ഗ്രഹണ നമസ്‌കാരം ഒരു പഠനം ‍

ഫൈസല്‍ പുതുപ്പറമ്പ്

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

അല്ലാഹു തആലാ അവന്റെ അടിമകള്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ചില ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്താറുണ്ട്. ഭൂമികുലുക്കം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങി പലതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. അത്തരം ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും. അതിനാല്‍ ഗ്രഹണങ്ങള്‍ മനുഷ്യര്‍ക്ക് പാഠമാകണം. സൂര്യനും ചന്ദ്രനും ഒന്നും ആരാധിക്കപ്പെടാന്‍ യോഗ്യമല്ലെന്നും അവയുടെ സ്രഷ്ടാവിന്റെ തീരുമാനങ്ങള്‍ക്കും കല്‍പനകള്‍ക്കും വിധേയമായി മാത്രമെ അവ സഞ്ചരിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നുള്ളൂ എന്നും തിരിച്ചറിയാന്‍ ബുദ്ധിമാനായ മനുഷ്യന് സാധിക്കണം. 

ഖേദകരമെന്ന് പറയട്ടെ ഗ്രഹണത്തിന്റെ പേരില്‍ പോലും മനുഷ്യരില്‍-മുസ്‌ലിംകളില്‍ വരെ- ധാരാളം അന്ധവിശ്വാസങ്ങള്‍ എല്ലാകാലത്തും നിലനിന്നിട്ടുണ്ട്. പ്രവാചകന്‍ ﷺ യുടെ ഇബ്‌റാഹീം എന്ന കുട്ടി മരണപ്പെട്ട ദിവസം യാദൃച്ഛികമെന്നോണം സൂര്യഗ്രഹണമുണ്ടായി. പ്രവാചകപുത്രന്റെ വിയോഗത്തില്‍ സൂര്യന്‍ പോലും ദുഃഖിക്കുന്നുവെന്നും അതിനാലാണ് സൂര്യഗ്രഹണം ബാധിച്ചതെന്നുമുള്ള മട്ടില്‍ ജനസംസാരം ഉണ്ടായി. ഇതറിഞ്ഞ പ്രവാചകന്‍ ﷺ  ആ ധാരണ തിരുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: 'നിശ്ചയം സൂര്യനും ചന്ദ്രനും ദൈവിക ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ.് ഒരാളുടെയും മരണം മൂലമോ ജനനം മൂലമോ അതിന് ഗ്രഹണം ബാധിക്കുകയില്ല...''(ബുഖാരി, മുസ്‌ലിം).

ഈ പ്രവാചക വചനം വ്യാഖ്യാനിച്ചു കൊണ്ട് ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: ''ഇതിനെ രണ്ടു തരത്തില്‍ വ്യാഖ്യാനിക്കാം: ഒരാളുടെ മരണമോ ജനനമോ കാരണം ഗ്രഹണം സംഭവിക്കുകയില്ല. ഏതെങ്കിലും ഒരു പ്രമുഖന്റെ മരണവും ജനനവും ഗ്രഹണത്തിനു നിമിത്തമാവുമെന്ന അബദ്ധധാരണയെ നബി ﷺ  ഇതിലൂടെ തിരുത്തുന്നു. ഗ്രഹണം കാരണം ഒരു മരണമോ ജനനമോ സംഭവിക്കുകയുമില്ല. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നതിനുവേണ്ടി നടപ്പാക്കുന്ന ചില ദൃഷ്ടാന്തങ്ങള്‍ മാത്രമാണ് അത്.''(മിഫ്താഹു ദാരിസ്സആദ 3:212).

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: ''മറ്റു പല ദൃഷ്ടാന്തങ്ങളുമെന്ന പോലെ ഇതും അടിമകളെ ഭീതിപ്പെടുത്താനാണ് എന്നാണ് പ്രവാചകന്‍ ﷺ  പഠിപ്പിച്ചത്. കാറ്റ്, ക്ഷാമം, പേമാരി തുടങ്ങിയ പല കാരണങ്ങളാലും ശിക്ഷ വരുന്നത് പോലെ ഇതും ചിലപ്പോള്‍ ഒരു ശിക്ഷക്ക് നിമിത്തമായേക്കാം. ഒരു പക്ഷേ, ഭൂമിയില്‍ വല്ല ശിക്ഷയും തുടങ്ങാന്‍ അല്ലാഹു ഇതിനെ ഒരു കാരണമാക്കി നിശ്ചയിക്കുകയും ചെയ്യാം.'' (സൂറഃ അല്‍ ഇസ്‌റാഅ് 59, അല്‍ അന്‍കബൂത്ത് 40 എന്നീ ആയത്തുകള്‍ ശൈഖുല്‍ ഇസ്‌ലാം ഇതിന് ഉപോല്‍ബലകമായി കൊടുക്കുകയും ചെയ്യുന്നു). (മജ്മൂഉല്‍ ഫതാവാ). 

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: ''സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ ആളുകള്‍ക്ക് പരീക്ഷണവും വിപത്തുമാകാവുന്ന വിധം അല്ലാഹു വല്ല തീരുമാനവും എടുക്കുന്നതിനെ നാം നിഷേധിക്കുന്നില്ല. അതിനാലാണ് ഗ്രഹണമുണ്ടായാല്‍ നമസ്‌കാരം, ദിക്ര്‍, അടിമമോചനം, ദാന ധര്‍മം, നോമ്പ് തുടങ്ങിയ കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ നിര്‍ദേശിച്ചത്. അവ റബ്ബിന്റെ പരീക്ഷണങ്ങളില്‍ നിന്ന് രക്ഷ കിട്ടുവാനായി നിശ്ചയിക്കപ്പെട്ട നിമിത്തങ്ങളാണ്'' (മിഫ്താഹു ദാരിസ്സആദ 3/220).

അത് കൊണ്ടാണ് ഗ്രഹണമുണ്ടായപ്പോള്‍ നബി ﷺ  ഭയപ്പെട്ടതും; ഇത് ഭയപ്പെടുത്തലാണ് എന്ന് ഓര്‍മിപ്പിച്ചതും. ഇവിടെ ഒരു കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഗ്രഹണത്തിന്റെ കാരണം എന്താണ് എന്ന് അറിയാത്തതിനാലാണ് പെട്ടെന്ന് ഗ്രഹണം ഉണ്ടായപ്പോള്‍ നബി ﷺ  ഭയപ്പെട്ടതെന്നും, എന്നാല്‍ ഗ്രഹണത്തിന്റെ തുടക്കവും ഒടുക്കവും അതിന്റെ ഓരോ ഘട്ടങ്ങളും കൃത്യമായി അറിയാന്‍ സംവിധാനമുള്ള ഈ കാലഘട്ടത്തില്‍ അത്തരം ഒരു ഭയത്തിന് പ്രസക്തിയില്ലെന്നും ചിലരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യാറുണ്ട്. എന്നാല്‍ അത് ശരിയല്ല. കേവലം ചില പ്രതിഭാസങ്ങള്‍ എന്നതിനപ്പുറം ഇത് ഒരു ശിക്ഷക്കും പരീക്ഷണത്തിനും നിമിത്തമാകും എന്ന കാര്യം ഏതൊരു വിശ്വാസിയെയും ഭീതിപ്പെടുത്തുന്നത് തന്നെയാണ്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) തന്റെ മജ്മൂഉല്‍ ഫതാവാ 35ാം വാള്യത്തിലും ഇബ്‌നുല്‍ ക്വയ്യിം(റഹി) തന്റെ മിഫ്താഹു ദാറിസ്സആദ മൂന്നാം വാള്യത്തിലും ശൈഖ് ഇബ്‌നു ഉസൈമിന്‍(റഹി) തന്റെ ശറഹുല്‍ മുംതിഅ് അഞ്ചാം വാള്യത്തിലും ഇക്കാര്യം വിവരിച്ചു പറഞ്ഞിട്ടുണ്ട്.

ഗ്രഹണം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളും അതില്‍ നിന്ന് വിശ്വാസികള്‍ ഉള്‍കൊള്ളേണ്ടുന്ന പാഠങ്ങളും ധാരാളം പണ്ഡിതന്മാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.  

അവയെ പ്രധാനമായും ഇങ്ങനെ സംഗ്രഹിക്കാം:

1. സൂര്യനും ചന്ദ്രനും ഇത്ര വലിയ സൃഷ്ടികളായിട്ടുപോലും അവയുടെ സ്രഷ്ടാവിന്റെ നിയന്ത്രണത്തിന് അത് വിധേയമാണ് എന്ന് ബോധ്യപ്പെടുത്തല്‍.

2. അവയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കാമെങ്കില്‍ അതിനെക്കാള്‍ ചെറിയ സൃഷ്ടികള്‍ക്ക് എന്തായാലും എന്തും സംഭവിക്കാം എന്ന് ബോധ്യപ്പെടുത്തല്‍.

3. അശ്രദ്ധമായ മനസ്സുകളെ തട്ടിയുണര്‍ത്തല്‍.

4. അന്ത്യനാളില്‍ ചന്ദ്രന് ഗ്രഹണം ബാധിക്കുമെന്നും സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുമെന്നും ക്വുര്‍ആന്‍ (അല്‍ക്വിയാമ 8,9) വ്യക്തമാക്കുന്നു. അതിന്റെ മാതൃക കാണിച്ചു കൊടുക്കല്‍.

5. പൂര്‍ണാര്‍ഥത്തില്‍ നിലകൊള്ളുന്ന അവക്ക് പോരായ്മകള്‍ സംഭവിക്കുകയും വീണ്ടും അത് പഴയ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നത് കാണുക നിമിത്തം അല്ലാഹുവിന്റെ ശിക്ഷയും അവന്റെ മാപ്പും ബോധ്യപ്പെടല്‍.

6. പൂര്‍ണമായും അല്ലാഹുവിന് കീഴ്‌പെട്ടും ഒരു നിലക്കും സ്രഷ്ടാവിനെ ധിക്കരിക്കാതെയും നില നില്‍ക്കുന്ന സൂര്യനും ചന്ദ്രനും പോലും ഈ നിലക്ക് സ്രഷ്ടാവിന്റെ പിടുത്തത്തിന് വിധേയമാണെങ്കില്‍ പാപികള്‍ എന്തായാലും പിടിക്കപ്പെടും എന്ന് ബോധ്യപ്പെടുത്തല്‍.

7. നിര്‍ബന്ധ നമസ്‌കാരത്തില്‍ പോലും അശ്രദ്ധരായ ആളുകളെ ഒന്ന് ശ്രദ്ധാലുക്കളാക്കല്‍. 

ഇതല്ലാത്ത തത്ത്വങ്ങളും പണ്ഡിതര്‍ വിവരിച്ചത് കാണാം. (ഫത്ഹുല്‍ ബാരി 2/532, ഉംദതുല്‍ ക്വാരി 6/53 എന്നിവ നോക്കുക).

ഗ്രഹണം ബാധിച്ചാല്‍ വിശ്വാസികളുടെ ബാധ്യത

ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കുക. പ്രസ്തുത നമസ്‌കാരം പ്രബലമായ സുന്നത്താണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. സുന്നത്താണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട് എന്ന് ഇമാം നവവി(റഹി) പറഞ്ഞിരിക്കുന്നു. (ശറഹു മുസ്‌ലിം) 

ഇബ്‌നു ഖുദാമ മുഗ്‌നി 3:330ലും ഇത് സുന്നത്താണെന്ന് പറഞ്ഞിരിക്കുന്നു. നബി ﷺ  അത് നര്‍വഹിക്കുകയും നമസ്‌കരിക്കാന്‍ കല്‍പിക്കുകയും ചെയ്തു എന്നതാണ് സുന്നത്താണ് എന്നതിന് തെളിവായി അവര്‍ ഉന്നയിക്കുന്നത.് എന്നാല്‍ ചുരുക്കം ചില പണ്ഡിതന്മാര്‍ ഹദീഥിന്റെ പദപ്രയോഗങ്ങളുടെ ബാഹ്യാര്‍ഥ പ്രകാരം അത് നിര്‍ബന്ധമാണ് എന്നും അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) പറയുന്നു: ''ഭൂരിപക്ഷം പണ്ഡിതരും ഇത് ശക്തമായ സുന്നത്താണ് എന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ അബൂ അവാന(റഹി) ഇത് നിര്‍ബന്ധമാണെന്ന് തന്റെ സ്വഹീഹില്‍ വ്യക്തമാക്കിയിരിക്കുന്നു. മറ്റാരും അങ്ങനെ പറഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല. ഇമാം മാലിക്(റഹി) ഗ്രഹണ നമസ്‌കാരം ജുമുഅയെ പോലെയാണെന്ന് പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. അബൂ ഹനീഫ(റഹി) ഇത് നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് സൈനുബ്‌നുല്‍ മുനീര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇത് പോലെ ഹനഫി മദ്ഹബിലെ ചില രചയിതാക്കളും അങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു'' (ഫത്ഹുല്‍ ബാരി 2/527).

നമസ്‌കരിച്ചില്ലെങ്കില്‍ ശക്ഷാര്‍ഹരാണ് എന്ന് പറഞ്ഞില്ലെങ്കിലും ഇത് നിര്‍ബന്ധമാണ് എന്ന് പറയുക തന്നെയാണ് വേണ്ടത് എന്നും നബി ﷺ  ഗ്രഹണസമയത്ത് പ്രകടിപ്പിച്ച ആശങ്കയും ഭയവും ഗൗരവതരമായ ഉപദേശം ഉള്‍കൊള്ളുന്ന അവിടുത്തെ ഖുത്വുബയും ദീര്‍ഘമായ നമസ്‌കാരവും എല്ലാം അതാണ് അറിയിക്കുന്നത് എന്നും അല്ലാത്തപക്ഷം ഗ്രഹണ സമയത്തും ആളുകള്‍ കച്ചവടത്തിലും വിനോദത്തിലും കൃഷിയിലും മറ്റും മുഴുകി അശ്രദ്ധമായി കഴിയാനും അല്ലാഹുവിന്റെ ശിക്ഷയെ വിസ്മരിക്കാനും ഒരുപക്ഷേ, അത് ശിക്ഷ ലഭിക്കാനും നിമിത്തമായേക്കാം എന്നും ശൈഖ് ഇബ്‌നു ഉസൈമിന്‍ 'തന്റെ ശറഹുല്‍ മുംതിഅ്' 5/237-240ല്‍ രേഖപ്പെടുത്തുന്നു.

ഗ്രഹണ നമസ്‌കാരത്തിന്റെ മര്യാദകള്‍

1. ഗ്രഹണ സമയത്ത് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് കൂടുതല്‍ ഭയമുള്ളവരാകുക.

നബി ﷺ  ഇത്തരം ഘട്ടത്തില്‍ ഏറെ ഭയപ്പെട്ടിരുന്നതായി ഹദീഥില്‍ കാണാം.

ആഇശ(റ) പറഞ്ഞു: ''കാറ്റും മേഘവും ഉള്ള ദിവസത്തില്‍ നബി ﷺ യുടെ മുഖത്ത് (പ്രയാസം) പ്രകടമാകുമായിരുന്നു. നബി അങ്ങോട്ടും ഇങ്ങോട്ടും വന്നും പോയുമിരിക്കും. മഴ പെയ്താല്‍ സന്തോഷിക്കുകയും പ്രയാസങ്ങള്‍ മാറുകയും ചെയ്യും.''

അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ നബി ﷺ  പറഞ്ഞു: ''അല്ലാഹു എന്റെ സമുദായത്തിന് നിശ്ചയിച്ച വല്ല ശിക്ഷയും ആയേക്കുമോ ഇത് എന്ന ഭയമാണെനിക്ക്. മഴ വര്‍ഷിക്കുന്നത് കണ്ടാല്‍ അവിടുന്ന് പറയും 'കാരുണ്യമാകുന്നു' എന്ന്'' (ശറഹു മുസ്‌ലിം).

കാറ്റടിച്ചാല്‍ നബി ﷺ  അതിന്റെ നന്മക്കായി പ്രാര്‍ഥിക്കുകയും അതിന്റെ ദുരിതത്തില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടുകയും ചെയ്യുമായിരുന്നു. (മുസ്‌ലിം).

2. ഒരു ഗ്രഹണ നമസ്‌കാരത്തില്‍ നബി ﷺ ക്ക് നരകവും സ്വര്‍ഗവും കാണിക്കപ്പെടുകയുണ്ടായി. അതിനെക്കുറിച്ച് പ്രപവാചകന്‍ ﷺ  പറഞ്ഞ കാര്യങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്മരിക്കുന്നത് നല്ലതാണ്. നരക ശിക്ഷകള്‍, ക്വബ്ര്‍ ശിക്ഷ, സ്വര്‍ഗീയ അനുഭൂതികള്‍ എല്ലാം നബി ﷺ  അന്ന് കാണുകയുണ്ടായി. നബി ﷺ  പറഞ്ഞത് വളരെ ചിന്തനീയമാണ്: 'ഞാന്‍ അറിയുന്ന കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ അറിയുകയാണെങ്കില്‍ നിങ്ങള്‍ അല്‍പം മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം).

3. ഗ്രഹണ നമസ്‌കാരത്തിന് ബാങ്കും ഇക്വാമത്തുമില്ല. 

നബി ﷺ  ഗ്രഹണ നിസ്‌കാരത്തിന് ബാങ്കും ഇക്വാമത്തും നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല. പകരം അസ്സ്വലാത്തു ജാമിഅഃ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: നബി ﷺ യുടെ കാലത്ത് സൂര്യഗ്രഹണമുണ്ടായപ്പോള്‍ അസ്സ്വലാത്തു ജാമിഅഃ എന്ന് വിളിച്ച് പറയപ്പെട്ടു (ബുഖാരി, മുസ്‌ലിം).

4. ഇമാം ഉറക്കെയാണ് ക്വുര്‍ആന്‍ പാരായണം ചെയ്യേണ്ടത്.

നബി ﷺ  ഗ്രഹണ നമസ്‌കാരത്തില്‍ ഉറക്കെ ക്വുര്‍ആന്‍ പാരായണം ചെയ്തു എന്ന് ആഇശ(റ) പറയുന്നു.(ബുഖാരി, മുസ്‌ലിം).

5. സംഘടിതമായാണ് നമസ്‌കരിക്കേണ്ടത്.

എന്നാല്‍ ജമാഅത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒറ്റക്കും നമസ്‌കരിക്കാം.

ഇബ്‌നു ഖുദാമ (റ) പറയുന്നു: ''പള്ളിയില്‍ വെച്ച് സംഘടിതമായി നിര്‍വ്വഹിക്കലാണ് സുന്നത്ത്. കാരണം നബി ﷺ  അങ്ങനെയാണ് നിര്‍വഹിച്ചത്. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കലും അനുവദനീയമാണ്.'' (മുഗ്‌നി 3/323).

സ്ത്രീകള്‍ക്കും സംഘടിത നമസ്‌കാരത്തില്‍ പങ്കെടുക്കാം

അസ്മാഅ്(റ) പറയുന്നു: ''നബിയുടെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അങ്ങനെ ഞാന്‍ ആഇശ(റ)യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ ജനങ്ങളെല്ലാം നമസ്‌കരിക്കുന്നു. ആഇശയും നമസ്‌കരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്തുപറ്റി? എല്ലാവരും എന്തേ നിസ്‌കരിക്കുന്നു? അന്നേരം ആഇശ(റ) മേല്‍പോട്ട് ആംഗ്യം കാണിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'വല്ല ദുഷ്ടാന്തവുമുണ്ടായോ?' അതെ! എന്ന് അവര്‍ ആംഗ്യം കാണിച്ചു. അങ്ങനെ ഞാനും നമസ്‌കാരം ആരംഭിച്ചു. നബി ﷺ വളരെ ദീര്‍ഘമായി നമസ്‌കരിച്ചു. എനിക്ക് ബോധക്ഷയം ഉണ്ടാകാറായി. അപ്പോള്‍ ഞാന്‍ എന്റെ സമീപത്തുള്ള ഒരു തോല്‍പാത്രത്തില്‍ നിന്ന് വെള്ളം എടുത്ത് എന്റെ തലയിലും മുഖത്തും ഒഴിച്ചു. നബി ﷺ യുടെ നമസ്‌കാരം അവസാനിച്ചപ്പോള്‍ ഗ്രഹണം നീങ്ങി സൂര്യന്‍ പ്രത്യക്ഷപ്പെട്ടിരുന്നു'' (ബുഖാരി, മുസ്‌ലിം).

ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും റിപ്പോര്‍ട്ടുകളിലെ ചില വാചകങ്ങളില്‍ ചില വ്യത്യാസങ്ങള്‍ കാണാം. ഇമാം ബുഖാരി ഈ ഹദീഥ് ഉദ്ധരിച്ചത് തന്നെ 'ഗ്രഹണത്തില്‍ പുരുഷന്‍മാരുടെ കൂടെ സ്ത്രീകള്‍ നമസ്‌കരിക്കല്‍' എന്ന അധ്യായത്തിലാണ്. ആ തലക്കെട്ടിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു ഹജര്‍(റഹി) പറയുന്നു: ''സ്ത്രീകള്‍ പ്രസ്തുത ജമാഅതില്‍ പങ്കെടുക്കേണ്ടതില്ലെന്നും അവര്‍ ഒറ്റക്കാണ് നിസ്‌കരിക്കേണ്ടതെന്നും പറഞ്ഞവരുടെ അഭിപ്രായം ശരിയല്ലെന്ന് ഇതിലൂടെ ഇമാം ബുഖാരി സൂചിപ്പിക്കുന്നു'' (ഫത്ഹുല്‍ ബാരി 2/543)

ഇമാം നവവി(റ) പറയുന്നു: ''ഗ്രഹണ നമസ്‌കാരം സ്ത്രീകള്‍ക്കും സുന്നത്താണെന്നും  പുരുഷന്മാരുടെ പിറകില്‍ അവര്‍ നില്‍ക്കണമെന്നും ഈ ഹദീഥ് അറിയിക്കുന്നു'' (ശറഹു മുസ്‌ലിം).

യാത്രക്കാരനും ഈ നമസ്‌കാരം സുന്നത്താണ്. കാരണം ഹദീസിലെ വാചകം ഇപ്രകാരമാണ്: ''നിങ്ങള്‍ ഗ്രഹണം ദര്‍ശിച്ചാല്‍ നമസ്‌കരിക്കുവിന്‍.''(ബുഖാരി) ഇതുപ്രകാരം യാത്രക്കാരനും അല്ലാത്തവര്‍ക്കുമെല്ലാം ഇത് നിയമമാക്കപ്പെട്ടതാണ്. എന്ന് ഇബ്‌നു ഖുദാമ(റഹി) മുഗ്‌നി 3/322ല്‍ വ്യക്തമാക്കുന്നു. 

ദീര്‍ഘമായാണ്നമസ്‌കരിക്കേണ്ടത്. നേരത്തെ നാം പറഞ്ഞ അസ്മാഅ്(റ)യുടെ ഹദീഥ് ഇതിന് തെളിവാണ്. 

ജാബിര്‍(റ) പറയുന്നു: ''നബി ﷺ  സ്വഹാബത്തിനെയും കൂട്ടി നമസ്‌കരിച്ചു. അവര്‍ വീഴുമാറ് നിറുത്തം ഏറെ ദീര്‍ഘിപ്പിച്ചു.'' (മുസ്‌ലിം)

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''നബി ﷺ  ദീര്‍ഘമായി നമസ്‌കരിച്ചു. (ഒന്നാമത്തെ നിറുത്തത്തില്‍) സൂറതുല്‍ ബക്വറ ഓതി. നബി ﷺ യുടെ നിറുത്തം നീണ്ടു. പിന്നീട് അവിടുന്ന് ദീര്‍ഘമായി റുകൂഅ് ചെയ്തു. പിന്നെ എഴുന്നേറ്റ് ദീര്‍ഘമായി നിന്നു. എന്നാല്‍ ആദ്യത്തെ നിറുത്തത്തെക്കാള്‍ അല്‍പം കുറവായിരുന്നു രണ്ടാമത്തെ നിറുത്തം...'' (ബുഖാരി, മുസ്‌ലിം).

ഖുത്വുബ സുന്നത്താകുന്നു

ആഇശ(റ) പറയുന്നു: ''നബി ﷺ  നമസ്‌കാര ശേഷം മിമ്പറില്‍ ഇരുന്ന് ഖുത്വുബ നിര്‍വഹിച്ചു'' (ബുഖാരി, നസാഈ).

നബി ﷺ യുടെ ഖുത്വുബയില്‍ അവിടുന്ന് ക്വബ്ര്‍ ശിക്ഷ, മസീഹുദ്ദജ്ജാലിന്റെ ഫിത്‌ന എന്നിവയെ ക്കുറിച്ച് താക്കീത് ചെയ്യുകയും സ്വദക്വ, അടിമമോചനം, പാപമോചനത്തിനായി പ്രാര്‍ഥിക്കല്‍, പ്രാര്‍ഥന തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. വ്യഭിചാരത്തിന്റെ ഗൗരവം, നരക-സ്വര്‍ഗങ്ങളിലെ കാഴ്ചകള്‍, ശിര്‍ക്കിന്റെ ഗൗരവം, മക്കയില്‍ ആദ്യമായി ശിര്‍ക്ക് കൊണ്ടുവന്ന അംറ് ബ്‌നു ലുഹയ്യിന് നരകത്തില്‍ ലഭിക്കുന്ന ശിക്ഷ, നബി ﷺ യുടെ ഒട്ടകത്തെ മോഷ്ടിച്ചവന്റെ അവസ്ഥ, മഹ്ശര്‍ തുടങ്ങിയ ധാരാളം കാര്യങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചു. (ബുഖാരി, മുസ്‌ലിം, നസാഈ).

നമസ്‌കാരത്തിന്റെ രൂപം

ആദ്യമായി നിയ്യത്തോടു കൂടി തക്ബീറതുല്‍ ഇഹ്‌റാം ചെയ്യുക. ശേഷം പ്രാരംഭ പ്രാര്‍ഥന ചൊല്ലുക. ഫാതിഹ പാരായണം ചെയ്യുക. ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്യുക. ദീര്‍ഘമായി റുകൂഅ് ചെയ്യുക. (പ്രാര്‍ഥനകള്‍ ആവര്‍ത്തിച്ചു നിര്‍വഹിക്കാവുന്നതാണ്). ശേഷം റുകൂഇല്‍ നിന്ന് ഉയരുകയും വീണ്ടും ഫാതിഹ ഓതി ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്യുക. 

ആദ്യ റക്അത്തിലെ പാരായണത്തെക്കാള്‍ രണ്ടാമത്തെക്വുര്‍ആന്‍ പാരായണം ചുരുക്കലാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ശേഷം ദീര്‍ഘമായി റുകൂഅ് ചെയ്യുക. ആദ്യ റുകൂഇനെക്കാള്‍ രണ്ടാമത്തെ റുകൂഅ് അല്‍പം കുറയലാണ് പ്രവാചക മാതൃക. റുകൂഇല്‍ നിന്ന് ഉയര്‍ന്ന് ഇഅ്തിദാല്‍ നിര്‍വഹിക്കുക. ശേഷം ദിര്‍ഘമായി സുജൂദ് ചെയ്യുക. രണ്ടാമത്തെ സുജൂദ് ആദ്യ സുജൂദിനെക്കാള്‍ അല്‍പം ചുരുക്കുക. ഇടയിലെ ഇരുത്തം ഏകദേശം സുജൂദിന്റെ അത്ര തന്നെ ദൈര്‍ഘ്യമുള്ളതാകണം. 

ഇപ്പോള്‍ ഒരു റക്അത്ത് പൂര്‍ത്തിയായി. ഇപ്രകാരം രണ്ട് റക്അത്താണ് ഗ്രഹണ നമസ്‌കാരം. ശേഷം അത്തഹിയ്യാത് നിര്‍വഹിച്ച് രണ്ട് സലാം വീട്ടുക. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ധാരാളം ഹദീഥുകള്‍ ഈ രൂപത്തെയാണ് അറിയിക്കുന്നത.് എന്നാല്‍ ഒരു റക്അത്തില്‍ ഒരു റുകൂഅ് മാത്രമെന്നും അതല്ല മൂന്ന് റുകൂഅ് വേണമെന്നും നാലു റുകൂഅ് വേണമെന്നും അഞ്ച് റുകൂഅ് വേണമെന്നും ഒക്കെ അറിയിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും മുകളില്‍ പറഞ്ഞ രൂപമാണ് പ്രബലം. ഗ്രഹണം അധികസമയം നീണ്ടു നില്‍ക്കുകയാണെങ്കിലാണ് റുകൂഇന്റെ എണ്ണം വര്‍ധിപ്പിക്കേണ്ടതെന്നും അതല്ല ഏത് അവസരത്തിലും ഈ രീതികളില്‍ ഏതും സ്വീകരിക്കാമെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. ഭൂരിപക്ഷം പണ്ഡിതര്‍ സ്വീകരിച്ചതും ഏറ്റവും അധികം ഹദീഥുകളില്‍ ഉദ്ധരിക്കപ്പെട്ടതും കൂടുതല്‍ സ്വഹാബിമാര്‍ റിപ്പോര്‍ട്ട് ചെയ്തതും പ്രശസ്തരായ സ്വഹാബിമാര്‍ അഭിപ്രായപ്പെട്ടതും നാം മുകളില്‍ വിവരിച്ച രീതിയാണ്. 

വിശദ പഠനത്തിന് ശറഹു മുസ്‌ലിം 6/452, നൈലുല്‍ ഔത്വാര്‍ 2/632, സാദുല്‍ മആദ് 1/450, മുഗ്‌നി 3/323, സുബുലുസ്സലാം 3/260 എന്നിവ നോക്കുക.

ഗ്രഹണ നമസ്‌കാരത്തിന്റെ സമയം

ഗ്രഹണം ആരംഭിച്ചത് മുതല്‍ പൂര്‍ണമായും നീങ്ങുന്നത് വരെയാണ് നമസ്‌കാര സമയം.  'ഗ്രഹണം നീങ്ങുന്നത് വരെ നിങ്ങള്‍ നമസ്‌കരിക്കുവിന്‍' എന്ന് നബി ﷺ  പറഞ്ഞതായി ആഇശ(റ)യും മറ്റും ഉദ്ധരിക്കുന്നത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒരാള്‍ക്ക് ഗ്രഹണം നടക്കുന്ന സമയത്ത് നമസ്‌കരിക്കുവാന്‍ സൗകര്യപ്പെട്ടിട്ടില്ലെങ്കില്‍ ഗ്രഹണത്തിന് ശേഷം നമസ്‌കരിക്കാവതല്ല.

സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ച അവസ്ഥയില്‍ അസ്തമിച്ചാല്‍ പിന്നെ നമസ്‌കരിക്കേണ്ടതില്ലെന്നാണ് പ്രബലാഭിപ്രായം. നമസ്‌കാരത്തിനിടയില്‍ ഗ്രഹണം അവസാനിച്ചാല്‍ ദൈര്‍ഘ്യം ചുരുക്കി നമസ്‌കാരം പൂര്‍ണമാക്കാവുന്നതാണ്. അഥവാ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോഴും ഗ്രഹണം അവസാനിച്ചിട്ടില്ലെങ്കില്‍ വീണ്ടും നമസ്‌കരിക്കാവതല്ല. കാരണം നബി ﷺ  രണ്ട് റക്അത്ത് മാത്രമെ നമസ്‌കരിച്ചിട്ടുള്ളൂ. ബാക്കിയുള്ള സമയം പ്രാര്‍ഥനയിലും പ്രകീര്‍ത്തനങ്ങളിലും മുഴുകി കഴിച്ചുകൂട്ടാവുന്നതാണ്. ചന്ദ്രന് ഗ്രഹണം ബാധിച്ച അവസ്ഥയില്‍ സുര്യന്‍ ഉദിച്ചാല്‍ പിന്നെ നമസ്‌കരിക്കേണ്ടതില്ല.

സുബ്ഹി നമസ്‌കാരത്തിന്റെ തൊട്ടുമുമ്പാണ് ചന്ദ്രഗ്രഹണം അറിഞ്ഞതെങ്കില്‍ ചുരുങ്ങിയ രണ്ട് റക്അത്തുകളായി ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കുകയും ശേഷം സുബ്ഹ് നമസ്‌കരിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് ശൈഖ് ഇബ്‌നു ബാസ്(റ) ഫത്‌വ നല്‍കിയതായി കാണുന്നു.

ജുമുഅയും ഗ്രഹണവും ഒന്നിച്ച് വന്നാല്‍ അല്ലെങ്കില്‍ ഫര്‍ദ് നമസ്‌കാരവും ഗ്രഹണ നമസ്‌കാരവും അല്ലെങ്കില്‍ വിത്ര്‍ നമസ്‌കാരവും ഗ്രഹണ നമസ്‌കാരവും ഒന്നിച്ച് വന്നാല്‍ ഏതാണോ നഷ്ടപ്പെടാന്‍ കൂടുതല്‍ സാധ്യത അതിന് മുന്‍ഗണന നല്‍കണം. രണ്ടും നഷ്ടപ്പെടാന്‍ ഒരേ സാധ്യതയാണെങ്കില്‍ ഫര്‍ദിന് മുന്‍ഗണന നല്‍കണം. 

ഗ്രഹണ നമസ്‌കാരത്തില്‍ വൈകി വന്നവന് ആദ്യത്തെ റുകൂഅ് ലഭിച്ചാല്‍ റക്അത്ത് ലഭിച്ചതായി പരിഗണിക്കാം. രണ്ടാമത്തെ റുകൂഇലാണ് ഒരാള്‍ വന്ന് ചേര്‍ന്നതെങ്കില്‍ ആ റക്അത്ത് പരിഗണിക്കാവതല്ല. അപ്പോള്‍ നഷ്ടപ്പെട്ട റക്അത്ത് അവന്‍ വീണ്ടെടുക്കണം. (ഫതാവാ ലജ്‌നതുദ്ദാഇമ 8/324, ശറഹുല്‍ മുംതിഅ് 5/259, ശൈഖ് ഉസൈമീന്‍).

(ഈ ലേഖനത്തിന്റെ മുഖ്യ അവലംബം: ശൈഖ് ഇബ്‌നു ബാസിന്റെ ശിഷ്യന്‍ അല്ലാമാ ഖഹ്താനിയുടെ 'സ്വലാതുല്‍ മുഅ്മിന്‍').