കുക, ദന്തശുദ്ധി വരുത്തുക എന്നതെല്ലാം നോമ്പുകാരന് അനുവദനീയമായകാര്യങ്ങളാണ്. പകലിന്റെ ആദ്യമെന്നോ അവസാനമെന്നോ ഇതിന് വ്യത്യാസമില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ വെറുക്കപ്പെട്ടതാണെന്ന ചില മദ്ഹബീ പണ്ഡിതന്മാരുടെ അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയും അത് പിന്നീട് പാടില്ലാത്ത കാര്യമായി പരിഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവാചകന്‍ ﷺ യില്‍ നിന്ന് പ്രത്യേകമായി വിലക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ പ്രത്യുത വാദങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് മനസ്സിലാക്കാം. 

 

6. ഓരോ പത്തിലും പ്രത്യേക പ്രാര്‍ഥനകള്‍

റമദാനിലെ ഓരോ പത്തിലും ചൊല്ലേണ്ട പ്രാര്‍ഥനകള്‍ എന്ന പേരില്‍ പ്രചാരം നേടിയ ചില പ്രത്യേക പ്രാര്‍ഥനകളുണ്ട്. ഇതിനൊന്നും ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുകണ്ടെത്താന്‍ സാധ്യമല്ല. എന്നാല്‍ ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികൡ താന്‍ ഉരുവിടേണ്ടതെന്താണെന്ന ആഇശ(റ)യുടെ ചോദ്യത്തിന് പ്രവാചകന്‍ ﷺ നല്‍കിയ മറുപടി ''അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫുവ ഫഅ്ഫു അന്നീ'' (അല്ലാഹുവേ, നീ പാപമോചനം നല്‍കുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ്; എന്നോട് നീ പൊറുക്കേണമേ'' (അബൂദാവൂദ്) എന്ന് പറയുവാനാണ്. 

പ്രമാണങ്ങളില്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുമാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്.

 

7. ബദ്ര്‍ മൗലീദും ബദ്‌രീങ്ങളുടെ ആണ്ടും

ഇന്ന് സമൂഹത്തില്‍ അള്ളിപ്പിടിച്ച പുത്തനാചാരങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമാണ് ബദ്ര്‍ ദിനാഘോഷവും അതിനോടനുബന്ധിച്ച് നടത്തുന്ന മൗലിദ് പാരായണവും അന്നപാനീയ വിതരണവും ഉരുവിനെ അറക്കലുമെല്ലാം. പരിശുദ്ധ റമദാനിലെ പതിനേഴാം ദിവസം നടന്ന് വരുന്ന പുത്തനാചാരങ്ങളാണിവ. പ്രവാചകന്റെയോ സ്വഹാബികളുടെയോ സച്ചരിതരായ സലഫുകളുടെയോ ജീവിതമാര്‍ഗത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണുവാന്‍ സാധ്യമല്ല. മദ്ഹ് എന്ന പേരില്‍ പാടുന്ന വരികളില്‍ ബദ്‌രീങ്ങളെ വിളിച്ച് സഹായം തേടലും കാണുവാന്‍ സാധിക്കും. ശിര്‍ക്കും ബിദ്അത്തുമൊക്കെയായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ സുന്നത്തായ പലതും അവഗണിക്കുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കുക. 

 

8. ലൈലതുല്‍ ക്വദ്‌റും സ്വലാത്ത് നഗറും

ലൈലതുല്‍ ക്വദ്ര്‍ എന്നാണെന്ന് കൃത്യമായി അറിയുന്നവന്‍ അല്ലാഹുവാണ് എന്നതാണ് വസ്തുത. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിക്കുവാനാണ് നബി ﷺ  അരുളിയിട്ടുള്ളത്. അവസാനത്തെ പത്തില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കലും പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കലുമാണ് പ്രവാചകമാതൃക. പ്രാര്‍ഥനാ സദസ്സെന്ന ഓമനപ്പേരിട്ട് ജനങ്ങളെ പള്ളികളില്‍ നിന്നും സ്ഥിരപ്പെട്ട സുന്നത്തുകളില്‍ നിന്നും അകറ്റി പാടത്തും പറമ്പിലും ഒരുമിച്ചു കൂട്ടുന്ന പുത്തനാചാരം നമ്മുടെ നാട്ടില്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. പുരോഹിതവര്‍ഗത്തിന്റെ പുത്തന്‍ സമ്പാദ്യപദ്ധതികളുടെ കെണിയില്‍ പെട്ട് വിശ്വാസികള്‍ നഷ്ടപ്പെടുത്തുന്നത് അളവറ്റ പുണ്യത്തിന്റെ സന്ദര്‍ഭങ്ങളാണ്. പരലോക രക്ഷ ആഗ്രഹിക്കുന്ന വിശ്വാസികള്‍ നിലകൊള്ളേണ്ടത് പ്രമാണങ്ങളുടെ പക്ഷത്താണ്. ഇത്തരം അനാചാരങ്ങളെയും അതിന്റെ പ്രചാരകരെയും നാം കരുതിയിരിക്കുക. ഇത്തരക്കാരുടെ വലയില്‍ അകപ്പെട്ടാല്‍ ദീനും ദുന്‍യാവും നഷ്ടപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഉന്നതമായ സ്വര്‍ഗം കൊതിക്കുന്ന, കരുണാനിധിയായ അല്ലാഹുവിനെ ദര്‍ശിക്കണമെന്നാഗ്രഹിക്കുന്ന ഒരു സത്യവിശ്വാസി സകലവിധ അനാചാരങ്ങളില്‍നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്. അല്ലാഹുവിലും അവന്റെ റസൂലിലുമാണ് നമുക്ക് ഉത്തമ മാതൃകയുള്ളത്. 

ക്വുര്‍ആനികാധ്യാപനവും പ്രവാചകചര്യയും മനസ്സിലാക്കിയ ശേഷവും പ്രമാണങ്ങളില്‍ സ്ഥിരപ്പെടാത്ത കാര്യം വല്ലവരും പുണ്യം പ്രതീക്ഷിച്ച് പ്രവര്‍ത്തിച്ചാല്‍ അത് പുത്തനാചാരം (ബിദ്അത്ത്) ആണെന്നും അവ നരകത്തിലേക്കായിരിക്കും നമ്മെ നയിക്കുക എന്നും നാം തിരിച്ചറിയണം. അല്ലാഹു പറയുന്നു:

''ആരെങ്കിലും സന്മാര്‍ഗം എന്തെന്ന് വ്യക്തമായ ശേഷം പിന്നെയും റസൂലിനോട് എതിര് പ്രവര്‍ത്തിക്കുകയും വിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ തിരിഞ്ഞ മാര്‍ഗത്തിലൂടെ നാം അവരെ നയിക്കുകയും പിന്നീട് നാം അവരെ നരകത്തിലിട്ട് കരിക്കുകുയം ചെയ്യും. അതെത്ര മോശമായ പര്യവസാനമായിരിക്കും'' (ക്വുര്‍ആന്‍ 4:115).