പേരിനൊരു പണി
എസ്.എ ഐദീദ് തങ്ങള്‍
2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25
അപരിചിതനായ അയാള്‍ വീട്ടുമുറ്റത്ത് വന്ന് കോളിങ്ങ് ബെല്‍ അടിക്കുമ്പോള്‍ ഞാന്‍ പേപ്പര്‍ വായനയിലായിരുന്നു. സലാം ചൊല്ലി, സമ്മതം നോക്കാതെ ഒരിടത്തിരുന്ന് കൊണ്ട് അയാള്‍ പറഞ്ഞു: ''തങ്ങളുപ്പാപ്പാ, എന്റെ പാസ്‌പോര്‍ട്ട് കാണാനില്ല. ഒരാഴ്ചയായി ഞാന്‍ തിരയാത്ത സ്ഥലങ്ങളില്ല. ഉപ്പാപ്പ വിചാരിച്ചാല്‍...''
ആഗതന്റെ രോഗം പെട്ടെന്ന് പിടികിട്ടിയെങ്കിലും ഞാന്‍ അറിഞ്ഞഭാവം നടിച്ചില്ല. അന്ധവിശ്വാസങ്ങളുടെ ഭാണ്ഡവും പേറി നമ്മെ തേടിയെത്തുന്നവരെ വെറുതെയങ്ങ് മടക്കി അയക്കുന്നത് ശരിയല്ലല്ലോ. പുരോഹിതന്മാരുടെ വാക്കുകളെ വേദവാക്യമായി പരിഗണിക്കുന്നവര്‍ എന്തും വിശ്വസിക്കും. ആരെയും 'ഔലിയ' ആക്കും. അവര്‍ക്കൊക്കെ അല്ലാഹുവിന്റെ കഴിവുകള്‍ ചാര്‍ത്തിക്കൊടുക്കും. അവര്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന് അവര്‍ വിശ്വസിക്കുകയും ആഗ്രഹസഫലീകരണത്തിനും നഷ്ടപ്പെട്ടത് കണ്ടുകിട്ടുവാനും അവരെ സമീപിക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരാളാണ് എന്റെ മുന്നില്‍ വന്നിരിക്കുന്നത്.
വീട്ടിലായാലും നാട്ടിലായാലും യാത്രയിലായാലും ഒരാള്‍ക്ക് സത്യസന്ദേശം എത്തിക്കാന്‍ ലഭിക്കുന്ന ഏതവസരവും പാഴാക്കരുതെന്ന ബോധം നമുക്കുണ്ടായിരിക്കണം. എങ്കില്‍ ശിര്‍ക്ക് ബിദ്അത്തുകളുടെ അന്ധകാരങ്ങളില്‍ കഴിയുന്ന ഒരാളുമായി സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ അയാള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുവാനും വെളിച്ചം പകര്‍ന്നുകൊടുക്കുവാനും സാധിക്കും.
നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് കണ്ടുപിടിക്കാന്‍ കഴിയുന്ന, മറഞ്ഞകാര്യങ്ങള്‍ അറിയുന്ന ഒരാളായി കരുതിയാണ് അയാള്‍ എന്നെ സമീപിച്ചിരിക്കുന്നത്. വീടിന്റെ ഗേറ്റില്‍ 'ഐദീദ് തങ്ങള്‍' എന്ന ബോര്‍ഡ്കണ്ട് വന്നതായിരുന്നു ആ പാവം മനുഷ്യന്‍! എല്ലാ തങ്ങന്മാരും 'ഇസ്മി'ന്റെ പണിചെയ്യുന്നവരാണെന്നോ 'ചികിത്സ'ക്കും 'പ്രശ്‌നപരിഹാര'ത്തിനും ഇരിക്കുന്നവരാണെന്നോ ഉള്ള ധാരണ അയാള്‍ക്കുണ്ടായിരിക്കാം.
''താങ്കളുടെ പാസ്‌പോര്‍ട്ട് കാണാനില്ലെന്ന് പറഞ്ഞല്ലോ? അത് ഞാനാണെടുത്തതെന്ന് നിങ്ങളോടാരാ പറഞ്ഞത്?'' എന്ന എന്റെ ചോദ്യം കേട്ട് അയാളൊന്ന് ഞെട്ടി.
തമാശയായി ചോദിച്ചതാണെന്ന് മനസ്സിലായപ്പോള്‍ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ''പോലീസിലൊക്കെ ഞാന്‍ അറിയിച്ചിട്ടുണ്ട് തങ്ങള്‍പാപ്പാ, ഒരാഴ്ചയായി ഒരു വിവരവുമില്ല. ഏതായാലും തങ്ങളുപ്പ എന്തെങ്കിലും ചെയ്ത് തരണം.''
''ഞാന്‍ എന്ത് ചെയ്തു തരണമെന്നാണ് നിങ്ങളീ പറയുന്നത്? നിങ്ങളുടെ പാസ്‌പോര്‍ട്ട് എവിടെയാണെന്ന് എനിക്കെങ്ങനെ അറിയാനാ? അതൊക്കെ മറഞ്ഞ കാര്യമല്ലേ? മറഞ്ഞ കാര്യങ്ങള്‍ എനിക്കെന്നല്ല, ലോകത്താര്‍ക്കും അറിയാന്‍ കഴിയില്ലെന്നിരിക്കെ...?''
''അങ്ങനെയൊന്നും പറയരുത്. നിങ്ങളൊക്കെ അഹ്‌ലുബൈത്തില്‍ പെട്ട ആള്‍ക്കാരല്ലേ? എന്ത് ചെയ്താലും ഉടന്‍ ഫലം കിട്ടുന്ന കറാമത്തുള്ളവരല്ലേ നിങ്ങളൊക്കെ?''
''ഇതൊക്കെ നിങ്ങളുടെ വിവരമില്ലായ്മയാണ്. എനിക്കങ്ങനെയൊരു കറാമത്തില്ല, മറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ എനിക്കറിയുകയുമില്ല. പ്രവാചകന്മാര്‍ക്ക് പോലും മറഞ്ഞ കാര്യങ്ങള്‍ അറിയുകയില്ല; അല്ലാഹു അറിയിച്ച് കൊടുത്താലല്ലാതെ.''
''ങേ...ഇതൊക്കെ വഹ്ഹാബികളുടെ വിശ്വാസമല്ലേ? ഇതൊക്കെ പറയാന്‍ തങ്ങളതിന് മുജാഹിദാണോ? മുജാഹിദുകളാണ് അമ്പിയാ, ഔലിയാക്കള്‍ക്കൊന്നും മറഞ്ഞകാര്യങ്ങള്‍ അറിയില്ലെന്ന് വിശ്വസിക്കുന്നവര്‍.''
''സുഹൃത്തേ, ക്വുര്‍ആനും സുന്നത്തുമനുസരിച്ചാണ് ഒരു മുസ്‌ലിം ജീവിക്കേണ്ടത്. അതാണ് അല്ലാഹു പരിഗണിക്കുക. അല്ലാഹുവിന് മാത്രമെ അദൃശ്യകാര്യമറിയൂ എന്ന് പറയുന്നത് അല്ലാഹു തന്നെയാണ്. അല്ലാഹു അറിയിച്ചു കൊടുത്താലേ പ്രവാചകന്‍മാര്‍ക്ക് പോലുമറിയൂ. സൂറത്തുന്നംലില്‍ അത് കാണാവുന്നതാണ്. ക്വുര്‍ആന്‍ മുജാഹിദുകള്‍ എഴുതിയുണ്ടാക്കിയതൊന്നുമല്ലല്ലോ.''
''അത് ശരി, അപ്പോള്‍ ഉസ്താദുമാര്‍ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നതോ? മുഹ്‌യുദ്ദീന്‍ ശൈഖിനും മമ്പുറം തങ്ങള്‍ക്കും പുത്തന്‍ പള്ളി ശൈഖിനും മുനമ്പത്തെ ബീവിക്കുമൊക്കെ മറഞ്ഞകാര്യങ്ങള്‍ അറിയുമെന്നാണല്ലോ ഉസ്താദുമാര്‍ പറയാറുള്ളത്?'
''ശരിയാണ്; അവര്‍ അങ്ങനെ പഠിപ്പിക്കുന്നുണ്ട്. മഹാന്മാര്‍ക്ക് മറഞ്ഞകാര്യങ്ങള്‍ അറിയുമെന്ന വിശ്വാസം പാമരജനങ്ങളില്‍ പ്രചരിപ്പിച്ചാലേ പൗരോഹിത്യത്തിന് ഇവിടെ നിലനില്‍പുള്ളൂ. ഈ ഒരു വിശ്വാസത്തിന്റെ അടിത്തറയിലാണ് ജാറങ്ങളും നേര്‍ച്ചപ്പൂരങ്ങളും ഹദ്ദാദും റാത്തീബും മൗലിദുമെല്ലാം കൊണ്ടാടപ്പെടുന്നത്.ധനസമ്പാദനം മാത്രമാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം. ഒന്ന് ചിന്തിക്കൂ; നിങ്ങള്‍ക്കിപ്പോള്‍ ഞാനൊരു നൂല്‍ മന്ത്രിച്ചുകെട്ടിത്തന്നാല്‍ മാത്രം മതി. നിങ്ങള്‍ സംതൃപ്തനായി ഇവിടെ നിന്ന് പോകും. എനിക്ക് കൈമടക്കും കിട്ടും. ഒരു പച്ചപ്പുതപ്പും പുതച്ച് വെറുതെ ഇവിടെ 'വേഷം കെട്ടി' ഇരുന്നാല്‍മാത്രം മതി, ആയിരങ്ങള്‍ ദിവസം മെയ്യനങ്ങാതെ സമ്പാദിക്കാന്‍ പറ്റും. ഇക്കാര്യം എനിക്ക് അറിയാഞ്ഞിട്ടല്ല. മൂലധനമായി കുറച്ച് തകിടും കോഴിമുട്ടയും മാത്രം മതിയാവും; 'ഇസ്മിന്റെ പണി' ജോറായി നടത്താം. എന്നാല്‍ ഇത്തരത്തില്‍ നിങ്ങളെ ഞാന്‍ പറ്റിച്ചാല്‍ ഇഹലോകത്ത് എനിക്ക് സുഖജീവിതം നയിക്കാന്‍ കഴിഞ്ഞെന്ന് വരും. പക്ഷേ, നാളെ പരലോകത്തു വെച്ച് നിങ്ങളെന്നെ പിടികൂടും! 'അല്ലാഹുവേ, എന്നെ ശിക്ഷിക്കരുതേ, ഈ തങ്ങളാണ് എന്നെ വഴിപിഴപ്പിച്ചത്. അതിനാല്‍ ഇയാള്‍ക്ക് നീ ഇരട്ടിശിക്ഷ നല്‍കണേ' എന്ന് പറഞ്ഞ് നിങ്ങള്‍ എനിക്കെതിരായി നിലകൊള്ളുന്ന ആ ദിവസത്തെ ഞാന്‍ ഭയക്കുന്നു. ആ ഒരു ഭയാനകമായ ദിവസത്തെക്കുറിച്ചോര്‍ത്തിട്ടാണ് നിങ്ങളോട് ഞാന്‍ ആത്മാര്‍ഥമായി ഈ വിഷയം സംസാരിക്കുന്നത്. നിങ്ങളുടെ പാസ്‌പോര്‍ട്ട് കൃത്യമായി എവിടെയാണെന്ന് എനിക്കറിയാന്‍ പറ്റുമെന്നാണെങ്കില്‍, എന്തെല്ലാം കാര്യങ്ങള്‍ എനിക്ക് അറിയാന്‍ കഴിയണം! ഈ ലോകത്ത് നിമിഷംപ്രതി പലര്‍ക്കും പലതും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം മുന്‍കൂട്ടി അറിയാന്‍ പറ്റുന്ന വല്ല തങ്ങളോ വലിയ്യോ ഇവിടെ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് അക്കാര്യം ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊടുക്കാമല്ലോ. എന്തുമാത്രം നേട്ടം അതുകൊണ്ട് ജനങ്ങള്‍ക്കും രാജ്യത്തിനും കിട്ടും! ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ ആര് ജയിക്കും ആര് ഭരിക്കും എന്നൊക്കെ മുന്‍കൂട്ടി പറയാന്‍ ഇവിടെ ഏതെങ്കിലും മഹാന്മാര്‍ക്ക് കഴിയാറുണ്ടോ? അദൃശ്യം അറിയുന്ന ആരെങ്കിലും ഈ ലോകത്തുണ്ടെങ്കില്‍ അപകടങ്ങളും അപകടമരണങ്ങളും ഇവിടെ സംഭവിക്കുമായിരുന്നോ? താങ്കളുടെ പാസ്‌പോര്‍ട്ട് ഇപ്പോള്‍ എവിടെയാണെന്ന് എനിക്കറിയാമെങ്കില്‍, അത് നഷ്ടപ്പെടുന്നതിന് മുമ്പേ ഞാന്‍ അറിയേണ്ടതായിരുന്നില്ലേ?
യൂസുഫ് നബി(അ)യുടെ ചരിത്രം നിങ്ങള്‍ കേട്ടിട്ടില്ലേ? സ്വന്തം സഹോദരന്മാര്‍ അദ്ദേഹത്തെ കിണറ്റിലിട്ട വിവരം പോലും നബിയും പിതാവുമായ യഅ്കൂബി(അ)ന് അറിയാന്‍ കഴിഞ്ഞില്ല! യൂനുസ് നബി(അ)ക്ക് തന്നെ കപ്പലില്‍നിന്നും പുറത്തിടുമെന്നും മത്സ്യം വിഴുങ്ങുമെന്നുമുള്ള കാര്യം മുന്‍കൂട്ടി അറിയാമായിരുന്നുവെങ്കില്‍ അദ്ദേഹം ആ കപ്പലില്‍ കയറുമായിരുന്നോ? അതേപോലെ, തന്റെ പ്രവൃത്തിയില്‍ അല്ലാഹുവിന് അതൃപ്തിയുണ്ടാവുമെന്നും, ആ വിഷയത്തില്‍ തന്നെ താക്കീത് ചെയ്തുകൊണ്ട് 'അബസ വതവല്ല' എന്ന് തുടങ്ങുന്ന വചനങ്ങള്‍ അവതരിക്കുമെന്നും മുഹമ്മദ് നബിﷺക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെങ്കില്‍ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം എന്ന സ്വഹാബി തന്റെയടുത്ത് വന്നപ്പോള്‍ അദ്ദേഹം മുഖം ചുളിക്കുമായിരുന്നോ? ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം നബിﷺ മലയില്‍ കാവല്‍ നിറുത്തിയിരുന്ന അമ്പെയ്ത്തുകാര്‍ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ താഴെയിറങ്ങിയതാണ്. ഈ വിഷയം മുന്‍കൂട്ടിഅറിയാമായിരുന്നുവെങ്കില്‍ നബിﷺ അവര്‍ക്ക് പകരം വേറെ സ്വഹാബികളെ നിറുത്തുമായിരുന്നില്ലേ? ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍... എന്നിട്ടും മഹാന്മാര്‍ക്ക് യഥേഷ്ടം മറഞ്ഞ കാര്യം അറിയാമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ജനങ്ങള്‍ അത് വിശ്വസിക്കുകയും ചെയ്യുന്നു!
ലോകത്ത് മാറാവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. പുതിയ വൈറസുകളും ബാക്ടീരിയകളും പ്രത്യക്ഷപ്പെട്ട് പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്നു. ഇതൊന്നും മുന്‍കൂട്ടി പ്രവചിക്കാനറിയാത്തവര്‍ക്ക് എന്ത് ഗൈബ് അറിയുമെന്നാണ് താങ്കള്‍ കരുതുന്നത്?''
ഇത്രയൊക്കെ കേട്ടപ്പോള്‍ ഒരു നീണ്ട നെടുവീര്‍പ്പിന്റെ അകമ്പടിയോടെ എഴുന്നേറ്റ് കൊണ്ട് അയാള്‍ പറഞ്ഞു: ''ചുരുക്കിപ്പറഞ്ഞാല്‍ എന്റെ പാസ്‌പോര്‍ട്ട് പോയത് തന്നെ അല്ലേ...?''
അയാളെ ആശ്വസിപ്പിക്കാനെന്നോണം ഞാന്‍ പറഞ്ഞു: ''നിങ്ങള്‍ നിരാശപ്പെടാനായിട്ടില്ല. പ്രധാനപ്പെട്ട ഒരു വഴി താങ്കളുടെ മുന്നിലുണ്ട്.''
''എന്താണത്?'' അയാള്‍ ആകാംക്ഷയോടെ ചോദിച്ചു.
''അത് എന്താെണന്നോ? അതാണ് പ്രാര്‍ഥന! അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥന. നിങ്ങളുടെ പ്രാര്‍ഥനയാല്‍ ഒന്നുകില്‍ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് തിരിച്ച് കിട്ടിയെന്ന് വരും. അഥവാ, കിട്ടിയില്ലെങ്കില്‍ തന്നെ റബ്ബ് നിങ്ങള്‍ക്ക് ഉത്തമമായ മറ്റൊരു വഴികാണിച്ച് തന്നെന്ന് വരും. അതുമല്ലെങ്കില്‍, നിങ്ങള്‍ ക്ഷമിച്ചതിന് പരലോകത്ത് തക്കതായ പ്രതിഫലം കിട്ടിയെന്ന് വരും.''
അയാള്‍ ഉടനെ യാത്രപറഞ്ഞ് ഇറങ്ങിപ്പോയി. അയാള്‍ ഗേറ്റ് കടന്ന് പോകുന്നതും നോക്കി ഇരുന്നപ്പോള്‍, നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടിയതിനെക്കാള്‍ സന്തോഷം എന്റെ മനസ്സിനായിരുന്നു. അയാള്‍ സത്യം ഉള്‍ക്കൊണ്ടാലും ഇല്ലെങ്കിലും ഉത്തമമായ ഒരു കാര്യം ചെയ്യാന്‍ കഴിഞ്ഞതിലെ സന്തോഷം.