സമയം നിശ്ചലമാകുന്നില്ല

സല്‍മാനുല്‍ ഫാരിസ്, ഇരിവേറ്റി

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02

''ഹോ, ഈ വാഹനങ്ങള്‍ക്ക് എന്തൊരു സ്പീഡാ...! റോഡ് മുറിച്ചുകടക്കാന്‍ ഒരു നിവൃത്തിയുമില്ല. നേരം കുറെയായി ഞാനിവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട്. മോനേ എന്നെയൊന്ന് അപ്പുറത്തെത്തിക്കാമോ?''

വൃദ്ധന്റെ സഹായാര്‍ഥന കേട്ട യുവാവ് ''സോറി, എനിക്ക് സമയമില്ല'' എന്നു പറഞ്ഞ് ഒഴുകുന്ന വാഹനങ്ങള്‍ക്കിടയിലേക്കിറങ്ങി. പെട്ടെന്ന് വാഹനങ്ങള്‍ ബ്രേക്കിടുന്ന ശബ്ദവും ഒരു നിലവിളിയുമുയര്‍ന്നു. സമയമില്ലെന്നു പറഞ്ഞ് ധൃതിപിടിച്ച് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവാവതാ രക്തത്തില്‍ കുളിച്ച് പിടയുന്നു! എന്തൊക്കെയോ ഓര്‍ത്ത വൃദ്ധനില്‍നിന്ന് ഒരു നെടുവീര്‍പ്പുയര്‍ന്നു. 

ശാസ്ത്ര, സാങ്കേതിക രംഗത്ത് മനുഷ്യന്‍ എത്ര ഉന്നതിയിലെത്തിയാലും എത്ര വിലകൊടുത്താലും പിടിച്ചുനിര്‍ത്താനോ മടക്കികൊണ്ടുവരാനോ പറ്റാത്ത ഒന്നാണ് സമയം. ഇലത്തലപ്പുകളില്‍നിന്ന് മഴത്തുള്ളികള്‍ എന്ന പോലെ ഘടികാരത്തില്‍നിന്നും സമയം ഇറ്റിവീണുകൊണ്ടേയിരിക്കുന്നു. നിലത്തു വീഴുമ്പോഴേക്കും ആ സമയബീജങ്ങള്‍ ഭൂതകാലത്തിന്റെ ഗര്‍ഭത്തിലേക്ക് ആവാഹിക്കപ്പെടുന്നു. കാലമേറെചെല്ലുമ്പോള്‍ ഈ സമയബീജങ്ങള്‍ ചരിത്രമെന്ന പേരില്‍ സമയത്തിന്റെ ഫോസിലുകളായി പിറവികൊള്ളുന്നു. 

ഒരു വ്യക്തിക്ക് ലക്ഷ്യബോധം അനിവാര്യമാണ്. ലക്ഷ്യസാക്ഷാത്കാരത്തിന്റെ കാതലായ വശമാണ് സമയക്രമീകരണം. ഉത്തരാധുനിക ലോകത്ത് ജീവനെന്ന പോലെ ജീവിതക്രമങ്ങള്‍ക്കും മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊഴിഞ്ഞുവീഴുന്ന പകലിരവുകള്‍ ഒരിക്കലും തിരികെ വരില്ലെന്ന അനിവാര്യബോധ്യം നമുക്ക് വിനഷ്ടമായിക്കൊണ്ടിരിക്കുന്നു. 

സിനിമകളും സീരിയലുകളും റിയാലിറ്റി ഷോകളും ക്രിക്കറ്റുകളിയുമെല്ലാം മനുഷ്യന്റെ വിലപ്പെട്ട സമയത്തെ സംഹരിച്ചുകൊണ്ടിരിക്കുകയാണ്. 'ബിസി' എന്ന ഇംഗ്ലീഷ് വാക്ക് ഏതു സാധാരണക്കാരനും പ്രയോഗിക്കുന്നതായി നാം കാണുന്നു. ആര്‍ക്കും ഒന്നിനും സമയമില്ല. എല്ലാവരും ബിസിയോടു ബിസി!

'ഒരാളുടെ ശരാശരി പ്രായം 65 വയസ്സാണെങ്കില്‍ അയാള്‍ 23 വര്‍ഷം ഉറങ്ങുന്നതിനും 19 വര്‍ഷം ജോലിക്കും 9 വര്‍ഷം വിനോദത്തിനും  8 വര്‍ഷം വസ്ത്രംധരിക്കുന്നതിനും 6 വള്‍ഷം യാത്രക്കും ചെലവഴിക്കുന്നു' എന്ന് വിഖ്യാത മനഃശാസ്ത്ര ചിന്തകന്‍ കോം തോംസണ്‍ തന്റെ പഠനത്തില്‍ കണ്ടെത്തിയതായി വായിച്ചതോര്‍ക്കുന്നു. സമയം പാഴാക്കാതെ ക്രിയാത്മകമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. 

അല്ലാഹു നമുക്ക് വര്‍ഷത്തെ 12 മാസമാക്കി നിശ്ചയിച്ച് തന്നിരിക്കുന്നു. മാസത്തെ ആഴ്ചകളും ആഴ്ചകളെ ദിവസങ്ങളും ദിവസങ്ങളെ മണിക്കൂറുകളും മണിക്കൂറുകളെ മിനുട്ടുകളും മിനുട്ടുകളെ സെക്കന്റുകളുമായി വിഭജിച്ചിരിക്കുന്നു. ഇതില്‍ ഓരോന്നും കടന്നുപോകുമ്പോള്‍ നിശ്ചയിക്കപ്പെട്ട നമ്മുടെ മരണത്തിലേക്ക് നാം അത്രയും അടുത്തിരിക്കുന്നു എന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്. 

നാം ചെയ്യുന്ന ആരാധനാകര്‍മങ്ങള്‍ സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമസ്‌കാരം വിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധ കര്‍മമാണെന്ന് അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്. റമദാന്‍, ദുല്‍ഹിജ്ജ. മുഹര്‍റം... ഓരോ മാസത്തിലും നിര്‍ബന്ധമായതോ ഐഛികമായതോ ആയ ഇബാദത്തുകള്‍ നമുക്ക് ചെയ്യാനുണ്ട്. 

എത്ര പെട്ടെന്നാണ് വീണ്ടും ഹജ്ജ് വന്നത്... പെരുന്നാള്‍ വന്നത്... എന്നിങ്ങനെ നാം പറയാറുണ്ട്. കാലം പെട്ടെന്ന് കടന്നുപോയി എന്ന തോന്നല്‍. ഇത് അന്ത്യനാളിന്റെ അടയാളങ്ങളിലൊന്നായി നബിﷺ പറഞ്ഞുതന്നതാണ്. സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് മിക്ക മനുഷ്യരും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു!

സംഭവിച്ചുപോയ തെറ്റുകളില്‍ എത്രയും വേഗം പശ്ചാത്തപിക്കുക. ഭൂതകാലത്തെ പഴിക്കാതെ വര്‍ത്തമാനകാലത്തെ നന്നാക്കുക. ഭാവികാലത്തെ പ്രശോഭിതമാക്കാന്‍ അതേ മാര്‍ഗമുള്ളൂ. ആയുസ്സ് എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തിന് പരലോകത്ത് മറുപടി പറയേണ്ടിവരും എന്നത് ഗൗരവത്തോടെ ഓര്‍ക്കുക. സമയത്തെ കൊല്ലുന്നവനെ സമയവും കൊല്ലും എന്നാണ് ചൊല്ല്. 

സമയം നമുക്കു മുമ്പ് ഓടിത്തുടങ്ങിയതാണ്. നാം ജനിച്ചതോടെ സമയം നമ്മോടൊപ്പം ഓടി. ഉറക്കിലും ഉണര്‍വിലും അത് നമ്മെ കൂടെക്കൂട്ടി. ഓട്ടത്തിനിടയില്‍ തര നരച്ചു. തൊലി ചുക്കിച്ചുളിഞ്ഞു. കേള്‍വിക്കും കാഴ്ചക്കും തകരാറ് സംഭവിച്ചു. എപ്പോഴോ നാം വീഴും. സമയം അപ്പോഴും ഓടും; മറ്റുള്ളവരുടെ കൂടെ!