സത്യസന്ധരോടൊപ്പം നിലകൊള്ളുക

മൂസ സ്വലാഹി, കാര

2018 മെയ് 12 1439 ശഅബാന്‍ 26

'കൂനൂ മഅസ്സ്വാദിക്വീന്‍'- പരിശുദ്ധ ക്വുര്‍ആനിലെ സൂറതുത്തൗബയിലെ ഒരു സൂക്തത്തിന്റെ ഭാഗമാണിത്. 'നിങ്ങള്‍ സത്യവാന്മാരുടെ കൂട്ടത്തില്‍ ആയിത്തീരുക' എന്നര്‍ഥം. വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമായ ഒരു കല്‍പനയാണിത്. എന്തെന്നാല്‍ സത്യസന്ധത നിലനിര്‍ത്തുന്നവരുടെ എണ്ണം ഏറെ കുറഞ്ഞുവരുന്നു. സത്യം ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. ഈ ആയത്ത് തുടങ്ങുന്നതുതന്നെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടാണ്. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക'' (9:119). 

ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നു കഥീര്‍ എഴുതുന്നു: ''നിങ്ങള്‍ സത്യസന്ധരാവുക. നിങ്ങള്‍ സത്യത്തിന്റെ കൂടെ നിലകൊണ്ട് അതിന്റെ ആളുകളായിത്തീരുക. എന്നാല്‍ നിങ്ങള്‍ നാശത്തില്‍ നിന്ന് രക്ഷപ്പെടുകയും നിങ്ങളുടെ കാര്യങ്ങള്‍ക്ക് ഒരു എളുപ്പവും വഴിയും ലഭിക്കുകയും ചെയ്യും.'' 

ഇമാം സഅദി(റഹി) പറയുന്നു: ''(സത്യസന്ധത അവരുടെ വാക്കുകളിലും പ്രവൃത്തികളിലും അവസ്ഥകളിലുമാണ്. അവര്‍ അവരുടെ വാക്കുകളെ സത്യമാക്കുന്നവരാണ്. അവരുടെ പ്രവര്‍ത്തനങ്ങളും അവസ്ഥകളും സത്യസന്ധതയോടെയായിരിക്കും. അത് അലസതയില്‍നിന്നും അശ്രദ്ധയില്‍നിന്നും ഒഴിവായതാണ്. ചീത്ത ലക്ഷ്യങ്ങളില്‍നിന്ന് ഒഴിവായതാണ്. സദുദ്ദേശവും നിഷ്‌കളങ്കതയും ഉള്‍ക്കൊണ്ടതാണ്. തീര്‍ച്ചയായും സത്യസന്ധത പുണ്യത്തിലേക്ക് നയിക്കുന്നു. തീര്‍ച്ചയായും പുണ്യം സ്വര്‍ഗത്തിലേക്ക് നയിക്കുന്നു'' (തഫ്‌സീര്‍ സഅദി).

സത്യസന്ധത ഉള്‍ക്കൊള്ളേണ്ടതിന്റെയും സത്യസന്ധതയുള്ളവരോടൊപ്പം കൂടേണ്ടതിന്റെയും അനിവാര്യതയും അതിലൂടെ ലഭിക്കുന്ന മഹത്തായ ഗുണങ്ങളും പ്രമാണങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്. ചില കാര്യങ്ങള്‍ സൂചിപ്പിക്കാം: 


സത്യസന്ധത ഈമാനിന്റെ അടിത്തറ  

അല്ലാഹു പറയുന്നു: ''അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളുംകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തതാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവന്‍ തന്നെയാകുന്നു സത്യവാന്മാര്‍'' (49:15). 

അനസ്(റ)വില്‍ നിന്ന് നിവേദനം. നബിﷺ തന്റെ സഹയാത്രികനായ മുആദ്(റ)വിനോട് പറഞ്ഞു: ''അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ ഇല്ലെന്നും തീര്‍ച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും തന്റെ ഹൃദയത്തില്‍ സത്യസന്ധതയോടെ സാക്ഷ്യപ്പെടുത്തുന്ന ഒരാളും തന്നെയില്ല; അല്ലാഹു അവന്റെ മേല്‍ നരകം നിഷിദ്ധമാക്കിയിട്ടല്ലാതെ'' (ബുഖാരി, മുസ്‌ലിം).


സത്യസന്ധരെ അല്ലാഹു തൃപ്തിപ്പെടും 

അല്ലാഹു പറയുന്നു: ''അല്ലാഹു പറയും; ഇത് സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതെത്ര മഹത്തായ വിജയം'' (5:119).


സത്യസന്ധത പ്രവാചകന്മാരുടെ അടയാളം

അല്ലാഹു പറയുന്നു: ''വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചായായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു'' (19:41).

അല്ലാഹു പറയുന്നു: ''വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു'' (19:56).

ഹിര്‍ക്കല്‍ രാജാവിന്റെ കൊട്ടാരത്തില്‍ വെച്ച് നബിﷺയെക്കുറിച്ചുള്ള ചോദ്യത്തിന് അബൂസുഫ്യാന്‍(റ) നല്‍കിയ മറുപടിയില്‍ 'അദ്ദേഹം ഞങ്ങളോട് സത്യസന്ധത കല്‍പിക്കുന്നു' എന്ന് എടുത്തുപറഞ്ഞതായി കാണാം. 


സത്യസന്ധത സ്വഹാബത്തിന്റെ അടയാളം

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്)കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല'' (33:23). 

അല്ലാഹു പറയുന്നു: ''അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം) അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍തന്നെയാകുന്നു സത്യവാന്മാര്‍'' (59:8).


സത്യസന്ധര്‍ക്ക് റബ്ബില്‍നിന്ന് പ്രതിഫലം

അല്ലാഹു പറയുന്നു: ''(നബിയേ) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞു തരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തന്റെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തുകൂടി നദികളൊഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും). കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ഥിക്കുന്നവരും ക്ഷമ കൈക്കൊള്ളുന്നവരും സത്യം പാലിക്കുന്നവരും ഭയഭക്തിയുള്ളവരും ചെലവഴിക്കുന്നവരും രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍'' (3:15 -17).


യഥാര്‍ഥ വിശ്വാസികള്‍ സത്യസന്ധര്‍

അല്ലാഹു പറയുന്നു:  ''എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ അവര്‍ തന്നെയാണ് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ സത്യസന്ധന്മാരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ടായിരിക്കും. സത്യനിഷേധം കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നരകക്കാര്‍'' (57:19).

അല്ലാഹു പറയുന്നു: ആര് അല്ലാഹുവിനെയും അവന്റെ ദൂതനേയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു ആഗ്രഹിച്ചവരായ പ്രവാചകന്മാര്‍ സത്യസന്ധന്മാര്‍, രക്ത സാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും അവര്‍ എത്ര നാലുകൂട്ടുകാര്‍ (4:69)


സത്യസന്ധര്‍ക്ക് റബ്ബിന്റെ വാഗ്ദാനം

അല്ലാഹു പറയുന്നു: ''എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവെക്കാള്‍ സത്യസന്ധമായി സംസാരിക്കുന്നവന്‍ ആരുണ്ട്'' (4:122). 

 

സത്യസന്ധത പുണ്യത്തിലേക്ക് നയിക്കുന്നു

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ)വില്‍ നിന്ന്. നബിﷺ പറഞ്ഞു: ''തീര്‍ച്ചയായും സത്യം പുണ്യത്തിലേക്ക് നയിക്കുന്നു. തീര്‍ച്ചയായും പുണ്യം സ്വര്‍ഗത്തിലേക്ക് നയിക്കുന്നു'' (ബുഖാരി, മുസ്‌ലിം).


സത്യസന്ധത നിലപാടുകളില്‍ സ്ഥിരത നല്‍കുന്നു

അല്ലാഹു പറയുന്നു: ''ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (4:65).

ഈ കാര്യങ്ങള്‍ സത്യസന്ധത എന്നത് ഈമാനിന്റെ അടിത്തറയും ജീവിതത്തിന് തിളക്കം നല്‍കുന്നതും സംതൃപ്തി പ്രദാനം ചെയ്യുന്നതുമാണെന്നും പരലോക വിജയത്തിന് അനിവാര്യമാണെന്നും മനസ്സിലാക്കിത്തരുന്നു. അതിനാല്‍ ഇതിനു വിപരീതമായ വിശ്വാസവഞ്ചന, കാപട്യം, കളവ്, സത്യവും അസത്യവും കൂട്ടിക്കുഴക്കല്‍ പോലുള്ള യാതൊന്നും ഒരു സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടായിക്കുടാ.

സത്യസന്ധത കയ്യൊഴിക്കുകയും സത്യവാന്മാരെ അകറ്റിനിര്‍ത്തുകയും ചെയ്യുന്ന ദുരവസ്ഥ മതസംഘടനാരംഗത്തുപോലും ഉണ്ടെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. പ്രമാണങ്ങളെ സച്ചരിതരായ മുന്‍ഗാമികള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കി, ഇസ്‌ലാമിന്റെ യഥാര്‍ഥ ആദര്‍ശം ഉള്‍ക്കൊണ്ട്  പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയെ നശിപ്പിക്കാനായി ഏതറ്റംവരെ പോകാനും തയ്യാറാകുന്നവര്‍ക്ക് എന്ത് സത്യസന്ധതയാണുള്ളത്? 

ശിര്‍ക്കിനെ തൗഹീദിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ജനങ്ങള്‍ക്ക് സമ്മാനിക്കുകയും സുന്നത്തിന്റെ സുഗന്ധപൂരിതമായ മാര്‍ഗം വെടിഞ്ഞ് ബിദ്അത്തുകളുടെ നാറുന്ന വഴികളിലൂടെ നടക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പൗരോഹിത്യം... ഇസ്‌ലാമിക സേവനമെന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് ഇഹലോകത്ത് പ്രയാസമേതുമില്ലാതെ ജീവിക്കാനുള്ള വഴിയൊരുക്കലാണെന്ന് ധരിച്ചുപോയ രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍... ആദര്‍ശത്തിന്റെ വിലയറിയാതെ, പ്രമാണങ്ങള്‍ക്കുള്ള സ്ഥാനമെന്തെന്ന് മനസ്സിലാക്കാതെ, കെട്ടുകഥകള്‍ നിറഞ്ഞ കിതാബുകളില്‍ അഭിരമിച്ച് നാടുചുറ്റുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന തബ്‌ലീഗ് ശൈഖുമാര്‍... സത്യസമ്പൂര്‍ണമായ ഇസ്‌ലാമിക പ്രമാണങ്ങളെ തങ്ങളുടെ ബുദ്ധികൊണ്ട് അളന്നും തൂക്കിയും 'അധികമുള്ളതെന്നു തോന്നി'യപോലെ ചിലതൊക്കെ തള്ളിക്കളയുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്ത് നടക്കുന്നവരും സത്യമെന്തെന്നറിയാമെങ്കിലും അത് ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ ത്രാണിയില്ലാതെ ചിലന്തി വലകളില്‍ അഭയം പ്രാപിച്ച് ഏതുനിമിഷവും അത് തകരുമെന്ന ഭീതിയില്‍ മുട്ടിലിഴയുന്നവരുമായ സംഘടനാപക്ഷപാതികള്‍... അറിയുക! സത്യസന്ധത വിനഷ്ടമായ ഇവര്‍ക്കിടയിലൂടെ സത്യവുമായി മുന്നേറല്‍ ഏറെ പ്രയാസകരം തന്നെ. എന്നാല്‍ ആ മഹത്തായ കര്‍മത്തിന് അല്ലാഹുവിന്റെ സഹായം സുനിശ്ചിതമാണ്. അവന്റെ ദീനിനെ സഹായിച്ചാല്‍ അവന്‍ നമ്മെ സഹായിക്കാതിരിക്കില്ല. സത്യസന്ധത കൈവിടാതെ നിഷ്‌കളങ്ക മനസ്സോടെ അകമഴിഞ്ഞ് പ്രാര്‍ഥിക്കുക, പ്രവര്‍ത്തിക്കുക. പരീക്ഷണങ്ങളില്‍ അടിപതറാതിരിക്കുക.