ഇസ്‌ലാമിലെ ആഘോഷങ്ങള്‍

മെഹബൂബലി പി.എച്ച്, പട്ടാമ്പി

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16

ലോകരക്ഷിതാവായ അല്ലാഹു അവന്റെ അടിമകള്‍ക്ക് നല്‍കിയ അതിവിശിഷ്ടമായ ജീവിതദര്‍ശനമാണ് ഇസ്‌ലാം. ജീവിതത്തിന്റെ സര്‍വ മേഖലകളിലും ചൂഴ്ന്നു നില്‍ക്കുന്ന മതമാണ് ഇസ്‌ലാം. ഓര്‍മ വെച്ച നാള്‍മുതല്‍ ജീവിതത്തിലെ ഏതേതു കാര്യത്തിലും മതത്തിന്റെ വ്യക്തമായ നിയമനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടവനാണ് മനുഷ്യന്‍. മനുഷ്യനിര്‍മിതമായ മതങ്ങളില്‍നിന്നും ദര്‍ശനങ്ങളില്‍നിന്നും വ്യത്യസ്തമായി, ജീവിതത്തിന്റെ സകല സന്ദര്‍ഭങ്ങളിലും പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുന്ന ഇസ്‌ലാം അച്ചടക്കമുള്ള ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. 

ആഘോഷങ്ങളില്ലാത്ത മതങ്ങളില്ല ലോകത്ത്. എന്നാല്‍ ഇസ്‌ലാം ഈ രംഗത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ലഹരിയില്‍ ആറാടി ആടിപ്പാടാനും അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരമായല്ല ഇസ്‌ലാം ആഘോഷങ്ങളെ കാണുന്നത്. മറിച്ച് ഇസ്‌ലാമിലെ ആഘോഷങ്ങള്‍ പ്രാര്‍ഥനാമയമാണ്. സ്രഷ്ടാവിനെ മറന്ന് തിമര്‍ത്താടാനുള്ള വേളയല്ല അത്.

മുസ്‌ലിംകള്‍ക്ക് രണ്ടേ രണ്ട് ആഘോഷങ്ങളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. വ്രതശുദ്ധിയുടെ നിറവില്‍ ശവ്വാല്‍ മാസപ്പിറവിയോടെ സമാഗതമാകുന്ന ഈദുല്‍ഫിത്വ്‌റും ത്യാഗസ്മരണകളുയര്‍ത്തുന്ന ഹജ്ജ് മാസത്തില്‍ കൊണ്ടാടുന്ന ഈദുല്‍ അദ്ഹയുമാണവ. 

ഈദുല്‍ഫിത്വ്ര്‍ ചിന്തകള്‍

പരിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശവ്വാല്‍ ഒന്നിനാണ് ഫിത്വ്ര്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒരു മാസം നീണ്ടുനിന്ന നോമ്പിലൂടെ വിശപ്പിന്റെ വില മനസ്സിലാക്കാനും മറ്റു ദിനങ്ങളില്‍ അനുവദനീയമായ കാര്യങ്ങള്‍ പോലും പകല്‍ സമയം ത്യജിച്ച് അല്ലാഹുവിനെ കുടുതല്‍ ഓര്‍ക്കാനും കൂടുതല്‍ ആരാധനകള്‍ ചെയ്യാനും വിശ്വാസികള്‍ ശ്രദ്ധ കാണിക്കുന്ന മാസമാണ് റമദാന്‍. ഈ വ്രതത്തിലൂടെ ആത്മസംസ്‌കരണം നേടിയ വിശ്വാസികള്‍ക്ക് അതിന്റെ ചൈതന്യം ചോര്‍ന്നു പോകാത്ത രീതിയില്‍ ആഘോഷിക്കാനുള്ള അനുവാദമാണ് അല്ലാഹു ഈ ദിനത്തില്‍ നല്‍കുന്നത്.

കൃത്യമായ ലക്ഷ്യവും സന്ദേശവുമുണ്ട് എന്നതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ സവിശേഷത. ഈദുല്‍ഫിത്വ്‌റിനോടനുബന്ധിച്ചുള്ള ഫിത്വ്ര്‍ സകാത്ത് നോമ്പില്‍ സംഭവിച്ച അപകാതകള്‍ക്ക് പരിഹാരമായും അന്നേദിവസം ഒരു വിശ്വാസിയും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെയുമാണ് നിയമമാക്കപ്പെട്ടിട്ടുള്ളത്. ശവ്വാല്‍ മാസപ്പിറവി മുതല്‍ പെരുന്നാള്‍ നമസ്‌കാരം വരെയും വിശ്വാസികള്‍ തക്ബീര്‍ മുഴക്കുമ്പോള്‍, തങ്ങളുടെ നിസ്സാരതയും സ്രഷ്ടാവിന്റെ മഹത്ത്വവും പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അഹന്തയുടെ കണികപോലുമില്ലാതെ മനസ്സിനെ എളിമ നിറഞ്ഞതാക്കാന്‍ അത് വിശ്വാസിയെ പ്രാപ്തനാക്കുന്നു. 

ഒന്നിച്ചുള്ള പെരുന്നാള്‍ നമസ്‌കാരവും പ്രാര്‍ഥനയും ഉദ്‌ബോധനവുമെല്ലാം മനസ്സുകളെ ഒന്നിപ്പിക്കുന്നു. അയല്‍പക്കബന്ധവും കുടുംബബന്ധവുമെല്ലാം സുദൃഢമാക്കുവാനും പിണക്കങ്ങള്‍ തീര്‍ക്കുവാനും വിശ്വാസികള്‍ പെരുന്നാള്‍ ദിനത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിശ്വാസദൃഢത കൈവരിച്ച് കൂടുതല്‍ തക്വ്‌വയുള്ളവരായി മാറുവാനും ചൊവ്വായ പാതയിലൂടെ ജീവിതം മുന്നോട്ട് നയിക്കുവാനും വിശ്വാസികളെ ഈ ആഘോഷം പ്രാപ്തമാക്കുന്നു.

ത്യാഗസ്മരണകളുടെ ബലിപെരുന്നാള്‍

ഇബ്‌റാഹീം നബി(അ)യുടെയും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യുടെയും ഹാജറ ബീവിയുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഓര്‍മകളുണര്‍ത്തിയാണ് ദുല്‍ഹിജ്ജ പത്തിന് ബലിപെരുന്നാള്‍ കടന്നുവരിക. വാര്‍ധക്യത്തില്‍ തനിക്ക് പിറന്ന കുഞ്ഞിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലിനല്‍കാന്‍ മനസ്സു കാണിച്ച ഇബ്‌റാഹീം നബി(അ)യുടെയും തന്നെ ബലി കൊടുക്കുന്നതിന് സര്‍വാത്മനാ സന്നദ്ധത പ്രകടിപ്പിച്ച ഇസ്മാഈല്‍(അ)യുടെയും ത്യാഗസന്നദ്ധത ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. തൗഹീദിന്റെ മാര്‍ഗത്തില്‍ അഗ്‌നി പരീക്ഷണങ്ങള്‍ക്ക് വിധേയനായ ഇബ്‌റാഹീം(അ)യുടെ വിളിയാളത്തിന് ഉത്തരമേകി ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും വിശ്വാസികള്‍ ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തുകയും അതിന്റെ കര്‍മങ്ങളില്‍ മുഴുകുകയും ചെയ്യുന്ന സമയത്താണ് ലോകമെങ്ങും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇഷ്ടപ്പെട്ടതെന്തും അല്ലാഹുവിനു വേണ്ടി ത്യജിക്കാനുള്ള സന്നദ്ധതയാണ് വിശ്വാസികള്‍ ഈ ആഘോഷത്തിലൂടെയും ബലികര്‍മത്തിലൂടെയും പ്രകടമാക്കുന്നത്. 

പ്രതിഫലാര്‍ഹമായ ആരാധനകൂടിയാണ് ഇസ്‌ലാമിലെ ആഘോഷം എന്ന വസ്തുത വിശ്വാസികള്‍ ഓര്‍ക്കേണ്ടതുണ്ട്. മദ്യപിച്ചും പടക്കം പൊട്ടിച്ചും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തും ഇസ്‌ലാമിലെ ആഘോഷങ്ങളെ അപമാനിക്കുന്ന പ്രവണത ഉണ്ടായിക്കുടാ. 

അനിസ്‌ലാമികമായ ആഘോഷങ്ങള്‍

ഇസ്‌ലാം പഠിപ്പിക്കുന്ന രണ്ട് ആഘോഷങ്ങള്‍ക്ക് പുറമെ വിവിധ രൂപഭാവങ്ങളില്‍ കുറെ ആഘോഷങ്ങള്‍ ഇസ്‌ലാമിന്റെ ലേബലില്‍ നാട്ടില്‍ കൊണ്ടാടപ്പെടുന്നുണ്ട്. നബി ﷺ യോ അനുചരന്മാരോ ആഘോഷിക്കാത്ത, അവര്‍ക്കൊന്നും പരിചയമില്ലാത്ത ആഘോഷങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നു എന്ന് മാത്രമല്ല, രണ്ട് പെരുന്നാളുകള്‍ക്കുമില്ലാത്ത പോരിശയും പ്രതിഫലവും ഇവയ്ക്കുണ്ട് എന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കൂടുതല്‍ വ്യാപകമായ ചില പുത്തനാഘോഷങ്ങളെ പരിശോധിക്കാം.

നബിദിനാഘോഷം

ആഘോഷങ്ങളുടെ ആരവങ്ങളും കൊടിതോരണങ്ങള്‍ മനോഹാരിത പകരുന്ന തെരുവീഥികളും വര്‍ണാഭവും ഇശല്‍മുഖരിതവുമായ ഘോഷയാത്രകളുമായി നബിദിനാഘോഷം വര്‍ഷംതോറും പൊടിപൊടിക്കാറുണ്ട്. നബി ﷺ ക്കും അനുയായികള്‍ക്കും സച്ചരിതരായ മുന്‍ഗാമികള്‍ക്കുമൊന്നും പരിചയമില്ലാത്ത, പ്രമാണങ്ങളുടെ ദുര്‍ബലമായ പിന്‍ബലം പോലുമില്ലാത്ത ഈ ആഘോഷമിന്ന് രണ്ട് പെരുന്നാളുകളെക്കാളും വലിയ ആഘോഷമായി മാറിയിരിക്കുന്നു. അവയെക്കാള്‍ പുണ്യമുള്ളതായി പറഞ്ഞ് പണ്ഡിതന്മാര്‍ പാമര ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്നു. ഇമാം സുയൂത്വി, സഖാവി, ഇബ്‌നുഹജര്‍ തുടങ്ങി അനേകം പണ്ഡിന്മാര്‍ ഇത് ബിദ്അത്താണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. 

നേര്‍ച്ച, ഉറൂസ്...

ഏതെങ്കിലും സല്‍കര്‍മം ഞാന്‍ ചെയ്യുമെന്ന് സ്വയം പ്രതിജ്ഞയെടുക്കലാണ് ഇസ്‌ലാമിലെ നേര്‍ച്ച. അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചാണ് അത് ചെയ്യേണ്ടത്.  എന്നാല്‍ ഇന്ന് ഇസ്‌ലാമിന് തികച്ചും അന്യമായ ഒരു ആഘോഷമായാണ് നമ്മുടെ നാട്ടില്‍ നേര്‍ച്ച കൊണ്ടാടുന്നത്. ശവകുടീരങ്ങളെ കേന്ദ്രീകരിച്ചും അവയില്‍ മറമാടപ്പെട്ടവരുടെ പ്രീതി ആഗ്രഹിച്ചും ആനയും അമ്പാരിയും വാദ്യമേളങ്ങളുമായി നടക്കുന്ന പേക്കൂത്തുകളാണിന്ന് സമുദായത്തിലെ ഭൂരിപക്ഷത്തിന്റെയും കണ്ണില്‍ യഥാര്‍ഥ നേര്‍ച്ച! സിനിമാറ്റിക് ഡാന്‍സും  ഗാനമേളയും മറ്റുമാണ് ചില ചന്ദനക്കുടങ്ങളിലെ മുഖ്യപരിപാടി! മതസൗഹാര്‍ദത്തിന്റെ മികവാര്‍ന്ന അടയാളമായി ഇവ അറിയപ്പെടുകയും ചെയ്യുന്നു! വിശ്വാസവും ധനവും ചൂഷണം ചെയ്യപ്പെടുന്നു എന്ന യാഥാര്‍ഥ്യം എത്ര ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും ബോധ്യപ്പെടാത്തവിധം മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരായിരിക്കുന്നു പാമരജനങ്ങള്‍. 

സ്വലാത്ത് വാര്‍ഷികം, ദിക്ര്‍ വാര്‍ഷികം, മൗലിദ് വാര്‍ഷികം തുടങ്ങിയ പേരുകളില്‍ പലവിധ ആഘോഷങ്ങളും മതത്തിന്റെ പേരില്‍ കൊണ്ടാടപ്പെടുന്നുണ്ട്. ഇവയ്‌ക്കൊക്കെ അളവില്ലാത്ത പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കപ്പെടുന്നതിനാല്‍ ജനപങ്കാളിത്തത്തിന് കുറവുണ്ടാകുന്നില്ല. 

ഇത്തരം ആഘോഷങ്ങളിലും, ഇസ്‌ലാമികാധ്യാപകനങ്ങള്‍ക്ക് വിരുദ്ധമായ, വിശിഷ്യാ ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഇതര മതങ്ങളുടെ ആഘോഷങ്ങളിലും ഒരുസത്യവിശ്വാസി ആഘോഷിക്കുവാനോ അവയില്‍ പങ്കെടുക്കുവാനോ പാടില്ല. നബി ﷺ യുടെ കാലത്തുതന്നെ ഇസ്‌ലാം പൂര്‍ത്തിയാക്കിയതായി ക്വുര്‍ആന്‍ പറയുന്നു. പിന്നെ എങ്ങനെയാണ് പുതിയ കാര്യങ്ങള്‍ ഇസ്‌ലാമികമായി മാറുന്നത്? 

നബി ﷺ പറഞ്ഞു: ''നിങ്ങള്‍ നൂതനകാര്യങ്ങളെ സൂക്ഷിക്കുക. തീര്‍ച്ചയായും എല്ലാ നൂതന കാര്യങ്ങളും പുതുനിര്‍മിതി (ബിദ്അത്തുകള്‍)കളാകുന്നു. എല്ലാ പുതുനിര്‍മിതികളും വഴികേടാകുന്നു'' (അബൂദാവൂദ്, തിര്‍മുദി). 

നബി ﷺ പറഞ്ഞു: ''നമ്മുടെ മതകാര്യത്തില്‍ ഇല്ലാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്'' (ബുഖാരി മുസ്‌ലിം). മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍: ''നമ്മുടെ കല്‍പനയില്ലാത്ത ഏതൊരു കര്‍മം ആരെങ്കിലും ചെയ്തുവോ അത് തള്ളപ്പെടേണ്ടതാകുന്നു'' (മുസ്‌ലിം).

ഇസ്‌ലാമിക ആഘോഷമായ രണ്ട് പെരുന്നാളുകളുടെ വിഷയത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. അവ എപ്പോള്‍, എങ്ങനെ ആഘോഷിക്കണമെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുമുണ്ട്. എന്നാല്‍ പുത്തന്‍ ആഘോഷങ്ങളോ? മദ്ഹബിന്റെ ആളുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഇത്തരം അനിസ്‌ലാമികവും മനുഷ്യനിര്‍മിതവുമായ ആഘോഷങ്ങള്‍ക്ക് അവരുടെ ഇമാമുകളുടെ പോലം പിന്തുണയുണ്ടെന്ന് തെളിയിക്കാന്‍ സാധ്യമല്ല. കാരണം അവരാരും ഇതൊന്നും ചെയ്തിട്ടില്ല. അവര്‍ക്കിതൊന്നും പരിചയവുമില്ല. ഇസ്‌ലാം നിയമമാക്കിയവ മുറുകെ പിടിച്ച് ജീവിച്ചാല്‍ എല്ലാവര്‍ക്കും പരലോകത്ത് രക്ഷപ്പെടാം.