സൗഹൃദത്തിന്റെ ഇസ്‌ലാമിക മാനം

തുവൈലിബ്, ജാമിഅ അല്‍ഹിന്ദ്

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

മാനുഷിക ബന്ധങ്ങള്‍ക്കും ആദര്‍ശ ബന്ധത്തിനും വളരെ പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ഒരു വിശ്വാസി ഇതര വിശ്വാസികള്‍ക്ക് ഒരു കെട്ടിടം പോലെ ശക്തിപകരേണ്ടവനാണെന്ന തിരുവചനത്തിലൂടെ ആത്മാര്‍ഥമായ ആദര്‍ശ സ്‌നേഹത്തിന്റെ അനിവാര്യതയിലേക്ക് നബി ﷺ വിരല്‍ചൂണ്ടിയത് കാണാം. 

ഭൗതിക ഭ്രമങ്ങള്‍ മൂലം ഉടലെടുക്കുന്ന കൂട്ടുകെട്ടുകളും സ്രഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടുള്ള കൂട്ടുകെട്ടും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. ഇഹലോക ചിന്തകളാല്‍ രൂപപ്പെടുന്ന സ്‌നേഹപ്രകടനങ്ങള്‍ പലപ്പോഴും സ്വാര്‍ഥത നിറഞ്ഞതായിരിക്കും. മിക്കവാറും അത്തരം ബന്ധങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടാകാറുള്ളൂ. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ സഹോദരനെ സ്‌നേഹിക്കുന്നവന് റബ്ബിന്റെ പ്രീതിമാത്രമായിരിക്കും ലക്ഷ്യം. വെറുപ്പും പകയും വിദ്വേഷവും വളരുകയും അത് പിന്നീട് ബന്ധത്തിന്റെ തകര്‍ച്ചയിലേക്കെത്തിക്കുകയും ചെയ്യുന്നത് പ്രത്യുത ലക്ഷ്യബോധം വിസ്മരിക്കപ്പെടുമ്പോഴാണ്. സൗഹൃദത്തിന്റെ ആത്യന്തിക ലക്ഷ്യം സ്രഷ്ടാവിന്റെ പ്രീതി നേടലാകുമ്പോള്‍ തന്റെ സുഹൃത്തിന്റെ സുഖ ദുഃഖങ്ങളില്‍ പങ്ക് ചേരാനും അവന്റെ ആവശ്യങ്ങളെ കണ്ടറിയാനും എന്ത് വില നല്‍കിയും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവാനും സന്നദ്ധനാകുവാന്‍ ഒരാള്‍ക്ക് കഴിയും. അതാണ് നമുക്ക് മുന്‍ഗാമികള്‍ പഠിപ്പിച്ച് തന്ന രീതിയും. 

അതിദുര്‍ഘടമായ ഘട്ടത്തിലും തന്റെ സഹോദരന്റെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ ജീവന്‍ പണയം വെക്കാന്‍ തയ്യാറായ പ്രവാചകാനുചരന്മാരുടെ ചരിത്രം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. നാടും വീടും കുടുംബവും വിട്ട് ഹിജ്‌റ വന്നവരെ ഇരുകരവും നീട്ടി സ്വീകരിക്കുവാനും അവര്‍ക്ക് വേണ്ടി തങ്ങളാലാകുന്ന സഹായങ്ങെളല്ലാം ചെയ്തുകൊടുക്കുവാനും തയ്യാറായ മദീനയിലെ വിശ്വാസികളുടെ പ്രവര്‍ത്തനം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ആദര്‍ശ ബന്ധത്തിന്റെ മാധുര്യം അനുഭവിക്കാന്‍ ആ മാതൃകാ സമൂഹത്തിന് സാധിച്ചു.

ഉലഞ്ഞാടുന്ന വ്യക്തിബന്ധങ്ങളും ദുരന്തങ്ങളായി മാറുന്ന മാനസിക വിയോജിപ്പുകളും വിദ്വേഷത്തിലേക്കും പകയിലേക്കും കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല. 

കൂട്ടുകെട്ട് നമ്മുടെ ജീവിതത്തില്‍ എങ്ങനെ ഗുണപരമായും ദോഷകരമായും സ്വാധീനിക്കുന്നു എന്ന് പ്രവാചകന്‍ ﷺ ഒരു ഉപമയിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നന്മ പകര്‍ന്ന് നല്‍കുകയും നല്ലത് മാത്രം ചിന്തിക്കുകയും ചിന്തിപ്പിക്കുകയും പാരത്രികബോധം നല്‍കുകയും ചെയ്യുന്നവനാണ് നല്ല കൂട്ടുകാരന്‍. നല്ല കൂട്ടുകാരനെ കസ്തൂരി വില്‍ക്കുന്നവനുമായാണ് പ്രവാചകന്‍ ﷺ താരതമ്യം ചെയ്തത്. അവന്റെ കൂടെ കൂടിയാല്‍ സുഗന്ധമാണ് ലഭിക്കുക. എന്നാല്‍ ചീത്ത കൂട്ടുകാരനെ നബി ﷺ താരതമ്യം ചെയ്തത് ഉലയിലൂതുന്ന കൊല്ലനോടാണ്. അയാളുടെ അടുത്തിരുന്നാല്‍ പറന്നുയരുന്ന പുകയും വെണ്ണീറും സഹിക്കേണ്ടിവരും. ചിലപ്പോള്‍ തീപ്പൊരി വീണ് വസ്ത്രത്തില്‍ ഓട്ടവീഴും. നല്ലതല്ലാത്ത ഗന്ധവും അനുഭവപ്പെടും. കസ്തൂരിവില്‍പനക്കാരനില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങിയില്ലെങ്കില്‍ പോലും സുഗന്ധം ആസ്വദിക്കാന്‍ കഴിയും. 

സഹവാസത്തിലും കൂട്ടുകെട്ടിലും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തം. നല്ല സുഹൃദ് ബന്ധങ്ങള്‍ക്ക് ഇഹപരജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാനാകും. സജ്ജനങ്ങളുമായുള്ള സഹവാസം പ്രതിഫല ലബ്ധിക്കും ഈമാനിക വളര്‍ച്ചക്കും സഹായകമാകും. എന്നാല്‍ ദുഃസ്വഭാവികളുമായുള്ള സഹവാസം മറ്റുള്ളവര്‍ക്കിടയില്‍ നാമും അത്തരം ദുഃസ്വഭാവിയാണെന്ന തെറ്റായ ചിന്ത രൂപപ്പെടാനും നാം കാത്തുസൂക്ഷിച്ച സൂക്ഷ്മതയും ഭക്തിയും നഷ്ടപ്പെടാനും അവരുടെ തിന്മകള്‍ക്കും തെറ്റായ ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും നാം വശംവദരായിത്തീരാനും ഇടയാക്കും. അത് കൊണ്ട് തന്നെയാണ് ഒരു വ്യക്തിയെ വിലയിരുത്തുവാനുള്ള അളവ്‌കോലായി പ്രവാചകന്‍ ﷺ അവന്റെ കൂട്ടുകാരനെ പരിശോധിക്കാന്‍ പഠിപ്പിച്ചതും. 

നന്മ ചെയ്യല്‍ ശീലമാക്കുകയും സ്രഷ്ടാവിനെ ഓര്‍ക്കുകയും നന്മ കല്‍പിക്കുകയും തിന്മയില്‍ നിന്ന് തടയുകയും ചെയ്യുന്ന ഒരു ആത്മാര്‍ഥ കൂട്ടുകാരനെ ലഭിക്കുക എന്നത് വലിയ ഭാഗ്യമാണ്. അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കാനും സ്‌നേഹിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും നമ്മെ ഓര്‍ക്കുകയും നമുക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന, ഐശ്വര്യത്തിന്റെയും കെടുതിയുടെയും സമയങ്ങളില്‍ കൂടെ നില്‍ക്കുന്ന, നാമാവശ്യപ്പെടാതെ തന്നെ നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്യുന്ന കൂട്ടുകാരെ നമുക്ക് ലഭിക്കണമെങ്കില്‍ നാമും അങ്ങനെയുള്ളവരായി മാറേണ്ടതുണ്ട്.

രോഗിയാകുമ്പോള്‍ ശുശ്രൂഷിക്കാനും ആശുപത്രിയില്‍ തനിക്ക് വേണ്ടി ത്യാഗം സഹിക്കാനും തയ്യാറുള്ള, തന്റെ മരണക്കിടക്കയില്‍ തലയുടെ ഭാഗത്ത് ചേര്‍ന്നിരുന്ന് കലിമ (ലാ ഇലാഹ ഇല്ലല്ലാഹ്) ചൊല്ലിത്തരുന്ന, തന്റ മരണശേഷം കുളിപ്പിക്കാനും കഫന്‍ ചെയ്യാനും തനിക്ക് വേണ്ടി നമസ്‌കരിക്കാനും തയ്യാറാകുന്ന, ക്വബ്‌റിന്റെ അരികില്‍ നിന്ന് ബന്ധുക്കള്‍ അകന്ന് പോകുമ്പോഴും ഈറനണിഞ്ഞ കണ്ണുകളോടെ അവിടെ നിന്ന് തസ്ബീത്ത് ചൊല്ലുന്ന കൂട്ടുകാര്‍... അവരാണ് ആദര്‍ശബന്ധുക്കള്‍. അവര്‍ നമ്മെയും നമ്മള്‍ അവരെയും സ്‌നേഹിക്കുന്നത് അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയാണ്.

അങ്ങനെയെങ്കില്‍ നമുക്ക് ലഭിക്കാനിരിക്കുന്നത് അല്ലാഹുവിന്റെ സ്‌നേഹമാണ്. അല്ലാഹുവിന്റെ തണലാണ്. അവന്റെ ഉന്നതമായ സ്വര്‍ഗമാണ്. അതിനുതകുന്ന എല്ലാ മാര്‍ഗങ്ങളും നാം സ്വീകരിക്കുന്നതോടൊപ്പം സാഹോദര്യത്തെയും സ്‌നേഹത്തെയും നഷ്ടപ്പെടുത്തുന്ന, ബന്ധങ്ങളെ മുറിച്ചുകളയുന്ന എല്ലാ കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്. 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്‌നേഹിച്ച് ഒന്നിച്ച രണ്ടാളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്നതും ആത്മബന്ധത്തിന് ശോഷണം സംഭവിക്കുന്നതും അവരില്‍ ഏതെങ്കിലും വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന തിന്മയും തെറ്റായ ചിന്തയും കാരണംകൊണ്ടായിരിക്കും. അതുപോലെ ഏഷണിയും പരദൂഷണവും പറയുന്നവരിലേക്ക് ചെവികൊടുക്കുക എന്നതും ബന്ധങ്ങള്‍ ശിഥിലമാകുന്നതിനുള്ള മൂലകാരണമായി പ്രവാചകന്‍ ﷺ പഠിപ്പിച്ചതാണ്. 

ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍ സൃഷ്ടിക്കുന്ന മറ്റൊന്നാണ് പരസ്പരം മനസ്സറിഞ്ഞ് സംസാരിക്കുന്നില്ല എന്നത്. മനസ്സില്‍ എന്തെങ്കിലും ഒളിപ്പിച്ച് വെക്കുകയും പറയാനുള്ളത് തുറന്ന് പറയാതിരിക്കുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ തകര്‍ന്ന് കൊണ്ടിരിക്കും. 

0
0
0
s2sdefault