നബി ﷺ ക്കുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണമാണ്

അബ്ദുല്‍ ബാരി

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

അല്ലാഹു പറയുന്നു:'''തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്'' (അല്‍ഫത്ഹ്: 10).

 ''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു'' (അന്നിസാഅ്: 80). അല്ലാഹു പറയുന്നു: ''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല'' (അന്നിസാഅ്: 65).

അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)ല്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ടു ചെയ്യുന്നു: ''അന്‍സ്വാരികളില്‍പെട്ട ഒരാള്‍ സുബൈര്‍(റ)വുമായി ഈത്തപ്പനത്തോട്ടം നനക്കുന്നതിന് വെള്ളം കൊണ്ടുവരുന്ന ഒരു ചാലിന്റെ വിഷയത്തില്‍ തര്‍ക്കിച്ചു. അന്‍സ്വാരി(റ) പറഞ്ഞു: ''വെള്ളം വിട്ടുതരിക, അത് ഒഴുകട്ടെ!'' സുബൈര്‍(റ) അതംഗീകരിച്ചില്ല. അങ്ങനെ തര്‍ക്കം നബി ﷺ യുടെ അടുക്കലെത്തി. അപ്പോള്‍ റസൂലുല്ലാഹി ﷺ  പറഞ്ഞു. ''സുബൈറേ, നീ നനച്ചുകൊള്ളുക. ശേഷം നിന്റെ അയല്‍ക്കാരന് കൊടുക്കുക.'' സുബൈര്‍(റ)ന്റെ പറമ്പിലൂടെയായിരുന്നു വെള്ളം പോയിരുന്നത്. തന്റെ കൃഷി നനച്ച ശേഷം വിട്ടുകൊടുക്കാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്. അന്‍സ്വാരിയാകട്ടെ അതിനെ എതിര്‍ത്തു. (അതായിരുന്നു അവര്‍ തമ്മിലുള്ള തര്‍ക്കം.) അപ്പോള്‍ അന്‍സ്വാരി പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, സുബൈര്‍ താങ്കളുടെ അമ്മായിയുടെ മകനാണെങ്കിലും!'' അപ്പോള്‍ നബി ﷺ യുടെ മുഖം വിവര്‍ണമായി. അവിടുന്ന് പറഞ്ഞു: ''സുബൈറേ, നീ നനച്ചുകൊള്ളുക. എന്നിട്ട് നീ വെള്ളം കെട്ടി നിര്‍ത്തുക.''

സുബൈര്‍(റ) പറയുന്നു: ''അല്ലാഹുവാണെ, ഞാന്‍ വിചാരിക്കുന്നത് ഈ ആയത്ത് (''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' 4:65) ആ സംഭവത്തിലാണ് അവതരിച്ചത് എന്നാണ്.''

ഇമാം ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ''ആരെങ്കിലും എന്നെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിച്ചാല്‍ അവന്‍ അല്ലാഹുവിനെയാണ് ധിക്കരിച്ചത്.''

ഇമാം ബുഖാരി അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കന്നു. നബി ﷺ  പറഞ്ഞു: ''എന്റെ ഉമ്മത്ത് മുഴുവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാണ്; വിസമ്മതിച്ചവരൊഴികെ.'' സ്വഹാബികള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതിക്കുന്നവന്‍?'' നബി ﷺ  പറഞ്ഞു: ''ആര്‍ എന്നെ അനുസരിച്ചുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ആര്‍ എന്നോട് അനുസരണക്കേട് കാണിക്കുന്നുവോ അവരാണ് വിസമ്മതിച്ചത്.'' 

അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട ്‌നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നു'ഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ'' (അന്നൂര്‍: 63).

ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ബൈഹഖി സുഫ്‌യാന്‍(റ)വില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ''അതായത്, അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്ര വെക്കുന്നതാണ്''.

അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക'' (അല്‍ഹശ്ര്‍: 7).

ഇബ്‌നു മസ്ഊദ്(റ)ല്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു. അദ്ദേഹം  പറഞ്ഞു:  ''പച്ചകുത്തുന്നവരെയും പച്ചകുത്താനാവശ്യപ്പെടുന്നവരേയും അല്ലാഹു ശപിച്ചിരിക്കുന്നു. പുരികരോമം കത്രിച്ചു കളയാനാവശ്യപ്പെടുന്നവരെയും സൗന്ദര്യത്തിന് വേണ്ടി പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാക്കുന്നവരെയും (അല്ലാഹു ശപിച്ചിരിക്കുന്നു) അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്നവരാണവര്‍. ഈ വിവരം 'ഉമ്മു യഅ്ഖൂബ്' എന്ന സ്ത്രീയുടെ അടുക്കലെത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നിട്ടു ചോദിച്ചു: 'നിങ്ങള്‍ ഇങ്ങനെയൊക്കെ പറഞ്ഞതായി വിവരം കിട്ടിയല്ലോ'. അപ്പോള്‍ (ഇബ്‌നുമസ്ഊദ്(റ) പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ  ശപിച്ചവരെ ഞാന്‍ എന്തിന് ശപിക്കാതിരിക്കണം? അത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലുള്ളതാണല്ലൊ.' അപ്പോള്‍ ആ സ്ത്രീ ചോദിച്ചു: 'ഈ രണ്ടു ചട്ടകള്‍ക്കുള്ളിലുള്ളത് (ക്വുര്‍ആന്‍) മുഴുവന്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷേ, ഞാനത് കണ്ടിട്ടില്ല.' അദ്ദേഹം പറഞ്ഞു: 'നീ അത് മുഴുവന്‍ വായിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായുമത് കാണുമായിരുന്നു. നീ ഈ ആയത്ത് വായിച്ചില്ലേ? - നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക' (അല്‍ഹശ്ര്‍:7). അവര്‍ പറഞ്ഞു: 'അതെ, വായിച്ചിട്ടുണ്ട്.' ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''അതെ നബി ﷺ  അത് വിലക്കിയിട്ടുണ്ട്.'' 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (4:59).

 ഈ ആയത്തിന്റെ വിവരണത്തില്‍ മുഫസ്സിറുകള്‍ പറഞ്ഞിട്ടുള്ളത്; അല്ലാഹുവിലേക്ക് മടക്കണം എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ഗ്രന്ഥ(ക്വുര്‍ആനിലേക്ക്)ത്തിലേക്ക് എന്നാണ്. നബി ﷺ യിലേക്ക് മടക്കണമെന്ന് പറഞ്ഞതിന്റെ വിവക്ഷ പ്രവാചക നിയോഗശേഷം അവിടുത്തെ സുന്നത്തിലേക്ക് മടക്കണം എന്നുമാണ്.

അബൂറാഫിഅ്(റ) നിവേദനം റസൂലുല്ലാഹി ﷺ  പറഞ്ഞു: ''ഞാന്‍ നിങ്ങളിലാരെയും ഇപ്രകാരം കാണാതിരിക്കട്ടെ: തന്റെ സോഫയില്‍ ചാരിയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ നിര്‍ദ്ദേശിച്ച വല്ല കാര്യമോ, വിലക്കിയ വല്ല സംഗതിയോ അയാളുടെ അടുക്കല്‍ എത്തിയാള്‍ അയാള്‍ പറയും; നമുക്കറിയില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നാം കണ്ടതെന്തോ അത് നമുക്ക് പിന്‍പറ്റാം'' (അബൂദാവൂദ്, ബൈഹക്വി).

ഇമാം ശാഫിഈ പറയുന്നു: 'ഈ ഹദീഥില്‍ നബി ﷺ യില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ സ്ഥിരീകരിക്കലും അത് സ്വീകരിക്കല്‍ അനിവാര്യമാണെന്ന അറിയിപ്പുമുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുര്‍ആനില്‍ വ്യക്തമായ പരാമര്‍ശമില്ലാത്ത ഒരു കാര്യമാണ് നബി ﷺ  തന്റെ ഹദീഥിലൂടെ വിശദീകരിച്ചത് എങ്കില്‍ പോലും.'

ഇര്‍ബാദ്ബ്‌നു സാരിയ(റ) നിവേദനം. അദ്ദേഹം പറഞ്ഞു: ''ഞങ്ങള്‍ നബി ﷺ യോടൊപ്പം ഖൈബറില്‍ തങ്ങി. അവിടുത്തോടൊപ്പം തന്റെ കൂടെയുണ്ടായിരുന്ന മറ്റ് അനുചരന്മാരുമുണ്ടായിരുന്നു. ഖൈബറിലെ ആള്‍ ഒരു ധിക്കാരിയും നിഷേധിയുമായിരുന്നു. അയാള്‍ നബി ﷺ യുടെ അടുക്കലേക്ക് വന്നിട്ടു ചോദിച്ചു: ''മുഹമ്മദേ, നിങ്ങള്‍ക്കു ഞങ്ങളുടെ കഴുതകളെ അറുക്കുകയും ഞങ്ങളുടെ ഫലങ്ങള്‍ തിന്നുകയും ഞങ്ങളുടെ സ്ത്രീകളെ പിടിച്ചുകൊണ്ട് പോവുകയുമാണോ വേണ്ടത്?'' അപ്പോള്‍ നബി ﷺ  ദേഷ്യപ്പെട്ടു. എന്നിട്ട് തന്റെ സ്വഹാബിയെ വിളിച്ചുകൊണ്ട് പറഞ്ഞു: ''ഇബ്‌നു ഔഫേ, നീ കുതിരപ്പുറത്ത് കയറി നമസ്‌കാരത്തിനായി എല്ലാവരോടും സംഘടിക്കുവാന്‍ വിളിച്ചു പറയുക.''

അങ്ങനെ അവര്‍ ഒരുമിച്ചു കൂടി. നബി ﷺ  അവരെയുമായി നമസ്‌കാരം നിര്‍വഹിച്ചു. എന്നിട്ട് എഴുന്നേറ്റു നിന്നു പറഞ്ഞു: ''തന്റെ ചാരുകട്ടിലില്‍ ചാരിയിരുന്നുകൊണ്ട് നിങ്ങളാരും വിചാരിേക്കണ്ടതില്ല, ക്വുര്‍ആനില്‍ ഉള്ളതല്ലാത്ത ഒന്നും അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ലായെന്ന്. എന്നാല്‍ തീര്‍ച്ചയായും അല്ലാഹുവാണെ സത്യം, ഞാന്‍ കുറെ കാര്യങ്ങള്‍ കല്‍പിക്കുകയും ഉപദേശിക്കുകയും വിലക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അത് ക്വുര്‍ ആനിനോളമോ അതിലധികമോ ഉണ്ട്. വേദക്കാരുടെ മേല്‍ ബാധ്യതയായത് (ജിസ്‌യ) അവര്‍ നിങ്ങള്‍ക്കു നല്‍കിയാല്‍ നിശ്ചയം! വേദക്കാരുടെ വീടുകളില്‍ അനുവാദമില്ലാതെ പ്രവേശിക്കുവാനോ അവരുടെ സ്ത്രീകളെ ചിറകെട്ടി പിടിക്കുവാനോ അവരുടെ ഫലങ്ങള്‍ ഭക്ഷിക്കുവാനോ അല്ലാഹു നിങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.'' (അബൂദാവൂദ്, ബൈഹക്വി).

'ക്വുര്‍ആന്‍ മാ്രതം മതി. അതിനപ്പുറം മറ്റൊരു പ്രമാണവുമില്ല. ക്വുര്‍ആനില്‍ പറയുന്നതിനനുസരിച്ച് ജീവിച്ചാല്‍ മതി' എന്ന വാദം എത്രമാത്രം നിരര്‍ഥകവും പ്രമാണവിരുദ്ധവുമാണെന്ന് ഈ തെളിവുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. നബി ﷺ  ഒരു കാര്യം വിലക്കിയിട്ടുണ്ടെങ്കില്‍ ക്വുര്‍ആനില്‍ അത് കാണുന്നില്ലല്ലോ എന്ന ന്യായം പറഞ്ഞ് അത് അനുസരിക്കാതിരുന്നുകൂടാ. കാരണം അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ നബി ﷺ  മതപരമായ വിധിവിലക്കുകള്‍ സ്വയം തീരുമാനിക്കുകയില്ല.