ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്: തൗഹീദില്‍ അടിയുറച്ച ഇസ്‌ലാമിക നവോത്ഥാന നായകന്‍

യൂസുഫ് സാഹിബ് നദ്‌വി

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

സത്യത്തിന് ശത്രുക്കളും മിത്രങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആദിപിതാവും നബിയുമായിരുന്ന ആദം(അ)ന്റെ മുഖ്യ എതിരാളി പിശാച് ആയിരുന്നു. സത്യത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായാല്‍, തനിക്ക് അനുയായികള്‍ ഇല്ലാതെയാകുമോയെന്ന് പിശാച് ഭയപ്പെടുന്നു. ഭൂമിയില്‍ നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാര്‍ക്കും മിത്രങ്ങളെക്കാളും ശത്രുക്കളെയാണ് കൂടുതല്‍ അഭിമുഖീകരിക്കേണ്ടിവന്നത്. കൂരിരുട്ടിനെ സ്വാഗതം ചെയ്യുന്നവരാണ് എന്നും ശത്രുസമൂഹം. ഇരുളിന്റെ മറവില്‍ മാത്രമെ അവര്‍ക്ക് നിലനില്‍ക്കാനാവു. പ്രകാശത്തിന്റെ അണുകിരണങ്ങളെപ്പോലും ശത്രുക്കള്‍ക്ക് ഏറെ അസഹനീയതയോടെ മാത്രമെ വീക്ഷിക്കാനാവു. സത്യത്തിനെതിരില്‍ എന്ത് ചെറുത്തുനില്‍പിനും അസത്യത്തിന്റെ അനുയായികള്‍ തയ്യാറാകും. പൂര്‍ണാന്ധത ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ പ്രകാശത്തിന്റെ പ്രസക്തി നഷ്ടമാകുന്നത് സ്വാഭാവികമാണല്ലോ. 

സത്യത്തിന്റെ പ്രചാരകരും പ്രബോധകരുമായിരുന്ന അല്ലാഹുവിന്റെ ദൂതന്മാരായ പ്രവാചകന്മാര്‍ക്കാണ് ഭൂമിയില്‍ ഏറ്റവുമധികം ത്യാഗങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. ചരിത്രത്തിലെ സമാനതകളില്ലാത്ത അവഹേളനങ്ങളും മര്‍ദന-പീഡനങ്ങളും ദൗത്യനിര്‍വഹണത്തിന്റെ പാതയില്‍നിന്നും അവരെ അല്‍പം പോലും പിന്നോട്ട് വലിച്ചിട്ടില്ല. അവസാന ശ്വാസംവരെയും അതേമാര്‍ഗത്തില്‍ അവര്‍ അടിയുറച്ചു നിന്നു. പ്രവാചകന്മാരുടെ അനന്തരാവകാശികളായി ഈ ദൗത്യത്തില്‍ വ്യാപൃതരായ ഉത്തമരായ പണ്ഡിതവരേണ്യന്മാര്‍ക്കും ഇത്തരം തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരോപണങ്ങളൂം അവഹേളനങ്ങളും തുടരുന്ന അവസ്ഥയിലും ആ പൂര്‍വസൂരികള്‍ ഈ പാതയില്‍ അടിയുറച്ചു നിന്നു. ആര്‍ക്കും അവരെ പിന്തിരിപ്പിക്കാനായിട്ടില്ല. 

സുഉൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനടുത്ത ഉയയ്‌നയിലാണ് ശൈഖ് മുഹമ്മദിബിന്‍ അബ്ദുല്‍ വഹാബ് ജനിച്ചത്. പൗരാണിക അറേബ്യയുടെ ചരിത്രത്തില്‍ നജ്ദ് എന്നപേരില്‍ അറിയപ്പെടുന്ന പ്രദേശങ്ങളില്‍ ഇന്നത്തെ റിയാദും ഉള്‍പ്പെടുന്നു. ഹി:1115(ക്രി: 1703)ലായിരുന്നു ശൈഖിന്റെ ജനനം. ഉയയ്‌നയിലെ അറിയപ്പെടുന്ന പണ്ഡിതനും ന്യായാധിപനുമായിരുന്നു ശൈഖിന്റെ പിതാവ് അബ്ദുല്‍വഹാബ്. പ്രദേശത്തെ പണ്ഡിതന്മാരില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശൈഖ് മുഹമ്മദ് ഉപരിപഠനാര്‍ഥം മദീനയിലേക്ക് യാത്രയായി. തുടര്‍ന്ന് കൂടുതല്‍ വിജ്ഞാനം കരസ്ഥമാക്കാനായി ഇറാന്‍, ഇറാക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി താമസിച്ചു. പ്രഗത്ഭരും പ്രമുഖരുമായ പണ്ഡിതന്മാരില്‍ നിന്നും വിവിധ വൈജ്ഞാനിക ശാഖകളില്‍ വൈഭവം നേടി. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളില്‍ നിന്നും വ്യതിചലിച്ച റാഫിദീ/ശീഈ കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം തുടര്‍ച്ചയായി താമസിച്ചതിലൂടെ ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മിലുള്ള വ്യക്തമായ അന്തരം അനുഭവങ്ങളിലൂടെ നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 

പിന്നീട് അദ്ദേഹം തെരഞ്ഞെടുത്ത പ്രബോധന മാര്‍ഗത്തിന് വ്യക്തമായ ധാരണയും രൂപരേഖയും നല്‍കാന്‍ ഈ യാത്രാനുഭവങ്ങള്‍ കാരണമായി. മടങ്ങിവന്ന ശേഷം എട്ടുമാസം ചിന്തയുടെയും ആലോചനയുടെയും കാലമായിരുന്നു.

ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം നാടുകളില്‍ അദ്ദേഹം കണ്ട കാഴ്ച ആശ്ചര്യജനകമായിരുന്നു.  ജാറങ്ങളും പുണ്യമരങ്ങളും പുണ്യപുഷ്പങ്ങളും നേര്‍ച്ചപ്പൂരങ്ങളുമില്ലാത്ത ഇസ്‌ലാമിനെയായിരുന്നു മുഹമ്മദ് ﷺ അറബികള്‍ക്ക് പരിചയപ്പെടുത്തിയത്. ശിലകളെയും പ്രതിരൂപങ്ങളെയും ആരാധിക്കല്‍ ആ മതത്തിന് പരിചയമില്ല. പകല്‍പോലെ സുവ്യക്തമായ ആദര്‍ശമാണ് മുഹമ്മദ് ﷺ പ്രബോധനം ചെയ്തത്. ദുരൂഹതകളോ സംശയങ്ങളോ ആരോപിക്കാന്‍ കഴിയാത്ത നിലയില്‍ പ്രകടമായ ആരാധനയും അനുഷ്ഠാനങ്ങളും ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയാണ്. പക്ഷേ, കാര്യങ്ങള്‍ ആകെ തകിടംമറിഞ്ഞിരിക്കുന്നു. മക്കയിലെ പൂര്‍വകാല ജാഹിലീ സമൂഹവും നിലവിലെ ഹിജാസിന്റെ അവസ്ഥയും തമ്മില്‍ വലിയമാറ്റം ദര്‍ശിക്കാനാവാത്ത അവസ്ഥ! 

മുഹമ്മദ് നബി ﷺ പ്രബോധനം ചെയ്ത അതേ ഇസ്‌ലാമിലേക്ക് തന്നെ ശൈഖ് ഹിജാസിലെ ജനങ്ങളെ മടക്കിവിളിച്ചു. വിശ്വാസമാണ് ഒന്നാമതായി സംസ്‌കരിക്കപ്പെടേണ്ടതെന്ന പ്രവാചകന്മാരുടെ രീതിശാസ്ത്രം ശൈഖ് പിന്തുടര്‍ന്നു. ഇക്കാരണത്താല്‍ മുവഹ്ഹിദുകള്‍ എന്ന പേരിലും ശൈഖിന്റെ അനുയായികള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. എന്നാല്‍ വഹ്ഹാബികള്‍ എന്ന പ്രയോഗം ഇസ്‌ലാമിന്റെ ശത്രുക്കള്‍ കഥയറിയാതെ മെനഞ്ഞെടുത്ത വിളിപ്പേരാണ്. ഇടതുകണ്ണിലൂടെ ഇസ്‌ലാമിനെ വിലയിരുത്തുകയും മോഡേണ്‍ ഇസ്‌ലാമിന്റെ വക്താക്കളായി ചമയുകയും ചെയ്ത ചില അഭിനവരുടെ രചനകളിലൂടെ വഹ്ഹാബികള്‍ എന്ന പ്രയോഗം വ്യാപകമായി. ഇസ്‌ലാമിനെ രാഷ്ട്രീയമായി ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിച്ച ഇഖ്‌വാനികളുടെ കൃതികളിലും ഈ പ്രയോഗം വ്യാപകമായി കടന്നുകൂടിയിട്ടുണ്ട്. ഇറാനിലെ ആയത്തുല്ല ഖുമൈനിയുടെ 'ആണ്ടുഖത്ത'ത്തിനും വിപ്ലവത്തിന്റെ വാര്‍ഷികത്തിനും വിരുന്നുണ്ണാന്‍ ക്ഷണിക്കപ്പെടുന്നവര്‍ക്കും 'വഹ്ഹാബി'യെന്ന പ്രയോഗം ശത്രുസൂചകമാണ്. ഉദാഹരണമായി ഐ.പി.എച്ചിന്റെ 'ടെഹ്‌റാനില്‍ ഒരു പഥികന്‍' എന്ന കൃതി. 

ലോകത്തിന്റെ സ്രഷ്ടാവും സംരക്ഷകനും സംഹാരകനുമായ അല്ലാഹുവിനെ, മുഹമ്മദ് ﷺ പരിചയപ്പെടുത്തിയിടത്തുനിന്നും ഹിജാസിലെ സമൂഹം ഒരുപാട് വഴിമാറി സഞ്ചരിക്കുന്നതായി അറേബ്യന്‍ അന്തരീക്ഷം ശൈഖിനെ ബോധ്യപ്പെടുത്തി. ശുപാര്‍ശകനും ഇടനിലക്കാരനും ആവശ്യമില്ലാതെ നേര്‍ക്കുനേര്‍ സമീപിക്കാന്‍ പര്യാപ്തനായി പ്രവാചകന്മാരഖിലവും മനസ്സിലാക്കിത്തന്ന അല്ലാഹുവിലേക്ക് ഇടനിലക്കാരെയും നേര്‍ച്ചക്കാരെയും സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു ഹിജാസിലെ സമൂഹം. പുണ്യമരങ്ങളുടെയും ഇടനിലക്കാരുടെയും സ്വൂഫീ ത്വരീക്വത്തുകാരുടെയും ആവാസകേന്ദ്രമായി ഹിജാസ് മാറുന്നതായി ശൈഖിന് അനുഭവപ്പെട്ടു. 

പൗരാണിക അറേബ്യന്‍ സമൂഹത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു ഹിജാസിലെ പല സമ്പ്രദായങ്ങളും. കള്ളപ്രവാചകന്‍ 'മുസൈലിമ' പ്രത്യക്ഷപ്പെട്ട യമാമയിലെ മന്‍ഫൂഹയില്‍ ഒരു മരത്തെ ചുറ്റിപ്പറ്റി പല വിശ്വാസങ്ങളും ഹിജാസുകാര്‍ പുലര്‍ത്തിവന്നു. അവിവാഹിതകളായ കന്യകമാര്‍ ഭക്തിപുരസ്സരം ഈ മരത്തെ സന്ദര്‍ശിച്ചാല്‍ ആ വര്‍ഷംതന്നെ അവരുടെ മംഗല്യം നടക്കുമെന്നായിരുന്നു ചൂഷകരായ ഏജന്റുമാരുടെ പ്രചരണം. ദര്‍ഇയ്യയിലെ ഒരു ഗുഹയിലേക്കായിരുന്നു മറ്റു ചിലരുടെ തീര്‍ഥാടനം. ഈ ഗുഹ സന്ദര്‍ശിച്ചാല്‍ സൗഭാഗ്യങ്ങള്‍ കൈവരുമെന്നും ജീവിതത്തില്‍ പുണ്യം ലഭിക്കുമെന്നും ജനങ്ങള്‍ വിശ്വസിച്ചു. 

മരത്തില്‍നിന്നും കൊഴിഞ്ഞുവീഴുന്ന കരിയിലപോലും വിറ്റ് കാശാക്കുന്ന ചൂഷകരെ നമ്മുടെ നാട്ടില്‍ നേരില്‍ കണ്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഇങ്ങനെ ഉദരപൂരണം നടത്തുന്ന ദൗര്‍ഭാഗ്യവാന്മാരെ കാണാനാവും. ഇറാനും ഇറാക്കും ഈജിപ്തും സുഡാനും സിറിയയും ഇത്തരം നേര്‍ച്ചകളുടെ പൂരപ്പറമ്പുകളാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനിനെയും നബി ﷺ യുടെ മഹനീയ ചര്യകളെയും അടിസ്ഥാനപ്പെടുത്തി പൗരാണിക ഇസ്‌ലാമിലേക്ക് മടങ്ങിവരാന്‍ ഹിജാസിലെ സമൂഹത്തെ ശൈഖ് ഉല്‍ബോധിപ്പിച്ചു. പുരോഹിതന്മാരുടെയും മതമേലാളന്മാരുടെയും ഭാവത്തില്‍ പ്രത്യക്ഷപ്പെട്ട് സാധുസമൂഹത്തെ കൊള്ളയടിച്ചിരുന്ന ഒരു വിഭാഗത്തിനായിരുന്നു ഹിജാസില്‍ മേല്‍ക്കൈ. 

ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ അവസ്ഥ വളരെയധികം ദയനീയമായിരുന്നു. ഇസ്‌ലാമെന്ന പേരില്‍ എഴുന്നള്ളിക്കപ്പെടുന്ന, അല്‍പബുദ്ധികളുടെ ക്ഷുദ്ര രചനകളെ ദീനായി അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അന്ധമായ തക്വ്‌ലീദും മദ്ഹബീ പക്ഷപാതവും മാത്രം ബാക്കിയായി. അഞ്ചുനേരത്തെ നിര്‍ബന്ധ നിസ്‌കാരം മക്ക, മദീന ഹറമുകൡപോലും വ്യത്യസ്ത മദ്ഹബീ വീക്ഷണം അനുസരിച്ച് വിവിധ സമയങ്ങളിലായിരുന്നു നിര്‍വഹിക്കപ്പെട്ടിരുന്നത്.

ഇസ്‌ലാമിക ചിന്തയുടെ പുതിയലോകത്തേക്ക് കടന്നുവരാന്‍ ശൈഖ് മുഹമ്മദിന് പ്രേരകമായത് ഹിജ്‌റ ആറാം നൂറ്റാണ്ടിലെ നവോത്ഥാന നായകനും ഇസ്‌ലാമിക പണ്ഡിതനും ചിന്തകനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ശൈഖുല്‍ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. തികച്ചും അന്ധകാര നിബിഢമായ ഒരു സമൂഹത്തിലായിരുന്നു ശൈഖുല്‍ ഇസ്‌ലാമും പ്രവര്‍ത്തിച്ചിരുന്നത്. 

ഇജ്തിഹാദിന്റെ കവാടങ്ങളെ കൊട്ടിയടക്കാന്‍ ശ്രമിച്ച മദ്ഹബീ പക്ഷപാതികളും ശിയാക്കളും സ്വൂഫികളുമായിരുന്നു അദ്ദേഹത്തിന്റെയും ശത്രുക്കള്‍. ജയില്‍ശിക്ഷക്കും ഭരണകൂടങ്ങളുടെ ചാട്ടവാറടിക്കുമൊന്നും ശൈഖുല്‍ ഇസ്‌ലാമിനെ തന്റെ ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. അല്ലാഹുവിനോടല്ലാതെ ദുആ ചെയ്യുന്നതിനെയും അവയ്ക്ക് നേര്‍ച്ചകളും വഴിപാടുകളും സമര്‍പ്പിക്കുന്നതിനെയും ജാറങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തുന്നതിനെയും അദ്ദേഹം ഇസ്‌ലാമിന്റെ രേഖാപ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിലക്കി.

ഇസ്്വലാഹിന്റെയും തജ്ദീദിന്റെയും മാര്‍ഗത്തില്‍ ശൈഖ് മുഹമ്മദും ഇബ്‌നുതൈമിയ്യയും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തികച്ചും സാമ്യത കാണുവാന്‍ സാധിക്കും. പ്രവര്‍ത്തനരംഗത്തെ രണ്ടുപേരുടെയും മാര്‍ഗരേഖ ഒന്നുതന്നെയായതാണ് ഈ സാമ്യതക്ക് മുഖ്യകാരണം. സാമൂഹിക പശ്ചാത്തലവും ഏകദേശം ഒന്നുതന്നെയായിരുന്നു. ശൈഖ് മുഹമ്മദ്, ഇബ്‌നുതൈമിയ്യയുടെ ഗ്രന്ഥങ്ങള്‍ വ്യക്തമായി ഗ്രഹിക്കുകയും തന്റെ ഇസ്്വലാഹീ ദഅ്‌വത്തിന് ആ ഗ്രന്ഥങ്ങളെ മാര്‍ഗരേഖയായി സ്വീകരിക്കുകയും ചെയ്തിരുന്നു. 

ശൈഖുല്‍ ഇസ്‌ലാമിന്റെ ഏതാനും ഗ്രന്ഥങ്ങള്‍ ശൈഖ് മുഹമ്മദിന്റെ കൈപ്പടയില്‍ പകര്‍ത്തിയെഴുതിയത് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഉള്ളതായി ഈജിപ്ഷ്യന്‍ ഗ്രന്ഥകാരനും അറിയപ്പെടുന്ന നിരൂപകനുമായ അഹ്മദ് അമീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖ് മുഹമ്മദിന് ശൈഖുല്‍ ഇസ്‌ലാമുമായി വ്യക്തമായ ബന്ധമുണ്ടായിരുന്നതിന് ഇത് തെളിവാണ്.

മുഹമ്മദ് നബി ﷺ യുടെ നിയോഗത്തോടെ ഭൂമിയില്‍നിന്നും നിഷ്‌ക്കാസനം ചെയ്യപ്പെട്ട സകല ജാഹിലിയ്യത്തുകള്‍ക്കെതിരിലും ശൈഖ് മുഹമ്മദ് ശക്തമായി നിലകൊണ്ടു. ശിയാക്കളിലൂടെ വ്യാപകമായ മൗലിദ് സദസ്സുകള്‍, ജാറസംസ്‌ക്കാരം, തൊട്ടും മണത്തും ബറകത്ത് ശേഖരിക്കാനെന്നപേരില്‍ മഹ്മല്‍ (താല്‍ക്കാലികമായി ഉണ്ടാക്കുന്ന കഅ്ബ, ജാറങ്ങള്‍ തുടങ്ങിയ രൂപങ്ങള്‍) സംവിധാനം തുടങ്ങിയ അനാചാരങ്ങള്‍ ഹിജാസില്‍ വ്യാപകമായിരുന്നു. ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളിലും അനാചാരങ്ങളിലും ജനങ്ങള്‍ ആശ്വാസം കണ്ടെത്തുന്ന വ്യാപകമായ അവസ്ഥയില്‍ ശൈഖ് അവരെ അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ക്ഷണിച്ചു. 

വിശ്വാസ രംഗത്തെ ശുദ്ധീകരണത്തിലൂടെ മാത്രമെ മുസ്‌ലിം സമൂഹത്തിന്റെ അധോഗതിക്ക് പരിഹാരമുള്ളൂവെന്ന് ശൈഖ് അടിസ്ഥാനപരമായി വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ കൈവരിക്കുന്ന സകല ഭൗതിക പുരോഗതികളും അടിസ്ഥാനപരമായ തൗഹീദിന്റെ അഭാവത്തില്‍ വ്യര്‍ഥമാണെന്ന് ശൈഖ് സമൂഹത്തെ ബോധ്യപ്പെടുത്തി. 

തൗഹീദിനെ ബാധിക്കുന്ന ഒരു വിഷയത്തിലും അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ നബി ﷺ തയ്യാറായിട്ടില്ല. തൗഹീദിന്റെ പ്രാധാന്യം മുഹമ്മദ് നബി ﷺ വിശ്വാസി സമൂഹത്തെ അങ്ങനെ ബോധ്യപ്പെടുത്തുകയായിരുന്നു.

നൂഹ്(അ)ന്റെ സമൂഹത്തിലെ സ്വാലിഹുകളില്‍ പെട്ട വ്യക്തിയായിരുന്നുവല്ലോ ലാത്ത. പൗരാണികകാലത്ത് ഭൂമിയുടെ ഏതോ കോണില്‍ ജീവിച്ച അദ്ദേഹത്തിന്റെ പേരില്‍ ഹിജാസിലെ ത്വാഇഫില്‍ ഒരു പൂജാകേന്ദ്രം ഉണ്ടായിരുന്നു! ആഗ്രഹ സഫലീകരണങ്ങള്‍ക്കായി അറബികള്‍ നേര്‍ച്ചവഴിപാടുകള്‍ നടത്തിവന്നിരുന്ന സിയാറത്ത് കേന്ദ്രം. ത്വാഇഫിലെ ജനങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചു. എന്നാല്‍ ലാത്തയുടെ പേരില്‍ നേര്‍ച്ചവഴിപാടുകള്‍ നടത്തിവന്നിരുന്ന ആ സ്ഥലത്തിനോട് അവര്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു വൈകാരികബന്ധം നിലനിന്നു. ആകേന്ദ്രം ഉടനെ തകര്‍ക്കരുതെന്നും കുറച്ചു കാലംകൂടി നിലനിര്‍ത്തണമെന്നും ത്വാഇഫുകാര്‍ നബി ﷺ യോട് അഭ്യര്‍ഥിച്ചു. 

എന്നാല്‍ അടിസ്ഥാന പ്രശ്‌നത്തില്‍ അല്‍പംപോലും വിട്ടുവീഴ്ച ചെയ്യാന്‍ നബി ﷺ തയ്യാറായില്ല. ലാത്തയുടെ ആസ്ഥാനം ഉടനെ തകര്‍ത്തുവരാന്‍ അബൂസുഫ്‌യാനിബിന്‍ ഹര്‍ബിനെയും മുഗീറത്തുബിന്‍ ശുഅ്ബയെയും നബി ﷺ നിയോഗിച്ചു.

ജാഹിലിയ്യഃ അറബികള്‍ താല്‍ക്കാലിക ആശ്വാസംകണ്ടിരുന്ന ഒരു മരമായിരുന്നു ദാത്തുഅന്‍വാത്വ്. യുദ്ധത്തിനായി പുറപ്പാട് നടത്തുമ്പോള്‍ ഈ മരത്തില്‍ ആയുധം കെട്ടിത്തൂക്കി അല്‍പസമയം പ്രാര്‍ഥനാ മനസ്സോടെ അവിടെ കഴിയുന്നത് അവരുടെ പതിവായിരുന്നു. ഇസ്‌ലാം സ്വീകരിച്ചിട്ടും അവരില്‍ ചിലരുടെ മനസ്സില്‍ ദാത്തുഅന്‍വാത്വിനോടുള്ള ഭക്തിയും വിധേയത്വവും ബാക്കിയായി. മുസ്‌ലിംകള്‍ക്കും  ഒരു ദാത്തുഅന്‍വാത്വ് നിശ്ചയിക്കാന്‍ അവര്‍ നബി ﷺ യോട് അപേക്ഷിച്ചു. മൂസാനബി(അ)യുടെ സമൂഹത്തിന്റെ കഥ അവരെ ഓര്‍മപ്പെടുത്തിയ നബി ﷺ അതിന്റെ ഗൗരവം അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ചെയ്തത്. 

വിശുദ്ധ ക്വുര്‍ആനില്‍ വിവരിച്ച ഒരു സംഭവമാണ് ബൈഅതു രിദ്‌വാന്‍. ഒരുമരത്തിന്റെ ചുവട്ടില്‍ ഒന്നിച്ചുകൂടിയ സ്വഹാബികള്‍ നബി ﷺ ക്ക് സകല പിന്തുണയും പ്രഖ്യാപിച്ച അനുസരണ പ്രതിജ്ഞ. ഈവിഷയത്തില്‍ ക്വുര്‍ആന്‍ വചനവും(48:18) അവതരിച്ചു. ബ്രഹത്തായ സംഭവംനടന്ന മരച്ചുവടിനോട് പില്‍ക്കാലത്തെ ചിലര്‍ക്ക് മറക്കാനും ഒഴിവാക്കാനുമാകാത്ത ചില വിധേയത്വങ്ങള്‍ പ്രകടമായി. മരച്ചുവട് സന്ദര്‍ശിക്കാനും അവിടെ ആശ്വാസം കൊള്ളാനും ചിലര്‍ തയ്യാറായി. 

നബി ﷺ യോട് സ്വഹാബികള്‍ കൂറ് പ്രഖ്യാപിച്ച, ക്വുര്‍ആന്‍ പേരെടുത്തു പറഞ്ഞ മരം (ശജര്‍) മുറിച്ചു നീക്കാന്‍ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) തീരുമാനിച്ചു. മരത്തിന്റെ വേരുപോലും ബാക്കിയാക്കിയില്ല. അടയാളങ്ങള്‍ ഒട്ടും അവശേഷിച്ചില്ല; മരം നിലനിന്നിരുന്ന സ്ഥലം പോലും പിന്നീട് ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത നിലയിലുള്ള ശക്തമായ നടപടി!

ഹുര്‍മുസാന്റെ ഖജനാവില്‍ നിന്നും രണ്ടാം ഖലീഫക്ക് ദാനിയേല്‍ എന്ന പ്രവാചകന്റെ മയ്യിത്ത് ലഭിച്ചതായി ചരിത്ര ഗ്രന്ഥങ്ങള്‍ പറയുന്നു. പകല്‍ നിരവധി ക്വബ്‌റുകള്‍ കുഴിക്കുവാന്‍ ഖലീഫ നിര്‍ദേശം നല്‍കി. ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയില്‍ രാത്രിയില്‍ ഏതോ ഒരു ക്വബ്‌റില്‍ ആ പരിശുദ്ധമായ മയ്യിത്ത് ഖലീഫയുടെ നിര്‍ദേശാനുസരണം അടക്കംചെയ്തു. തിരുശേഷിപ്പുകളൂടെ പേരിലുള്ള ചൂഷണങ്ങള്‍ക്കും ശിര്‍ക്കിലേക്കുള്ള മാര്‍ഗത്തിനും തടയിട്ട ബുദ്ധിപരമായ നടപടി! തൗഹീദിന്റെ വിഷയത്തില്‍ കടന്നുവരാന്‍ സാധ്യതയുള്ള തുരുമ്പുകളെപ്പോലും പ്രതിരോധിക്കാനുള്ള ശക്തമായ നീക്കം. ആദര്‍ശത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊക്കെ ജാഗ്രത പാലിക്കുന്നവരായിരുന്നു പൂര്‍വസൂരികള്‍.

ജീവസ്സുറ്റ നടപടിക്രമങ്ങള്‍ കണ്ടുംകേട്ടും അനുഭവിച്ചും വളര്‍ന്ന പണ്ഡിത വരേണ്യന്മാരുടെ കൃത്യമായ പാരമ്പര്യത്തില്‍ ഇസ്‌ലാമിക വിജ്ഞാനം അഭ്യസിച്ച ശൈഖ് മുഹമ്മദ് ഇതേ മാര്‍ഗവും രീതിശാസ്ത്രവും പിന്‍തുടര്‍ന്നതില്‍ അത്ഭുതമോ അതിശയമോ ഉന്നയിക്കേണ്ടതില്ല. ശൈഖ് മുഹമ്മദ് ഒരുപുതിയ രീതിശാസ്ത്രം ആവിഷ്‌ക്കരിച്ചുവെന്ന ശത്രുക്കളുടെ ആരോപണം അസ്ഥാനത്താണെന്ന് സച്ചരിതരായ പൂര്‍വികരുടെ ഈ നടപടി ക്രമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഒരിക്കലും പ്രവാചകന്മാരുടെ ഇസ്്വലാഹും തജ്ദീദും അവകാശപ്പെടാനാകില്ല. ശിര്‍ക്ക്-ഖുറാഫാത്തുകള്‍ക്ക് മാര്‍ഗദീപം തെളിയിച്ച ഇറാനിയന്‍ ശീഈ നേതാക്കളെ ഇസ്‌ലാമിക നവോത്ഥാന നായകന്മാരായി ഇനിയും അംഗീകരിക്കാത്തതില്‍ പരിഭവപ്പെടുന്ന ജമാഅത്ത്/ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ക്ക് സലഫുസ്സ്വാലിഹുകളുടെ ഇത്തരം നടപടിക്രമങ്ങള്‍ അസ്വസ്ഥതകള്‍ ഉയര്‍ത്തും. അഭിനവ കിസ്രാ ചക്രവര്‍ത്തിമാരുടെ സാസാനിയന്‍ സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങളില്‍ ലഭിക്കുന്ന സ്വീകരണങ്ങള്‍ക്കും ഉദരപൂരണ സല്‍ക്കാരങ്ങള്‍ക്കും നന്ദിസൂചകമായി അത്യുത്തമരായ പൂര്‍വസൂരികളെ ശ്മശാനവിപ്ലവത്തിന്റെ വക്താക്കളാക്കി മുദ്രയടിക്കാന്‍ ഇവര്‍ വെമ്പല്‍കൊള്ളുന്നതിലും അത്ഭുതപ്പെടാനില്ല.