അതിരുവിട്ട പ്രാര്‍ഥന

ഫൈസല്‍ പുതുപ്പറമ്പ്

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം പ്രാര്‍ഥനയാണ്. പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഒരു വിശ്വാസിയുടെ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമായിരിക്കണം. തന്നെ സൃഷ്ടിച്ച; സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സ്രഷ്ടാവിന്റെ ഒന്നിത്യവും മഹത്ത്വവും അംഗീകരിച്ച് കൊണ്ടും തന്റെ ദൗര്‍ബല്യവും ബലഹീനതയും തുറന്നു സമ്മതിച്ചുകൊണ്ടും ദൈവത്തിനു മുന്നില്‍ കീഴൊതുങ്ങലാണ് സാക്ഷാല്‍ പ്രാര്‍ഥന. അതിനാല്‍ സ്രഷ്ടാവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ. അവനോടല്ലാത്ത പ്രാര്‍ഥനകളൊക്കെ അന്യായമാണ്.

അല്ലാഹു പറയുന്നു: ''അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഗുണവും നല്‍കുന്നതല്ല...'' (ക്വുര്‍ആന്‍ 13:14).

പ്രാര്‍ഥിക്കപ്പെടാന്‍ യോഗ്യത സ്രഷ്ടാവിനുമാത്രം എന്നത് എത്ര വ്യക്തം.

മറ്റൊരു വചനം കാണുക: ''അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും'' (ക്വുര്‍ആന്‍ 31:30). സമാന ആശയം ക്വുര്‍ആന്‍ 22:62ലും കാണാം.

പ്രകൃതിമതമായ ഇസ്‌ലാം ഏതു രംഗത്തും ഉത്തമവും മധ്യമവുമായ നിലപാടാണ് പഠിപ്പിച്ചിട്ടുള്ളത്. അതിരു കവിയലിനെ വളരെ കണിശമായി വിലക്കിയ മതമാണ് ഇസ്‌ലാം. ആരാധനകളില്‍ പോലും അതിരുകവിയലിനെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. നേരം പുലരുവോളം നിസ്‌കരിക്കാന്‍ തീരുമാനമെടുത്തവനും കൊല്ലം മുഴുവന്‍ നോമ്പെടുക്കാന്‍ തീരുമാനിച്ചവനും വിവാഹം പോലും കഴിക്കാതെ ആരാധനയില്‍ തന്നെ മുഴുകാന്‍ തീരുമാനിച്ചവനുമെല്ലാം പ്രവാചകന്‍ ﷺ  നല്‍കിയ താക്കീത് വളരെ ഗൗരവമേറിയതായിരുന്നു. ഇതൊന്നും എന്റെ ചര്യയല്ലെന്നും എന്റെ ചര്യയെ താല്‍പര്യപ്പെടാത്തവന്‍ എന്നില്‍ പെട്ടവനല്ലെന്നുമായിരുന്നു പ്രവാചക പ്രതികരണം. വര്‍ഷം മുഴുവന്‍ നോമ്പെടുത്തവന്‍ യഥാര്‍ഥത്തില്‍ നോമ്പെടുത്തവനല്ല എന്നും അവിടുന്ന് ഉണര്‍ത്തി. തന്റെ സമ്പത്ത് മുഴുവന്‍ മരണാനന്തരം ദാനം ചെയ്യുവാന്‍ ഉദ്ദേശിച്ച അനുചരനെ ഉപദേശിക്കുകയും പരമാവധി സമ്പത്തിന്റെ മൂന്നില്‍ ഒരുഭാഗമെ വസ്വിയ്യത്തായി നിശ്ചയിക്കാവൂ എന്നും അതുതന്നെ അധികമാണെന്നും ഉണര്‍ത്തുകയും ചെയ്തു.

പ്രാര്‍ഥിക്കുവാന്‍ ഏറെ പ്രോത്സാഹനം നല്‍കിയ, പ്രാര്‍ഥനയില്ലെങ്കില്‍ അല്ലാഹു പരിഗണിക്കുകയില്ലെന്ന് പഠിപ്പിച്ച പ്രമാണങ്ങള്‍ പ്രാര്‍ഥനയില്‍ അതിരുകവിയരുത് എന്ന് പ്രത്യേകം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പ്രാര്‍ഥനയില്‍ അതിരുകവിയുന്ന ഒരു സമൂഹം ഈ സമുദായത്തില്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രവാചകന്‍ ﷺ  പ്രത്യേകം മുന്നറിയിപ്പുനല്‍കുകയുണ്ടായി. (അബൂദാവൂദ്).

അല്ലാഹു പറയുന്നു: ''താഴ്മയോടുകൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധിവിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല'' (ക്വുര്‍ആന്‍ 7:55)


എന്താണ് പ്രാര്‍ഥനയിലെ അതിരുവിടല്‍?

വിശുദ്ധ ക്വുര്‍ആനിലും തിരുചര്യയിലും പ്രാര്‍ഥനയുടെ മര്യാദകളായി പരിചയപ്പെടുത്തിയ കാര്യങ്ങളെ അടിസ്ഥാനമാക്കി പ്രാര്‍ഥനയില്‍ അതിരുകവിയല്‍ എങ്ങനെയെന്ന് മുന്‍കാല പണ്ഡിതര്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അവയുടെ ആകെത്തുക നമുക്ക് ഇങ്ങനെ മനസ്സിലാക്കാം:

പ്രാര്‍ഥനയില്‍ അതിരുവിടല്‍ ഉപയോഗിക്കുന്ന പദങ്ങളിലാവാം. അവയില്‍ പ്രധാനപ്പെട്ടവ നമുക്ക് പഠനവിധേയമാക്കാം.


1. പ്രാര്‍ഥനയില്‍ ശിര്‍ക്കിന്റെ വല്ല അംശവും ഉണ്ടാകല്‍

പ്രാര്‍ഥന ആരാധനയാണ്. ആരാധനകള്‍ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ് താനും. അതിനാല്‍ പ്രാര്‍ഥനയുടെ വല്ല അംശവും അല്ലാഹു അല്ലാത്തവരിലേക്കുമായാല്‍ അത് അവരെ ആരാധിക്കലായി. അത് ഏറ്റവും വലിയ അതിരുവിടലാണ് താനും. പ്രവാചകര്‍, മറ്റു മഹത്തുക്കള്‍ എന്നിവരോടെല്ലാമുള്ള പ്രാര്‍ഥന ഈ ഗണത്തില്‍ പെടുന്നു. ഇന്ന് മുസ്‌ലിം സമൂഹത്തില്‍ പ്രചാരത്തിലുള്ള മാലകള്‍, മൗലിദുകള്‍, ക്വുതുബിയ്യത്ത്, റാതീബ്, പ്രശംസ, കാവ്യങ്ങള്‍ എന്നിവയില്‍ പലതും ഈ ഗണത്തില്‍ പെടുന്നു.


2. പ്രാര്‍ഥിക്കാന്‍ പാടില്ലാത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ഥനകള്‍

ഒരിക്കലും മരിക്കാതിരിക്കാന്‍, ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാതിരിക്കാന്‍, ഒരാളെയും നരകത്തില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍, ലോകത്തെ ഒന്നാകെ നശിപ്പിക്കാന്‍, ലോകം ഒരിക്കലും നശിക്കാതിരിക്കാന്‍ തുടങ്ങിയ ആശയങ്ങളിലുള്ള പ്രാര്‍ഥനകളൊക്കെ ഈ ഗണത്തില്‍ പെടുന്നു.


3. അസംഭവ്യമായ കാര്യങ്ങള്‍ക്കായി പ്രാര്‍ഥിക്കല്‍

വിവാഹം കഴിക്കാത്തവന്‍ ഒരു സന്താനത്തിനായി പ്രാര്‍ഥിക്കുക. കൃഷി ചെയ്യാതെ ധാരാളം വിളവ് ലഭിക്കുവാനായി പ്രാര്‍ഥിക്കുക. സ്വര്‍ണമഴ വര്‍ഷിക്കുവാനായി പ്രാര്‍ഥിക്കുക തുടങ്ങിയവ ഉദാഹരണം.

4. ദൃഢബോധ്യമില്ലാതെ പ്രാര്‍ഥിക്കുക

'അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നുവെങ്കില്‍ എനിക്ക് നീ ഉത്തരമേകണേ' എന്നത് ഉദാഹരണം.


5. തെറ്റായ കാര്യത്തിനുള്ള പ്രാര്‍ഥന

ഉദാ: കുടുംബ ബന്ധം മുറിക്കാനുള്ള പ്രാര്‍ഥന, ഒരു മോഷ്ടാവ് അല്ലെങ്കില്‍ വ്യഭിചാരി തന്റെ ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കാനായി നിര്‍വഹിക്കുന്ന പ്രാര്‍ഥന.


6. ആവശ്യത്തിലേറെ ശബ്ദമുയര്‍ത്തിയുള്ള പ്രാര്‍ഥന

ഒരാള്‍ ഒറ്റക്കാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ താന്‍ മാത്രം കേള്‍ക്കുന്ന ശബ്ദത്തിലാണ് പ്രാര്‍ഥിക്കേണ്ടത്. മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ഖുത്വുബയിലെ പ്രാര്‍ഥന തുടങ്ങി സമൂഹമായി നിര്‍വഹിക്കുന്ന പ്രാര്‍ഥനയാണെങ്കില്‍ ആവശ്യത്തിന് ശബ്ദമുയര്‍ത്താം. എന്നാല്‍ അനാവശ്യമായി ശബ്ദമുയര്‍ത്തിയും ആര്‍ത്തുവിളിച്ചുമുള്ള പ്രാര്‍ഥഥനകള്‍ ഇസ്‌ലാം വിലക്കുന്നു. പ്രമുഖ താബിഈ പണ്ഡിതനായ ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു: 'സ്വഹാബിമാരുടെ പ്രാര്‍ഥനകള്‍ അവര്‍ക്കും അല്ലാഹുവിനുമിടയിലുള്ള സ്വകാര്യ സംഭാഷണങ്ങളായിരുന്നു. അവരുടെ ശബ്ദം ഉയരുമായിരുന്നില്ല.'


7. താഴ്മയോടെയല്ലാത്ത പ്രാര്‍ഥന

വിനയവും താഴ്മയും പ്രാര്‍ഥനയുടെ മര്യാദകളാണ്. അതിനാല്‍ വിനയമില്ലാതെയും ധാര്‍ഷ്ഠ്യത്തോടെയും നിര്‍വഹിക്കപ്പെടുന്ന പ്രാര്‍ഥന അതിരുവിട്ട പ്രാര്‍ഥനയാണ്.


8. കൃത്രിമമായി പ്രാസം ഒപ്പിച്ചും പദങ്ങള്‍ അധികരിപ്പിച്ചുമുള്ള പ്രാര്‍ഥന

സഅദ്ബ്‌നു അബീവക്വാസി(റ)ന്റെ മകന്‍ പറയുന്നു: ''ഞാന്‍ ഒരിക്കല്‍ ഇപ്രകാരം പ്രാര്‍ഥിക്കുന്നത് എന്റെ പിതാവ് കേട്ടു: 'അല്ലാഹുവേ, ഞാന്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. അതില സുഖങ്ങളും  സൗകര്യങ്ങളും മറ്റും മറ്റും (ഓരോന്നായി എടുത്ത് പറഞ്ഞ്) ഞാന്‍ നിന്നോട് ചോദിക്കുന്നു. നരകത്തില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. നരകയാതനകള്‍, അതിലെ ശിക്ഷകള്‍, ചങ്ങലകള്‍ മറ്റും മറ്റും (ഓരോന്നും എടുത്ത് പറഞ്ഞ്) തുടങ്ങി എല്ലാത്തില്‍ നിന്നും ഞാന്‍ നിന്നോട് കാവലിനെ തേടുന്നു.'

ഇത് കേട്ട എന്റെ പിതാവ് പറഞ്ഞു: 'മോനേ, നബി ﷺ  ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: പ്രാര്‍ഥനയില്‍ അതിരുവിടുന്ന ഒരു സമൂഹം വഴിയെ ഉണ്ടാകും. അതിനാല്‍ നീ അത്തരക്കാരില്‍ ഉള്‍പ്പെടുന്നതിനെ സൂക്ഷിക്കുക. നിനക്ക് സ്വര്‍ഗം ലഭിച്ചാല്‍ തന്നെ അതിലെ സകല സുഖങ്ങളും ലഭിക്കുമല്ലോ. നരകത്തില്‍ നിന്ന് കാവല്‍ ലഭിച്ചാല്‍ അതിലെ സകല പ്രയാസങ്ങളില്‍ നിന്നും നിനക്ക് കാവല്‍ ലഭിക്കുകയും ചെയ്യുമല്ലോ'' (അബൂദാവൂദ്).


9. ആര്‍ത്തുവിളിച്ചും അട്ടഹസിച്ചുമുള്ള പ്രാര്‍ഥന

സ്വാഭാവികമായി ഉണ്ടാകുന്ന കരച്ചില്‍ അംഗീകരിക്കപ്പെട്ടത് തന്നെ. എന്നാല്‍ കൃത്രിമമായി ഉണ്ടാക്കുന്ന കരച്ചിലുകളും ആര്‍ത്തുവിളിച്ചുള്ള പ്രാര്‍ഥനകളും അതിരുവിടലിന്റെ പ്രകടഭാവങ്ങളാണ്.


10. പ്രമാണങ്ങളില്‍ വന്നിട്ടില്ലാത്ത പ്രാര്‍ഥനകളും പ്രത്യേകം പഠിപ്പിക്കപ്പെട്ട പ്രാര്‍ഥനകളും ഉപയോഗിക്കല്‍

ഉദാഹരണം: ഒരു പ്രത്യേക സമയത്തോ സന്ദര്‍ഭത്തിലോ നിര്‍വഹിക്കുവാനായി പ്രത്യേക എണ്ണം നിശ്ചയിച്ചും രീതി നിശ്ചയിച്ചും പഠിപ്പിക്കുപ്പെടുന്നതും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്തതുമായ പ്രാര്‍ഥനകള്‍. കടം വീടുവാന്‍, സന്താനം ഉണ്ടാകുവാന്‍, ഉദ്ദിഷ്ട കാര്യം സാധിക്കുവാന്‍, നബി ﷺ യെ സ്വപ്‌നം കാണുവാന്‍ തുടങ്ങി പല ആവശ്യങ്ങള്‍ക്കുമായി പലരും നിര്‍മിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന പലവക ഏടുകള്‍. മന്‍സില്‍, മഫാസ്, കന്‍ജുല്‍ അര്‍ശ്, ദലാഇലുല്‍ ഖൈറാഅ്, നൂറുല്‍ ഈമാന്‍, ഹദ്ദാദ്, നാരിയ സ്വലാത്ത്, താജ് സ്വലാത്ത് തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടുന്നു.


11. നീട്ടിവലിച്ച് കൃത്രിമ ശൈലികളിലൂടെയുള്ള പ്രാര്‍ഥന

ദുആ സമ്മേളനങ്ങള്‍, പ്രതിവാര/മാസ പ്രാര്‍ഥനാ മജ്‌ലിസുകള്‍, ധന സമ്പാദനാര്‍ഥം നിര്‍വഹിക്കപ്പെടുന്ന മറ്റുപ്രാര്‍ഥനകള്‍ തുടങ്ങിയ ചൂഷണാധിഷ്ഠിതമായ മുഴുവന്‍ മേഖലകളിലും ഈ ശൈലി നമുക്ക് ദര്‍ശിക്കാനാകും. ഹജ്ജ്, ഉംറ യാത്രാ വേളകളില്‍ പല അമീറുമാരും അനുയായികളെ വശീകരിക്കുവാനും സ്വാധീനിക്കുവാനുമായി ഈ ശൈലി ഉപയോഗിക്കുന്നത് കാണാം. മരണ വീടുകള്‍, വിവാഹ വീടുകള്‍ എന്നിവിടങ്ങളില്‍ ഇന്ന് സമൂഹത്തില്‍ പ്രചാരത്തിലുള്ള കൃത്രിമ പ്രാര്‍ഥനകളും ഈ വഴിവിട്ട രീതിയുടെ മകുടോദാഹരണങ്ങള്‍ തന്നെ.

ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ആരാധനയായ പ്രാര്‍ഥനയെ നിഷ്ഫലമാക്കാതിരിക്കുവാനായി പ്രമാണങ്ങളില്‍ വന്ന അധ്യാപനങ്ങള്‍ പൂര്‍ണമായും പഠിക്കുവാനും ഉള്‍ക്കൊള്ളുവാനും തയ്യാറാവുക. 


ശ്രദ്ധിക്കേണ്ട പൊതുമര്യാദകള്‍

1. പ്രാര്‍ഥന അല്ലാഹുവോട് മാത്രം നിര്‍വഹിക്കുക.

2. പൂര്‍ണമായും അല്ലാഹുവിന് കീഴ്‌പെട്ടുകൊണ്ട് വിനയത്തോടെ നിര്‍വഹിക്കുക.

3. ഉത്തരം കിട്ടുമെന്ന ഉറപ്പോടെയും അതിയായ താല്‍പര്യത്തോടെയും പ്രാര്‍ഥിക്കുക.

4. ധൃതി ഒഴിവാക്കുക. പ്രാര്‍ഥന ഹംദ്, സ്വലാത്ത് എന്നിവ കൊണ്ട് ആരംഭിക്കുക.

5. ക്വിബ്‌ലക്ക് മുന്നിട്ട് കൊണ്ടും ശുദ്ധിയോട് കൂടിയും നിര്‍വഹിക്കല്‍ അതിന്റെ പൂര്‍ണതയാണ്.

6. സ്വന്തത്തിന് മാത്രമാകാതെ എല്ലാവരുടെയും നന്മക്കും ഗുണത്തിനുമായി പ്രാര്‍ഥിക്കുക.

7. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പ്രാര്‍ഥനകള്‍ അങ്ങനെത്തന്നെ നിര്‍വഹിക്കുക (അതില്‍ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യരുത്).

8. അല്ലാഹുവിന്റെ നാമങ്ങള്‍, ഗുണങ്ങള്‍, വിശേഷണങ്ങള്‍ എന്നിവ എടുത്തുപറഞ്ഞും അതിനെ തവസ്സുലാക്കിയും പ്രാര്‍ഥിക്കുക.

9. ചെയ്തുവെച്ച സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തി പ്രാര്‍ഥിക്കുക.

10. ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍, സന്ദര്‍ഭങ്ങള്‍ എന്നിവ പ്രത്യേകം ഉപയോഗപ്പെടുത്തുക. (ഉദാ: അറഫ, കഅ്ബ, വെള്ളിയാഴ്ചയിലെ നിശ്ചിത സമയം, രാത്രിയുടെ അവസാന ഭാഗം, ഫര്‍ദ് നമസ്‌കാരത്തിന്റെ പിറകെ).

പ്രാര്‍ഥനയുടെ പൊതുമര്യാദയാണ് കൈ ഉയര്‍ത്തല്‍. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേക രൂപത്തില്‍ തന്നെ കൈ ഉയര്‍ത്താന്‍ പഠിപ്പിച്ചിട്ടുണ്ട്. നബി ﷺ  മഴക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കക്ഷത്തിന്റെ വെള്ള കാണുമാറ് അവിടുന്ന് തന്റെ കൈകള്‍ ഉയര്‍ത്തുമായിരുന്നു.

ചില സന്ദര്‍ഭങ്ങളില്‍ നബി ﷺ  ഉയര്‍ത്താറുണ്ടായിരുന്നില്ല എന്ന് പ്രത്യേകം പ്രതിപാദിക്കപ്പെട്ട സ്ഥലങ്ങളില്‍ കൈ ഉയര്‍ത്താതിരിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. ഉദാ: ഖുത്വുബക്കിടയില്‍ ഉള്ള പ്രാര്‍ഥന, സുജൂദിലെ പ്രാര്‍ഥന.

ഫര്‍ദ് നമസ്‌കാരങ്ങളുടെ ശേഷമുള്ള പ്രാര്‍ഥനകളില്‍ നബി ﷺ  കൈ ഉയര്‍ത്തി എന്ന് പ്രത്യേകം ഉദ്ധരിക്കപ്പെടാത്തതിനാല്‍ ആ സന്ദര്‍ഭത്തില്‍ കൈ ഉയര്‍ത്തേണ്ടതില്ല എന്നതാണ് കൂടുതല്‍ പ്രബലമായ അഭിപ്രായം.

പ്രഭാഷണങ്ങള്‍, ക്ലാസ്സുകള്‍, വിജ്ഞാന സദസ്സുകള്‍ എന്നിവ അവസാനിക്കുമ്പോള്‍ നബി ﷺ  അധികവും പ്രാര്‍ഥന നിര്‍വഹിച്ചിട്ടേ എഴുന്നേല്‍ക്കാറുണ്ടായിരുന്നുള്ളൂ എന്ന് ഇബ്‌നു ഉമര്‍(റ) പറഞ്ഞത് ഇമാം തിര്‍മിദി സ്വീകാര്യയോഗ്യമായ പരമ്പരയോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രമാണങ്ങള്‍ പഠിപ്പിച്ച എല്ലാ മര്യാദകളും പാലിച്ചും തെറ്റായ രീതികളെ വര്‍ജിച്ചും താഴ്മയോടെയും വിനയാന്വിതരായും നമ്മുടെ സ്രഷ്ടാവിനോട് നമുക്ക് പ്രാര്‍ഥിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍!

0
0
0
s2sdefault