തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക

മുനവ്വര്‍ ഫൈറൂസ്

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

പരിശുദ്ധ ഇസ്ലാം ഏതൊരു വിഷയത്തിലും കൃത്യമായ നിലപാടുകളുള്ള മതമാണ്. തിന്മ ചെയ്യുന്നവരെ തിരുത്തണമെന്ന് പരിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ജനങ്ങളോട് നന്മ ഉപദേശിക്കുവാനും തിന്മ വിലക്കുവാനും ഇസ്ലാം കല്‍പിക്കുന്നു. നല്ല കാര്യങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കാനും ചീത്ത കാര്യങ്ങള്‍ ചെയ്യുന്നവരുടെ കൈ പിടിക്കാനും അതിനു കഴിയില്ലെങ്കില്‍ നാവ് കൊണ്ട് എതിര്‍ക്കാനുമൊക്കെ അല്ലാഹുവിന്റെ മതം നമ്മെ പഠിപ്പിക്കുന്നു. അതേയവസരത്തില്‍ തിന്മകളെ എതിര്‍ക്കുന്നത് ഏറ്റവും മാന്യമായ ഭാഷയില്‍, ഏറ്റവും മാന്യമായ രീതിയില്‍ ആകണമെന്നും നന്മ കൊണ്ടാണ് എതിര്‍ക്കേണ്ടത് എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇങ്ങോട്ട് അക്രമിക്കുന്നവനെ തിരിച്ചങ്ങോട്ടും അക്രമിക്കമിക്കുകയല്ല, തെറി വിളിക്കുന്നവരെ തിരിച്ച് തെറി വിളിക്കുകയല്ല മുസ്‌ലിം ചെയ്യേണ്ടത്. ഒരു തിന്മയെ മറ്റൊരു തിന്മ കൊണ്ട് എതിര്‍ക്കുക എന്ന രീതി ഇസ്ലാമികമല്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വളരെ നീചമായ രീതിയില്‍ ഇസ്ലാമിനെ അപകീര്‍ത്തിപ്പടുത്താന്‍ ശ്രമിക്കുന്നവരെ അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്ന രീതിയും അല്ലാഹുവിന്റെ മതം അനുവദിക്കുന്നില്ല. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 41:34,35).

തിന്മയെ ഏറ്റവും നല്ലത് കൊണ്ട് എതിര്‍ക്കുക; എങ്കില്‍ ശത്രുതയുള്ളവന്‍ പോലും മിത്രത്തെ പോലെയാകും എന്നാണ് അല്ലാഹു പറയുന്നത്. മോശമായ രൂപത്തിലാണ് നമ്മുടെ പ്രതികരണമെങ്കില്‍ ആത്മമിത്രങ്ങള്‍ പോലും നമ്മുടെ ശത്രുപക്ഷത്താകാന്‍ അത് കാരണമായേക്കും. 

നബിﷺയുടെ പള്ളിയില്‍ അപരിഷ്‌കൃതനായ ഒരാള്‍ മൂത്രമൊഴിച്ചു. അയാളെ തടയാന്‍ ശ്രമിച്ച തന്റെ അനുയായികളോട് ഇപ്പോള്‍ നിങ്ങള്‍ അയാളെ തടയരുതെന്ന് നബിﷺ പറഞ്ഞു. അയാള്‍ തന്റെ ആവശ്യം നിറവേറ്റിയതിന് ശേഷം അവിടെ വെള്ളമൊഴിക്കാന്‍ നബിﷺ അനുയായികളോട് ആവശ്യപ്പെട്ടു. അയാളെ സമീപിച്ച് നബിﷺ ചില ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. അയാള്‍ക്ക് താന്‍ ചെയ്ത തിന്മയുടെ ഗൗരവം ബോധ്യമായി. പിന്നീട് അദ്ദേഹം നബിﷺയുടെ ആത്മമിത്രമായി മാറുകയും ചെയ്തു. തിന്മയെ നന്മകൊണ്ട് പ്രതിരോധിച്ചതിന്റെ നേട്ടമാണിത്. ഇത്തരം ഒരു സംഭവം പരിഷ്‌കൃത സമൂഹമെന്ന് മേനി നടിക്കുന്ന നമ്മുടെ നാട്ടിലെ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആരാധനാലയത്തിലാണ് സംഭവിക്കുന്നതെങ്കില്‍ വര്‍ഗീയ കലാപത്തിനും കൂട്ടക്കുരുതിക്കുംവരെ കാണമാകാന്‍ സാധ്യതയുണ്ടെന്നത് നാം തിരിച്ചറിയുക.

 മഹാനായ ആദം നബി(അ)യുടെ മക്കളായിരുന്നു ഹാബീലും കാബീലും. ജേ്യഷ്ഠനായ കാബീല്‍ അസൂയ മൂത്ത് തന്റെ അനുജന്‍ ഹാബീലിനോട് പറഞ്ഞു: 'ഞാന്‍ നിന്നെ കൊല്ലുക തന്നെ ചെയ്യും.' ആ സമയത്തുള്ള അനുജന്റെ പ്രതികരണം ശ്രദ്ധേയമാണ്. ക്വുര്‍ആന്‍ ആ സംഭവം ഇപ്രകാരം വിവരിക്കുന്നു:

''(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ. എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ തന്നെയും നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. എന്റെ കുറ്റത്തിനും നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം'' (ക്വുര്‍ആന്‍ 5:27-29).

ഇസ്ലാമിനെ വൃത്തികെട്ട രൂപത്തില്‍ ആക്ഷേപിക്കുന്നവരോടും പ്രമാണങ്ങള്‍ വളച്ചൊടിച്ച് മതത്തെ തെറ്റിധരിപ്പിക്കുന്നവരോടും ഒരു യഥാര്‍ഥ മുസ്ലിമിന് പറയാനുള്ളത് നിങ്ങളെ പോലെ മാന്യതയില്ലാത്ത രൂപത്തില്‍ ഞങ്ങള്‍ പ്രതികരിക്കുകയില്ല എന്നാണ്. കാരണം ഞങ്ങള്‍ സ്രഷ്ടാവിനെ ഭയപ്പെടുന്നു. 

മുഹമ്മദ് നബിﷺയും പ്രിയ പത്‌നി ആഇശ(റ)യും നടന്ന് പോകുമ്പോള്‍ ഒരു പറ്റം ജൂതന്മാര്‍ നബിയെ നോക്കി നിനക്ക് നാശം ഭവിക്കട്ടെ എന്ന് പറഞ്ഞു. ഇത് കേട്ടപ്പോള്‍ ആഇശ(റ) പ്രകോപിതയായി. തന്റെ ഭര്‍ത്താവും അല്ലാഹുവിന്റെ ദൂതനുമായ നബിﷺയെ ആക്ഷേപിച്ചത് അവര്‍ക്ക് സഹിച്ചില്ല. ആഇശ(റ) അവരോട് നിങ്ങള്‍ക്ക് നാശവും ശാപവുമുണ്ടാകട്ടെ എന്ന് പ്രതികരിച്ചു. ആ സന്ദര്‍ഭത്തില്‍ നബിﷺ ആഇശ(റ)യെ തിരുത്തിക്കൊണ്ട് പറഞ്ഞു: 'ആഇശാ, എന്താണിത്? അല്ലാഹു സൗമ്യതയുള്ളവനാണ്. അവന്‍ സൗമ്യതയെ ഇഷ്ടപ്പെടുന്നു.'

തിന്മ ചെയ്യുന്നവരെ ഏറ്റവും മാന്യമായി തിരുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അക്രമം ചെയ്യുന്നവരെ തിരിച്ച് ആക്രമിക്കുക എന്നത് നമ്മുടെ ശൈലിയല്ല. ഓരോരുത്തരും സ്വയം നിയമം കയ്യിലെടുത്താല്‍ നാട്ടിലെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടുകയാകും ഫലം. അതിനാല്‍ തിന്മക്കെതിരെ നന്മയുടെ മാര്‍ഗത്തില്‍ അണിചേരുക, നന്മയില്‍ ഉറച്ചു നില്‍ക്കുക. തിന്മയെ ഏറ്റവും നല്ലത് കൊണ്ട് എതിര്‍ക്കുക. അല്ലാഹു പറയുന്നു:

''ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്മയെ തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 23:96).