ബന്ധങ്ങളുടെ പവിത്രത

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായതിനാല്‍ തന്റെ ജീവിതയാത്രയില്‍ ബന്ധപ്പെടുന്നവരോടെല്ലാം മാന്യമായ നിലയില്‍ വര്‍ത്തിക്കേണ്ടതുണ്ട്. കുടുംബബന്ധം പുലര്‍ത്തുകയും കടമകളും കടപ്പാടുകളും നിര്‍വഹിക്കുകയും ചെയ്യേണ്ടതുണ്ട്. സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നത് കാണുക:

''അപ്പോള്‍ നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമെ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍. തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച്‌കൊണ്ട് ക്ഷമകൈക്കൊള്ളുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്!'' (ക്വുര്‍ആന്‍ 13:19-24).

''അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ ബന്ധങ്ങള്‍ ചേര്‍ത്തിക്കൊള്ളട്ടെ'' (ബുഖാരി, മുസ്‌ലിം) എന്ന് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. ക്വുര്‍ആനില്‍ പല ഭാഗങ്ങളിലായി അല്ലാഹുവിന്റെ ഈ കല്‍പന നമുക്ക് കാണാം:

''നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍ 4:36).

 ''കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍'' (ക്വുര്‍ആന്‍ 13:21).

അബൂദര്‍റ്(റ) പറയുന്നു: ''എന്റെ കൂട്ടുകാരന്‍ നബി ﷺ  എന്നോട് ഏഴു കാര്യങ്ങള്‍ ഉപദേശിച്ചു. അതില്‍ ഒന്ന്, കുടുംബക്കാര്‍ എന്നെ അകറ്റിയാലും ഞാന്‍ അവരോട് ബന്ധം ചേര്‍ക്കണമെന്നതായിരുന്നു.''

നബി ﷺ  പറയുന്നു: ''അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക. ബന്ധങ്ങള്‍ ചേര്‍ക്കുക. രാത്രിയില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ നമസ്‌കരിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം'' (തിര്‍മുദി).

അല്ലാഹു പറയുന്നു: ''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 4:1).

വാക്ക് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ബന്ധം മുറിയാന്‍ കാരണമാകുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഭയപ്പെടേണ്ടതുണ്ട്. നബി ﷺ  പറയുന്നു: ''അന്ത്യനാളില്‍ ബന്ധങ്ങള്‍ ചേര്‍ത്തവന് സാക്ഷിയായി കുടുംബബന്ധം സ്വിറാത്വിന്റെ ഇരുവശങ്ങളിലും നില്‍ക്കും. ബന്ധങ്ങള്‍ മുറിച്ചവര്‍ക്കെതിരിലും അത് സാക്ഷി പറയും. സ്വിറാത്വിലൂടെ ഓരോരുത്തരും കടന്നുപോകുമ്പോള്‍ 'അല്ലാഹുവേ, ഇവന്‍ ബന്ധം ചേര്‍ത്തവനാണ്' എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.''

ഒരു വ്യക്തി വന്നുകൊണ്ട് പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, എന്നെ സ്വര്‍ഗത്തില്‍  പ്രവേശിപ്പിക്കുന്നതും നരകത്തില്‍നിന്ന് അകറ്റുന്നതുമായ ഒരു കര്‍മം പറഞ്ഞുതരൂ.'' നബി ﷺ  പറഞ്ഞു: ''നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് നല്‍കുക. കുടുംബബന്ധം ചേര്‍ക്കുക'' (ബുഖാരി, മുസ്‌ലിം).

''കുടുംബബന്ധം അര്‍ശിനോട് ബന്ധിക്കപ്പെട്ടതാണ്. അത് പറയും: 'എന്നെ ചേര്‍ത്തവനോട് അല്ലാഹു ബന്ധം ചേര്‍ക്കും. എന്നെ മുറിച്ചവനോട് അല്ലാഹു ബന്ധം മുറിക്കും'' (ബുഖാരി, മുസ്‌ലിം).

ബന്ധം മുറിക്കുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിന് അര്‍ഹരായവരാണ്:

''എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 47: 22,23).

''ബന്ധങ്ങള്‍ മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെ''ന്ന് നബി ﷺ  അറിയിച്ചിട്ടുണ്ട്. (സ്വഹീഹുല്‍ ജാമിഅ് 7548).

ബന്ധങ്ങളില്‍ ഏറ്റവും വലുത് മാതാപിതാക്കളോടുള്ളതാണ്. അതില്‍ വീഴ്ച വരുത്തുന്നവനും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവനും മഹാപാപമാണ് ചെയ്യുന്നത്. മഹാപാപങ്ങള്‍ എന്താണെന്ന് പഠിപ്പിച്ചുകൊണ്ട് നബി ﷺ  പറഞ്ഞു: ''അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കള്‍ക്ക് എതിരു പ്രവര്‍ത്തിക്കല്‍'' (ബുഖാരി).

നീരസത്തിന്റെ ചെറിയ വാക്കുപോലും അവരോട് പറയാന്‍ പാടില്ല:

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17:23,24).

നിസ്സാര പ്രശ്‌നങ്ങളുടെ പേരിലും സാമ്പത്തിക ഇടപാടുകളുടെ പേരിലും സ്വന്തം മാതാപിതാക്കളോട് ഇടഞ്ഞ് നില്‍ക്കുന്നവരും അവരെ അസഭ്യം പറയുന്നവരുമായ എത്രയോ മക്കള്‍ നമ്മുടെ നാട്ടിലുണ്ട്. മക്കളാല്‍ കൊല്ലപ്പെടുന്ന മാതാപിതാക്കളുമുണ്ട്! അല്ലാഹുവിന്റെ കഠിനമായ ശിക്ഷയെ അവര്‍ ഭയപ്പെടേണ്ടതുണ്ട്. 'മാതാപിതാക്കളോടുള്ള നന്ദി പൂര്‍ണമാക്കാതിരുന്നാല്‍ അല്ലാഹുവോടുള്ള നന്ദി സ്വീകരിക്കപ്പെടുകയില്ലെ'ന്ന ഇബ്‌നുഅബ്ബാസ്(റ)വിന്റെ പ്രസ്താവന നാം ഓര്‍ക്കുക. ഇഹലോകത്തു വെച്ചുതന്നെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള തെറ്റുകളില്‍ പെട്ടതാണ് മാതാപിതാക്കളോട് കാണിക്കുന്ന അനീതി.

ഇങ്ങോട്ട് ബന്ധം പുലര്‍ത്തുന്നവരോട് മാത്രം അങ്ങോട്ട് ബന്ധം പുലര്‍ത്തുന്നവരാണേറെയും. എന്നാല്‍ മുറിഞ്ഞുപോയ ബന്ധം ചേര്‍ക്കാനാണ് ഒരു സത്യവിശ്വാസി ശ്രമിക്കേണ്ടത്.

നബി ﷺ  പറയുന്നു: ''പ്രത്യുപകാരം ചെയ്യുന്നവനല്ല യഥാര്‍ഥ ബന്ധം ചേര്‍ക്കുന്നവന്‍. മറിച്ച്, മുറിഞ്ഞുപോയ ബന്ധം ചേര്‍ക്കുന്നവനാണ്'' (ബുഖാരി).

നമ്മള്‍ അങ്ങോട്ട് മാന്യമായി നിന്നാലും ഇങ്ങോട്ട് മോശമായി പെരുമാറുകയും അകല്‍ച്ചക്കു ശ്രമിക്കുകയും ചെയ്യുന്നവരുണ്ടാകും. അത് നാം വിലവെക്കേണ്ടതില്ല. നമ്മുടെ ഉത്തരവാദിത്തം നാം നിര്‍വഹിക്കുക.

ഒരു വ്യക്തി വന്നുകൊണ്ട് നബി ﷺ യോട് പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം ചേര്‍ക്കുകയും അവര്‍ എന്നോട് ബന്ധം മുറിക്കുകയും ചെയ്യുന്നു. ഞാന്‍ അവരോട് നന്മ ചെയ്യുന്നു. അവര്‍ എന്നോട് മോശമായി പെരുമാറുന്നു. ഞാനവരോട് വിവേകം കാണിക്കുന്നു. അവരെന്നോട് വിവരക്കേട് കാണിക്കുന്നു.'' നബി ﷺ  പറഞ്ഞു: ''നീ പറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ നീ അവരെ ചൂടുള്ള വെണ്ണീറു തീറ്റിക്കുകയാണ്. നീ ഈ അവസ്ഥ തുടരുന്നിടത്തോളം അല്ലാഹുവിന്റെ സഹായം നിന്നോടൊപ്പമുണ്ടായിക്കൊണ്ടിരിക്കും.''

കുടുംബ പ്രശ്‌നങ്ങള്‍ ഇന്ന് സമൂഹത്തില്‍ അനവധിയുണ്ട്. കുടുംബാംഗങ്ങള്‍ ക്ഷമ കൈക്കൊള്ളുകയും അല്ലാഹുവിന്റെ പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്താലേ രക്ഷയുള്ളൂ. നമ്മുടെ ഒരു നോട്ടമോ, സംസാരമോ, പ്രവൃത്തിയോ പോലും ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നത് നാം സൂക്ഷിക്കുക. മതപരമായ ബാധ്യതകള്‍ വിസ്മരിക്കാതിരിക്കുക.