പ്രമാണങ്ങള്‍ക്കു മുമ്പില്‍ പ്രതിബന്ധം തീര്‍ക്കരുത്

മൂസ സ്വലാഹി, കാര

2018 ജൂണ്‍ 09 1439 റമദാന്‍ 24

ഇസ്‌ലാം പ്രമാണബദ്ധമായ മതമാണ്. അല്ലാഹു മാനവരാശിക്ക് അവതരിപ്പിച്ച ക്വുര്‍ആനിലും ആ ക്വുര്‍ആനിന്റെ വശിദീകരണമായ പ്രവാചകചര്യയിലും തെളിവില്ലാത്ത ഒന്നും മതമായി ആചരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. വിശ്വസിക്കേണ്ട കാര്യങ്ങളായി ഇസ്‌ലാം പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളിലും വിശ്വസിക്കുകയും അനുഷ്ഠിക്കേണ്ടതായി പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും അനുഷ്ഠിക്കുകയും ചെയ്യല്‍ സത്യവിശ്വാസിയുടെ ബാധ്യതയാണ്. 

പരിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു മനുഷ്യരോട് കല്‍പിച്ച കാര്യമാണ് 'നിങ്ങള്‍ സദ്‌വൃത്തരാവുക'എന്നത്. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നല്ലവരാവുക എന്ന നിര്‍ദേശമാണ് അല്ലാഹു നമുക്ക് അതിലൂടെ നല്‍കുന്നത്. ഇങ്ങനെ പോയാല്‍ പോരാ, നന്നാകണം, നല്ലവനാകണം, നല്ലവളാകണം എന്നത് ഏതൊരാളിലുമുള്ള ആഗ്രഹമാണ്. ആഗ്രഹങ്ങള്‍ ഉണ്ടായാല്‍ പോരാ, പ്രയോഗവത്കരണത്തിലൂടെയേ ഫലം കാണൂ എന്ന തിരിച്ചറിവില്ലായ്മയാണ് പലപ്പോഴും സദ്‌വൃത്തരാകാന്‍ അധികമാളുകള്‍ക്കും തടസ്സമാകുന്നത്.  

ഭൗതിക ജീവിതത്തിനായി നല്ലവരാവുക, അതുവഴി നേട്ടം കൈവരിക്കുക, സംതൃപ്തിയടയുക എന്നതല്ലല്ലോ നമ്മുടെ ജീവിതത്തിന്റെ മുഖ്യലക്ഷ്യം. അല്ലാഹു തൃപ്തിപ്പെട്ട് നമുക്ക് നല്‍കിയ മതനിയമങ്ങള്‍ മുഴുവനും അനുസരിച്ച,് അവന് കീഴ്‌പെട്ട,് ജീവിതത്തിന്റെ നാനാതുറകളിലും നല്ലവരായി ജീവിക്കുക, അങ്ങനെ പരലോകവിജയത്തിന് അര്‍ഹത നേടുക എന്നതാണ് പ്രധാനം. 

ഒരാള്‍ സദ്‌വൃത്തനായി മാറാന്‍ നിര്‍ബന്ധമായിട്ടുള്ളത് രണ്ട് കാര്യങ്ങളാണ്. ഇഖ്‌ലാസും (ആത്മാര്‍ഥത) ഇത്തിബാഉം (പ്രവാചകനെ പിന്‍പറ്റല്‍) ആണവ. മതഭൗതിക പ്രവര്‍ത്തനങ്ങളില്‍ ഈ കാര്യങ്ങളെ ഏതൊരുവന്‍ സൂക്ഷിക്കുന്നുണ്ടോ അവന്‍ മാത്രമാണ് സത്യസന്ധതയുടെയും വിജയത്തിന്റെയും അവകാശി. അവനു തന്നെയാണ് നല്ല പര്യവസാനവും. ഇവയില്‍ എത്രത്തോളം ശ്രദ്ധയുള്ളവരാകണമെന്ന് ബോധ്യപ്പെടുത്തുന്ന ചില ആയത്തുകള്‍ കാണുക:

''എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല''(2:112).

ഇബ്‌നു കഥീര്‍ പറയുന്നു: ''അതായത് ഒരാള്‍ അല്ലാഹുവിന് കീഴ്‌പെടുകയും അതില്‍ നബി ﷺ യെ പിന്‍പറ്റുകയും ചെയ്യുക. നിശ്ചയം പ്രവര്‍ത്തനം സ്വീകരിക്കപ്പെടുന്നതിന് രണ്ടു നിബന്ധനകളുണ്ട്. ഒന്ന്, ആത്മാര്‍ഥതയോടെ അല്ലാഹുവിന് മാത്രമാവുക. രണ്ട്, ശരിയും മതനിയമത്തോട് യോജിക്കുന്നതുമാവുക. പ്രവര്‍ത്തനം നിഷ്‌കളങ്കമാണ്. പക്ഷേ, മതത്തില്‍ ഇല്ലാത്തതാണെങ്കില്‍ സ്വീകരിക്കപ്പെടുകയില്ല. ആഇശ(റ)യില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: 'നമ്മുടെ കല്‍പനയില്ലാത്ത ഒരു പ്രവൃത്തി ഈ കാര്യത്തില്‍ (മതത്തില്‍) ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്' (മുസ്‌ലിം).

പുരോഹിതന്മാരും അവരോട് സാദൃശ്യമുള്ളവരും നിര്‍ബന്ധമായ പ്രവൃത്തിയില്‍ ആത്മാര്‍ഥത കാണിക്കുന്നു. ലോകരിലേക്ക് മുഴുവനായി നിയോഗിക്കപ്പെട്ട റസൂലിനെ പിന്‍പറ്റുന്നതുവരെ അത് അവരില്‍നിന്ന് സ്വീകരിക്കുകയില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ മതനിയമത്തോട് യോജിക്കുന്ന പ്രവൃത്തി ചെയ്യുന്നവന് ആത്മാര്‍ഥതയില്ലെങ്കില്‍ അതും തള്ളപ്പെടും. ഈ അവസ്ഥ കപടവിശ്വാസികളുടെതാണ്'' (ഇബ്‌നു കഥീര്‍, 1/223). 

ശൈഖ് നാസ്വിറുസ്സഅദി പറയുന്നു: ''അതായത് നിങ്ങളുടെ ആഗ്രഹങ്ങളോ വിളികളോ അല്ല. തന്റെ പ്രവര്‍ത്തനങ്ങളെ നിഷ്‌കളങ്കതയോടെ അവനിലേക്ക് ഹൃദയം തിരിച്ച് നിര്‍വഹിക്കുക. അവന്‍ നിയമമാക്കിയത്‌കൊണ്ടാണ് അവനെ ആരാധിക്കേണ്ടത്. അക്കൂട്ടര്‍ സ്വര്‍ഗത്തിന്റെ ആളുകളാണ്. നിശ്ചയം ഈ രീതിയില്‍ അല്ലാത്ത ഒരാള്‍ നരകാവകാശിയാണ്. ആത്മാര്‍ഥതയുള്ളവര്‍ക്കും റസൂലിനെ പിന്‍പറ്റിയവര്‍ക്കുമല്ലാതെ വിജയമില്ല. അറബികളില്‍ പെട്ട മുശ്‌രിക്കുകള്‍ ചെയ്ത പോലെ വേദക്കാര്‍ അസൂയ കൊണ്ടും തന്നിഷ്ടം കൊണ്ടും ചിലര്‍ ചിലരെ പിഴച്ചവരാക്കുകയും കാഫിറുകളാക്കുകയും ചെയ്തു. എല്ലാവിഭാഗവും മറ്റൊരു വിഭാഗത്തെ പിഴച്ചവരാക്കുകയും കാഫിറുകളാക്കുകയും ചെയ്തു. എല്ലാ വിഭാഗവും മറ്റൊരു വിഭാഗത്തെ പിഴച്ചവരായി കാണുന്നു. അല്ലാഹുവിന്റെ കല്‍പന അനുസരിച്ച്, അവന്‍ നിരോധിച്ചത് ഒഴിവാക്കി, എല്ലാ പ്രവാചകന്മാരെയും സത്യപ്പെടുത്തിയവനല്ലാതെ രക്ഷയില്ലെന്ന് തന്റെ അടിമകളെ അറിയിച്ചവനായ അല്ലാഹു പരലോകത്ത് സൃഷ്ടികള്‍ക്കിടയില്‍ നീതിയോടെ വിധി നടപ്പിലാക്കുന്നു. ഇത് ഒഴിവാക്കിയവന്‍ നശിച്ചവനാണ്'' (തഫ്‌സീറുസ്സഅദി, പേജ് 60,61).

അല്ലാഹു പറയുന്നു: ''സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ച് നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു'' (4:125).

ഇബ്‌നു കഥീര്‍ പറയുന്നു: ''നിശ്ചയം മതമെന്നത് ആഗ്രഹവും കാട്ടിക്കൂട്ടലുമല്ല. മറിച്ച് ഹൃദയംകൊണ്ടുള്ള അംഗീകാരവും പ്രവര്‍ത്തനങ്ങളിലുള്ള സത്യപ്പെടുത്തലുമാണെന്നതാണ് ഈ ആയത്തിന്റെ അര്‍ഥം. അതായത് നിങ്ങള്‍ക്കും അവര്‍ക്കും (ജൂതന്മാര്‍ക്കും) വെറും ആഗ്രഹംകൊണ്ട് രക്ഷയില്ല. അല്ലാഹുവിനെ അനുസരിക്കുന്നതിലും പ്രവാചകന്മാരെ പിന്‍പറ്റുന്നതിലുമാണ് വിജയം'' (ഇബ്‌നുകഥീര്‍, 1/ 764).

ശൈഖ് നാസ്വിറുസ്സഅദി പറയുന്നു: ''അതായത് ആത്മാര്‍ഥതയും സമര്‍പ്പണവുമുള്ളതോടൊപ്പം വേദഗ്രന്ഥങ്ങള്‍ ഇറക്കപ്പെടാനും പ്രവാചകന്മാര്‍ നിയോഗിക്കപ്പെടാനും കാരണമായ അല്ലാഹുവിന്റെ നിയമങ്ങളെ പിന്‍പറ്റുന്നവന്‍'' (തഫ്‌സീറുസ്സഅദി, പേജ് 258).

അല്ലാഹു പറയുന്നു: ''വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി'' (31:22).

ഇബ്‌നുകഥീര്‍ പറയുന്നു: ''അവന്‍ നിയമമാക്കിയത് പിന്‍പറ്റി അവന്റെ കല്‍പനക്ക് കീഴൊതുങ്ങി നിഷ്‌കളങ്കമായ പ്രവര്‍ത്തനവുമായി അവനിലേക്ക് മുഖം തിരിക്കുന്നവനെക്കുറിച്ചാണ് ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നത്'' (ഇബ്‌നുകഥീര്‍, 3/539).

ശൈഖ് നാസ്വിറുസ്സഅദി പറയുന്നു: ''അതായത് നിഷ്‌കളങ്കമായി മതനിയമങ്ങള്‍കൊണ്ട് പ്രവര്‍ത്തിച്ച് അല്ലാഹുവിന് കീഴൊതുങ്ങുക. ഒരാള്‍ ആരാധനാകര്‍മങ്ങള്‍ മുഴുവനും ചെയ്ത് അല്ലാഹുവിന് കീഴ്‌പെട്ടാല്‍ അവന്‍ അതില്‍ സദ്‌വൃത്തനാണ്. ഒരാള്‍ തന്റെ ബാധ്യതകള്‍ നിര്‍വഹിക്കുന്നവനായി അല്ലാഹുവിന് കീഴ്‌പെട്ടാല്‍ അവന്‍ അല്ലാഹുവിന്റെ അടിമകളില്‍ സദ്‌വൃത്തനായി'' (തഫ്‌സീറുസ്സഅദി, പേജ് 910).

ഇതിലൂടെ ഉരുത്തിരിയുന്ന കാര്യങ്ങളെ ഇങ്ങനെ ചുരുക്കാം: 

1. ഏതൊരാളില്‍നിന്നും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുക ഇഖ്‌ലാസിന്റെയും ഇത്തിബാഇന്റെയും അടിസ്ഥാനത്തിലായതിനാല്‍ റബ്ബിനെ കാണണമെന്ന ആഗ്രഹത്തോടെ പുണ്യങ്ങള്‍ പതിവാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്നവരാരോ അവരാണ് യഥാര്‍ഥ സദ്‌വൃത്തര്‍. സല്‍കര്‍മങ്ങള്‍ സ്വീകരിക്കുന്നേടത്ത് ചെറുത്, വലുത് എന്നിങ്ങനെയുള്ള വേര്‍തിരിവ് അവര്‍ക്കിടയിലില്ല. അല്ലാഹു പറയുന്നു: ''അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ'' (18:110).

ഈ ആയത്ത് വിശദീകരിക്കുന്നേടത്തും ഇഖ്‌ലാസും ഇത്തിബാഉം നിലനിര്‍ത്തലാണ് ഇതിന്റെ താല്‍പര്യമെന്ന് മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. 

2. ആദര്‍ശ സംരക്ഷണവും പ്രമാണനിഷ്ഠയും കാത്തുസൂക്ഷിക്കുക എന്നത് സദ്‌വൃത്തര്‍ക്കുള്ള ഗുണമാണ്. ഇവയില്‍ ആര് വീഴ്ച വരുത്തിയാലും അത് തീര്‍ത്തും തെറ്റാണ്. മതരംഗത്തുള്ളവരാണെന്ന് പറയുന്നവരിലൂടെ തെറ്റുകള്‍ പ്രചരിക്കുമ്പോള്‍ അത് സമൂഹ മധ്യേ തുറന്ന് കാണിക്കുക എന്നതും നല്ലവരുടെ സ്വഭാവം തന്നെ. എന്നാല്‍ ആരാണോ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയും കണിശതയും കാണിക്കുന്നത് അവര്‍ പിഴച്ചവരും പുത്തന്‍വാദികളും മതം നശിപ്പിക്കുന്നവരുമായി ചിത്രീകരിക്കപ്പെടുന്ന വിരോധാഭാസമാണിന്ന് നാം കാണുന്നത്. തൗഹീദാകുന്ന നിര്‍ഭയത്വം കാത്തുസൂക്ഷിച്ച,് ശിര്‍ക്കിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന മുവഹ്ഹിദുകളെ മുശ്‌രിക്കുകളും മതവിരുദ്ധരുമായി ചിത്രീകരിക്കുന്നു. സ്വഹീഹായ ഹദീഥുകളുടെ പവിത്രതയെ ആദരിക്കുന്ന സുന്നത്ത് വാഹകരെ മതത്തെ കുടുസ്സാക്കുന്നവരെന്നും അന്ധവിശ്വാസം വലിച്ചുകൊണ്ടവരുന്നവരാണെന്നും ആക്ഷേപിക്കുന്നു. പുത്തനാചാരങ്ങളെ സമൂഹത്തില്‍നിന്ന് പിഴുതെറിയാന്‍ ശ്രമിക്കുന്നവരെ ബിദ്അത്തുകളെ പ്രോത്സാഹിപ്പിക്കുന്നവരെന്നു വിശേഷിപ്പിക്കുന്നു. ആദര്‍ശരംഗത്തും പ്രമാണങ്ങള്‍ സ്വീകരിക്കുന്നേടത്തും സ്വയംവരുത്തിവെച്ച പിഴവുകളെ മറ്റുള്ളവരുടെ പിരടിയില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരെ സദ്‌വൃത്തരെന്ന് പറയാന്‍ വിവേകമുള്ളവര്‍ക്ക് കഴിയുമോ?

3. കപടവിശ്വാസവും കാപട്യപ്രവര്‍ത്തനങ്ങളും സദ്‌വൃത്തര്‍ക്ക് പറഞ്ഞതല്ല. ആ ദുഃസ്വഭാവത്തിലേക്കെത്തിക്കുന്ന ഓരോ നിമിഷത്തെയും ഭയക്കുന്നവരും മോചനത്തിനായി പ്രാര്‍ഥിക്കുന്നവരുമാണവര്‍. നബി ﷺ യുടെ അനുചരന്മാര്‍ അങ്ങെനയായിരുന്നു. അവരാണല്ലോ സദ്‌വൃത്തരില്‍ മാതൃക. പ്രകടനപരതയിലല്ല കാര്യം; നിഷ്‌കളങ്കതയേടെ നബി ﷺ യെ പിന്‍പറ്റി പ്രവര്‍ത്തിക്കുന്നതിലാണ്. നിഷ്‌കളങ്കതയില്ലെങ്കില്‍ അതിന്റെ ലക്ഷ്യം മറ്റൊന്നാണ.് അതാണ് കാപട്യം. അല്ലാഹു പറയുന്നു: 

''തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമെ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ'' (4:142).

4. വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ പഠിപ്പിച്ച കാര്യങ്ങള്‍ പിന്‍പറ്റുന്നവരാണ് സദ്‌വൃത്തര്‍. പ്രവര്‍ത്തിക്കുന്നവന് ഇത്തിബാഇല്ലാതെ എത്ര ആത്മാര്‍ഥതയുണ്ടായിട്ടും കാര്യമില്ല. ഇന്ന് സമൂഹത്തില്‍ നടമാടുന്ന ബിദ്അത്തുകളിലേക്ക് കണ്ണോടിക്കുക. അത് ചെയ്യുന്നവര്‍ നിര്‍ബന്ധകര്‍മങ്ങള്‍ ചെയ്യുന്നതില്‍ കാണിക്കാത്ത ആത്മാര്‍ഥതയാണ് കാണിക്കുന്നത്. അത്രമാത്രം പ്രാധാന്യം അതിനുണ്ടെന്നാണ് അവര്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു പറയുന്നു:

''(നബിയേ,) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ. ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്'' (18:103,104).

ഇത് പ്രത്യക്ഷത്തില്‍ സത്യനിഷേധികളെ കുറിച്ചാണെങ്കിലും മതനിയമത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടും. ഇബ്‌നുകഥീര്‍ പറയുന്നു: ''സ്വീകരിക്കപ്പെടുന്നതും തൃപ്തിപ്പെടുന്നതും മതനിയമത്തിലില്ലാത്തതുമായ നിരര്‍ഥക പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്തു. അവര്‍ ഇഷ്ടപ്പെടുന്നവരും സ്വീകരിക്കപ്പെടുന്നവരുമാണെന്ന് തങ്ങള്‍ എന്ന് വിശ്വസിക്കുന്നു'' (ഇബ്‌നു കഥീര്‍, 3/133).

മതവിഷയങ്ങള്‍ പ്രമാണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്ക് തടസ്സമാകുന്നത് മുസ്‌ലിയാക്കന്മാര്‍ ശീലിപ്പിച്ച തക്വ്‌ലീദ് (അന്ധമായ അനുകരണം) ആണ്. തെളിവും ന്യായവും നോക്കാതെ ഒരാളില്‍നിന്ന് മതകാര്യങ്ങള്‍ സ്വീകരിക്കുക എന്നത് ഇസ്‌ലാമല്ല. നാല് മദ്ഹബിന്റെ ഇമാമുകളും അവരെ തക്വ്‌ലീദ് ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തവരാണ്. എന്നാല്‍ സമസ്ത പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത് കാണുക:

1. ''ഇസ്‌ലാമില്‍ കര്‍മപരവും വിശ്വാസപരവുമായ കാര്യങ്ങളുണ്ട്. വിശ്വാസകാര്യങ്ങള്‍ ഇമാം അശ്അരിയും ഇമാം മാതുരീദിയും ക്രോഡീകരിച്ചിട്ടുണ്ട്. അതിനെതിരായ വിശ്വാസം ഇസ്‌ലാമിന്റെ വിശ്വാസമല്ല. കര്‍മപരമായ കാര്യങ്ങളില്‍ നാലിലൊരു മദ്ഹബ് അനുസരിച്ചാവലും മദ്ഹബ് അനുസരിച്ചാവലും അനിവാര്യമാണ്. വിശ്വാസവും കര്‍മവും ഇപ്പറഞ്ഞതിനെതിരായാല്‍ അത് ഇസ്‌ലാമല്ലാത്തതാണ്. ഇങ്ങെനയാണ് മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ തീരുമാനം'' (ഇവരെ എന്തുകൊണ്ട് അകറ്റണം?, ചാലിയം അബൂബക്കര്‍ മുസ്‌ലിയാര്‍, പേജ് 19).

2. ''സാധാരണക്കാരന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, കളവു പറയട്ടെ. അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ. സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ഇജ്മാഅ് ഉണ്ട്'' (മുജാഹിദ് പ്രസ്ഥാനം എങ്ങോട്ട്? അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പേജ് 23). 

3.ഒരു മുസ്‌ലിയാര്‍ സ്വാവി പറഞ്ഞതായി എഴുതുന്നു: ''നാല് മദ്ഹബുകളല്ലാത്തതിനെ അനുഗമിക്കല്‍ ജാഇസല്ല. അത് ഒരുപക്ഷേ, സ്വഹാബത്തിന്റെ വാക്കിനോടും സ്വഹീഹായ ഹദീഥിനോടും ഒത്തുകണ്ടാലും ശരി. നാല് മദ്ഹബുകള്‍ക്കപ്പുറം ചവിട്ടിയവന്‍ വഴിതെറ്റിയവനും തെറ്റിക്കുന്നവനുമത്രെ'' (മദ്ഹബുകളും ഇമാമുകളും: ഹ്രസ്വ പഠനം, എം.കെ.ഇസ്മാഈല്‍ മുസ്‌ലിയാര്‍, പേജ് 10).

പുറം നന്നാക്കി അകം മലിനമാക്കുന്ന ഇത്തരം വഴിവെട്ടിത്തെളിക്കുന്നവരെയല്ല ഇസ്‌ലാം സദ്‌വൃത്തര്‍ എന്ന് പറഞ്ഞത്. ക്വുര്‍ആന്‍ പഠിപ്പിച്ചതായ സദ്ഗുണങ്ങളോടെ സദ്‌വൃത്തരായി മാറാന്‍ പ്രാര്‍ഥനയും കര്‍മങ്ങളും മുന്‍നിര്‍ത്തി നാം മുന്നേറുക.