റജബും ശഅ്ബാനും ഒട്ടേറെ അനാചാരങ്ങളും

മൂസ സ്വലാഹി, കാര

2018 മാര്‍ച്ച് 31 1439 റജബ് 13

ഒരു വര്‍ഷത്തില്‍ പന്ത്രണ്ട് മാസങ്ങള്‍ അടങ്ങുന്നു എന്നത് അല്ലാഹുവിന്റെ നിശ്ചയമാണ്. അവയ്ക്കിടയിലുണ്ടാകുന്ന മാറ്റങ്ങളെല്ലാം അവന്റെ വിധിയെന്നോണം മാത്രമാണ്. മാസങ്ങളുടെ സൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു പറയുന്നു:

''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു...''(ക്വുആന്‍ 9:36).

മുഹര്‍റം, റജബ്, ദുല്‍ഖഅദ്, ദുല്‍ഹിജ്ജ എന്നീ നാലു മാസങ്ങളാണ് അല്ലാഹു പവിത്രത നല്‍കിയ, യുദ്ധം വിലക്കപ്പെട്ട മാസങ്ങള്‍. അവയെ ആദരിക്കല്‍ വിശ്വാസത്തിന്റെയും സൂക്ഷ്മതയുടെയും ഭാഗമാണ്. അബൂബക്ര്‍(റ)വില്‍ നിന്ന് ഇമാം ബുഖാരി(റഹ്)യും ഇമാം മുസ്‌ലി(റഹ്)

മും ഉദ്ധരിച്ച ഹദീഥുകളില്‍ ഇത് വ്യക്തമാണ്.

പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ മറ്റു മാസങ്ങളെക്കാള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ അധികരിപ്പിക്കുന്നതിന് മതം ഏറെ പ്രേരണ നല്‍കിയതായി കാണാം. റമദാനിന് മുന്നോടിയായി വരുന്ന ശഅ്ബാനില്‍ നബി ﷺ  ഐഛികമായ നോമ്പ് ധാരാളമാക്കിയിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാസം ഏതുമാകട്ടെ മതത്തില്‍ പുതുതായി വല്ലതും ഉണ്ടാക്കാനോ, ഉള്ളതില്‍ പരിധിവിടാനോ, വെട്ടിച്ചുരുക്കാനോ ഇസ്‌ലാം  ആരെയും അനുവദിച്ചിട്ടില്ല.

റജബ്, ശഅ്ബാന്‍ മാസങ്ങള്‍ക്ക് ഇസ്‌ലാം നല്‍കാത്ത പ്രത്യേകതകള്‍ സമസ്തക്കാര്‍ നല്‍കിവരുന്നു. ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചും ദുര്‍ബലവും നിര്‍മിതവുമായ വാക്കുകളെ കൂട്ടുപിടിച്ചുമാണ് ഇത്തരം അനാചാരങ്ങള്‍ ഇവര്‍ ചെയ്യുന്നത്. 

അവയില്‍ ചിലത് വിശദീകരിക്കാം:

 

1. മിഅ്‌റാജ് നോമ്പ്

നബി ﷺ ക്ക് മുഅ്ജിസത്തായി ഉണ്ടായ യാത്രയാണ് ഇസ്‌റാഅ്, മിഅ്‌റാജ് യാത്ര. ഇതിന്റെ പേരിലാണ് ഇവര്‍ മിഅ്‌റാജ് നോമ്പ് അനുഷ്ഠിക്കുന്നത്. മിഅ്‌റാജ് എന്ന പേരില്‍ ഒരു നോമ്പുണ്ടെങ്കില്‍ ആ യാത്ര നടത്തിയ നബി ﷺ യും അതിനെ സത്യപ്പെടുത്തിയ അബൂബക്ര്‍(റ)വുമാണ് അത് ആദ്യമായി ചെയ്ത് കാണിക്കേണ്ടത്. അവര്‍ ചെയ്തിട്ടില്ല; പഠിപ്പിച്ചിട്ടില്ല. സ്വഹാബത്തിനാര്‍ക്കും പരിചയമില്ല. എന്നാല്‍ അതിനെ  സമസ്തക്കാര്‍ സുന്നത്താക്കുന്നു! 

''ജന്മദിനത്തില്‍ നോമ്പനുഷ്ഠിച്ച് സന്തോഷം പ്രകടിപ്പിക്കുന്നുവെങ്കില്‍ ആ നിയമം മിഅ്‌റാജിനും ബാധകമാണ്. നമസ്‌കാരം സമ്മാനമായി ലഭിച്ച മാസമാണല്ലോ, അത് കൊണ്ടാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ എഴുതിയത്; മിഅ്‌റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണ്'' (പുണ്യദിനങ്ങളും ആചാരങ്ങളും/മുനീര്‍ സഅ്ദി/ പേജ്:60). 

ഇവര്‍ ജന്മദിനത്തില്‍ നോമ്പനുഷ്ഠിച്ച് സന്തോഷം പ്രകടിപ്പിക്കുന്നവരല്ല; പോത്തിനെയറുത്ത് ബിരിയാണിവെച്ച് തിന്നുന്നവരാണ് എന്നത് വേറെ കാര്യം! ഇല്ലാത്ത ഒരു നോമ്പ് ഉണ്ടാക്കുവാന്‍ തെൡവുണ്ടാക്കുന്ന തിരക്കില്‍ അത് മറന്നതായിരിക്കും. ഏതായാലും ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഇങ്ങനെയൊരു നോമ്പ് കാണുവാന്‍ സാധ്യമല്ല.

 

2. പ്രത്യേക ദിക്‌റും ദുആകളും

നബി ﷺ  പഠിപ്പിച്ചതായ ധാരാളം ദിക്‌റുകളും ദുആകളും വിശ്വാസികള്‍ക്ക് ചൊല്ലേണ്ടതായിട്ടുണ്ട്. അവ എപ്പോള്‍ എങ്ങനെ ആവണമെന്ന് പറഞ്ഞതും നബി ﷺ യാണ്. എന്നാല്‍ റജബില്‍ മാത്രം ചൊല്ലേണ്ടതായ ഒന്നും അവിടുന്ന് പഠിപ്പിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ പറയുന്നത് കാണുക: ''പുണ്യ റജബ് മാസം ആഗതമായാല്‍ നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: അല്ലാഹുവേ നീ റജബിലും, ശഅ്ബാനിലും അനുഗ്രഹം വര്‍ഷിക്കേണമേ...!'' (ഇസ്‌ലാമിലെ വിവിധ ആഘോഷങ്ങള്‍/ റിയാസ് ഫൈസി/ പേജ്: 20).

റജബ് പിറന്നാല്‍ പ്രാര്‍ഥന, റജബിലെ ആദ്യരാത്രിയില്‍, രാവിലെയും വൈകുന്നേരവും, ളുഹ്ര്‍ അസ്വ്ര്‍ നമസ്‌കാരങ്ങള്‍ക്കിടയില്‍, സ്വര്‍ഗം കിട്ടാന്‍, നരകം നിഷിദ്ധമാകാന്‍ എന്നിങ്ങനെ ഈ ഈ മാസത്തില്‍ വ്യത്യസ്തമായ പ്രത്യേക പ്രാര്‍ഥനകള്‍ ഉള്ളതായി ഇവര്‍ ജല്‍പിക്കുന്നു. എല്ലാം പ്രമാണങ്ങളാല്‍ തെളിയിക്കപ്പെടാത്തവ. 

 

3. ബറാഅത്ത് രാവ്

ഈ രാവിനെ സമസ്തക്കാര്‍ പഠിപ്പിക്കുന്നത് കാണുക: ''ശഅ്ബാന്‍ പതിനഞ്ചാം രാവ് വളരെ മഹത്വമേറിയതാണ്. ബറാഅത്ത് രാവ് എന്ന പേരില്‍ മുസ്‌ലിം ലോകം അതിനെ ആദരിച്ച് പോരുന്നു'' (സുന്നി അഫ്കാര്‍/ പേജ്:17/ 2009 ആഗസ്റ്റ്).

ഇത് അനുഗ്രഹത്തിന്റെയും റഹ്മത്തിന്റെയും രാവാണെന്നും ഇവര്‍ എഴുതുന്നു: ''ഇതിന് ലൈലത്തുന്‍ മുബാറക (പുണ്യരാത്രി), ലൈലത്തുല്‍ റഹ്മ (അനുഗൃഹീത രാത്രി), ലൈലത്തുസ്സ്വക്ക് (നിശ്ചയിക്കപ്പെടുന്ന രാത്രി) എന്നിങ്ങനെയും പേരുകളുള്ളതായി സ്വാവി 4-51ല്‍ കാണാം'' (രിസാല/1990-മാര്‍ച്ച് 1-15).

 

4. ബറാഅത്ത് നോമ്പും ക്വബ്ര്‍ സിയാറത്തും

ഇവര്‍ ബറാഅത്ത് നോമ്പെന്ന പേരില്‍ ഒരു പുതിയ നോമ്പനുഷ്ഠിക്കുന്നു. ''ശഅ്ബാന്‍ പതിനഞ്ചിന് നോമ്പനുഷ്ഠിക്കല്‍ പ്രത്യേക സുന്നത്താണ്'' (സത്യധാര/2007 സെപ്തംബര്‍ 1-15/പേജ്:7). 

''ഈ രാവില്‍ പ്രത്യേകമായി ഖബര്‍ സിയാറത്ത് ചെയ്ത് പോരുന്ന പതിവ് നമ്മളില്‍ ഉണ്ടല്ലോ. ഇതു പ്രത്യേകം സുന്നത്തു തന്നെയാണ്'' (പുണ്യദിനങ്ങളും ആചാരങ്ങളും/പേജ്:66).

 

5. ക്വുര്‍ആന്‍ അവതരണം നടന്ന രാവ് ഏത്?

ക്വുര്‍ആനിന്റെ അവതരണം നടന്ന, വിധിനിര്‍ണയത്തിന്റെ രാവ് ഏതാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാകുന്ന രൂപത്തില്‍ ക്വുര്‍ആനില്‍ കാണാം. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു'' (97:1-3).

അല്ലാഹുവിന്റെ ഈ വചനങ്ങക്കെതിരായി ഇവര്‍ പഠിപ്പിക്കുന്നത് കാണുക: ''ബറക്കത്താക്കപ്പെട്ട രാത്രി നാം ഖുര്‍ആനിനെ ഇറക്കി. ശഅ്ബാന്‍ പതിനഞ്ചാണ് ഈ ബറക്കത്താക്കപ്പെട്ട രാത്രി. നാം ഖുര്‍ആനിനെ ഇറക്കി. ശഅ്ബാന്‍ പതിനഞ്ചാണ് ഈ ബറക്കത്താക്കപ്പെട്ട രാവ്. മനുഷ്യനെ അപഥസഞ്ചാരത്തില്‍ നിന്നും നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന പരിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് തുടക്കം കുറിച്ചത് ഈ ബറാഅത്ത് രാവിലായിരുന്നു'' (സന്തുഷ്ട കുടുംബം മാസിക/2003-ഒക്ടോബര്‍/പേജ്-33). 

ബറക്കത്തുള്ള രാത്രി, കണക്കാക്കുന്ന രാത്രി, വീതിക്കുന്ന രാത്രി, പാപം പൊറുക്കുന്ന രാത്രി, വിധി നിര്‍ണയിക്കുന്ന രാത്രി, ഉത്തരം ലഭിക്കുന്ന രാത്രി, കാരുണ്യം ലഭിക്കുന്ന രാത്രി, രേഖപ്പെടുത്തുന്ന രാത്രി എന്നിവയും ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിനുള്ള പേരുകളില്‍ പെട്ടതാണ്'' (സന്തുഷ്ട കുടുംബം മാസിക/2014 ജുണ്‍/പേജ്-38).

 

6.സൂറതുദ്ദുഖാന്‍, യാസീന്‍ പാരായണം ചെയ്യല്‍

ഇവര്‍ ഈ രണ്ട് സൂറത്തുകളെയും ശഅ്ബാനില്‍ പ്രത്യേകം ഓതല്‍ സുന്നത്താക്കുന്നു. ഇവരുടെ പ്രസിദ്ധീകരണത്തില്‍ എഴുതുന്നത് കാണുക: ''ബറാഅത്ത് രാവില്‍ സൂറതുദ്ദുഖാന്‍ പാരായണം ചെയ്യുന്ന പതിവ് നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന് അടിസ്ഥാനമുണ്ട്'' (സുന്തുഷ്ട കുടുംബം മാസിക/2014 ജൂണ്‍/പേജ്-39). 

''ബറാഅത്ത് രാവില്‍ സൂറതുദ്ദുഖാനും (ഒരുവട്ടം) സൂറത്തു യാസീനും (മൂന്ന് വട്ടം) ഓതല്‍ മുന്‍ഗാമികള്‍ പതിവാക്കി വരുന്നതാണ്. അതിന് പ്രമാണിക പിന്‍ബലവുമുണ്ട്. ഒന്നാം യാസീന്‍ ഓതുമ്പോള്‍ വയസ്സില്‍ ബര്‍കത്ത് ഉണ്ടാകുന്നതിന് വേണ്ടിയും രണ്ടാം യാസീന്‍ ഓതുമ്പോള്‍ ഭക്ഷണത്തില്‍ ബര്‍കത്തുണ്ടാവാന്‍ വേണ്ടിയും മൂന്നാം യാസീന്‍ ഓതുമ്പോള്‍ ഹുസ്‌നുല്‍ ഖാതിമക്ക് വേണ്ടിയും ആണ്'' (സത്യധാര 2007-സെപ്തംബര്‍ 1-15/പേജ്: 7).

 

7. നൂറു റക്അത്ത് നമസ്‌കാരം സുന്നത്താക്കുന്നു!

ഇസ്‌ലാമില്‍ ഇല്ലാത്ത പ്രത്യേക കോലത്തിലുള്ള നമസ്‌ക്കാരത്തെ ശഅ്ബാനില്‍ സുന്നത്താക്കി പഠിപ്പിക്കുന്നു: ''ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രി നൂറ് റക്അത്ത് നിസ്‌കരിക്കാന്‍ സുന്നത്താണ്. എല്ലാ റക്അത്തിലും ഫാത്തിഹക്ക് ശേഷം ഇഖ്‌ലാസ് സൂറത്ത് പതിനൊന്ന് പ്രാവശ്യം ഓതുക. വേറെ ഒരു റിപ്പോര്‍ട്ടില്‍ പത്ത് റക്അത്ത് നിസ്‌കരിക്കല്‍ സുന്നത്താണ്. എല്ലാ റക്അത്തിലും ഫാത്തിഹക്ക് ശേഷം ഇഖ്‌ലാസ് സൂറത്ത് നൂറ് പ്രാവശ്യം ഓതുക. മുന്‍ഗാമികളായ സജ്ജനങ്ങള്‍ ഈ നിസ്‌കാരം കൃത്യമായി നിസ്‌കരിക്കുന്നവരായിരുന്നു. അവര്‍ ഈ നിസ്‌കാരത്തിന് 'സ്വലാത്തുല്‍ ഖൈറ്' എന്ന് പേര് പറഞ്ഞിരുന്നു'' (സുന്നത്ത് നിസ്‌കാരങ്ങളും സുന്നത്ത് നോമ്പുകളും/ഹാജി പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എം.എഫ്.ബി/പേജ്:46).

നബിചര്യയിലും സ്വഹാബത്തിന്റെ ജീവിതത്തിലും അഹ്‌ലുസ്സുന്നയുടെ പണ്ഡിതരിലും കാണാത്ത ഇത്തരം അന്ധവിശ്വാസങ്ങള്‍ ദുര്‍ബലമായ ഹദീഥുകളുടെയും സൂഫീധാരയിലുള്ള പണ്ഡിതരുടെയും മാത്രം സംഭാവനകളാണ്. ഇതിനെ സമൂഹത്തില്‍ നിന്ന് എടുത്തെറിയണം. 

സമസ്തയുടെ പണ്ഡിതന്‍ തന്നെ പറയുന്നത് കാണുക: ''ബറാഅത്തിന് പ്രത്യേക നോമ്പ് സുന്നത്താണെന്ന് തൃക്കരിപ്പൂരിലെ ഒരു മുസ്‌ലിയാര്‍ വാദിക്കുന്നു. മറ്റൊരു മുസ്‌ലിയാര്‍ സുന്നത്തില്ല എന്നും വാദിക്കുന്നു. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിന്റെ ബലപ്പെട്ട അഭിപ്രായവും തീരുമാനവും വിവരിച്ചു എഴുതിത്തരുവാന്‍ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു. ശൈഖുനായുടെ മറുപടി മേല്‍പറഞ്ഞ ഇബാറത്തു കൊണ്ട് ബറാഅത്തിന്റെ നോമ്പ് അയ്യാമുല്‍ ബീളില്‍ പെട്ടതായ നിലക്ക് സുന്നത്താണെന്നല്ലാതെ സ്വന്തം ബറാഅത്തിന്റെ നോമ്പായ നിലക്കു സുന്നത്തില്ലെന്നു സ്ഥിരപ്പെട്ടു. എന്നാല്‍ ഇബ്‌നുമാജ(റ)ന്റെ സുന്നത്താണെന്നുള്ള ഹദീസ് ളഈഫാണ്. എന്ന് കണ്ണിയത്ത് അഹ്മ്മദ് മുസ്‌ലിയാര്‍, പ്രസി:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'' (ശൈഖുനാ കണ്ണിയത്ത് സ്മരണിക/പേജ്: 104).

''ബറാഅത്ത് രാവില്‍ പ്രത്യേക നിസ്‌കാരമോ പകലില്‍ നോമ്പോ ഇല്ലെന്നാണ് പ്രബല പക്ഷം'' (സിറാജ് ഫ്രൈഡേ ഫീച്ചര്‍/2007-ഓഗസ്റ്റ്-24).

''ജനങ്ങള്‍ക്കു സന്മാര്‍ഗ്ഗം കാട്ടുന്നതും വഴികാട്ടുന്ന വ്യക്തമായ സന്ദേശങ്ങളായും വിവേചനമായും ഖുര്‍ആനിനെ (ലൗഹൂല്‍മഹ്ഫൂളില്‍ നിന്നു ബാഹ്യാകാശത്തിലേക്കു) റമദാന്‍ മാസത്തില്‍ (ലൈലത്തുല്‍ ഖദ്‌റില്‍) അവതരിപ്പിക്കപ്പെട്ടിരിക്കുന്നു'' (ഖുര്‍ആന്‍ പരിഭാഷ/ടി.കെ അബ്ദുല്ല മുസ്‌ലിയാര്‍/പേജ്-67).

''ബറാഅത്തുരാവിലും അതുപോലുള്ള മറ്റു ദിനങ്ങളിലുമുള്ള ആരാധനകള്‍ പരാമര്‍ശിച്ചു വന്ന ഹദീസുകളും മറ്റും ളഈഫാണെങ്കിലും ഫളാഇലുല്‍ അഅ്മാലില്‍ അവ സ്വീകാര്യമാണെന്നാണ് പണ്ഡിതഭാഷ്യം'' (സിറാജ്/2000 നവംബര്‍ 11, ശനി).

സമസ്ത ലക്ഷ്യം വെക്കുന്നത് നേരായ ഇസ്‌ലാമിനെ പഠിപ്പിക്കലാണോ? ആണെങ്കില്‍ എന്തിന് ബിദ്അത്തുകളെ സുന്നത്താക്കുവാന്‍ വാശി കാണിക്കുന്നു? ഇത്തരം ബിദ്അത്തുകളെ പ്രമാണങ്ങള്‍ കൊണ്ട് നേരിടുന്നവരെ പരിഹസിച്ചുകൊണ്ട് ഇവര്‍ വിളിക്കാറുള്ളത് 'പുണ്യരാവുകളിലെ ഭാഗ്യദോഷികള്‍' എന്നാണ്. സുന്നത്തുകളെ അവഗണിച്ചുകൊണ്ട് ബിദ്അത്തുകള്‍ ചെയ്ത് കാലം കഴിക്കുന്നവരല്ലേ യഥാര്‍ഥത്തില്‍ ഭാഗ്യദോഷികള്‍?!